Thursday, March 31, 2011

സൂപ്രണ്ടും പഞ്ചവന്‍കാടും

വീണ്ടും നമുക്ക്‌ പഞ്ചവന്‍കാട്ടിലേക്ക്‌ വരാം.

ഫിലിം പൊട്ടുന്നതിനാല്‍ എന്നും രാവിലെ ബ്രേക്ക്‌ ഫാസ്റ്റിന്‌ ശേഷം പ്ലാന്റ്‌ മാനേജരുടെ തെറിവിളി കേട്ട്‌ ചെവിയില്‍ തഴമ്പ്‌ വന്ന് തുടങ്ങിയപ്പോള്‍ ഇതത്ര സുഖമുള്ള ഏര്‍പ്പാടല്ലല്ലോ എന്ന് മീരാന്‍ മൊയ്തീന്‌ തോന്നിത്തുടങ്ങി. തുടര്‍ച്ചയായി നൈറ്റ്‌ ഷിഫ്റ്റ്‌ ചെയ്തിട്ട്‌ അല്‍പ്പം സൂര്യപ്രകാശം കാണാന്‍ ഒരു ആഗ്രഹം തോന്നിയതിന്‌ ഇത്ര മാത്രം ശിക്ഷയോ...? മാനേജരായിപ്പോയി... അല്ലെങ്കില്‍ ഇതിന്റെയപ്പുറത്തെ തെറി തിരിച്ച്‌ വിളിക്കാന്‍ അറിയാഞ്ഞിട്ടല്ല. വണ്‍വേ പോകുന്നതിന്‌ മുമ്പ്‌ ഇതിനൊക്കെ കണക്ക്‌ തീര്‍ത്ത്‌ മാനേജരെ വിളിക്കുവാനായി മീരാന്‍ മൊയ്തീന്‍ തന്റെ നിഘണ്ഡുവില്‍ അല്‍പ്പസ്വല്‍പ്പം ആംഗലേയ പദങ്ങളും അപ്‌ലോഡ്‌ ചെയ്തുകൊണ്ടിരുന്നു.

പക്ഷേ, വണ്‍വേ പോകാന്‍ ഇനിയും വര്‍ഷങ്ങള്‍ കുറേയുണ്ടല്ലോ എന്ന ദുഃഖസത്യം ഓര്‍മ്മ വന്നപ്പോഴാണ്‌ ഇതില്‍ നിന്ന് രക്ഷപെടാന്‍ വേറെന്തെങ്കിലും മാര്‍ഗം കണ്ടെത്തിയേ മതിയാവൂ എന്ന് തീരുമാനിച്ചത്‌. മലയാളിയല്ലേ... ഐഡിയകള്‍ക്കാണോ പഞ്ഞം... ഫിലിം പൊട്ടാതിരിക്കണം.

"എന്തുകൊണ്ട്‌ ഫിലിം പൊട്ടുന്നു...?" മീരാന്‍ മൊയ്തീന്‍ തന്റെ തലച്ചോറിന്‌ പണി കൊടുത്തു.

"റീസൈക്കിള്‍ഡ്‌ മെറ്റീരിയല്‍ കട്ടപിടിച്ച്‌ പരസ്പരം കെട്ടുപിണഞ്ഞിരിക്കുന്നതിനാല്‍ സുഗമമായി ഹോപ്പറില്‍ നിന്ന് മെഷിനകത്തേക്ക്‌ പോകുന്നില്ല. തല്‍ഫലമായി ബാരലിനും സ്ക്രൂവിനും ഇടയില്‍ മെറ്റീരിയല്‍ എത്തുന്നില്ല..." തലച്ചോര്‍ നിമിഷങ്ങള്‍ക്കകം ഉത്തരം കൊടുത്തു.

"രാവിലെ മാനേജര്‍മാരുടെ വിസിറ്റിംഗ്‌ സമയത്ത്‌ ഈ പ്രശ്നം ഇല്ലാതാക്കുവാന്‍ എന്ത്‌ ചെയ്യണം...?" മീരാന്‍ അടുത്ത ചോദ്യം എയ്തു.

"എടാ മീരാനേ... നീയൊക്കെ ഒന്നുമില്ലെങ്കില്‍ മലയാളിയല്ലേ...? ആ റീസൈക്കിള്‍ഡ്‌ മെറ്റീരിയലിന്റെ കൂടെ സമാസമം വെര്‍ജിന്‍ മെറ്റീരിയല്‍ കലര്‍ത്തിക്കൊടുക്ക്‌... ഇതൊക്കെ ഞാന്‍ പറഞ്ഞ്‌ തരണോ...?"

തന്റെ മലയാളി മസ്തിഷ്ക്കത്തിന്റെ ഒരു ബുദ്ധി... വെറുതെയാണോ ഈ ബംഗാളികള്‍ ബംഗാളികളായിത്തന്നെ തുടരുന്നത്‌... മീരാന്‍ തന്റെ തലച്ചോറിന്റെ വൈഭവത്തില്‍ അഭിമാനപുളകിതനായി.

തുടര്‍ന്നങ്ങോട്ടുള്ള പ്രഭാതങ്ങള്‍ മീരാന്‍ മൊയ്തീന്റേതായിരുന്നു. താന്‍ പ്രയോഗിച്ച തെറികള്‍ ലക്ഷ്യം കണ്ടതില്‍ മാനേജരും ഹാപ്പി. പേടിപ്പിച്ച്‌ പ്രോഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുക എന്ന് താന്‍ പഠിച്ച മാനേജ്‌മന്റ്‌ തന്ത്രം വിജയിക്കുന്നതില്‍ അദ്ദേഹം കുറച്ചൊന്നുമല്ല സന്തോഷിച്ചത്‌.

പക്ഷേ, രണ്ടു പേരുടെയും സന്തോഷം ഒരാഴ്ചയേ നീണ്ടു നിന്നുള്ളൂ. മെറ്റീരിയല്‍ ടാലിയിങ്ങിലാണ്‌ സംഭവം പുറത്തായത്‌. പഞ്ചവന്‍കാട്ടില്‍ റീസൈക്കിള്‍ഡ്‌ മെറ്റീരിയലിന്‌ പകരം വെര്‍ജിന്‍ മെറ്റീരിയല്‍ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ഫലം, ഏഴ്‌ ദിവസത്തെ തെറി പലിശ ചേര്‍ത്ത്‌ ഒന്നര മടങ്ങായി മീരാന്‍ മൊയ്തീന്റെ അക്കൗണ്ടില്‍ മുന്‍കാല പ്രാബല്യത്തോടെ ക്രെഡിറ്റ്‌ ചെയ്തു.

തന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ചെയ്ത തെറികളെല്ലാം മീരാന്‍ ഉടന്‍ തന്നെ തന്റെ നിഘണ്ടുവില്‍ അപ്‌ഡേറ്റ്‌ ചെയ്തു. എന്നിട്ട്‌ വീണ്ടും മസ്തിഷ്ക്കത്തിന്റെ സഹായം തേടി.

"എടാ മലയാളി മസ്തിഷ്ക്കമേ... എന്തെങ്കിലും ഒരു വഴി പറഞ്ഞ്‌ തരൂ..."

മലയാളി മസ്തിഷ്ക്കത്തിനാണോ പോംവഴികള്‍ക്ക്‌ പഞ്ഞം...

"ഹോപ്പറില്‍ നിന്ന് മെറ്റീരിയല്‍ മെഷീനകത്തേക്ക്‌ തനിയെ വീഴാത്തതല്ലേ പ്രശ്നം...? തടസം വരുന്നു എന്ന് സംശയം തോന്നുമ്പോള്‍ ഒരു കമ്പിയെടുത്ത്‌ കുത്തിയിയറക്ക്‌... പ്രശ്നം തീര്‍ന്നില്ലേ...?"

അങ്ങനെ ഒരു കമ്പിയുടെ സഹായത്തോടെ വീണ്ടും ഒരാഴ്ച കൂടി കടന്നുപോയി. തന്റെ മാനേജ്‌മന്റ്‌ തന്ത്രം വീണ്ടും വിജയിച്ചതില്‍ ലെബനോനി മാനേജര്‍ ആഹ്ലാദിച്ചു. തന്റെ മസ്തിഷ്ക്കത്തിന്റെ ഒടുക്കത്തെ ബുദ്ധിയില്‍ മീരാനും. പക്ഷേ, ഏഴാം ദിവസം പഞ്ചവന്‍ കാട്ടിലെ ഒരു മെഷീന്‍ ബ്രേക്ക്‌ ഡൗണ്‍ ആയി. മെറ്റീരിയല്‍ ഉരുക്കുന്ന ബാരലിനകത്തെ സ്ക്രൂ തിരിയുന്നില്ല.

മെയിന്റനന്‍സ്‌ ടീം വന്ന് മെഷീന്‍ തുറന്ന് നോക്കിയപ്പോഴാണ്‌ സ്ക്രൂ തിരിയാത്തതിന്റെ രഹസ്യം പിടി കിട്ടിയത്‌. മീരാന്‍ മൊയ്തീന്‍ മെറ്റീരിയല്‍ കുത്തിയിറക്കാന്‍ ഉപയോഗിച്ചിരുന്ന കമ്പി അബദ്ധത്തില്‍ മെഷീനകത്തേക്ക്‌ പോയി ബാരലിനും സ്ക്രൂവിനും ഇടയില്‍ പെട്ട്‌ ജാമായിരിക്കുന്നു. പോരാഞ്ഞ്‌, പതിനായിരക്കണക്കിന്‌ ഡോളര്‍ വിലയുള്ള സ്ക്രൂവിന്‌ കേടുപാടുകളും സംഭവിച്ചിരിക്കുന്നു !

മീരാന്‍ മൊയ്തീന്റെ അക്കൗണ്ടില്‍ തെറികളുടെ നിക്ഷേപം പച്ചക്കറിയുടെ വില പോലെ ഉയര്‍ന്നു. ഒപ്പം പേഴ്‌സണല്‍ ഫയലില്‍ ഒരു വാണിംഗ്‌ ലെറ്ററും.

കമ്പി ഉപയോഗിച്ച്‌ ഹോപ്പറില്‍ നിന്ന് മെറ്റീരിയല്‍ കുത്തിയിറക്കുന്നത്‌ കുറ്റകരമാണെന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും മലയാളത്തിലും രേഖപ്പെടുത്തിയ ഒരു ബോര്‍ഡ്‌ പ്ലാന്റ്‌ സൂപ്രണ്ട്‌ തങ്കച്ചന്‍ അടുത്ത ദിവസം പഞ്ചവന്‍കാട്ടില്‍ സ്ഥാപിച്ചു. ഇനി ആരെങ്കിലും അങ്ങനെ ചെയ്യുന്നത്‌ ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും. എന്നിട്ട്‌ മീരാന്‍ മൊയ്തീനെ മാറ്റി നിര്‍ത്തി കുറച്ച്‌ ഉപദേശവും കൊടുക്കാന്‍ അദ്ദേഹം മറന്നില്ല.

"എടോ... ഇയാളൊക്കെ ഇങ്ങനെ ചെയ്യുക എന്ന് പറഞ്ഞാല്‍... നാണമില്ലേടോ തനിക്ക്‌...?"

അതോടെ ഇനി സൂര്യപ്രകാശം കുറേനാളത്തേക്ക്‌ കാണാതിരിക്കുന്നതായിരിക്കും ബുദ്ധി എന്ന് തീരുമാനിച്ച്‌ മീരാന്‍ മൊയ്തീന്‍ വീണ്ടും നൈറ്റ്‌ ഷിഫ്റ്റ്‌ ചോദിച്ച്‌ വാങ്ങി തടി കയ്‌ച്ചിലാക്കി.

അടുത്ത ദിവസം സൂപ്പര്‍വൈസര്‍ ശങ്കരേട്ടന്‍ ഓഫ്‌ ആയത്‌ കൊണ്ട്‌ സൂപ്രണ്ട്‌ തങ്കച്ചന്‌ തന്നെയായിരുന്നു സെക്ഷന്റെ ചുമതല. മീരാന്‍ മൊയ്തീന്‍ വീണ്ടും നൈറ്റ്‌ ഷിഫ്റ്റില്‍ പോയതോടെ പഞ്ചവന്‍കാട്‌ ബംഗാളികളുടെ നിയന്ത്രണത്തിലാണ്‌. മാനേജരുടെ പതിവ്‌ മോണിംഗ്‌ വിസിറ്റിന്‌ മുമ്പ്‌ എല്ലാം ഓകെയാണെന്ന് ഉറപ്പ്‌ വരുത്താനായി തങ്കച്ചന്‍ പ്ലാന്റിലേക്കിറങ്ങി. പഞ്ചവന്‍കാട്ടിലെത്തിയപ്പോഴാണ്‌ അഞ്ചില്‍ മൂന്ന്‌ മെഷീനുകളും ഫിലിം പൊട്ടി നിശ്ചലമായി കിടക്കുന്ന ദയനീയ ദൃശ്യം ശ്രദ്ധയില്‍ പെട്ടത്‌. മെറ്റീരിയല്‍ ബ്ലോക്കായി ഫിലിം പൊട്ടാന്‍ ഭാവിക്കുന്ന അടുത്ത മെഷീനുകളും കൂടി കണ്ടതോടെ ലെബനോനികളെ പൊതുവേ ഭയമുള്ള സൂപ്രണ്ടിന്റെ ഉള്ളം കത്തി.

അഞ്ച്‌ മിനിറ്റ്‌ കൂടി ബാക്കിയുണ്ട്‌ എട്ട്‌ മണിയാവാന്‍. മാനേജര്‍ വരുന്നതിന്‌ മുമ്പ്‌ ഓടുന്ന രണ്ട്‌ മെഷീനെങ്കിലും ഫിലിം പൊട്ടാതെ നോക്കണം. കുരുത്തം കെട്ട്‌ റീസൈക്കിള്‍ഡ്‌ മെറ്റീരിയലാണെങ്കില്‍ ഹോപ്പറില്‍ നിന്ന് താഴോട്ടിറങ്ങുന്നുമില്ല. തങ്കച്ചന്‍ ഗേറ്റിലേക്ക്‌ നോക്കി. ഇല്ല... മാനേജര്‍ എത്തിയിട്ടില്ല. പിന്നെ തിരിഞ്ഞ്‌ താന്‍ തന്നെ സ്ഥാപിച്ച ബോര്‍ഡിലേക്ക്‌ നോക്കി. ഇല്ല ... സമയം ഇല്ല... പിന്നെ ഒട്ടും സംശയിച്ചില്ല തങ്കച്ചന്‍... ബംഗാളികള്‍ ഒളിപ്പിച്ച്‌ വച്ചിരുന്ന കമ്പി എടുത്ത്‌ ഹോപ്പറിലെ മെറ്റീരിയല്‍ ധൃതിയില്‍ കുത്തിയിറക്കുവാന്‍ തുടങ്ങി.

പതിവ്‌ വഴി തെറ്റിച്ചെത്തിയ മാനേജരെ അധികം ദൂരെയല്ലാതെ കണ്ട തങ്കച്ചന്‍ ഞെട്ടി വിറച്ചു. കൈയിലെ കമ്പി ഒളിപ്പിച്ച്‌ വയ്ക്കാന്‍ ഒരിടവുമില്ല. ഈ നിലയില്‍ തന്നെ കണ്ടാല്‍ ഉള്ള അവസ്ഥ അദ്ദേഹത്തിന്‌ ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. മാനേജര്‍ ഇങ്ങോട്ട്‌ തന്നെയാണ്‌ വരുന്നത്‌...

രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല തങ്കച്ചന്‌. തന്റെ കൈയിലെ കമ്പി ഇരു കാലുകള്‍ക്കുമിടയില്‍ സമാന്തരമായി ചേര്‍ത്ത്‌ പിടിച്ചിട്ട്‌ അറ്റന്‍ഷനായി ഒരു നില്‍പ്പ്‌.

"ഹൗ ആര്‍ യൂ തങ്കഷന്‍...? ഹൗ ഡൂ യു ഡൂ...?" സൂപ്രണ്ടിനരികിലെത്തിയ മാനേജര്‍ ആരാഞ്ഞു.

"അയാം ഫൈന്‍ സര്‍... ഐ വാസ്‌ ചെക്കിംഗ്‌ ദി മിക്സിംഗ്‌..."

"ഓകെ... കം വിത്‌ മീ... ലെറ്റ്‌സ്‌ ഹാവ്‌ എ റൗണ്ട്‌..."

തങ്കച്ചന്‍ വെട്ടിലായത്‌ ഇപ്പോഴാണ്‌. ആ നിലയില്‍ നിന്ന് അനങ്ങിയാല്‍ കാലുകള്‍ക്കിടയിലിരിക്കുന്ന കമ്പി താഴെ വീഴും. ഒരടി പോലും നീങ്ങാന്‍ കഴിയാതെ പുള്ളിക്കാരന്‍ അവിടെ നിന്ന് ഞെളിപിരി കൊണ്ടു. പഞ്ചവന്‍കാടിന്റെ അയല്‍വാസികള്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്‌.

"വാട്‌സ്‌ റോങ്ങ്‌ വിത്‌ യൂ തങ്കഷന്‍...? ആര്‍ യൂ നോട്ട്‌ ഓകെ?..."

"യെസ്‌.... നോ... നോ സര് ‍... ഐ ഹാവ്‌ സം പ്രോബ്ലം ഇന്‍ മൈ സ്റ്റൊമക്ക്‌..."

"ഓകെ... ഓകെ... ടേക്ക്‌ കെയര്‍ തങ്കഷന്‍.... ആന്റ്‌ കം റ്റു മൈ ഓഫീസ്‌ വണ്‍സ്‌ യൂ ആര്‍ കംഫര്‍ട്ടബിള്‍..." മാനേജര്‍ തന്റെ ഓഫീസിലേക്ക്‌ നടന്നു.

താന്‍ സ്ഥാപിച്ച ബോര്‍ഡിനരികിലൂടെ ഓഫീസിലേക്ക്‌ നടക്കുമ്പോള്‍ ദൂരെ നിന്ന് ചിരിക്കുന്ന ഓപ്പറേറ്റര്‍മാരെ ആ കമ്പി കൊണ്ട്‌ അടിച്ച്‌ കൊല്ലുവാനുള്ള ദ്വേഷ്യമുണ്ടായിരുന്നു സൂപ്രണ്ട്‌ തങ്കച്ചന്‌.

26 comments:

 1. പഞ്ചവന്‍കാട്ടിലെ കുറച്ച്‌ വിശേഷങ്ങള്‍ കൂടി...

  ReplyDelete
 2. "ഐ ഹാവ്‌ സം പ്രോബ്ലം ഇന്‍ മൈ സ്റ്റൊമക്ക്‌..."
  വയറ്റില്‍ തീ കാളി എന്ന് മലയാളത്തില്‍ പറയുന്നത് തന്നെ സംഭവം!
  മീരാന്‍ മൊയ്തീനെക്കാള്‍ ഉഷാറായി തങ്കച്ചന്‍!.....

  പഞ്ചവന്‍കാട് രസകരമായ കുറെ മനുഷ്യരുടെ കൂട്ടായ്മയാണല്ലൊ!
  ഇനിയുമുണ്ടാവുമല്ലൊ കഥാപാത്രങ്ങള്‍ പരിചയപ്പെടുത്തണേ.

  ReplyDelete
 3. മലയാളി മസ്തിഷ്ക്കത്തിനാണോ പോംവഴികള്‍ക്ക്‌ പഞ്ഞം...
  കുരുട്ടു ബുദ്ധിക്കും പഞ്ഞമില്ലല്ലോ..... :)
  അവിടുത്തെ കഥാപാത്രങ്ങള്‍ എല്ലാം പുലികള്‍ ആണല്ലോ...

  ReplyDelete
 4. വിശേഷങ്ങൾ കൊള്ളാം...
  പഞ്ചവൻ കാട്ടിൽ ഇനിയും കാണുമല്ലൊ ഇത്തരം നേരം കൊല്ലി തമാശകൾ...
  ഇനിയും എഴുതൂ....
  ആശംസകൾ...

  ReplyDelete
 5. ഇത്തവണ തങ്കച്ചനാണല്ലേ താരം?

  ReplyDelete
 6. നന്നായിട്ടുണ്ട്. ഫാകറ്ററിയുടെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ തോന്നുന്നു.

  ReplyDelete
 7. വായന വളരെ രസകരമായിരുന്നു. ശുദ്ധനര്‍മത്തില്‍ രസകരമായി എഴുതിയിരിക്കുന്നു. പഞ്ചവങ്കാടും കഥാപാത്രങ്ങളും മഹാസംഭവം ആയി മാറിയിരിക്കുന്നു. അടുത്തതിനായി കാത്തിരിക്കുന്നു.

  ReplyDelete
 8. തങ്കഷന്റെ അവസ്ഥയോര്‍ത്തിട്ട് ചിരി വരുന്നു. പിന്നെ കുരുട്ടുബുദ്ധിക്ക് പഞ്ഞമില്ലാത്തതുകൊണ്ട് സര്‍വൈവ് ചെയ്യുന്നു അല്ലേ? മീരാനെ കടത്തിവെട്ടി “തങ്കഷന്‍”

  ReplyDelete
 9. വിശേഷങ്ങൾ കൊള്ളാം... നന്നായിട്ടുണ്ട്...

  ReplyDelete
 10. ലോകത്തുള്ള എല്ലാ പ്ലാന്റുകളിലും ഇത് പോലെ ഒന്ന് രണ്ടു കഥാപാത്രങ്ങള്‍ കാണുമെന്നു തോന്നുന്നു.അനുഭവം അതാണ്‌ പഠിപ്പിക്കുന്നത്‌.നല്ല ശൈലി.ഇഷ്ടപ്പെട്ടു.

  ReplyDelete
 11. പിന്നെ, താന്‍ തന്നെ സ്ഥാപിച്ച ബോര്‍ഡിലേക്ക്
  നോക്കി .സമയത്തിന്റെ വില ....ഹ ..ഹ ....ഈ
  ഫാക്ടറി ഒരു കുമാര സംഭവം തന്നെ ..
  നല്ല രസമായി എഴുതി ..ശരിക്കും ചിരിച്ചു
  കേട്ടോ .

  ReplyDelete
 12. മലയാളി മസ്തിഷ്കമേ, നിനക്കു സ്തുതി!

  ReplyDelete
 13. തിരക്കുകാരണം പഞ്ചവൻ കാട്ടിലെ തങ്കപ്പൻ മേശ്രിയുടെ കമ്പിക്കാലും മറ്റ് അവലോകനങ്ങളും ഇന്നാണ് വായിക്കാൻ സാധിച്ചത് കേട്ടൊ

  ReplyDelete
 14. മാണിക്യം... അതേ... ഇതു പോലെ എത്രയെത്ര കഥാപാത്രങ്ങള്‍.... വീണ്ടും വരുമല്ലോ അവരുടെ വിശേഷങ്ങള്‍ അറിയാന്‍...

  ലിപി... പുലികള്‍ അല്ല, പുപ്പുലികള്‍....

  വി.കെ... എഴുതാം...

  നീര്‍വിളാകന്‍... ചിരി വന്നില്ല അല്ലേ....?

  ശ്രീ... തങ്കച്ചനല്ല... തങ്കഷന്‍...

  ReplyDelete
 15. മുല്ല... പൊരിഞ്ഞ ചൂടാ ഫാക്ടറിയ്ക്കകത്ത്‌...

  ഉമേഷ്‌... അതെ...

  സുകന്യാജി... രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം... അടുത്ത പുലിയെ ഉടന്‍ തന്നെ തേടിപ്പിടിക്കണം...

  അജിത്‌ഭായ്‌... കുരുട്ട്‌ ബുദ്ധി... അത്‌ തന്നെയാണ്‌ സത്യം ...

  നൗഷു... സന്തോഷം...

  മുബൂസ്‌... നന്ദി...

  ജെയിംസ്‌ചേട്ടന്‍... സന്തോഷം...

  ReplyDelete
 16. ഷാനവാസ്‌... ശരിയായിരിക്കാം...

  വിന്‍സന്റ്‌ ... ഇത്‌ ഞാന്‍ 20 വര്‍ഷം മുമ്പ്‌ ജോലി ചെയ്തിരുന്ന ദമ്മാം പ്ലാന്റിലെ അനുഭവങ്ങളാണ്‌...ഇപ്പോള്‍ ഞാന്‍ അവിടെ നിന്നും 1800 കി.മീ അകലെ ഇവിടെ ജിദ്ദയില്‍ ആയതുകൊണ്ട്‌ തങ്കഷന്‍ ചെവിക്ക്‌ പിടിക്കാന്‍ വരില്ല എന്നതാണ്‌ ഒരാശ്വാസം...

  ചിതല്‍ ... സന്തോഷംട്ടാ...

  മുരളിഭായ്‌... ഞാന്‍ വിചാരിച്ചു വെക്കേഷനോ മറ്റോ ആയി നാട്ടില്‍ പോയിക്കാണുമെന്ന്...

  ReplyDelete
 17. എന്തൊരു ബുദ്ധി!

  ReplyDelete
 18. iniyumundo panchavankattile viseshangal..... aashamsakal...

  ReplyDelete
 19. ഫാക്റ്ററി കഥകള്‍ ഇഷ്ട്ടാവുന്നു

  ReplyDelete
 20. മീരാന് വച്ചത് തങ്കഷന് കൊണ്ടു !!

  ReplyDelete
 21. മീരാൻ ആ ഫാക്റ്ററി പൊളിച്ചടുക്കിയിട്ടേ കിടന്നുറങൂ എന്ന വാശിയിലാണല്ലോ...!!! :)

  ReplyDelete