Monday, July 11, 2011

എന്റെ കൂട്ടുകാരൻ


 
സൂര്യനുരുകിത്തിളയ്ക്കുന്ന ഒരു മധ്യാഹ്നത്തിലായിരുന്നു ഞങ്ങൾ ആദ്യമായി പരസ്പരം കണ്ടത്. ആവശ്യത്തിലുമധികം നീളവും അയവുമുള്ള പരുക്കൻ വൈലറ്റ് അങ്കി ധരിച്ചവൻ. ആ ഒറ്റത്തുണിയിൽ നഗ്നത മറയ്ക്കാനാകുമെങ്കിലും അത് എന്നെ ചിരിപ്പിച്ചു. ഒറ്റത്താങ്ങു മാത്രമുള്ള കണ്ണട ധരിച്ചിരുന്ന അവന്റെ മുഖത്ത് ശ്രമപ്പെട്ട് വരുത്തിയ ഗൌരവമുണ്ടായിരുന്നു. എത്ര അമർത്തിയിട്ടും എനിയ്ക്ക് ചിരി പൊട്ടി. പരിഹാസത്തിന്റെ മേമ്പൊടി ചേർത്ത  ചിരി. അക്കാലങ്ങളിൽ എനിയ്ക്ക് സ്വന്തം ശരീരത്തിലോ മനസ്സിലോ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. കടലാസ്സു തുണ്ട് പറക്കുന്നത് കാൺകേ ഉറക്കെയുറക്കെ ചിരിയ്ക്കാനും പൂ വാടുന്നത് കാൺകേ പൊട്ടിപ്പൊട്ടിക്കരയാനും എനിയ്ക്ക് കഴിഞ്ഞിരുന്നു.
വെറ്റിലച്ചോപ്പിലും കറുപ്പ്  നിറം തെളിഞ്ഞു കാണുന്ന വായ തുറന്ന്  ചോക്ലേറ്റ് തിന്നുന്ന കുഞ്ഞിനെപ്പോലെ അവൻ പറഞ്ഞു നിങ്ങളുടെ പേരെനിയ്ക്ക് പരിചിതമാണല്ലോ. പെങ്ങളുടെ പേര് അല്ലെങ്കിൽ അമ്മയുടെ പേര്, അത് പോലെ പരിചിതംആ മുഖത്ത് കടലിന്റെ ആഴമുണ്ടായി, അസാധാരണ വലുപ്പത്തിൽ, തിളങ്ങുന്ന കണ്ണുകളിൽ അഭൌമ ശാന്തി പരന്നു. അപ്പോൾ കളിയാക്കിച്ചിരി എന്റെ ചുണ്ടുകളിൽ തന്നെ ഉറഞ്ഞു പോയി.
അവന്റെ ബുദ്ധിശക്തിയേയും കഴിവുകളെയും കുറിച്ച് ഒരുപാട് കഥകൾ കാറ്റും മഴയും വെയിലും മഞ്ഞും എന്നോട് പറഞ്ഞുവെങ്കിലും ഞാനവയൊന്നും പരിഗണിച്ചതേയില്ല. അതുകൊണ്ട് സാധാരണമായ ഈ ലോകത്തിനു വേണ്ടി ഉയർത്തിപ്പിടിച്ചിരുന്ന എന്റെ നുണക്കൂടാരത്തിന്റെ കൊടിക്കൂറ അതേ കൌശലത്തോടെ ഞാനവനു വേണ്ടിയും പ്രദർശിപ്പിച്ചു. പല വർണ്ണങ്ങളുള്ള കൊടിക്കൂറയുടെ പകിട്ടിൽ അവന്റെ കണ്ണുകൾ മഞ്ഞളിയ്ക്കുന്നത് കണ്ട് ഞാൻ രഹസ്യമായി പൊട്ടിച്ചിരിയ്ക്കുകയും ആ വാഴ്ത്തപ്പെട്ട ബുദ്ധിശക്തിയെ അപഹസിയ്ക്കുകയും ചെയ്തു. അവനെ വിഡ്ഡിയാക്കി, ആഘോഷത്തിന്റെ മുദ്രമോതിരം ധരിയ്ക്കാൻ  തയാറെടുത്തിരുന്ന എന്നോട് കണ്ണുകളിൽ സ്വന്തം നയനങ്ങൾ കോർത്ത് അവൻ കല്പിച്ചു. ഈ മുഖപടം ധരിച്ച് എന്നെ വഞ്ചിക്കരുത് 
അതായിരുന്നു ആ നിമിഷം.
കണ്ണുകളിലൂടെ അവൻ എന്റെ മറുപുറം കണ്ടു. വസ്ത്രത്തിനു മുകളിലൂടെ നിർജ്ജീവമായിരുന്ന തൊലിയെ തൊട്ടു. മരവിച്ചു പോയിരുന്ന മാംസപേശികൾക്കും ഒടിഞ്ഞു നുറുങ്ങിയിരുന്ന എല്ലുകൾക്കും ഉറഞ്ഞു കെട്ടിരുന്ന  രക്തത്തിനുമുള്ളിൽ കൈകളുയർത്തി നിരാലംബമായി  തേങ്ങിക്കരയുന്ന അനാഥവും പിഞ്ഞിക്കീറിയതുമായ ഈ ആത്മാവിനെ സ്വന്തം കൈകളിൽ കോരിയെടുത്തു. 
ഞാൻ ഒപ്പ് ചാർത്തിയാൽ മാത്രം മാറ്റാനാവുന്ന ബ്ലാങ്ക് ചെക്കാണ് അവനെന്ന് പറഞ്ഞപ്പോൾ അക്ഷരങ്ങൾ ഓരോന്നായി പെറുക്കിയെഴുതി അടിയിൽ വരയ്ക്കുന്ന എന്റെ ഒപ്പിന്റെ മൂല്യത്തെക്കുറിച്ച് ഞാനാദ്യമായി ആലോചിയ്ക്കുവാൻ തുടങ്ങി. സൌഹൃദമെന്ന വാക്കിന് എന്റെ മുഖച്ഛായയാണെന്ന് കേട്ടപ്പോൾ ഒരു കണ്ണാടി കാണുവാൻ ഞാൻ കൊതിച്ചു. വിളിയ്ക്കുമ്പോൾ അരികിലിരുന്ന് സംസാരിയ്ക്കുവാൻ അയയ്ക്കുമെന്ന ഉറപ്പിൽ മാത്രമേ എന്നെ മരണത്തിന് പോലും കൈമാറുകയുള്ളൂ എന്നവൻ പറഞ്ഞപ്പോൾ നിശിതമായ ആ കണക്കു പറച്ചിലിൽ എനിയ്ക്ക് പിന്നെയും ചിരി വന്നു.
അപ്പോഴേയ്ക്കും ലോകം വലിയ വായിൽ തർക്കിക്കാൻ തുടങ്ങിയിരുന്നു. കടന്നു പോയവയും വരാനിരിയ്ക്കുന്നവയുമായ യുഗങ്ങളെല്ലാം തന്നെ  ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും നിറുത്താതെ  തർക്കിച്ചു. നിയമങ്ങളും മതവും വിശ്വാസവും ആചാരവും എന്തിന് മാറ്റങ്ങൾക്കായി ദാഹിയ്ക്കുന്ന വിപ്ലവം പോലും ലോകത്തോടൊപ്പമായിരുന്നു.  ലോകത്തിന് ഞങ്ങൾ അനാവശ്യവും അനാശാസ്യവുമായി. 
ചിലർ അവനെ ടാഗോറെന്ന് വിളിച്ചു, ബിൻലാദനെന്നും ഖാൻ സാഹിബെന്നും മറ്റ് ചിലരും.  ഇനിയും ചിലർ ഓഷോയെന്നും ഗുരുവെന്നും…….. എന്നാൽ പ്രാന്തനെന്നും തെണ്ടിയെന്നും ദരിദ്രവാസിയെന്നും വിളിച്ചവരും കുറവായിരുന്നില്ല. അമ്പലങ്ങൾ അവനെ മാപ്പിളയെന്നും മുസ്ലിമെന്നും വിളിച്ചകറ്റിയപ്പോൾ പള്ളികൾ അവന്റെ തുകിലിലും നാമത്തിലും പരിഭ്രമിച്ചു നിന്നു.
പുല്ലാങ്കുഴലും ഗിറ്റാറും മൃദംഗവും അവന്റെ വിരൽത്തുമ്പുകളെ പ്രണമിച്ചിട്ടും, ഞാനാവശ്യപ്പെട്ട വിഡ്ഡിപ്പാട്ടുകൾ അവൻ യാതൊരു മടിയും കൂടാതെ ശ്രുതി മധുരമായി ആലപിച്ചു. കടുകു വറുത്തിട്ട അവിയലും പച്ചവെള്ളത്തിൽ വേവിച്ച ഉപ്പുമാവും അവനെനിയ്ക്ക് കഴിയ്ക്കുവാൻ തന്നു. ഉരുക്കു കമ്പികൾ വളച്ചുണ്ടാക്കിയ ഇരിപ്പിടവും സ്വന്തം കൈയാൽ തുന്നിയ അങ്കിയും സമ്മാനിച്ചു. യന്ത്രങ്ങൾ ആട്ടിൻ കുട്ടികളെപ്പോലെ അവനെ അനുസരിച്ചപ്പോൾ കാറ്റും മഴയും വെയിലും മഞ്ഞും അവനു മുൻപിൽ നാണിച്ചു  തല കുനിച്ചു.
ഉണങ്ങിച്ചുരുണ്ട ഇലകളോടും വാടിക്കരിഞ്ഞ പൂക്കളോടും പോലും അവൻ പുഞ്ചിരിച്ചു. മുറിവേറ്റ എല്ലാ മൃഗങ്ങളെയും തലോടി. വറ്റിപ്പോയ ജലധാരയോടും ഇടിഞ്ഞു പരന്നു പോയ കുന്നുകളോടും സംസാരിച്ചു. അവൻ നടക്കുമ്പോൾ ഉറങ്ങിക്കിടന്ന വിത്തുകൾ ഭൂമിക്കടിയിൽ നിന്ന് പുതു നാമ്പുകൾ നീട്ടി ആ പാദങ്ങളെ പുൽകി. അവനായിരുന്നു പ്രപഞ്ചത്തിന്റെ ഐശ്വര്യം.
ഞാൻ ചിരിച്ചപ്പോൾ അവൻ ചിരിച്ചു, ഞാൻ കരയുമ്പോൾ അവൻ മൌനിയായി. ഞാൻ കോപിച്ചപ്പോൾ  അവൻ തല കുനിച്ചു. എന്നാൽ എന്റെ മുറിവുകളുടെ ആഴങ്ങളെ ഒരിയ്ക്കലും മടുക്കാതെയും തളരാതെയും നക്കിയുണക്കിക്കൊണ്ടിരുന്നു. കാർന്നു  കാർന്നു തിന്നുന്ന വേദനയുടെ വാലൻപുഴുക്കളെ പോലും അവന്റെ വിരലുകൾ ക്ഷമയോടെ എപ്പോഴും എന്നിൽ നിന്നകറ്റി.
സ്വന്തം പേരെഴുതിയ യാതൊന്നും അവന് ഈ പ്രപഞ്ചത്തിലുണ്ടായിരുന്നില്ല. മഹാപ്രപഞ്ചത്തിന് മുന്നിൽ  ഒരു അടയാളവുമവശേഷിപ്പിയ്ക്കാനുള്ള കേമത്തമില്ലെന്ന് അവൻ പറഞ്ഞപ്പോൾ അത് മറ്റാരിലുമില്ലാത്ത കേമത്തമാണെന്ന് ഞാനറിഞ്ഞു. എന്നിട്ടും ഗർഭപാത്രങ്ങളുടെ ഒടുങ്ങാത്ത അഹന്തയും  ബീജങ്ങളുടെ അനാദിയായ ഉടമസ്ഥതയും അവനെ നിരന്തരം പരിഹസിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തു. രക്തബന്ധത്തിന്റെ ആണിപ്പഴുതുള്ള അളവു പാത്രമുപയോഗിച്ച്  ആകാശത്തോളം നീളമുള്ളവനും ചക്രവാളത്തോളം വീതിയുള്ളവനുമായ അവനെ അളന്നു കുറിയ്ക്കുവാൻ ദീക്ഷയെടുത്തു. തലമുടികൊണ്ടും താടികൊണ്ടും അവനു ചുറ്റും വേലി കെട്ടുവാനായേയ്ക്കുമെന്ന് ലോകം കരുതി.
കടലോളം സ്നേഹവും കുന്നോളം കരുതലും മഴയോളം വാത്സല്യവും വെയിലോളം പ്രകാശവും നൽകി അവൻ വളർത്തിയ സ്വപ്നങ്ങൾ കുഞ്ഞിക്കണ്ണുകൾ മിഴിച്ച്, കൈകൾ നീട്ടി അവനെ സ്പർശിച്ചു, കാലുകൾ പെറുക്കി അവനൊപ്പം നടന്നു, പുരികം ചുളിച്ച് അവനെപ്പോലെ ചിരിച്ചു. അങ്ങനെയങ്ങനെ അവൻ കണ്ട സ്വപ്നങ്ങളെല്ലാം ഭാവിയുടെ സത്യമായി.
മരിയ്ക്കാത്തതും മുറിയാത്തതുമായ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അവനെനിയ്ക്ക് നൽകി. അവന്റെ അരികിലിരിയ്ക്കുമ്പോൾ ഞാൻ ആഹ്ലാദമായിത്തീർന്നു. എന്റെ പേര് അഭിമാനമെന്നായി മാറി.
അവൻ…….അവനാണെന്റെ കൂട്ടുകാരൻ.

47 comments:

 1. ഈ കൂട്ടുകാരനെ എനിക്കറിയാം....ഇവന്‍ എന്റെയും കൂട്ടുകാരനത്രെ.

  (എച്മു എത്ര നന്നായാണ് കഥ പറയുന്നത് )

  ReplyDelete
 2. വളരെ നന്നായിട്ടുണ്ട്.. ആശംസകള്‍.. കുറെ നാള്‍ക്കു ശേഷമാണ് കഥയിന്നു വായിക്കുന്നത്..

  ReplyDelete
 3. അതുകൊണ്ട് സാധാരണമായ ഈ ലോകത്തിനു വേണ്ടി ഉയർത്തിപ്പിടിച്ചിരുന്ന എന്റെ നുണക്കൂടാരത്തിന്റെ കൊടിക്കൂറ അതേ കൌശലത്തോടെ ഞാനവനു വേണ്ടിയും പ്രദർശിപ്പിച്ചു.

  very good lines,

  nalla avatharanam..nannayi

  ReplyDelete
 4. നല്ല കഥ..ഒഴുക്കോടെ അവതരിപ്പിച്ചു..അഭിനദ്ധങ്ങള്‍..

  ReplyDelete
 5. ഇത്‌ നാം ഓരോരുത്തരുടെയും കൂട്ടുകാരന്‍ തന്നെ...

  ആശംസകള്‍ എച്‌മുകുട്ടി...

  ReplyDelete
 6. ഈ കൂട്ടുകാരനെ ഇഷ്ടായി എച്മു...

  ReplyDelete
 7. ഒരിക്കലും എത്തിപ്പിടിക്കാനാവാത്തത്ര അകലെ.
  എല്ലാ സ്വപ്നങ്ങളുംചേര്‍ന്നു മെനഞ്ഞൊരാള്‍.
  ഒരു സ്വപ്നത്തിനും പിടി നല്‍കാത്തൊരാള്‍.


  അതിമനോഹരം, ഈ വരികള്‍.

  ReplyDelete
 8. ഗംഭീരമായ ഒരു കഥ. അഹന്തകൾ, വിവരങ്ങൾ, തർക്കങ്ങൾ അസ്തമിച്ച്, കുഞ്ഞിളം സ്നേഹം മാത്രമായി, പ്രവാചകൻ. മരിയ്ക്കാത്തതും മുറിയാത്തതുമായ സ്വാതന്ത്ര്യത്തിന്റെ താക്കോൽ തരുന്നവൻ. എല്ലാവരും എത്തേണ്ടത്ത് ഈ കൂട്ടുകാരനിലേക്കാണ്. അകത്തും പുറത്തും തിരയുന്നുവല്ലോ.

  ReplyDelete
 9. അവനെ ഞാൻ തേടുകയാണ്, എന്റെ അന്വേഷണം തുടരും...

  ReplyDelete
 10. മനോഹരം എച്മു............ 'കടലാസ്സു തുണ്ട് പറക്കുന്നത് കാൺകേ ഉറക്കെയുറക്കെ ചിരിയ്ക്കാനും പൂ വാടുന്നത് കാൺകേ പൊട്ടിപ്പൊട്ടിക്കരയാനും എനിയ്ക്ക് കഴിഞ്ഞിരുന്നു'...കണ്ണാടി കണ്ടപോലൊരു തോന്നല്‍ .....

  ReplyDelete
 11. കഥ തികച്ചും വ്യത്യസ്ഥം..!അവനേപ്പോലെ...!!
  ആശംസകള്‍..!!

  ReplyDelete
 12. മനോഹരമായി
  ആശംസകള്‍

  ReplyDelete
 13. നന്നായി നല്ല ഒരു കഥ പറഞ്ഞ് തന്നു

  ReplyDelete
 14. വേറിട്ട കഥ .. ഇഷ്ടപ്പെട്ടു.. അത്ഭുതം..ഇങ്ങനെയും കാട് കയറി ചിന്തിക്കാം ല്ലേ? ദൈവം തന്ന ദാനം ഇനിയും,ഇനിയും ഭാവനാ സൃഷ്ടികള്‍ ഉണ്ടാക്കട്ടെ..

  ReplyDelete
 15. വൈക്കം മുഹമ്മദ്‌ ബഷീറിനെപ്പോലെ സ്വന്തം ദൈവത്തെ കണ്ടെത്താനുള്ള ശ്രമമായാണ് ഞാന്‍ ഈ കാഴ്ചയെ കാണുന്നത്.
  സൂഫി വര്യന്മാര്‍ ചരിച്ച വഴിയാണ് ഇത്. ബഷീറും ഒരു സൂഫിവര്യന്‍ ആയിരുന്നല്ലോ. തീര്‍ച്ചയായും നമ്മുടെ കാലം സൂഫികളുടെ പുനര്‍ജ്ജന്മം അര്‍ഹിക്കുന്നുണ്ട്. ആശംസകളോടെ.

  ReplyDelete
 16. ഒരു പുതുമയുളള കഥ കൊള്ളാം

  ReplyDelete
 17. പതിവ് പോലെ നല്ല കയ്യടക്കത്തോടെ പറഞ്ഞ കഥ...പുതുമയുള്ള അവതരണം...ഇഷ്ട്ടായി..ആശംസകള്‍..

  ReplyDelete
 18. വളരെ വളരെ നന്നായി ...."വസ്ത്രത്തിനു മുകളിലൂടെ നിർജ്ജീവമായിരുന്ന തൊലിയെ തൊട്ടു. മരവിച്ചു പോയിരുന്ന മാംസപേശികൾക്കും ഒടിഞ്ഞു നുറുങ്ങിയിരുന്ന എല്ലുകൾക്കും ഉറഞ്ഞു കെട്ടിരുന്ന രക്തത്തിനുമുള്ളിൽ കൈകളുയർത്തി നിരാലംബമായി തേങ്ങിക്കരയുന്ന അനാഥവും പിഞ്ഞിക്കീറിയതുമായ ഈ ആത്മാവിനെ സ്വന്തം കൈകളിൽ കോരിയെടുത്തു" ആത്മാവിനെ തൊട്ട കഥ..

  ReplyDelete
 19. "ഞാൻ ചിരിച്ചപ്പോൾ അവൻ ചിരിച്ചു, ഞാൻ കരയുമ്പോൾ അവൻ മൌനിയായി. ഞാൻ കോപിച്ചപ്പോൾ അവൻ തല കുനിച്ചു. എന്നാൽ എന്റെ മുറിവുകളുടെ ആഴങ്ങളെ ഒരിയ്ക്കലും മടുക്കാതെയും തളരാതെയും നക്കിയുണക്കിക്കൊണ്ടിരുന്നു".

  Valare vysthyasthamaayi kadha paranju.
  Good. Keep it up.

  ReplyDelete
 20. good story with fantasy ......

  ReplyDelete
 21. രചനാപാടവത്തിന് മുമ്പിൽ ഒരു വലിയ നമസ്കാരം... ഇങ്ങനെയും ആകണം രചനകൾ...പ്രണയവും,മഴയും,കണ്ണനും മാത്രമല്ലാ കഥകൾക്കുള്ള താവളങ്ങൾ എന്ന് ആൺ പെൺ ഭേദമില്ലാതെ എല്ലാവരും ചിന്തിക്കണം...കുറച്ച് എഴുതിയത്കൊണ്ടോ, കുറേ കൂടുതൽ എഴുതിയത് കൊണ്ടോ, കഥ കഥയാവുകയില്ലാ അതിനകത്ത് എന്തെങ്കിലും ഉണ്ടാകണം...പല പോസ്റ്റ്കളിലും കമന്റിടുമ്പോൾ ഞാൻ രണ്ട് വട്ടം ആലോചിക്കാറുണ്ട്..തെറ്റുകൾ പറഞ്ഞാൽ ഒരു ശത്രുവിനെക്കൂടെ നേടം.. നല്ലതെന്ന് പറഞ്ഞാൽ “ഓ..ഇയ്യാളൊരു..എഴുത്തച്ഛൻ” എന്നും വിളികേൾക്കാം..വായന ഒരു നിർബ്ബന്ധമാക്കിയതിനാൽ കാണുന്നതൊക്കെ വായിക്കുന്നൂ... അഭിപ്രായം പറഞ്ഞ് പോകുന്നൂ..ഇതിനിടയിൽ കള്ള മെയിൽ വഴി കൂരൻപുകളും കിട്ടുന്നൂ.... എങ്കിലും നല്ലതിനെ നല്ലത് എന്നും..നല്ലതല്ലാത്തതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും എന്റെ ഒരു ശീലമായിപ്പോയി...ഇവിടെ ഈ കഥ എന്നെ ചിന്തിപ്പിക്കുന്നൂ..രസിപ്പിക്കുന്നൂ.. അതുകൊണ്ട് തന്നെ ഈയിടെ വായിച്ചതിൽ നല്ലൊരു രചന എന്ന് ഞാനിതിനെ പാടിപ്പുകഴ്ത്തുന്നൂ...പ്രീയ കഥാകാരീ...താങ്കൾക്ക് ഈയുള്ളവന്റെ സ്നേഹ ഹാരം...........

  ReplyDelete
 22. ചന്തു നായര്‍ സാറിന്റെ അഭിപ്രായം പിന്താങ്ങുന്നു.
  കഥ കൊള്ളാം എച്ചുമു ...

  ReplyDelete
 23. സുന്ദരമായ ഈ വരികള്‍ക്ക് നന്ദി

  ReplyDelete
 24. nannayi echmu.. enikkumndo ethu pole kootukar ennu orthupoyi

  ReplyDelete
 25. നല്ല കഥ എച്മുകുട്ടി. ഇതുപോലൊരു കൂട്ടുകാരനെ തെരഞ്ഞ് ഞാനും നടക്കുകയാണ്.

  ReplyDelete
 26. മനസ്സ് കൊതിക്കുന്ന ഒരു കൂടുകാരന്‍.
  ഏതൊരു മനുഷ്യനും മനസ്സില്‍ കൊണ്ട്
  നടക്കുന്ന ഒരു സ്വപനം.അത് അനന്ത
  സത്യം അല്ലാതെ മറ്റെന്തു? ഇത്ര സ്ഫുടം
  ആയി മനസ്സ് വായിക്കാന്‍
  എച്ച്മുവിനെപ്പോലെ ഒരു കഥാ കാരിക്കെ
  കഴിയൂ..അത് തന്നെ ആണ് എച്ച്മുവിന്റെ
  കഥകളുടെ കാമ്പും....

  ReplyDelete
 27. ഗംഭീരാവതരണം..കഥ നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 28. ഒരു പുതുമയുള്ള കഥ മനോഹരമായി പറഞ്ഞിരിക്കുന്നു മലയാളത്തിന്റെ വേറിട്ട ഈ കഥകളൂടെ കൂട്ടുകാരി

  ReplyDelete
 29. ശരിയായ കൂട്ടുകാരന്‍..
  ഭാഗ്യവതികള്‍ക്കു അര്‍ഹപ്പെട്ടത്.
  മനോഹരമായ കഥ.

  ReplyDelete
 30. അഹം ബ്രഹ്മാസ്മി:

  ReplyDelete
 31. ഇഷ്ടപെട്ടു ... ഒരുപാട്


  " ഞാന്‍ = നിര്‍വചനം "

  ഒരു മുഖം മൂടിക്കാരന്‍
  ചിലപ്പോള്‍ ഓന്തിനെപ്പോലെ നിറം മാറല്‍
  മറ്റു ചില സമയങ്ങളില്‍
  കണ്ണടച്ച് പാല്‍ കുടിക്കുന്ന പൂച്ച
  മറ്റൊരിക്കല്‍ കണ്ണുപൊട്ടന്‍ ...
  ഒന്നും കാണാതെ , കേള്‍കാതെ ജീവിച്ചിരുന്നെങ്കില്‍
  ആ മുഖം മൂടി അഴിഞ്ഞു വീഴില്ലായിരുന്നു

  ReplyDelete
 32. എന്തോ എനിക്കൊന്ന്നും മനസ്സിലായില്ലാ.
  എന്റെ വായനയുടെ കുഴപ്പമാവാം

  ReplyDelete
 33. ishtayii.. athu potte arani Jimmy John?
  ningalude suhruthinteyum peru angane thanne ?

  ReplyDelete
 34. കൊള്ലാം....... വളരെ നല്ല കഥ....

  ReplyDelete
 35. കഥ വായിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും വായിയ്ക്കുമെന്ന് വിചാരിയ്ക്കട്ടെ.

  ReplyDelete
 36. കഥകളെ തരം തിരിക്കാനറിയില്ലെങ്കിലും ഇതൊന്നറിയിക്കട്ടെ: ഒന്നാം തരം. പിന്നെ ചന്തുനാ‍യർ പറഞ്ഞതിനൊരു സപ്പോർട്ടും. കമന്റിട്ടവർ തേടുന്നത് ഇത്തരമൊരു കൂട്ടുകാരനെയാണെങ്കിൽ എന്ത് കൊണ്ട് അവർക്കിതുപോലൊരു കൂട്ടുകാരനാവാൻ കഴിയുന്നില്ല? അവിടെ ഈ കഥ പ്രസക്തമാകുന്നു. എച്മുപ്പശുവിന് ഈ കൂട്ടുകാരന്റെ ആശംസകൾ . ബേ.......................

  ReplyDelete
 37. ആഴത്തിലുള്ള ചിന്തയുടെ ബഹിര്‍സ്ഫുരണങ്ങളാണ് അര്‍ത്ഥവത്തായ ഈ വരികള്‍ .തികച്ചും തനതായ ശൈലിയില്‍ അത് പകര്‍ത്തുകയും ചെയ്തു.ആശംസകള്‍

  ReplyDelete
 38. വളരെ ഇഷ്ടപ്പെട്ടു!

  ReplyDelete
 39. ചേച്ചിയുടെ കഥകള്‍ വായിക്കുമ്പോഴാണ് എനിക്ക് ശെരിക്കും കഥയെഴുതാന്‍ തോന്നുന്നത് , എന്തുനല്ല കഥകള്‍ .ചേച്ചിക്ക് ഒരു പാട് ഉമ്മകള്‍.

  ReplyDelete
 40. സോറി മുരളിയേട്ടാ , എച്ചുമു ചേച്ചിക്ക് എഴുതിയതു കോളം മാറിയതാണ് കേട്ടോ , രണ്ടും കൂടി ഓപ്പണ്‍ ചെയ്തു വെച്ചതോണ്ട് പറ്റിയതാ. നല്ല കഥയാണ്‌ ട്ടോ .

  ReplyDelete