Monday, March 14, 2011

സ്റ്റോം വാണിംഗ്‌ - എഴുതാതെ പോയത്‌...

സ്റ്റോം വാണിങ്ങിന്റെ അവസാന ലക്കം വിവര്‍ത്തനം ചെയ്ത്‌ കഴിഞ്ഞതും മനസ്സില്‍ വല്ലാത്തൊരു വിങ്ങലായിരുന്നു. മേശയില്‍ തല ചായ്ച്ചുറങ്ങുന്ന അഡ്‌മിറല്‍ റീവ്‌... അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന തൂലിക...

കാട്രീനയുമായി കടന്ന ഗെറിക്കിന്‌ എന്ത്‌ സംഭവിച്ചിരിക്കും...? ക്യാപ്റ്റന്‍ ബെര്‍ഗറുടെയും സിസ്റ്റര്‍ ആഞ്ചലയുടെയും സംഘത്തിന്റെ ഭാവി എന്തായിരിക്കും...? എല്ലാം വായനക്കാര്‍ക്ക്‌ വിട്ടുതന്നിട്ട്‌, വായനക്കാരുടെ മനസ്സില്‍ എന്നും വിങ്ങല്‍ അവശേഷിപ്പിച്ചുകൊണ്ട്‌ അതിവിദഗ്ദ്ധമായി പിന്‍വാങ്ങിയ ജാക്ക്‌ ഹിഗ്ഗിന്‍സ്‌...

ജാക്ക്‌ ഹിഗ്ഗിന്‍സ്‌ നിറുത്തിയിടത്ത്‌ പ്രിയകഥാപാത്രങ്ങളെ ഉപേക്ഷിക്കുവാന്‍ എനിക്ക്‌ മനസ്സ്‌ വന്നില്ല. അതിനടുത്ത ദിവസങ്ങളില്‍ എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക... കഴിഞ്ഞ കുറേ ദിവസങ്ങളായി അതായിരുന്നു എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത്‌... ജാക്ക്‌ ഹിഗ്ഗിന്‍സിന്റെ തൂലിക കടം വാങ്ങി നമ്മുടെ പ്രിയ കഥാപാത്രങ്ങളെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നു...

അനന്തരം ...

മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് കൊണ്ട്‌ അഡ്‌മിറല്‍ റീവ്‌ ദൂരെ കടലിലേക്ക്‌ നോക്കി. കൊടുങ്കാറ്റിന്റെ താണ്ഡവത്തിന്‌ ശേഷം ശാന്തമാണ്‌ കടല്‍ ഇപ്പോള്‍. ക്യാപ്റ്റന്‍ മറേയുടെയൊപ്പം, ഗെറിക്കിനെ കൂടാതെ വെറും കൈയോടെ തിരിച്ചു പോയ ലെഫ്റ്റനന്റ്‌ ജാഗോ ഇന്ന് വരേണ്ടതാണ്‌. റേഡിയോയുടെ വാല്‍വ്‌ കിട്ടിയിട്ട്‌ വേണം പുറം ലോകവുമായി ബന്ധപ്പെടാന്‍.

യുദ്ധത്തിലേക്ക്‌ ചാടിയിറങ്ങാനുള്ള അദമ്യമായ ആഗ്രഹമെല്ലാം എങ്ങോ പോയ്‌ മറഞ്ഞിരിക്കുന്നു. ഡോയ്‌ഷ്‌ലാന്റിന്റെ ദുരന്തം അദ്ദേഹത്തിന്റെ ചിന്താഗതിയെ അപ്പാടെ മാറ്റി മറിച്ചു കളഞ്ഞു. യു.എസ്‌ നേവിയില്‍ നിന്നും താന്‍ വിരമിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത്‌ ജാനറ്റിനെ ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

"ജനറല്‍ ഐസന്‍ഹോവറിനോട്‌ പറഞ്ഞേക്കൂ, അദ്ദേഹം എന്നെ തോല്‍പ്പിച്ചിരിക്കുന്നുവെന്ന്... ശിഷ്ടകാലം ഞാന്‍ ഇവിടെ ഫാഡാ ദ്വീപില്‍ തന്നെ കഴിയാനാഗ്രഹിക്കുന്നുവെന്ന്..."

യുദ്ധത്തിന്റെ നിരര്‍ത്ഥകത അത്ര മാത്രം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ക്യാപ്റ്റന്‍ ബെര്‍ഗറുടെ സംഘത്തില്‍ അവശേഷിച്ചവരുടെ ഭാവി കാര്യങ്ങള്‍ ദ്വീപിലെ മജിസ്ട്രേറ്റ്‌ എന്ന നിലയില്‍ ജീന്‍ സിന്‍ക്ലെയറാണ്‌ തീരുമാനിച്ചത്‌. ശത്രു രാജ്യത്തിലെ പൗരന്മാരായിട്ടും അവരെ സഖ്യകക്ഷികള്‍ക്ക്‌ കൈമാറാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. യുദ്ധം അവസാനിക്കുന്നത്‌ വരെ അവരെല്ലാം ഫാഡാ ദ്വീപില്‍ തന്നെ കഴിയട്ടെ എന്നായിരുന്നു അവര്‍ വിധിച്ചത്‌.

സിസ്റ്റര്‍ ആഞ്ചലയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീ സംഘത്തെ സെന്റ്‌ മണ്‍ഗോ ദേവാലയത്തിലെ ആരാധാനാനുഷ്ഠാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. മര്‍ഡോക്ക്‌ ആയിരുന്നു അക്കാര്യത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത്‌.

ക്യാപ്റ്റന്‍ ബെര്‍ഗറുടെ സംഘത്തിന്‌ താമസിക്കുവാനായി പോലീസ്‌ സ്റ്റേഷനിലെ സെല്ലുകള്‍ തുറന്നു കൊടുത്തു. എന്നാല്‍ ഇത്തവണ കൈയില്‍ റൈഫിളുമായി ലാക്ലന്‍ അവര്‍ക്ക്‌ കാവല്‍ ഇരിക്കുന്നുണ്ടായിരുന്നില്ല. ഒരു തുറന്ന ജയില്‍. യുദ്ധം അവസാനിക്കുന്നതോടെ സ്വദേശമായ ജര്‍മ്മനിയിലേക്ക്‌ തിരികെ പോകാമെന്ന വ്യവസ്ഥയില്‍ ഒരു തുറന്ന ജയില്‍ വാസം. യുദ്ധത്തടവുകാര്‍ എന്ന അവസ്ഥയില്‍ ബ്രിട്ടന്റെയോ അമേരിക്കയുടെയോ ഏതെങ്കിലും തടവറകളില്‍ കഴിയുന്നതുമായി താരതമ്യം ചെയ്താല്‍ അവര്‍ക്കത്‌ സ്വര്‍ഗ്ഗം തന്നെയായിരുന്നു.

അഡ്‌മിറല്‍ റീവ്‌ വീണ്ടും കടലിലേക്ക്‌ കണ്ണോടിച്ചു. നിരാശയായിരുന്നു ഫലം. ജാഗോ വരുന്ന ലക്ഷണമൊന്നും കാണാനില്ല. ഹാര്‍ബറില്‍ കിടക്കുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെ അദ്ദേഹം ആരാധനയോടെ നോക്കി. ഗെറിക്കിന്റെ നാവിക വൈദഗ്ദ്ധ്യം ഒന്ന് കൊണ്ട്‌ മാത്രമാണ്‌ ആ ദുരന്ത മുഖത്ത്‌ നിന്ന് തങ്ങളെല്ലാം രക്ഷപെട്ടത്‌. അതുകൊണ്ട്‌ തന്നെ, ഗെറിക്കിനെ രക്ഷപെടാന്‍ അനുവദിക്കുക എന്ന തീരുമാനം എടുത്തതില്‍ അദ്ദേഹത്തിന്‌ ഒട്ടും പശ്ചാത്താപം തോന്നിയില്ല. മര്‍ഡോക്കിന്റെ പിന്തുണ കൂടി അക്കാര്യത്തില്‍ ലഭിച്ചപ്പോള്‍ വാസ്തവത്തില്‍ അതിയായ ചാരിതാര്‍ത്ഥ്യമാണ്‌ അദ്ദേഹത്തിനുണ്ടായത്‌. ഗെറിക്കിന്റെ വിവരങ്ങളൊന്നും പിന്നീട്‌ അറിയാന്‍ കഴിയാതിരുന്നത്‌ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കൈവശമുള്ള ബൈനോക്കുലേഴ്‌സ്‌ എടുത്ത്‌ ഫോക്കസ്‌ ചെയ്ത്‌ ചക്രവാളത്തിലേക്ക്‌ വീക്ഷിച്ചിട്ട്‌ നിരാശയോടെ അദ്ദേഹം കോട്ടേജിന്‌ നേര്‍ക്ക്‌ നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * *

"ഹലോ അഡ്‌മിറല്‍ ... ഞാന്‍ വീണ്ടുമെത്തി..." ജാഗോയുടെ ശബ്ദം കേട്ട്‌ റീവ്‌ തിരിഞ്ഞു.

"ഹാരിയോ... വൈകിയതെന്തേ ...? രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ ഞാന്‍ ഹാര്‍ബറില്‍ വന്നിരുന്നു... ഇന്നിനി വരില്ല എന്ന് കരുതി..."

"ഡെഡ്‌ എന്‍ഡിന്‌' പകരം ഒരു ബോട്ട്‌ സംഘടിപ്പിക്കുവാന്‍ കുറച്ച്‌ സമയം വേണ്ടി വന്നു അവര്‍ക്ക്‌... എന്തായാലും ഇത്തവണ അത്ര പഴക്കമില്ലാത്ത ഒന്ന് കണ്ടെത്തി അവര്‍..." ജാഗോ തന്റെ ക്യാപ്‌ മേശമേല്‍ വച്ചു.

"ജാനറ്റ്‌ എന്ത്‌ പറയുന്നു...?"

"അവള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു... യുദ്ധം അവസാനിച്ചിട്ടില്ലാത്തതിനാല്‍ പഴയത്‌ പോലെ നല്ല ജോലിത്തിരക്കാണ്‌..."

"ജനറലിനെ അവള്‍ കണ്ടിരുന്നുവോ...? എന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം...?" അദ്ദേഹത്തിന്‌ പണ്ടത്തെ ആവേശമുണ്ടായിരുന്നില്ല.

"വിരമിക്കുവാനുള്ള താങ്കളുടെ തീരുമാനം അവര്‍ അംഗീകരിച്ചുവെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌... ആക്ഷന്‍ എന്ന ഒരേ ഒരു ചിന്തയുമായി നടന്നിരുന്ന താങ്കള്‍ക്ക്‌ പെട്ടെന്നിപ്പോള്‍ എന്തേ ഇങ്ങനെ തോന്നുവാന്‍ എന്ന് അദ്ദേഹം ആരാഞ്ഞുവത്രേ..."

"ആക്ഷന്‍ ... ആ പദം കേള്‍ക്കുന്നത്‌ തന്നെ വെറുപ്പാണ്‌ എനിക്കിപ്പോള്‍ ... ഈ നശിച്ച യുദ്ധമൊന്ന് അവസാനിച്ചുകിട്ടിയിരുന്നെങ്കില്‍ ... ആട്ടെ, റേഡിയോയുടെ വാല്‍വ്‌ കിട്ടിയോ...?"

"തീര്‍ച്ചയായും... ഇതാ സര്‍... " അദ്ദേഹം തന്റെ സ്യൂട്ട്‌ കെയ്‌സില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഒരു പാക്കറ്റ്‌ എടുത്ത്‌ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി. "മിസ്സിസ്‌ സിന്‍ക്ലെയറിനെ സന്ദര്‍ശിച്ച്‌ ഒരു കാപ്പി തരമാകുമോ എന്ന് നോക്കിയിട്ട്‌ വരാം ഞാന്‍... ഒപ്പം മര്‍ഡോക്കിനെയും ഒന്ന് കാണണം ..."

"ശരി... പിന്നെ, നാളെ ഞായറാഴ്ചയാണ്‌... മറക്കണ്ട... സെന്റ്‌ മണ്‍ഗോ ചര്‍ച്ചില്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും..."

"തീര്‍ച്ചയായും അഡ്‌മിറല്‍ ..."

* * * * * * * * * * * * * * * * * * * * * * * * * * * * *

റേഡിയോയുടെ വാല്‍വ്‌ ഫിറ്റ്‌ ചെയ്തിട്ട്‌ അഡ്‌മിറല്‍ റീവ്‌ ശ്രദ്ധയോടെ സ്വിച്ച്‌ ഓണ്‍ ചെയ്തു. പിന്നെ, ഡയല്‍ നോബ്‌ തിരിച്ച്‌ ട്രാന്‍സ്‌മിറ്റിംഗ്‌ ഫ്രീക്വന്‍സി
യിലേക്ക്‌ ട്യൂണ്‍ ചെയ്ത്‌ വച്ചു.

"ഷുഗര്‍ വണ്‍ ഫ്രം ഫാഡാ കോളിംഗ്‌ മലേയ്‌ഗ്‌... ഷുഗര്‍ വണ്‍ ഫ്രം ഫാഡാ കോളിംഗ്‌ മലേയ്‌ഗ്‌... ആര്‍ യൂ റിസീവിംഗ്‌ മീ...?"

"യെസ്‌ അഡ്‌മിറല്‍ ... ദിസ്‌ ഈസ്‌ ക്യാപ്റ്റന്‍ മറേ ആന്റ്‌ റിസീവിംഗ്‌ യൂ അറ്റ്‌ ഫുള്‍ സ്ടെങ്ങ്‌ത്‌... താങ്കളുടെ റേഡിയോ വീണ്ടും പ്രവര്‍ത്തനക്ഷമമായി എന്നറിയുന്നതില്‍ സന്തോഷം..."

"ഗുഡ്‌... സ്പെയര്‍ പാര്‍ട്‌സ്‌ കൊടുത്തയച്ചതില്‍ വളരെ സന്തോഷം... ഓ.കെ ദെന്‍ ... വില്‍ കം ബാക്ക്‌ റ്റു യൂ സൂണ്‍ ... ഓവര്‍ ..."

റേഡിയോ വീണ്ടും വര്‍ക്ക്‌ ചെയ്ത്‌ തുടങ്ങിയിരിക്കുന്നു. ഒരാഴ്ചയായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്തതില്‍ അസ്വസ്ഥനായിരുന്നു റീവ്‌. റോറിയുടെ കഴുത്തില്‍ വിരലോടിച്ചു കൊണ്ട്‌ അദ്ദേഹം റേഡിയോയുടെ നോബ്‌ വീണ്ടും തിരിച്ചു.

പെട്ടെന്നാണ്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ശബ്ദം റേഡിയോയിലൂടെ എത്തിയത്‌.

"ദിസ്‌ ഈസ്‌ നെക്കര്‍ കോളിംഗ്‌ ഫാഡാ... കമിന്‍ പ്ലീസ്‌... നെക്കര്‍ കോളിംഗ്‌ ഫാഡാ... കമിന്‍ പ്ലീസ്‌..."

അഡ്‌മിറല്‍ റീവിന്‌ തന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്ത്‌ ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇരുന്നു പോയ അദ്ദേഹം പെട്ടെന്ന് തന്നെ മൈക്രോഫോണ്‍ എടുത്തു.

"നെക്കര്‍ ... ദിസ്‌ ഈസ്‌ അഡ്‌മിറല്‍ റീവ്‌ ഫ്രം ഫാഡാ... ലിസനിംഗ്‌ യൂ അറ്റ്‌ ഫുള്‍ സ്ട്രെങ്ങ്‌ത്‌..."

"പതിവ്‌ നിരീക്ഷണത്തിനായി എത്തിയതാണ്‌ ഞാന്‍ . ഒപ്പം താങ്കള്‍ക്ക്‌ ഒരു സന്ദേശവുമുണ്ട്‌ അഡ്‌മിറല്‍ ... എ മെസ്സേജ്‌ ഫ്രം കോര്‍വെറ്റന്‍ കപ്പിറ്റാന്‍ പോള്‍ ഗെറിക്ക്‌..."

"പറയൂ നെക്കര്‍ ... അതെന്താണെന്നറിയാന്‍ എനിക്ക്‌ അതിയായ ആകാംക്ഷയുണ്ട്‌..." അദ്ദേഹം ആവേശഭരിതനായി.

"സുരക്ഷിതമായി ബെര്‍ഗന്‍ തുറമുഖത്ത്‌ എത്തിച്ചേര്‍ന്നതായി താങ്കളെ അറിയിക്കുവാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്‌ അദ്ദേഹം..."

"ദാറ്റ്‌സ്‌ ഗ്രേറ്റ്‌ ന്യൂസ്‌ ... എനിക്കുറപ്പുണ്ടായിരുന്നു അദ്ദേഹം ലക്ഷ്യം കാണുമെന്ന്... ബ്രേവ്‌ ബോയ്‌..."

"താങ്കളുടെയും മര്‍ഡോക്കിന്റെയും വേറിട്ട ചിന്തകളെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്ന് അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു. ഒപ്പം, ജാനറ്റിനും മിസിസ്‌ സിന്‍ക്ലെയറിനും പ്രത്യേക അന്വേഷണവും..."

"ഹീ ഈസ്‌ എ റിയല്‍ ലെജന്റ്‌... എല്ലാ അര്‍ത്ഥത്തിലും ഒരു യോദ്ധാവ്‌ ..." റീവ്‌ പറഞ്ഞു. "പിന്നെ, ക്യാപ്റ്റന്‍ ബെര്‍ഗറും സംഘവും ഇവിടെ സന്തുഷ്ടരായി കഴിയുന്നു എന്ന് അദ്ദേഹത്തെ അറിയിക്കുക..."

"തീര്‍ച്ചയായും അഡ്‌മിറല്‍ ... നൗ ഇറ്റ്‌ ഈസ്‌ ദ്‌ റ്റൈം റ്റു സേ ബൈ..."

"ഗുഡ്‌ ബൈ നെക്കര്‍ ... ആന്റ്‌ ഓവര്‍ ..."

റേഡിയോ ഓഫ്‌ ചെയ്ത്‌ അദ്ദേഹം പിന്നോട്ട്‌ ചാഞ്ഞിരുന്നു. യുദ്ധത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ പരിഹാസ ഭാവം നിറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനമുള്ള കൈ റോറിയുടെ കഴുത്തില്‍ അപ്പോഴും തഴുകിക്കൊണ്ടിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *

19 comments:

  1. സ്റ്റോം വാണിങ്ങിന്റെ സഹയാത്രികര്‍ക്കായി ഒരു പുതിയ ബ്ലോഗ്‌... ഒരേ തൂവല്‍ പക്ഷികള്‍ ...

    ഈ വിവര്‍ത്തനം ഒരു വിജയമാക്കിയ എന്റെ പ്രിയസുഹൃത്തുക്കള്‍ക്കായി സമര്‍പ്പിക്കുന്നു... സ്റ്റോം വാണിങ്ങിനെ സ്വന്തം തറവാട്‌ പോലെ നെഞ്ചിലേറ്റിയ നിങ്ങളില്‍ ഓരോരുത്തര്‍ക്കും എപ്പോഴും അവിടെ വരാം... കൊച്ചുവര്‍ത്തമാനം പറയാം ... നിങ്ങളുടെ പോസ്റ്റുകളും പങ്ക്‌ വയ്ക്കാം...

    ReplyDelete
  2. ഇതു വളരെ നന്നായി, വിനുവേട്ടാ...
    സ്റ്റോം വാണിങ്ങിന്റെ അവസാന അദ്ധ്യായത്തിനു ശേഷം മനസ്സില്‍ ബാക്കിയായ പല ചോദ്യത്തിനും ഉത്തരമാകുന്നു ഈ കൂട്ടിച്ചേര്‍ക്കല്‍.
    എല്ലാ കഥാപാത്രങ്ങള്‍ക്കും അവരര്‍ഹിയ്ക്കുന്ന പരിഗണന നല്‍കിക്കൊണ്ടുള്ള ഈ അവസാനം കൂടുതല്‍ നന്നായി.


    വിനുവേട്ടന് ഒരിയ്ക്കല്‍ കൂടി നന്ദി, ഒപ്പം ഈ പുതിയ ബ്ലോഗിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
    :)

    ReplyDelete
  3. ഈ ഓഫ് ടോപ്പിക് എന്തായാലും നന്നാവുകയും,ഇഷ്ട്ടാവുകയും ചെയ്തു.
    ‘ഒരേ തൂവല്‍ പക്ഷികള്‍ ‘ചേക്കേറുന്ന ചില്ലയിൽ വന്ന് ചേക്കേറാൻ ഞാനും കൂടാം കേട്ടൊ

    ReplyDelete
  4. ഓ, ന്റെ വിനുവേട്ടാ... ഇങ്ങള് പെരുത്തൊരു പഹയന്‍ തന്നെ...

    ഞെട്ടിച്ചു.. പ്രത്യേകിച്ച്, ഗെറിക്കിന്റെ സന്ദേശവുമായി നെക്കര്‍ വന്ന ആ ഭാഗം..

    ശ്രീ പറഞ്ഞതുപോലെ, ‘സ്റ്റോംവാണിംഗിന് ശേഷം എന്ത്’ എന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങള്‍ തന്നു ഈ അധ്യായം.. ജാക്ക് ഹിഗ്ഗിന്‍സിനെ കടത്തിവെട്ടിയോ എന്നൊരു സംശയം ഇല്ലാതില്ല!

    ചേക്കേറാന്‍ ഞാനുമുണ്ട്.. (ബിലാത്തിയേട്ടനു മാത്രമായി ഒരു ഉറപ്പുള്ള ചില്ല കൊടുക്കുന്നതാ നല്ലത്.. :))

    അപ്പോ, ഇനി നാട്ടില്‍ പോയി വന്നിട്ട് കാണാം..

    ആശംസകളോടെ..

    ReplyDelete
  5. കൊള്ളാം അങ്ങനെ ആ വിഷമോം തീര്‍ന്നു കിട്ടി.
    ജാനറ്റിന് ഫാഡാ ദ്വീപില്‍ തന്നെ ഒരു ശുശ്രൂഷാകേന്ദ്രം തുടങ്ങാമായിരുന്നു.

    പിന്നെ..ചേക്കേറാന്‍ എന്നെ കിട്ടൂല്ല. ചില്ലകള്‍ തോറും ചാടി നടക്കുന്നതൊരു ശീലമായിപ്പോയി...
    നോക്കട്ടെ ഇവിടെ വിനുവേട്ടനല്ലാതെ ആരാ അദ്യം പോസ്റ്റുന്നേന്ന്.

    ReplyDelete
  6. font illa, enkilum santhosham pankuvekkunnu. ee adhyayam nannai.ith ventathu thanne.

    abhinandanangal vinuvetta.

    ReplyDelete
  7. വിനുവേട്ടാ..! അഭിനനന്ദനങ്ങള്‍. പുതിയ സംരഭത്തിന്‌ എല്ലാവിധ ആശംസകളും...

    ഒരേ തൂവല്പക്ഷികളെല്ലാം ചേക്കേറിയിട്ടും ആരും കയറാനില്ല എന്ന നൊമ്പരക്കാറ്റിലുലഞ്ഞ്‌ എപ്പോഴും ചെറുമര്മ്മരമുതിര്ക്കുന്ന ഏറ്റവും തുഞ്ചത്തെ ആ ചെറുചില്ലയില്‍ വല്ലപ്പോഴും വന്നിരുന്ന്‌, അനന്തമായ സാഗരത്തിനപ്പുറം നോക്കെത്താദൂരത്തേയ്ക്ക്‌ കണ്ണും നട്ട്‌ ഓര്മ്മകള്‍ അയവിറക്കി ചാഞ്ചാടുവാന്‍ അജ്ഞാതനായ ഈ അടയ്ക്കാപക്ഷിയേയും അനുവദിയ്ക്കണേ.

    ReplyDelete
  8. ശ്രീ... സന്തോഷമായി... ഇനി ഇതാണ്‌ തറവാട്‌... അല്ല... ഞങ്ങളൊക്കെ എന്നാണ്‌ വരേണ്ടത്‌...? ഡോയ്‌ഷ്‌ലാന്റിലെ സഹയാത്രികര്‍ക്കായി ഒരു ഇന്നോവ ഏര്‍പ്പെടുത്തണം കേട്ടോ...

    മുരളിഭായ്‌... തീര്‍ച്ചയായും വരണം ... ജിമ്മി പറഞ്ഞത്‌ പോലെ ഉറപ്പുള്ള ഒരു ചില്ല... അല്ല ശാഖ മാറ്റിവച്ചിട്ടുണ്ട്‌...

    ജിമ്മി... ഇങ്ങനെ ഒരു ആശയം മനസ്സിലുദിച്ചപ്പോള്‍ എത്ര മാത്രം വിജയിക്കും എന്നൊരു സംശയമുണ്ടായിരുന്നു... നാട്ടില്‍ പോയിട്ട്‌ വരൂ... ജിമ്മിയുടെ ഫോണ്‍ നമ്പര്‍ ... അല്ലെങ്കില്‍ വേണ്ട... വെറുതേ ആ പാവത്തിനെ പേടിപ്പിക്കാനായിട്ട്‌...

    ചാര്‍ളി... ജാനറ്റിനെ ലണ്ടനിലേക്ക്‌ വിടേണ്ടായിരുന്നു എന്നാണോ...? ഇതിപ്പോള്‍ എന്നെക്കൊണ്ട്‌ വീണ്ടും ഒരു ലക്കം കൂടി എഴുതിക്കുമോ...? ചേക്കേറിയില്ലെങ്കിലും വേണ്ടീല്ല... ഈ ചില്ലയില്‍ ഇടക്കിടെ വന്ന് അഞ്ച്‌ മിനിറ്റ്‌ ഇരുന്നിട്ട്‌ പോണം കേട്ടോ...

    എച്ച്‌മുക്കുട്ടി... ഫോണ്ട്‌ എവിടെപ്പോയി...? സന്ദര്‍ശനത്തിനും സന്തോഷത്തിനും നന്ദി...

    കൊല്ലേരി... സ്റ്റോം വാണിങ്ങില്‍ സ്ഥിരമായി മുഖം കാണിക്കാത്തതിന്റെ കേട്‌ തീര്‍ക്കാന്‍ തീരുമാനിച്ചോ...?

    ReplyDelete
  9. ജിമ്മിയുടെ ഫോണ്‍ നമ്പര്‍ ... അല്ലെങ്കില്‍ വേണ്ട... വെറുതേ ആ പാവത്തിനെ പേടിപ്പിക്കാനായിട്ട്‌...

    ആരാ കഴിഞ്ഞ തവണ ടിയാനെ പേടിപ്പിച്ചേ...?
    നാട്ടില്‍ കൊടും ചൂടാന്നാ കേട്ടേ..
    ഇലക്ഷന്‍-ന്റെ ചൂട് വേറേം..
    ചക്കേം മാങ്ങേം പഴുത്ത് കിടക്കുന്ന കാലം..
    ജിമ്മിക്കുട്ടാ..രണ്ടു കുപ്പി ഇളവനൊക്കെ വാങ്ങി തണുപ്പിച്ചിട്ട് ഓടീ വാ...

    ReplyDelete
  10. ഈ അറിവിന്റെ തറവാട്ടിലേക്ക് ഒരു പുതിയ അതിഥിയുണ്ട്.....ബഹുകേമ സല്‍ക്കാരമൊന്നും വേണ്ട കഴിയുമെങ്കില്‍ ഒരു കട്ടഞ്ചായയും ഇസ്ക്കോത്തും മതി...സന്തോഷം

    ReplyDelete
  11. ഇങ്ങനെ ഒരു സംരംഭത്തിന്‌ അഭിനന്ദനങ്ങള്‍ വിനുവേട്ടാ...
    ഇതിലൊരു പക്ഷിയാവാന്‍ കഴിയുന്നത്‌ ഭാഗ്യമായികരുതുന്നു...

    ReplyDelete
  12. അറിയാന്മേലാത്തോണ്ട് ചോദിക്കുവാ..
    എന്നതാ ഈ ഇസ്ക്കോത്ത് ?

    ReplyDelete
  13. അത്‌ ഇതു വരെ പിടി കിട്ടിയില്ലേ ചാര്‍ളീ...? ചാര്‍ളിക്കൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്‌... വേറെയും ക്ലൂ വേണോ ഇനി...? ഹി ഹി ഹി...

    ReplyDelete
  14. ശ്ശൊ, ഞാനൊരു മണ്ടന്‍ തന്നെ..
    ഇഷ്ടമുള്ള സാധനങ്ങളൂടെ ലിസ്റ്റ് വീണ്ടൂം എടുത്തു നോക്കി.
    1. പുട്ടൂം പഴോം.
    2. അപ്പോം മൊട്ടക്കറീം
    2. ചിക്കന്‍ (എല്ലാവിധം രീതികളും)
    4. ബിരിയാണി
    5. പപ്പായ/സപ്പോട്ട.
    last but not least, മത്തി.


    ക്ലൂ താ വിനുവേട്ടാ...

    ReplyDelete
  15. ജാക്ക് ഹിഗ്ഗിന്‍സ് തൂലിക കടം വാങ്ങി എഴുതിയ അനന്തരം, എന്താ പറയേണ്ടത്? ഇതൊരു വെറും വിവര്‍ത്തനം അല്ലെന്നു നേരത്തെ തെളിയിച്ചു. അനന്തരത്തിലൂടെ സര്‍ഗ പ്രതിഭ ജ്വലിച്ചുനില്‍ക്കുന്നു.

    ചേക്കേറാന്‍ ക്ഷണം കിട്ടിയിട്ടും ചേരാന്‍ കഴിയാതെ, ആകെപ്പാടെ ഒരു കണ്‍ഫ്യൂഷന്‍.

    നല്ല ഉറപ്പുള്ള ഒരു ചില്ല ബിലാത്തിക്ക് വേണ്ടത് തന്നെ.

    ചാര്‍ളി ചില്ലതോറും ചാടിക്കളിക്കുന്നതുകൊണ്ട്
    പറന്നു പറന്നു ക്ഷീണിച്ചു.

    ഒരു ചെറു ചില്ല കണ്ടപ്പോ ആശ്വാസമായതാണ്. അതില്‍ ഒരു തറവാടിക്ക് കണ്ണുണ്ടെന്നു കണ്ടു പിന്മാറി.

    ലിപി ലേഖ ജിമ്മി ശ്രീമാര്‍ ഇതിനകം സ്ഥലം പിടിച്ചു.

    എച്ച്മുകുട്ടിയും, ചായയും ഇസ്ക്കോത്തുമായി (@ചാര്‍ളി - ഇസ്കോത്ത് എന്തായാലും കഴിക്കാന്‍ പറ്റിയ സംഭവമാണെന്ന് മനസ്സിലായി അല്ലെ?) മുസ്തഫയും കൂടിയതോടെ ചേക്കേറാന്‍ വൈകി.
    ഒരു രജനികാന്ത് ഡയലോഗ്പോലെ ലേറ്റാ വന്താലും ലേറ്റസ്റ്റ് ആയി വരുവേന്‍. :)

    ReplyDelete
  16. അഭിനന്തനങ്ങള്.....
    ആശംസകള്...

    ReplyDelete
  17. കുറച്ച്‌ നാളായി ഈ വഴിയൊക്കെ വന്നിട്ട്‌. അങ്ങനെ വന്നപ്പോഴാണ്‌ പുതിയ ബ്ലോഗ്‌ കണ്ടത്‌.

    സത്യം പറ, ഈ അദ്ധ്യായം ശരിക്കും സ്റ്റോം വാണിങ്ങില്‍ ഇല്ലാത്തതാണോ വിനുവേട്ടാ? നോവലിന്റെ അടുത്ത അദ്ധ്യായം എന്ന് തന്നെയാണ്‌ എനിക്ക്‌ തോന്നിയത്‌. അത്ര മാത്രം സ്വാഭാവികമായിരിക്കുന്നു ഇത്‌. അപ്പോള്‍ റിക്ടറും ലോട്ടെയും രക്ഷപെട്ടില്ല എന്ന് തന്നെയാണോ വിനുവേട്ടന്‍ പറയുന്നത്‌?

    ഇത്രയും ആയ നിലക്ക്‌ ഇനി ഇതിന്റെ അടുത്ത അധ്യായവും കൂടി എഴുതിക്കൂടേ? തികച്ചും രസകരമായ ഒരു അനുഭവമായിരിക്കും ഞങ്ങള്‍ക്കത്‌. എന്ത്‌ പറയുന്നു എല്ലാവരും?

    ReplyDelete
  18. ഞാനിപ്പഴാ ഇതൊക്കെ കണ്ടതു്. വല്ലപ്പഴും വരുമ്പോൾ ചേക്കേറാനൊരു ചില്ല, ചില്ല മുഴുവനായിട്ടൊന്നും വേണ്ടാ, ഒരിത്തിരി സ്ഥലം, എനിക്കും തരുമോ?

    ReplyDelete
  19. ലേഖ... സ്റ്റോം വാണിംഗ്‌ ഇനി എന്റെ ഭാവനയില്‍ക്കൂടി തുടരുക എന്നൊക്കെ പറയുന്നത്‌ അക്രമമാകില്ല്ലേ?

    എഴുത്തുകാരിചേച്ചി... തീര്‍ച്ചയായും ചില്ല തരാം... ചേച്ചിയുടെ ബ്ലോഗര്‍ ID എനിക്ക്‌ ഇ.മെയില്‍ അയച്ചു തരൂ... (vinuvettan1963@gmail.com) ഞാന്‍ ഇന്‍വിറ്റേഷന്‍ അയച്ചു തരാം...

    ReplyDelete