Tuesday, December 27, 2011

മഴവില്ല്


ഒരു വിശ്വാസം, ഒരണക്കെട്ടും പൊട്ടില്ലെന്നും 
സ്നേഹം അണപൊട്ടി ഒഴുകുന്ന നാടുകളും

ഒരു സ്വപ്നം, മദ്യവിമുക്തമാം ഒരു നാടും
സന്തോഷ ലഹരിയാല്‍ മുങ്ങുന്ന വീടുകളും

ഒരു മോഹം, പ്രകൃതി ക്ഷോഭമരുതെന്നും 
പ്രകൃതിയെ വന്ദിക്കും ജനതയും

ഒരു ലക്ഷ്യം, മാലിന്യവിമുക്ത കേരളവും
കറയറ്റ ശ്രദ്ധയാല്‍ നമ്മളോരോരുത്തരും

ഒരു  സന്തോഷം, കഷ്ടപ്പാടുകളില്ലാ ജനങ്ങളും
കഷ്ടപ്പെട്ടുസമ്പാദിക്കുന്ന പണവും

ഒരു ചിന്ത, ഞാനെന്ന ഭാവം വെടിയുമെന്നും
നമുക്കുണ്ടാകണം ഐക്യമെന്നും

ഒരിഷ്ടം, കാണിച്ചുകൂട്ടലുകള്‍ ഇല്ലാത്ത
കാണാമറയത്തെ ഈ സൗഹൃദം


(ഒരു അതിമോഹം, ഒരു അസൂയ, ഒരു ഭയം, ഇവയുമൊക്കെ ഉണ്ടെങ്കിലും ഇപ്പോള്‍ ഈ ഏഴുവര്‍ണങ്ങളില്‍ കലര്‍ത്തുന്നില്ല :P)


മായാത്ത ഓര്‍മതന്‍ സിന്ദൂരച്ചെപ്പില്‍നിന്നും 
ആരെടുത്തണിയിച്ചുവെന്‍ നെറ്റിയില്‍ 
രാഗധാരകളായ് മാറുന്നൊരാ സിന്ദൂരം 
ബാല്യകാല സ്മരണകളിലൊന്നും കണ്ടീല 
ഞാനാ പുതുവത്സരപിറവികള്‍
എങ്കിലും കാണുന്നു ഞാനിന്നു സ്നേഹത്തിന്‍ 
നനുത്ത മഞ്ഞില്‍ പൊതിഞ്ഞ പുതുവത്സരം


2012ലും നന്മ എല്ലാവരിലും ഉണ്ടാവട്ടെ, എല്ലാവരിലും സംഭവിക്കട്ടെ.  

Wednesday, December 21, 2011

ഹിമത്തടവറ ! / Himatthatavara !

പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം

കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...

ഒപ്പം കൂടെ ജീവനുള്ളതോ അല്ലാത്തതോ  ആയ ‘ഡ്യുവറ്റുകൾ‘ 

കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!

പക്ഷേ ഈ ഹിമക്കാലം സുഖവും , സന്തോഷവും, 

സന്തുഷ്ട്ടിയും മാത്രമല്ല ,ഒപ്പം ഒത്തിരി സന്താപവും 

അളവില്ലാതെ കോരിത്തരും എന്നതിന്റെ കുറച്ച് മനോഹരമായ 

അനുഭവങ്ങളാണ് ഇത്തവണ ഞാൻ  കുറിച്ചിടുന്നത് കേട്ടൊ.ഒരു മഞ്ഞണിക്കൊമ്പിൽ !

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നപോലെ ,യൂറോപ്പില്‍
ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടുപതിറ്റാണ്ടിനുശേഷം,കഴിഞ്ഞവർഷമാണ് കൊടും ശൈത്യം അരിച്ചരിച്ച്
ഇറങ്ങി വന്നത്...
ഉത്തരാർദ്ധത്തിലെ അന്റാർട്ടിക്കയെ പോലും
തോൽ‌പ്പിക്കുന്ന തണവുമായി . അതയത് -10 ഡിഗ്രി
മുതൽ -20 ഡിഗ്രി വരെ താഴ്ന്നുതാഴ്ന്ന് !       
പോരാത്തതിന് ശീതക്കാറ്റും ,ഭീകര മഞ്ഞുവര്‍ഷവും
യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും ‘ഹിമത്തടവറ‘കളായി മാറി...!

പക്ഷെ , ആയത് ആ വര്‍ഷത്ത മാത്രമൊരു
പ്രതിഭാസമാണെന്ന് നിരീക്ഷിച്ചിരുന്നവര്‍ക്കൊക്കെ തെറ്റി ...
പിടിച്ചതിനെക്കാളും വലിയത് അളയില്‍
ഉണ്ടായിരുന്നു എന്നകണക്കെ, ഇത്തവണയും
യൂറോപ്പ് മുഴുവന്‍ കൊടും ശൈത്യത്താല്‍ വിറക്കപ്പെട്ടു !
ഒപ്പം ഈ ബിലാത്തിയും. ബിലാത്തിപട്ടണവും....
A Frozen Britian !

തീര്‍ത്തും മഞ്ഞണിഞ്ഞ ഒരു ‘വൈറ്റ് കൃസ്തുമസ്സിന് ‘
ശേഷമിതാ വീണ്ടും മഞ്ഞിന്റെ താണ്ഡവം !

ആദ്യം കല്ലുമഴപോലെ ശരീരത്തില്‍ വീണാല്‍ വേദനിക്കുന്ന‘ഹെയില്‍ സ്റ്റോൺസ്‘
എന്നുപറയുന്ന ഐസ് മഴയുടെ കൊച്ചുകൊച്ചുവിളയാട്ടങ്ങള്‍ .....
പിന്നെ അപ്പൂപ്പന്‍ താടികള്‍ പഞ്ഞികണക്കെ പാറി പാറിപ്പറന്ന്
തൊട്ടുതലോടിയിക്കിളിയിട്ടു കോരിത്തരിപ്പിക്കുന്ന പോലെ ...ഹിമപുഷ്പ്പങ്ങള്‍
കണക്കെ മഞ്ഞുകണങ്ങൾ ആടിയുലഞ്ഞുവരുന്ന അതിമനോഹരമായ കാഴ്ച്ചകള്‍ ...!

പഞ്ഞിമഞ്ഞുകണങ്ങളും ഹിമകേളികളും...!

ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
ട്യൂബ് ലൈറ്റ് ഇട്ടപോലെ മഴപോല്‍(sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍...
നിമിഷങ്ങള്‍ക്ക് ശേഷം , എല്ലാം വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറയ്ക്കുന്ന യൂറോപ്പ്യൻ സുന്ദരി !

ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!
അതെ ഇത്തവണ യൂറോപ്പിനൊപ്പം, ഇംഗ്ലണ്ടും
ഈ മഞ്ഞുതടവറയില്‍ അകപ്പെട്ടുപോയി .
ലണ്ടനിലും മറ്റും ഗതാഗതം സ്തംഭിച്ചു !
പലരും ഹൈവ്വേകളില്‍ കുടുങ്ങി !

നിശ്ചലമായ ബിലാത്തിപട്ടണ വീഥികൾ..!

അത്യസനനിലയിലുള്ളവരെയും ,അപകടത്തില്‍ പെട്ടവരെയും
ഹെലികോപ്ട്ടര്‍ ആംബുലന്‍സുകള്‍ പറന്നുവന്നു കൊണ്ടുപോയി ,
രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളം രംഗത്തിറങ്ങി !

ഈ മഞ്ഞുകാലം മുഴുവൻ ഉപയോഗിക്കുവാൻ വേണ്ടികരുതിയിരുന്ന
ഗ്യാസ് ഇത്രവേഗം ; ഏതുസമയവും ഉപയോഗിക്കുന്നതു മൂലം തീരാറായതുകൊണ്ട് ,
സകലഗ്യാസ് സപ്ലയ് ചെയ്യുന്ന കമ്പനികളും വലിയ സ്ഥാപനങ്ങൾക്കെല്ലാം‘ ഗ്യാസ് കട്ട് ‘ ഏർപ്പെടുത്തിയതുകൊണ്ട് ,ഫാക്ടറികളും,മറ്റും ഇപ്പോൾ ഓയിൽ ജെനറേറ്ററുകൾ ഉപയോഗിച്ചാണ്  ചൂട് പകർന്നുകൊണ്ടിരിക്കുന്നത്...

 വീടുകളിലും,മറ്റും പഴയകാലത്തുണ്ടായിരുന്ന , ചൂടുകായാനുള്ള
കൽക്കരിചൂളകൾക്ക് പകരം, ആധുനിക റേഡിയേറ്ററുകൾ ഘടിപ്പിച്ച
ഏവരും ഇപ്പോൾ പരിതപിക്കുകയാണ്...
ധനനഷ്ടവും , വായുമലിനീകരണവും (CO 2 ,പുറം തള്ളൽ വളരെ കൂടുതൽ)
വരുത്തുന്ന ഇത്തരം പുത്തൻ ഉപകരണങ്ങൾ ഘടിപ്പിച്ചതിൽ...!

ചൂടുള്ള നീന്തൽ കുളത്തിൽച്ചാടി  പൂളിനുള്ളിലെ കട്ടപിടിച്ച ഐസ്
ഉരുകാതെ കിടന്നതുകൊണ്ട് കൈയ്യും കാലും ഒടിഞ്ഞവരും....
തടാകത്തിന്റെ മുകളിലെ കട്ടിയുള്ളമഞ്ഞുപാളികളിൽ കളിവിളയാട്ടം
നടത്തിയവരും(മൂന്നു ഏഷ്യക്കാർ കഴിഞ്ഞവാരം ഇതുപൊലെ നടന്നപ്പോൾ
പാളിതകർന്നുള്ളിൽ പോയി ഫ്രോസൻ ആയി മരണപ്പെട്ടു  !) ,
‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതുപെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള ബൈന്റു പുസ്തകങ്ങൾ വാങ്ങി തീയ്യിട്ടുചൂടുകാഞ്ഞ മലയാളീസും,
ജോഗ്ഗിങ്ങിനുപോയി തലകുത്തി വീണവരും (ഏതുപ്രതികൂലകാലവസ്ഥയിലും
ഇവരുടെ ഇത്തരം ശരീരത്തിന് നന്മവരുന്ന വ്യയാമമുറകളുടെ പരിശീലനങ്ങൾ... സമ്മതിച്ചേ തീരു !)
മല്ലൂസ്സടക്കം ,ഈ പറഞ്ഞ എല്ലാവരും തന്നെ
നാനതരത്തിലുള്ള ഹിമമനുഷ്യരോടൊപ്പം കൌതുക
വാർത്തകളിൽ ഇടം പിടിച്ചവരാണ്...കേട്ടൊ

ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ   ....!

1968 -നു ശേഷം ബ്രിട്ടൻ അനുഭവിച്ച അതിഗംഭീരമായ തണുപ്പ്  !
ഇവിടത്തെ പുതുതലമുറയും ഇത്തരത്തിലുള്ള ഒരു കടുത്ത മഞ്ഞുവീഴ്ചയും ,
കല്ലുമഴയും, മറ്റും ഇത്ര ഗംഭീരമായി കാണുന്നത് ഇക്കൊല്ലം തന്നെ !


 ഹിമപ്പുതപ്പിൽ മൂടപ്പെട്ട ഒരു ലണ്ടൻ വീമാനത്താവളം..!

പിന്നെ ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്...
‘Any Dick and Harry writes poems in snowing time‘ എന്ന് ...

മലയാളത്തില്‍ അത് ‘ഏത് അണ്ടനും അഴകോടനും
അല്ലെങ്കിൽ  ഏത് പോലീസുകാരനും ‘എന്ന് പറയപ്പെടും !
പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലൊ പറയുക ...
അപ്പോള്‍ എന്നെപ്പോലെയുള്ള
ഒരു അഴകോടന്റെ കാര്യം പറയാനുണ്ടോ ?

പിന്നെ കാര്യങ്ങൾ ചൊല്ലാൻ കുറച്ചുകൂടി ,ഗദ്യത്തേക്കാൾ
നല്ലത് പദ്യം തന്നെയാണല്ലൊ..

ദേ....കെടക്കണ്....ഒരെണ്ണം !

ഹിമത്തടവറ


വീണ്ടുമിതാ ലോക തലസ്ഥാനം വെള്ളപട്ടണിഞ്ഞുവല്ലോ ..
ആണ്ടു പതിനെട്ടിനുശേഷം ഈഹിമകിരണങ്ങളേറ്റിതാ..
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമപതനത്താല്‍ ;
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലോയേവര്‍ക്കും !

നീണ്ടരണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞിമഞ്ഞുകള്‍...
പൂണ്ടിറങ്ങി നഗരവീഥികള്‍ നിശ്ചലമാക്കി...പാളങ്ങള്‍ ;
പണ്ടത്തെ രീതിയിലുള്ളവീടുകള്‍ ;കൊട്ടാരമുദ്യാനങ്ങള്‍ ;
ചണ്ടിമൂടപ്പെട്ടകായല്‍പോല്‍... മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുത്സവങ്ങള്‍ ..നിരത്തിലും,മൈതാനത്തും ;
രണ്ടുദിനരാത്രം മുഴുവന്‍ .. മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധിയെങ്ങും,
വണ്ടിയില്ലാ നിരത്തിലും പാതയിലും ...,എങ്കിലും പാറിവന്നല്ലോ...

കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‍‘ ഗരുഡനെപോല്‍ !
വണ്ടു പോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ;
കണ്ടം വിതയ്ക്കുംപോല്‍ ഉപ്പുകല്ലു വിതറികൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങളാല്‍  പട്ടാളട്ടാങ്കുകളോടും പോലവേ...

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേയാപ്പിളും ; സ്റ്റാബറി പഴങ്ങളും ; ....
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ
മണ്ടയില്‍തൊപ്പിയേന്തിനിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ !

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍  !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവ അവര്‍ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്‌...മഞ്ഞിൽ വിരിഞ്ഞ പൂക്കൾ !

ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടുംമഞ്ഞുവീഴ്ച്ചയുടെ
നയനസുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് ഓര്‍ക്കൂട്ടിലും ,
ഫേസ് ബുക്കിലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ ...
ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര
ആക്രമണത്തെ ചെറുത്തു തോല്പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍
എല്ലാം ഒരുമിച്ചുചേർന്ന്...
ഭരണപക്ഷവും,പ്രതിപക്ഷവും ,രാഷ്ട്രീയവും
ഒന്നും തൊട്ടു തീണ്ടാതെ ,സ്വന്തം നാടിനുവന്ന
കഷ്ടനഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച്..
തീർച്ചയായും നമ്മള്‍ കണ്ടു പഠിക്കേണ്ട വലിയ വലിയ കാര്യങ്ങൾ !

പ്രകൃതി നടത്തിയ വിക്രിയകൾ കാരണം
ഈ നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ ഹർത്താലുകൾ
പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന ഒഴിവുദിനങ്ങൾ കിട്ടി.
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ
ആദ്യമായി ‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു!
മലയാളികൾ ഞങ്ങൾ ഇടക്കിടെ ചൂടുകഞ്ഞി കുടിച്ചും,
വീഞ്ഞുമോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിട്ടൂ.

ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ
വ്യതിയാനങ്ങളെ കുറിച്ചൊന്നും, ഗ്ലോബ്ബൽ വാമിങ്ങ് നടപടി
മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..

നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ
പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി...
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ
ഒന്ന് വിമർശിക്കാമായിരുന്നു...
ഭരണപക്ഷത്തിനെ , കേന്ദ്രത്തിനെ,...
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ.....
ഈ ഭീകരമായഹിമപതനത്തിന്റെ കാരണത്തിനും മറ്റു ശേഷക്രിയകൾക്കും
ആരെയാണൊന്ന് വിമർശിക്കുക ? പഴിചാരുക ? പ്രതികരണം അറിയിക്കുക ?


ഒരു ബൂലോക പ്രതികരണം !

ഇങ്ങിനെയെങ്കിലും ഒന്ന് പൂശി , ഞാനൊന്ന് ആശ്വസിക്കട്ടേ
മല്ലനൊന്നുമല്ലെങ്കിലും ; തനി ഒരു 'മല്ലു’വല്ലേ  ഞാൻ.ലേ :-
ഒരു ലണ്ടൻ മഞ്ഞനുഭവം.


Wednesday, October 5, 2011

ഒരു തിരിച്ചറിയൽ കാർഡ്


ങ്ങനെ മിടുമിടുക്കിയായി ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞു. സാറ് അപ്പുറത്തെ സീറ്റിൽ ചുമ്മാതിരുന്നാൽ മതി, ഞാൻ പുല്ലു പോലെ വണ്ടി ഓടിയ്ക്കും. ക്ലച്ചും ബ്രേക്കും  സാറിനും കൂടി നിയന്ത്രിയ്ക്കാൻ പറ്റുന്ന വിധത്തിലുള്ള ഡ്രൈവിംഗ് സ്കൂളിന്റെ കാറല്ലേ ഓടിയ്ക്കുന്നത് എന്ന് ചോദിയ്ക്കരുത്. അങ്ങനെ സംശയം ചോദിയ്ക്കുന്നവർക്കെല്ലാം അവരവരുടെ സ്വദേശിയോ വിദേശിയോ ആയ കാറ് ഞാനോടിച്ചു കാണിച്ചു തരുന്നതായിരിയ്ക്കും. അല്ല, പിന്നെ.

എച്ച് മാത്രമല്ല സൌകര്യം കിട്ടിയാൽ ഇസഡ് വരെ എടുത്തു കളയും ഞാനെന്ന് ബോധ്യമായപ്പോൾ ലൈസൻസ് ടെസ്റ്റിന് പോകാമെന്നായി സാറ്. 

ഭയ ഭക്തി ബഹുമാനത്തോടെ തൊട്ട് തലയിൽ വെച്ച് എല്ലാം മംഗളമായാൽ ഫുൾ ടാങ്ക് പെട്രോളും ആവശ്യത്തിന് ഓയിലുമൊക്കെ ഏതെങ്കിലുമൊരു കാറിനു എപ്പോഴെങ്കിലും നേദിയ്ക്കാം എന്നൊരു നേർച്ച കൈക്കൂലിയും വാഗ്ദാനം ചെയ്തു ഞാൻ ടെസ്റ്റ് കാറ് ഭഗവാനെ പ്രസാദിപ്പിയ്ക്കാൻ ശ്രമിച്ചു. കൊട്ടാരക്കര ഗണപതിയ്ക്ക് ഉണ്ണിയപ്പം നേർന്നിട്ട് ആൽത്തറ ഗണപതിയ്ക്ക് നേദിയ്ക്കണപോലെയല്ലേ ഇതെന്ന് ചില അതി വിശ്വാസികൾ ഏഷണി കൂട്ടുന്നതു ഞാൻ കേൾക്കുന്നുണ്ട്. പക്ഷെ, കാര്യം പറഞ്ഞു വരുമ്പോൾ രണ്ടും ഗണപതി തന്നെയാണല്ലോ. അതു മാത്രമല്ല, ഞാൻ ആണെങ്കിൽ ദൈവം ഒന്നേയുള്ളൂ എന്നും നമ്മളാണ് ദൈവത്തിന് പല രൂപങ്ങൾ നൽകുന്നതെന്നും ഉറച്ച് വിശ്വസിയ്ക്കുന്ന ഒരു മിത വിശ്വാസിയുമാണ്.

എന്തായാലും നേർച്ച ഏറ്റു. എച്ച് പരീക്ഷയിൽ ടെസ്റ്റ് കാറ് ഭഗവാൻ പ്രസാദിച്ചു.
പക്ഷെ, വലിയ പരീക്ഷ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നാഷണൽ ഹൈവേയിൽ കാറോടിച്ച് കാണിയ്ക്കണമത്രെ! എല്ലാ ഗിയറും മാറ്റി ഇട്ട് ഓടിയ്ക്കണം പോലും.

പരീക്ഷകനായ വെഹിക്കിൾ ഇൻസ്പെക്ടറെ നേരിട്ടു കണ്ടപ്പോൾ, കാറോടിയ്ക്കുന്നതു പോയിട്ട്, ആ മഹനീയ സാന്നിധ്യമുള്ള കാറ് വേറെ ആരെങ്കിലും ഓടിയ്ക്കുകയാണെങ്കിൽ കൂടി അതിൽ കയറി, ചുമ്മാ കാറ്റേറ്റിരിയ്ക്കാൻ പോലും പറ്റില്ലെന്ന് എനിയ്ക്ക് മനസ്സിലായി. 

ആറടിയ്ക്കു മേൽ പൊക്കവും രണ്ട് രണ്ടരയടി വീതിയും ഈ ലോകം മുഴുവൻ ചുട്ടു ചാമ്പലാക്കാൻ അരിശപ്പെടുന്ന ഒരു തീക്കൊള്ളി മുഖഭാവവുമായിരുന്നു അദ്ദേഹത്തിന്. എല്ലാറ്റിനും പുറമേ കാക്കി യൂണിഫോറവും. ഈ കാക്കി കണ്ടു പിടിച്ചവനെ എനിയ്ക്ക് കണ്ണെടുത്താൽ കണ്ടു കൂടാ. കാക്കി കണ്ടാലുടനെ എനിയ്ക്ക് നാഡീതളർച്ചയും പേശി വലിവും ഉണ്ടാകും, ഒരു മാതിരി നെഞ്ചു വേദനയോ തൊണ്ട വരൾച്ചയോ ഒക്കെ തോന്നും. അതുകൊണ്ട് കാക്കിയിടുന്ന എല്ലാവരും പൂക്കളുള്ള കുപ്പായമിട്ടു കാണാനാണ് എനിക്കിഷ്ടം. ആരു കണ്ടു, കാക്കിക്കാരുടെ മുരടത്തമൊക്കെ ചിലപ്പോൾ മിനുസമുള്ള വർണക്കുപ്പായം ധരിച്ചാൽ കാശിയ്ക്കു പോയെന്നുമിരിയ്ക്കും. ഈ പോലീസുകാരെ മനുഷ്യത്തമുള്ളവരാക്കണം എന്ന് വാദിയ്ക്കുന്ന ചില പരിഷക്കരണക്കമ്മറ്റികൾക്ക് എന്റെ ഈ നിർദ്ദേശം കണക്കിലെടുക്കാവുന്നതാണ്.

അതു പോട്ടെ, പരീക്ഷാ സമയത്താണോ ഇതൊക്കെ ആലോചിയ്ക്കേണ്ടത്?

ആ മഹാൻ വന്ന് കാറിൽ കയറി ഇടി കുടുങ്ങും പോലെയുള്ള ശബ്ദത്തിൽ ചോദിച്ചു, “പേരെങ്ങനാ?“ 
ഉത്തരം ഒരു ഞരക്കം മാത്രം, അതേന്ന്.. കാക്കി കണ്ടപ്പോൾ തന്നെ ഞാൻ കവാത്തു മറന്നു. 

“കാറ് പുറകോട്ട് പോകട്ടെ.“ ഇടി കുടുക്കം തുടരുകയാണ്.

കാറ് പുറകോട്ടെങ്ങനെ പോകും? എത്ര ഗിയറുണ്ട് കാറിന് ? നാലോ അതോ അഞ്ചോ? അതിൽ ഏത് വലിച്ചൂരിയാലാണ് കാറ് പുറകോട്ട് പോവുക? 

ഞാനെന്തൊക്കെയോ ചെയ്തു. എന്റെ ഭാഗ്യം! അല്ല, നേർച്ചയുടെ ബലം. കാറ് പുറകോട്ട് നീങ്ങാൻ തുടങ്ങി. 

“ശരി, കാറ് ഒതുക്കി നിറുത്തു.“

ഒതുക്കി നിറുത്തുകയോ? ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ? ഒതുക്കാൻ കാറെന്താ റോഡില്  പരന്നിരിയ്ക്കയാണോ? അയ്യോ! ഇനി ഒതുക്കുന്ന ഗിയർ ഏതാണ്?

“കാറു നിറുത്താൻ പറഞ്ഞത് കേട്ടില്ലേ“

ബ്രേക്ക് ചവിട്ടിയാലാണ് കാറ് നിൽക്കുക എന്നാണ് പഠിച്ചത്. ഏതാ ഈ ബ്രേക്ക്? രണ്ട് കാലിനും കൂടി ചവിട്ടിക്കളിയ്ക്കാൻ ഇത്തരം മൂന്നു വിചിത്ര മാരണങ്ങൾ കണ്ടു പിടിച്ചവൻ ആരെടാ? അവന് ചായയല്ല ബിരിയാണി തന്നെ വാങ്ങിക്കൊടുക്കണം.

ഭാഗ്യം, കാറു നിന്നു. അപ്പോൾ ആ മഹാപാപി വീണ്ടും

“സിഗ്നൽ കാണിച്ച്  ഇൻഡിക്കേറ്ററിട്ട് കാറ് മുൻപോട്ട് ഓടിച്ചു പോകു, അപ്പോൾ ഗിയർ മാറ്റിക്കൊണ്ടിരുന്നാൽ മതി.“

പറഞ്ഞപ്പോൾ കഴിഞ്ഞു. എങ്ങനെ പോകുമെന്നാണിയാളുടെ വിചാരം?

ഈ സിഗ്നലും ഇൻഡിക്കേറ്ററുമൊക്കെ കാറിന്റെ ഏതു ഭാഗത്താണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്? വേഗം പോകാൻ ഫോർത്ത് ഗിയറിടണമെന്നല്ലേ അതോ ഫസ്റ്റ് ഗിയറിടണമെന്നാണോ.അയ്യോ! എല്ലാം മറന്നുവല്ലോ. 

എന്തായാലും രണ്ടും കൽ‌പ്പിച്ച് ഗിയർ മാറ്റി, വണ്ടി ചീറ്റുകയും തുമ്മുകയും ഒന്നും ചെയ്തില്ല. അത് സ്വന്തം തലേലെഴുത്തിന്റെ വലുപ്പമാലോചിച്ച് സങ്കടപ്പെടുന്ന മാതിരി മുന്നോട്ട് ഓടുമ്പോഴാണ് കണ്ണും തുറുപ്പിച്ച് ഭീമാകാരമായ ട്രക്കുകൾ ആ നേരം നോക്കി എതിരേ വരുന്നത്! വല്ല വേലിയ്ക്കലോ മതിലിനടുത്തോ ഒക്കെ തോക്കും പിടിച്ച് അറ്റൻഷനിൽ നിന്ന് “സാരേ ജഹാൻ സേ അച്ഛാ“ എന്ന് പാടുന്നതിനു  പകരം ഈ പട്ടാളക്കാർക്ക് രാവിലെ എഴുന്നേറ്റ്  ഇങ്ങനെ ട്രക്കിലെഴുന്നള്ളേണ്ട വല്ല കാര്യവുമുണ്ടോ?

എപ്പോഴും ബന്ദും ഹർത്താലുമായി റോഡെല്ലാം കാലിയാവുന്ന ഈ നാട്ടിൽ ഇത്രയധികം വണ്ടികൾ എവിടുന്നു വരുന്നു?

എതിരെയും പുറകേയും വരുന്ന എല്ലാവരുടെയും ഭാര്യമാരും ഭർത്താക്കന്മാരും ദീർഘ സുമംഗലരും അച്ഛന്മാരും അമ്മമാരും നെടും സന്താനയോഗരും ഒക്കെയാവണേ!

“മതി നിറുത്തു,“ അവസാനത്തെ ഇടിമുഴക്കം.അമ്പടാ! ഒടുക്കം കാക്കിയിട്ട ഭീമൻ മണ്ടച്ചാർക്ക് ബുദ്ധിയുദിച്ചു, ഞാനോടിയ്ക്കുന്ന കാറിലിരുന്നുള്ള  ഈ ഉത്തരവിടല് സ്വന്തം തടി കേടു വരുത്തുമെന്ന്.

എനിയ്ക്ക് ലൈസൻസ് തരില്ലെന്ന് മാത്രമല്ല, ഏതെങ്കിലും വണ്ടിയുടെ സ്റ്റിയറിംഗ് വീലിനു പുറകിൽ ഞാൻ വെറുതെ ഇരിയ്ക്കുന്നത് കണ്ടാലും നിയമ നടപടികൾ സ്വീകരിയ്ക്കണമെന്നു കൂടി അദ്ദേഹം ശുപാർശ ചെയ്യുമെന്ന്  എനിയ്ക്ക് ഉറപ്പായി. ഈ ഷൂട്ട് അറ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ..

എന്നിട്ട് സംഭവിച്ചതോ?

നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ പോട്ടമൊക്കെ പതിച്ച് ഒരു സുന്ദരൻ അടിപൊളി കാർഡ് എന്നെത്തേടി വന്നിരിയ്ക്കുന്നു!

ഞാൻ എന്നെ നുള്ളി നോക്കി, സത്യം സത്യം ..നമ്മുടെ  ഇന്ത്യാ മഹാരാജ്യത്തിലെ ഏതു നിരത്തിലൂടെയും എനിയ്ക്ക് കൂളായി കാറോടിയ്ക്കാമെന്ന് ......അതിനുള്ള പവറും വിവരവുമൊക്കെയുണ്ടെന്ന്………

ഇനി ഒരു കാറു വേണം. എനിയ്ക്ക് ഓടിയ്ക്കണം.

ഒരു കാറും നോക്കി ഞാനിരിയ്ക്കുമ്പോഴാണു അവൻ വന്നത്, എന്റെ കൂട്ടുകാരൻ.. കാറ് എനിയ്ക്കോടിയ്ക്കണമെന്ന് വാശി പിടിച്ചാൽ പാവം, അവനെന്തു ചെയ്യാനാണ്? വല്ല വിമർശകനോ ശാസകനോ ശിക്ഷകനോ കുറഞ്ഞ പക്ഷം ഒരു രക്ഷകനെങ്കിലുമോ ആയിരുന്നെങ്കിൽ  ആ ആഗ്രഹത്തെ ചടുപിടെന്ന് തറയിൽ വീണ കോഴിമുട്ടയോ പപ്പടമോ ചില്ലു പാത്രമോ മീൻ ചട്ടിയോ ഒക്കെയാക്കാമായിരുന്നു.  കൂട്ടുകാരനായിപ്പോയാൽ, അത് പറ്റില്ലല്ലോ. 

അങ്ങനെ അവനെ ഇടത്തു വശത്തിരുത്തി ഞാൻ ഫുൾ ഗമയിൽ കാർ ഓടിച്ചു വരികയായിരുന്നു..നല്ല ബെസ്റ്റ് ഡ്രൈവിംഗായിരുന്നു. ഞാനൊരു മിടുക്കിയല്ലേ എന്ന്  വിചാരിച്ചു കളയാമെന്ന് ആലോചിയ്ക്കുമ്പോഴേയ്ക്ക്. 

ഹേബിയസ് കോർപ്പസ് ഹർജി കൊടുത്ത് വീട്ടു തടങ്കലിൽ നിന്നും രക്ഷിച്ച  സ്വന്തം കാമുകനെ കണ്ടുമുട്ടിയ കാമുകിയുടെ ആവേശത്തിൽ കാറ് നേരെ മുന്നിലുയർന്നു വന്ന മതിലിനെ ഗാഢ ഗാഢം ചുംബിച്ചു.

മതിലുകൾ എന്നും  എന്റെ ഈ കൊച്ചു ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. സൈക്കിൾ ചവിട്ടി വരുമ്പോഴും ഇതു പോലെ ചുംബനം കൊതിയ്ക്കുന്ന വശ്യ ശക്തിയുള്ള ഒരു മതിലുണ്ടായിരുന്നു. മതിലുകളെയൊക്കെ ആരാണു അപ്പോൾ അവിടെ കൊണ്ട് വെച്ചതെന്ന് എനിക്കിതു വരെയും മനസ്സിലായിട്ടില്ല. കാരണം റോഡിന്റെ മുൻപിൽ ഒരിയ്ക്കലും അത്തരം മതിലുകൾ കാണപ്പെട്ടിരുന്നില്ല. എന്നിട്ട് സൈക്കിളും കാറുമെല്ലാം എങ്ങനെ അവിടെ ഇത്ര കൃത്യമായി എത്തിച്ചേർന്നു?

എന്നു വെച്ച് ഞാൻ പരാജയം സമ്മതിച്ചിട്ടൊന്നുമില്ല.

ഇപ്പോഴും ഇടയ്ക്കിടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തെടുത്ത് കാണിക്കാറുണ്ട് ഞാൻ. ശ്ശേ, തിരിഞ്ഞില്ലേ? റോഡിലൊന്നുമല്ലന്നെ. ട്രെയിനിൽ വെച്ച്  ടി ടി ആർ തിരിച്ചറിയൽ കാർഡ് ചോദിയ്ക്കുമ്പോൾ……Sunday, August 14, 2011

തായിഫിലേയ്ക്കൊരു യാത്ര...

കുറച്ചുദിവസങ്ങളായി, വിനുവേട്ടന്റെയൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട്; ഒടുവിൽ ആ ദിവസം വന്നുചേർന്നിരിക്കുന്നു.. ജിദ്ദയിൽ നിന്നും ഏകദേശം 160 കിമീ അകലെയുള്ള തായിഫ് എന്ന മലമ്പ്രദേശത്തേയ്ക്കാണ് യാത്ര.. വിനുവേട്ടനും കുടുംബവും, എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഷംസുവും കുടുംബവും, ഒപ്പം ജോയി, അനീഷ് എന്നീബാച്ചികളുംകുഞ്ഞുകുട്ടിപരാധീനങ്ങളടക്കം ആകെ മൊത്തം 11 പേരാണ് കച്ചകെട്ടി തയ്യാറായിരിക്കുന്നത്.. തിരിച്ചും മറിച്ചും കൂട്ടിയും കുറച്ചും കണക്കെടുത്ത്, അവസാനം 3 വാഹങ്ങളിൽ യാത്ര പുറപ്പെടാമെന്നാണ് ധാരണ..

ഷംസുവാണ്നാവിഗേറ്റർ-കം-ഗൈഡ്’.. ഒറ്റയ്ക്കും തെറ്റയ്ക്കും പലതവണ തായിഫിൽ പോയി വന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ ദൌത്യം അദ്ദേഹം സ്വമേധയാ ഏറ്റെടുത്തു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.. ‘യാത്രയ്ക്കാരെഒന്നിപ്പിക്കുക എന്നതായിരുന്നു ഈയുള്ളവന്റെ തലയിൽ അറിയാതെ വന്നുപെട്ട ജോലി.. ‘മുൻപേ ഗമിക്കുന്ന ഷംസുവിന്റെ പിൻപേ ഗമിക്കാൻവിനുവേട്ടൻ റെഡി.. യാത്രയ്ക്കിടയിൽ കഴിക്കാനാവശ്യമായ കപ്പ വേവിച്ചതും മത്തിക്കറിയും ജോയിയുടെ കൈപ്പുണ്യത്തിൽ തയ്യാറാക്കും..

വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മക്ക റോഡിൽ, ഫ്ലൈ ഓവർ കഴിഞ്ഞിട്ടുള്ള ആദ്യത്തെ പെട്രോൾ പമ്പിൽ എത്തിച്ചേരണം.. ആരൊക്കെ വന്നാലും വന്നില്ലെങ്കിലും 8.30-ന് അവിടെ നിന്നും (കപ്പയും മത്തിയും) യാത്ര പുറപ്പെടുന്നതാണ്’ – ഇതാണ്കോർഡിനേറ്ററുടെ അന്ത്യശാസനം!

വെള്ളിയാഴ്ചത്തെ പ്രഭാതം പതിവിലും നേരത്തെ വെളിച്ചം കണ്ടു.. തലേദിവസം തന്നെ അരിഞ്ഞുവച്ചിരുന്ന പച്ചക്കപ്പ തിളച്ച വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് കുന്തളിച്ചെങ്കിലും അധികം താമസിയാതെ തന്നെ ഊറിയ വെള്ളത്തിൽ വെളുക്കെ ചിരിച്ച്, മഞ്ഞളും മുളകും തേങ്ങയുമൊക്കെ ചേർത്തരച്ചഅരപ്പിൽസമാധിയായി.. മത്തി പീരയും മുളകിട്ടതും തലേ രാത്രി തന്നെ തയ്യാറാക്കിയിട്ടുണ്ട്. എല്ലാം ഓരോരോ പാത്രങ്ങളിലാക്കി വണ്ടിയിലേക്ക് വച്ചു; ഒപ്പം ഒരു വലിയ ജാർ നിറയെ വെള്ളവും.. പിന്നെ താമസിച്ചില്ല, ബാച്ചികൾ മൂവരുംപാൻ‌ട്രി കാറിൽമുൻ‌നിശ്ചയിച്ച സ്ഥലത്തേയ്ക്ക്..

സമയം 8.15.. പരിവാരങ്ങൾ ഇനിയുംമൈക് പോയന്റിൽറിപ്പോർട്ട് ചെയ്തിട്ടില്ല.. ഷംസുവിനെ പല തവണ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലപുറപ്പെട്ടു, പുറപ്പെട്ടു.. അരമണിക്കൂർ മുന്നെ തന്നെ പുറപ്പെട്ടു..’ എന്ന് വിനുവേട്ടന്റെ മറുപടി.. കാത്തുനിൽ‌പ്പിനിടയിൽ അതാ വരുന്നു, വിനുവേട്ടന്റെ കോൾ..

അല്ല, നിങ്ങൾ ഏത് പമ്പിന്റെ കാര്യമാണ് പറഞ്ഞത്..’
അതുപിന്നെ, മക്ക റോഡിൽ, ഫ്ലൈ ഓവർ അവസാനിച്ച് കഴിഞ്ഞുള്ള ആദ്യ പമ്പ്..’
ഓഹ്, അവിടെയാണല്ലേ ഞാൻ കരുതി ഇവിടെയാണെന്ന്..’
എവിടെ? വിനുവേട്ടനിപ്പോൾ എവിടെയാണ്??’
ഞാൻ പഴയ മക്ക റോഡിലെ പാലം കഴിഞ്ഞിട്ടുള്ള പമ്പിലാണുള്ളത് അവിടേയ്ക്ക് വരാം.. വഴി കണ്ടുപിടിക്കട്ടെ..’

ഫോൺ കട്ടായി

ഞാൻ അപ്പോളേ പറഞ്ഞില്ലേ, അങ്ങേർ അവിടെയേ നിൽക്കൂ എന്ന്..’ – ജോയിയുടെ ഉച്ചത്തിലുള്ള ആത്മഗതം..


അതിനിടയിൽ ഷംസു എത്തി; പക്ഷേ മെയിൻ റോഡിൽ നിന്ന് ഇറങ്ങാതെ, അടുത്ത പമ്പിൽ കാത്തുനിൽക്കാമെന്ന് പറഞ്ഞ് ആശാൻ പാഞ്ഞു!! കാത്തിരിപ്പിന് അവധികൊടുത്ത് വിനുവേട്ടനും കുടുംബവും വന്നുചേർന്നു.. വിശദമായ പരിചയപ്പെടൽ പിന്നീടാവാമെന്ന് കരുതി അടുത്ത പമ്പിലേയ്ക്ക് പുറപ്പെട്ടു.. അങ്ങനെ, കാത്തിരിപ്പിനും കൂടിച്ചേരലുകൾക്കുമൊടുവിൽ യാത്രയാരംഭിക്കുമ്പോൾ മുൻ‌നിശ്ചയിച്ചതിൽ നിന്നും അരമണിക്കൂർ മാത്രമേ അധികമെടുത്തിട്ടുണ്ടായിരുന്നുള്ളൂ.. വെള്ളിയാഴ്ച ആയതുകൊണ്ടാവണം, മക്കയിലേയ്ക്കുള്ള പാതയിൽ വാഹനങ്ങൾ നിരനിരയായി ഒഴുകുന്നു.. ആ ഒഴുക്കിൽ ഞങ്ങളുടെ വാഹനവ്യൂഹവും ചേർന്നുഏറ്റവും മുന്നിൽ എക്കോ’, തൊട്ടുപിന്നാലെമുട്ടി, മുട്ടീല്ലാഎന്ന പരുവത്തിൽ വിനുവേട്ടന്റെ പുതുപുത്തൻ ഹ്യൂണ്ടായ് ടക്സൺ’.. ഇവരുടെ പിന്നാലെ, ‘പാൻ‌ട്രി കാർആയി വേഷം മാറിയ, ബാച്ചികൾ ഒൺലിടൊയോട്ടാ ഹൈ-സ്’.. സുമൈശി ചെക്ക് പോയന്റിന് തൊട്ടുമുൻപായി വലത്തേയ്ക്ക് തിരിഞ്ഞ്നോൺ മുസ്ലിങ്ങൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ള റോഡിലൂടെ വേണം യാത്ര തുടരാൻ..


മക്ക എന്ന പുണ്യസ്ഥലത്തിന്റെ ഒരു നിശ്ചിത പരിധിക്കുള്ളിലൂടെ സഞ്ചരിക്കാൻ അമുസ്ലീങ്ങൾക്ക് അനുവാദമില്ല.. അത്തരക്കാർ, മക്കയിലൂടെ പ്രവേശിക്കാതെ യാത്ര ചെയ്യാൻ തയ്യാറാക്കിയിട്ടുള്ളതാണ് ഇത്തരം നോൺ മുസ്ലിം പാതകൾ.. (മദീനയിലും ഇതേ സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്..) ഇതുവരെ വന്ന 4 വരി പാതയിൽ നിന്നും വ്യത്യസ്തമാണ് ഇനിയുള്ള വഴി.. നമ്മുടെ നാട്ടിലെ മിക്ക റോഡുകളെയും പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ട്രാക്കുകൾ മാത്രം.. ഭാരം കൂടിയ ട്രെയിലറുകൾ കടന്നുപോയി റോഡിൽ ഇടയ്ക്കിടെ ചാലുകൾ രൂപപ്പെട്ടിരിക്കുന്നു.. എന്നിരുന്നാലും വാഹങ്ങളുടെ വേഗതയ്ക്ക് യാതൊരു കുറവുമില്ല.. പാറകൾ മാത്രമുള്ള ചെറുതും വലുതുമായ കുന്നുകൾ റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം കാണാം.. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒട്ടകക്കൂട്ടങ്ങൾ.. ഒട്ടകങ്ങൾ ക്രോസ് ചെയ്യാൻ സാധ്യതയുള്ള ഈ ഇരട്ടപ്പാതയിലൂടെയുള്ള ഡ്രൈവിംഗ് അതീവ ദുഷ്കരംപ്രത്യേകിച്ച് രാത്രി യാത്രനോൺ മുസ്ലിം റോഡ് വീണ്ടും മക്കയിലൂടെ കടന്നുവരുന്ന പ്രധാനപാതയിൽ ചെന്നുചേർന്നു.. 4 വരി പാതകളിൽ വാഹനങ്ങളുടെ പെരുപ്പം.. അടുത്തുവരുന്ന ചെക്ക് പോയന്റിന്റെ മുന്നറിയിപ്പുകളുമായി മഞ്ഞ ബോർഡുകൾ വഴിവക്കിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.. ചെക്ക് പോയന്റ് കഴിഞ്ഞാൽ ചുരം തുടങ്ങും, പിന്നെ ചുരത്തിന്റെ മുകളിലെത്താതെ കടകളോ മറ്റ് സൌകര്യങ്ങളോ ഇല്ല.. അതുകൊണ്ടുതന്നെ, ആദ്യം കണ്ട പെട്രോൾ പമ്പിലെ കഫറ്റീരിയയിൽ കയറി അത്യാവശ്യംഇന്ധനംനിറച്ച് യാത്ര തുടർന്നു.. ചെക്ക് പോയന്റും കടന്ന് വാഹനങ്ങൾ കയറ്റം കയറിത്തുടങ്ങി..തായിഫ്.. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം.. സൌദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന്.. റിസോർട്ടുകളുടെയും കുട്ടികൾക്കായുള്ള തീം പാർക്കുകളുടെയും അതിപ്രസമാണിവിടെ നമ്മുടെ മൂന്നാർ-ഊട്ടി-കൊടൈക്കനാൽ പോലെയുള്ള ഒരു പ്രദേശം ഏത് കടുത്ത ചൂടിലും ഇത്തിരിയെങ്കിലും കുളിര് പകരാൻ തായിഫ് സദാ സന്നദ്ധം അപ്പോൾപ്പിന്നെ തണുപ്പ് കാലത്തെ കാര്യം പറയേണ്ടല്ലോ.. കോടമഞ്ഞും ആലിപ്പഴങ്ങളുടെ അകമ്പടിയോടെയുള്ള മഴയും അപ്രതീക്ഷിതമായി കടന്നുവരാം..ജിദ്ദയിൽ നിന്നും 160 കിമീ ആണ് തായിഫിലേയ്ക്കുള്ള ദൂരം.. പക്ഷേ, ‘നോൺ മുസ്ലീംറോഡിലൂടെ പോകേണ്ടി വരുന്നതിനാൽ 40 കിമീ അധികം സഞ്ചരിക്കണം അവിടെയെത്താൻ..! 


കാട്ടറബികളുടെ (ബദുക്കൾ) സ്വന്തം നാടായ തായിഫിലെ പ്രധാന ആകർഷണം, അവിടേയ്ക്ക് എത്തിപ്പെടാനുള്ള അൽ ഹദചുരമാണ്.. ഏതാണ്ട് 21 കിമീ ദൂരമുള്ള ഈ ചുരത്തിൽ 93 വളവുകളുണ്ടെന്നാണ് കണക്ക്.. മുന്പുണ്ടായിരുന്ന ഇരട്ടപ്പാത, 4 വരികളായി പുതുക്കിപ്പണിത് ഗതാഗതത്തിന് തുറന്നുകൊടുത്തത് ഏതാനും വർഷങ്ങൾക്ക് മുന്നെയാണ് എഞ്ചിനീയറിംഗ് വൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ റോഡ്.. 


എപ്പോൾ വേണമെങ്കിലും താഴേയ്ക്ക് പതിക്കാവുന്ന വിധത്തിൽ പാറക്കല്ലുകൾ നിലകൊള്ളുന്ന ഈ വഴിയിലൂടെയുള്ള യാത്ര രാത്രികാലങ്ങളിലും മഴയുള്ള സമയത്തും ഇത്തിരി അപകടകരം. (ചുരത്തിന് മുകളിൽ മഴ പെയ്യുമ്പോൾ ചുരത്തിലൂടെ ഗതാഗതം നിരോധിക്കുന്നത് പതിവാണ്) 


ചുരത്തിലൂടെ വാഹങ്ങൾ താഴേയ്ക്കും മുകളിലേയ്ക്കും കുതിച്ചു കൊണ്ടേയിരിക്കുന്നു.. ഓരോ വളവുകൾ തിരിയുമ്പോളും താഴ്വാരത്തിന്റെ മനോഹരദൃശ്യം കണ്ണിൽത്തെളിയും.. വായു ഗുളിക മേടിക്കാൻ പായുന്നതുപോലെ ചില വിദ്വാന്മാർ വണ്ടികൾ പറപ്പിച്ചു പോകുന്നുണ്ട്.. എവിടേയ്ക്കാണോ എന്തോ? ചുട്ടുപൊള്ളുന്ന പാറക്കെട്ടുകളിൽ അങ്ങിങ്ങ് ചാടിക്കളിക്കുന്ന കുരങ്ങന്മാർ, യാത്രക്കാരുടെ കയ്യിൽ നിന്നും എന്തെങ്കിലും ഭക്ഷണം വീണുകിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.. മലമുകളിലെറമദ ഹോട്ടലിന്റെ പരിസരത്തുനിന്നും ആരംഭിച്ച് താഴെയുള്ള വാട്ടർ തീം പാർക്ക് വരെ പോയി വരുന്നറോപ് വേയുടെ വാഗണുകൾ ആകാശത്തിൽ ചലനമറ്റ് കിടപ്പുണ്ട്.. വൈകുന്നേരം 4 മണി മുതലേ അവയ്ക്ക് ജീവൻ വയ്ക്കുകയുള്ളുവത്രെ.. (മുൻപൊരിക്കൽ ആ റോപ്പ് വേ-യിൽ യാത്ര ചെയ്തതാണ്.. അതിൽ നിന്നുള്ള കാഴ്ച അതീവ ഹൃദ്യം!!) മടങ്ങിപ്പോകുന്നതിനുമുന്നെ, ഒരു റോപ്പ് വേ യാത്ര കൂടെ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളുടെഗൈഡ്’..

അല്‍ ഷഫയിലെയ്ക്ക്

ചുരം കയറി എത്തുന്ന അൽ ഹദഎന്ന സ്ഥലത്തുനിന്നും തായിഫ് പട്ടണത്തിലേയ്ക്ക് ഏതാണ്ട് 30 കിമീ കൂടെയുണ്ട് പക്ഷേ, ഞങ്ങളുടെ യാത്ര അൽ ഷഫഎന്ന പ്രദേശത്തേക്കായിരുന്നു.. 'സരാവത്' മലനിരകൾക്കിടയിലെ ഈ ഗ്രാമപ്രദേശം കൃഷിയ്ക്ക് പേരുകേട്ടതാണ്.. 

ദാ, ആ മലമുകളിലേയ്ക്കാണ് യാത്ര..

അവിടെയുള്ള ഏറ്റവും ഉയരം കൂടിയ ഒരു മലമുകളിലേയ്ക്ക് വാഹനങ്ങൾ ആയാസത്തോടെ കയറി.. കാഴ്ചകൾ കണ്ട് കുറച്ചുനേരം അവിടെ ചിലവഴിച്ചു.. നല്ല വെയിലുണ്ടെങ്കിലും ചൂട് അത്രയ്ക്ക് അനുഭവപ്പെടുന്നില്ല.. 

മലമുകളിലെ മുമ്പന്മാര്‍ ..

തിരികെ വരുമ്പോൾ കള്ളിമുള്ള് ചെടിയുടെ പഴം (ബർഷൂം) പറിച്ച് തിന്ന് ഒരു ഫാം ടൂറിസവുംനടത്തി.. ഈ പഴത്തിന്റെ തോട് കളയുന്നത് ഇത്തിരി കഷ്ടപ്പാടാണ്... എത്ര ശ്രദ്ധിച്ചാലും കയ്യിൽ മുള്ളുകൾ തറയ്ക്കും.. 


പഴുത്ത്‌ പാകമാവുന്നതേയുള്ളൂ...

ബര്‍ഷൂം പഴം (ഒരു പഴയ ചിത്രം)

വെറുതെയല്ല, ഇവന്മാർ കയ്യിൽ ഗ്ലൌസൊക്കെയിട്ട് ഈ കലാപരിപാടി നടത്തുന്നത്!! (വിരലിൽ തറച്ച മുള്ള് കടിച്ചെടുക്കാൻ ശ്രമിച്ച വകയിൽ അത് നാവിൽ കുടുങ്ങി; അവിടെ നിന്നും ചുണ്ടിൽ.. ചുരുക്കിപ്പറഞ്ഞാൽ, 2 ദിവസം പണികിട്ടി..)

ഒരു മരുപ്പൂവ്‌..

സമയം 12.30.. കപ്പയും മത്തിയും കഴിക്കാ‍തെ ഇനി സമാധാനം കിട്ടില്ല.. എല്ലാവർക്കും ഒന്നിച്ചിരുന്ന് കഴിക്കാൻ പറ്റിയ ഒരിടം തേടിയാണ് ഇപ്പോളത്തെ യാത്ര.. നല്ല തണലുള്ള ഒരു കുന്തിരിക്കമരത്തിന്റെ ചുവട്ടിൽ വിരി വച്ചു.. പാന്ട്രിക്കാറിൽ നിന്നും പാ‍ത്രങ്ങൾ ക്ഷണനേരത്തിൽ വിരിയിൽ ഇടം പിടിച്ചു.. പക്ഷേഗൈഡ്ഇടഞ്ഞ് നിൽ‌പ്പാണ്.. ‘ഭക്ഷണം കഴിക്കാൻ ഇതിലും നല്ല സ്ഥലമുണ്ട്, അവിടെ ചെന്നിരുന്ന് കഴിക്കാംഎന്ന അദ്ദേഹത്തിന്റെ ഉറച്ച പ്രഖ്യാപനത്തിന്റെ ബലത്തിൽ പാത്രങ്ങൾ വീണ്ടും വണ്ടിയിലേറി.. വിരി മടക്കിയെടുത്ത് അടുത്ത കളം തേടി വാഹനജാഥ നീങ്ങി..

'ഗൈഡ്‌'

ഏതാണ്ട് ഒരു മണിക്കൂർ അലഞ്ഞു, എന്നിട്ടും ആ നല്ല സ്ഥലംകണ്ടെത്തിയില്ല.. ഒടുവിൽ, അത്ര നല്ലതല്ലെങ്കിലും തീരെ മോശമല്ലാത്ത ഒരിടത്ത് വിരിവച്ച്, കപ്പ-മത്തി, ചപ്പാത്തി-ചിക്കൻ അകത്താക്കി (കപ്പയും മത്തിയും കഴിക്കാൻ വേണ്ടി മാത്രമാണോ ചാടിപ്പുറപ്പെട്ട് വന്നത് എന്നുവരെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ചിലരുടെ പ്രകടനം.. ആരാണെന്ന് പറയൂല്ല, വേണേൽ ക്ലൂ തരാം..

മറ്റൊരു പേരറിയാ പൂവ്‌ കൂടെ..

അടുത്തലക്ഷ്യം റോപ്പ് വേ-യാണ്.. സമയം മണി കഴിഞ്ഞിരിക്കുന്നു.. വാഹനജാഥ പ്രധാനവീഥിയിലൂടെ അൽ ഹദ’ ലക്ഷ്യമാക്കി നീങ്ങി.. ഇടയ്ക്ക്വഴിയരികിൽ വണ്ടികളൊതുക്കി ഇത്തിരി ഗൂഢാലോചന.. അനന്തരഫലംതാമരേടത്തിയുടെ അപാരമായ ‘ധൈര്യം പരിഗണിച്ച് റോപ്പ് വേ യാത്രയിൽ നിന്നും വിനുവേട്ടനും കുടുംബവും പിന്മാറി.. എങ്കിലും മറ്റുള്ളവർ കയറിക്കോട്ടെഞങ്ങൾ കാത്തിരിക്കാം എന്ന വിനുവേട്ടന്റെ സ്നേഹപുരസ്സരമുള്ള നിർബന്ധത്തിന് വഴങ്ങി വീണ്ടും റോപ് വേയിലേക്ക്.. പോകുന്ന പോക്കിൽ വിനുവേട്ട ‘ടക്സന്റെ’ ബ്രെയ്ക്ക് ടെസ്റ്റ്‌ ചെയ്തു.. ‘ഗൈഡിന്റെ’ വണ്ടിയാണെന്ന് കരുതി വേറെ ഏതോ കാറിന്‍റെ പിന്നാലെ വച്ചുപിടിച്ചു കക്ഷി.. പെട്ടെന്ന്‍ ഒരു ‘എക്സിറ്റിൽ’ വച്ച് അബദ്ധം മനസ്സിലാക്കിയപ്പോൾ വലത്തേയ്ക്ക് വെട്ടിച്ച് ശരിയായ വഴിയിൽ കയറിപ്പറ്റി... (അതിനിടയിൽ റോഡരികിലെ ഭിത്തിയിൽ തട്ടാതെ കാർ എങ്ങനെയോ ‘നേരെ ചൊവ്വേ’ നാലുകാലിൽ ഓട്ടം തുടര്‍ന്നു എന്ന് പറയുന്നതാവും കൂടുതൽ ഉചിതം..)  ആദ്യമൊന്ന് വഴിതെറ്റിയെങ്കിലും അധികം ചുറ്റിക്കാതെ തന്നെ ‘ഗൈഡ്’ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു..


റമദാ ഹോട്ടലിന്റെ പരിസരപ്രദേശമാകെ വാഹനങ്ങളെയും ആളുകളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു.. ഇവിടെ നിന്നുമാണ് അടിവാരത്തേയ്ക്ക് റോപ് വേ യാത്ര പുറപ്പെടുന്നത്.. അവധിക്കാലം, ഒപ്പം ആസന്നമായിരിക്കുന്ന റമദാൻ നോയമ്പ് കാലംതിരക്ക് കൂടാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടല്ലോ.. ആളുകൾ വെറുതെ നിന്ന് ബോറഡിക്കേണ്ട എന്ന് കരുതിയാവണം, ഇടയ്ക്കിടെ നല്ല ഒന്നാന്തരം പൊടിക്കാറ്റ് വീശിയടിക്കുന്നുണ്ട്...

തായിഫിലേയ്ക്ക് ..

തന്റെ അമ്മായിയമ്മയെ റോപ് വേയിൽ കയറ്റിയേ അടങ്ങൂ എന്ന വാശിയിൽ ടിക്കറ്റ് എടുക്കാൻ പോയ ഗൈഡ് അധികം താമസിയാതെ തന്നെ തിരികെയെത്തി ഒരു ഡയലോഗ്;


മാമി നാട്ടിൽ വച്ച് റോപ് വേ-യിൽ കയറിയിട്ടുണ്ട്.. അതുകൊണ്ട് ഇവിടെ കയറിയില്ലെങ്കിലും കുഴപ്പമില്ല!..’
അല്ലെടാ, ഇവിടം വരെ വന്നിട്ട് കയറാതെ പോവുക എന്ന് പറഞ്ഞാൽ...?
ഓഹ്, അതൊന്നും സാരമില്ലന്നേ.. ഇനി വരുമ്പോൾ കയറാം.. അതുമാത്രമല്ല, ഇത്രയും കാലം 50 റിയാൽ ആയിരുന്നു ഫീസ്, ഇപ്പോളത് 90 റിയാലാക്കിയിരിക്കുന്നു..’

അപ്പോൾ അതാണ് കാര്യം.. (മാമി നാട്ടിൽ വച്ച് റോപ് വേയിൽ കയറിയിട്ടുണ്ടോ എന്ന് ചോദിച്ച് വെറുതെ അവരുടെ മനസ്സ് വിഷമിപ്പിക്കാൻ ആരും മെനക്കെട്ടില്ല..)

ഇനി നമുക്ക് ചുരത്തിന്റെ മുകളിലെവ്യൂ പോയന്റിൽ പോയി കാഴ്ചകൾ കാണാം..'


ഗൈഡ് പറഞ്ഞാൽ പിന്നെ അപ്പീലില്ല.. വാഹനജാഥ നേരെ ചുരത്തിന്റെ മുകൾത്തട്ടിലേയ്ക്ക് നീങ്ങി.. സമയം 5 മണി കഴിഞ്ഞിരിക്കുന്നു.. വേനൽക്കാലമായതിനാൽ സൂര്യൻ ഉടനെയൊന്നും കടലിൽ ചാടുന്ന ലക്ഷണമില്ല.. ‘വ്യൂ പോയന്റിൽവണ്ടികളൊതുക്കി, പരമാവധി അരികിലേയ്ക്ക്, ശ്രദ്ധയോടെ നിന്നു.. കാലൊന്ന് നിരങ്ങിപ്പോയാൽ പിന്നെ എവിടെ ചെന്ന് നിൽക്കുമെന്ന് പറയാൻ പറ്റില്ല.. താഴെ, ചുരത്തിലൂടെ വാഹനങ്ങൾ ചെറിയ പുഴുക്കളെപ്പോലെ നീങ്ങുന്നു കണ്ണെത്താ ദൂരത്തിനപ്പുറം സൂര്യന്റെ സുവർണത്തിളക്കം.. ചുരത്തിന്റെ മുകളിൽ നിന്നുള്ള സൂര്യാസ്തമന കാഴ്ച അവിസ്മരണീയമാണ്.. എന്നാൽ ഇരുട്ടുന്നതിനുമുന്നെ തന്നെ ചുരമിറങ്ങാൻ തീരുമാനിച്ചതിനാൽ ആ കാഴ്ച പിന്നീട് ഒരവസരത്തിലേയ്ക്ക് മാറ്റി വച്ചു..

മടക്കയാത്ര.. ചുരത്തിൽ വാഹനപ്രളയം.. കുത്തനെയുള്ള ഇറക്കവും വളവുകളും യാത്രയുടെത്രിൽകൂട്ടുന്നു.. തലയ്ക്ക് മീതെറോപ് വേ വാഗണുകളുടെ നീണ്ട സഞ്ചാരം.. താഴ്വര പതുക്കെ ഇരുണ്ടു തുടങ്ങിയിരിക്കുന്നു.. വളരെ പെട്ടെന്ന് തന്നെ ചുരമിറങ്ങി.. ആദ്യം കണ്ട പമ്പിലെകഫറ്റീരിയയിൽ നിന്നും ചായയും വെള്ളവുമൊക്കെ കുടിച്ച്, ഉന്മേഷത്തോടെ യാത്ര തുടർന്നു.. വീണ്ടും ഒറ്റപ്പാത.. ഇരുദിശയിലും വാഹനങ്ങൾ കൂടിയിരിക്കുന്നു.. വലിയ ട്രെയിലറുകളെ മറികടക്കുക അതീവദുഷ്കരം.. വഴിവിളക്കുകളില്ലാത്ത വഴിയിൽ ഇരുട്ട് കനക്കുന്നതിന് മുന്നെ തന്നെജിദ്ദ-മക്കഹൈവേയിലെത്തിച്ചേർന്നു.. 

സമയം രാത്രി 8.30.. ഒരു പകൽ നീണ്ട യാത്രയുടെയും കാഴ്ചകളുടെയും അവസാനം പരസ്പരം വിട ചൊല്ലാനുള്ള സമയമായിരിക്കുന്നു.. റോഡരികിൽ വണ്ടികളൊതുക്കി ഔപചാരികതകള്‍ ഒന്നുമില്ലാത്ത യാത്രപറച്ചിൽ.. ഒരു പകൽ നേരം കൊണ്ട് സൌഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ പാത തെളിച്ചവർ മനസ്സില്ലാമനസ്സോടെ വിട പറഞ്ഞു; ഒരു നല്ല ദിവസത്തിന്റെ, ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി..