Saturday, June 23, 2012

വഴി തേടുന്നവർ - 2


‘ഫേൻ ഖിബ്‌ല?’

നാല് വർഷങ്ങൾക്കുമുന്നെ, ഇവിടെ സൌദിയിൽ വച്ചാണ് ഈ സംഭവം അരങ്ങേറുന്നത്. വാഹനാപകടത്തിൽ‌പ്പെട്ട് ആശുപത്രിയിലായ ഒരു സുഹൃത്തിനെ കാണാൻ മദീനയിൽ പോയിട്ട്, സാപ്റ്റ്കോ (SAPTCO - Saudi Public Transport Co.) ബസ്സിൽ ജിദ്ദയിലേയ്ക്കുള്ള മടക്കയാത്ര. വൈകുന്നേരത്തെ സല (നിസ്കാരം) സമയം ആയതിനാൽ, റോഡരികിലുള്ള ഒരു പള്ളിയുടെ മുന്നിൽ ബസ് നിർത്തിയിട്ടിരിക്കുകയാണ്. പ്രാർത്ഥന എത്തിക്കുവാനായി പലരും ബസ്സിൽ നിന്നും ഇറങ്ങി പള്ളിയിലേയ്ക്ക് പോകുന്നുണ്ട്. തൊട്ടടുത്ത് തന്നെ ഒരു പെട്രോൾ ബങ്കും അതിനോട് ചേർന്നൊരു ചെറിയ ഹോട്ടലും. ഉച്ചയ്ക്ക് ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ, ഹോട്ടലിൽ നിന്ന് എന്തെങ്കിലും തരപ്പെടുമോ എന്നറിയാൻ ബസ്സിൽ നിന്നിറങ്ങി അവിടേയ്ക്ക് ചെന്നു. പക്ഷേ, പ്രാർത്ഥനാസമയമായതിനാൽ, വെള്ളം അല്ലാതെ മറ്റൊന്നും വില്പനയില്ല. വിശപ്പിന്റെ വിളിയ്ക്ക് താൽക്കാലിക ശമനം കൊടുക്കാൻ ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചുകൊണ്ട്, കടയുടെ മുൻപിൽ കണ്ട ഒരു ബഞ്ചിൽ ഇരിപ്പായി.

അധികം ദൂരത്തല്ലാതെ കിടക്കുന്ന ബസ്സിനെ കാണാൻ പാകത്തിൽ, അതിന് അഭിമുഖമായിട്ടാണ് ഇരിക്കുന്നത്. ബസ്സിൽ നിന്നും ഇടയ്ക്കിടെ ആളുകൾ ഇറങ്ങുകയും കയറുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെയിരിക്കെ, നാലഞ്ച് കറുത്ത വസ്ത്രധാരിണികൾ ബസ്സിൽ നിന്നും ഇറങ്ങി, ചുറ്റുപാടുമൊക്കെ വീക്ഷിച്ച് എന്തൊക്കെയോ തമ്മിൽ സംസാരിച്ച് കുറച്ചുസമയം അവിടെ നിന്നു. നല്ല ഉയരവും അതിനൊത്ത തടിയുമുള്ള സ്ത്രീകൾ - ആഫ്രിക്കൻ വംശജർ ആണെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ, അതിലൊരു സ്ത്രീരൂപം മുന്നോട്ട്, ഹോട്ടലിന്റെ നേരെ, നടന്നു തുടങ്ങി. ‘വെള്ളം മേടിക്കാനായിരിക്കണം’ എന്ന് മനസ്സിൽ കരുതി, നോട്ടം മറ്റൊരു ദിശയിലേയ്ക്ക് മാറ്റി. തൊട്ടുമുന്നിൽ വെളിച്ചം മറച്ച് എന്തോ വന്നതായി ഒരു തോന്നൽ. എന്താണെന്നറിയാൻ മുഖം തിരിച്ചപ്പോൾ കണ്ണുകളിൽ നിറഞ്ഞത് കറുപ്പ് നിറം മാത്രം. കാര്യം പിടികിട്ടി, നടന്നുവന്ന സ്ത്രീയാണ് മുന്നിൽ നിൽക്കുന്നത്.

“അസ്സലാമു അലൈക്കും” – ഘനഗംഭീരമായ ശബ്ദം, ആ കറുത്ത രൂപത്തിൽ നിന്നും പുറപ്പെട്ടു.

“വാ അലൈക്കും ഉസ്സലാം” – ഇത്തിരി പരുങ്ങലോടെയാണെങ്കിലും പ്രത്യഭിവാദ്യം ചെയ്തു.

“ഫേൻ ഖിബ്‌ല?”*

കുടുങ്ങിയോ പടച്ചോനേ..! നിസ്കാരത്തിന് നിൽക്കേണ്ട ദിശ ഏതാണെന്നാണ് ചോദ്യം. താമസിക്കുന്ന റൂമിൽ അല്ലെങ്കിൽ ഓഫീസിൽ വച്ചായിരുന്നു ഈ ചോദ്യമെങ്കിൽ എളുപ്പത്തിൽ ഉത്തരം പറഞ്ഞുകൊടുക്കാമായിരുന്നു. ഇതിപ്പോ, ദിക്കും ദിശയുമറിയാത്ത ഏതോ ഒരു നാട്ടിൽ എങ്ങനെ ഖിബ്‌ല അറിയാനാണ്..  മറുപടി കൊടുക്കാൻ താമസിച്ചില്ല;

“വള്ളാഹി, അന മാ ആരിഫ്..”**

ഒന്നും പറയാതെ അവർ തിരികെ ബസ്സിന്റെ അടുക്കലേയ്ക്ക് നടന്നു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളം ഒറ്റയിറക്കിന് അകത്താക്കിയിട്ട്, ഖിബ്‌ല എവിടെയാവാം എന്ന് വെറുതെ ആലോചിച്ച് തലയും കുമ്പിട്ടിരുന്നു.

അധികം കഴിഞ്ഞില്ല, ബസ്സിന്റെ തണലിൽ - എനിക്ക് അഭിമുഖമായി – ആ സ്ത്രീജനങ്ങൾ പ്രാർത്ഥനയ്ക്കായി നിരന്നു. അവർ ഖിബ്‌ല മനസ്സിലാക്കിയെടുത്തിരിക്കുന്നു.. അവർക്കു മുൻപിലെ ഇരിപ്പവസാനിപ്പിച്ച് എണീക്കുമ്പോൾ, കടുകട്ടിയായ ഒരു ചോദ്യത്തിന്റെ ഉത്തരം എളുപ്പത്തിൽ കണ്ടെത്തിയ ആശ്വാസം എന്നിലും ആവേശിച്ചു.

* ഏടെയാന്ന് ഖിബ്‌ല?
** അള്ളാണെ, ഞമ്മക്കറിഞ്ഞൂടാ

(തീർന്നു)

മുറിവാൽ: കഴിഞ്ഞ ദിവസം വിനുവേട്ടനെ നാട്ടിലേയ്ക്ക് യാത്രയാക്കാൻ എയർപോർട്ടിൽ പോയപ്പോൾ അവിടെയും വഴികാട്ടിയായി.. അഞ്ചിലധികം തവണ.. എല്ലാവർക്കും ഒരേ ചോദ്യം.. “ഫേൻ ഹമാം?” (ടോയ്ലറ്റ് എന്ന് പരിഭാഷ). സ്വന്തം ‘ശങ്ക‘ മാറ്റാനുള്ള തത്രപ്പാടിൽ, നേരത്തെ തന്നെ സ്ഥലം കണ്ടുപിടിച്ചിരുന്നതിനാൽ, ആവശ്യക്കാരെ വഴിതിരിച്ചുവിടാൻ ഒട്ടും പ്രയാസമുണ്ടായില്ല.. :)


18 comments:

  1. ഫേന്‍ വിനുവേട്ടന്‍? വെക്കേഷനാല്ലേ....? (ഇന്ന് ഏഴ് അറബിവാക്ക് പഠിച്ചു. ജിമ്മി ആഴ്ച്ചയിലൊരു പോസ്റ്റ് ഇങ്ങിനെയിട്ടാല്‍ ഞാന്‍ ഒരു വര്‍ഷം കൊണ്ട് അറബി പഠിക്കും. ഗുരുവാകാന്‍ സമ്മതമോ!!)

    ReplyDelete
    Replies
    1. ഒടുവിൽ ‘നാടോടിക്കാറ്റി’ലെ ‘ഗഫൂർ കാ ദോസ്ത്‘ പോലെ ആകുമോ, അജിത്ഭായ്?

      വിനുവേട്ടൻ നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നു.. നാടുനീളെ കറങ്ങിനടന്ന് ‘തൃശ്ശൂർ വിശേഷങ്ങളി’ലേയ്ക്ക് ഡാറ്റ ശേഖരിക്കുകയാണെന്ന് തോന്നുന്നു.. :)

      Delete
  2. വള്ളാഹി അന മാ ആരിഫ്‌ എന്ന് പഠിച്ചത്‌ കൊണ്‌ട്‌ ഇത്തരം പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാനായി... :)

    ReplyDelete
  3. ഹഹഹ.. അത്രയും അറിഞ്ഞിരുന്നതുകൊണ്ട് അന്ന് രക്ഷപ്പെട്ടു, മൊഹീ..

    ReplyDelete
  4. അപ്പോൾ ഒരു അറബി മാഷാവാൻ ബൂലോഗത്ത് എല്ലാ സാധ്യതയും ഭായിക്കുണ്ട് കേട്ടൊ

    ReplyDelete
    Replies
    1. മുരളിയേട്ടാ... നിങ്ങളും അത് തന്നെ പറയുന്നുവോ? :)

      Delete
  5. ഈ പോസ്റ്റില്‍ ആദ്യം തന്നെ ഭക്ഷണം
    തേടി വെള്ളം കൊണ്ട് തൃപ്തിയടഞ്ഞു.
    ഞാനും പഠിച്ചു കുറച്ച് അറബി.
    തീര്‍ക്കണ്ട ഇനിയും പോരട്ടെ ഒരു വഴിയ്ക്കാക്കല്‍

    ReplyDelete
    Replies
    1. കമന്റിലെ ആ ‘താങ്ങൽ’ പിടികിട്ടി കേട്ടോ.. :)

      ഇന്നത്തെ വാക്കുകൾ:

      ഹക്കൽ - ഭക്ഷണം
      മോയ - വെള്ളം

      Delete
  6. ഇനിയെങ്കിലും അത്യാവശ്യം ദിക്കും ദിശയും വഴിയുമെല്ലാം പഠിച്ചുവക്കുക!

    ReplyDelete
    Replies
    1. എഴുത്തേച്ചി, ആവശ്യക്കാരന് ഔചിത്യമില്ല എന്ന ചൊല്ല് ഈ കാര്യത്തിൽ അച്ചട്ടാണ്.. ഇമ്മാതിരി ചോദ്യമൊക്കെ നേരിടേണ്ടിവരുമെന്ന് വല്ല മുന്നറിവും ഉണ്ടായിരുന്നെങ്കിൽ ഖിബ്‌ല നിർണയിക്കുന്ന ഉപകരണമൊന്ന് ഞാൻ വാങ്ങി കയ്യിൽ വച്ചേനെ.. :)

      Delete
  7. അറബ് പഠിക്കാന്‍ വളരെ എളുപ്പമാ...അസ്സലാമു അലിക്കും.വാ അലൈക്കും മുസ്സലാം. മതി ഇത്രേം മതി...

    ReplyDelete
  8. അന ജദീദ് ..മാ അരഫ് .... ഇത് തന്നെ അറബി ഭാഷയുടെ മര്‍മ്മം.... എന്റെടുതെങ്ങാന്‍ വഴി ചോദിച്ചാല്‍ ഇത് തന്നെ വഴി...... :D

    ReplyDelete
  9. രസകരമായി ഈ പോസ്റ്റ്‌... കൂടുതൽ അറബി വാക്കുകൾ അറിയാൻ അടുത്തതിനായി കാത്തിരിക്കുന്നു!

    ReplyDelete
  10. അത് ശരി... ഞാൻ നാട്ടിലായിരുന്ന സമയത്ത് ഇവിടെ ഇങ്ങനെ കുറേ സംഭവങ്ങളൊക്കെ നടന്നോ... അന്നത്തെ എയർപോർട്ട് യാത്രയയപ്പിൽ ജിമ്മി ‘ഹമ്മാം’ അന്വേഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. അത്രയും നേരമല്ലേ ഞാൻ കാരണം അവിടെ കാത്ത് നിൽക്കേണ്ടി വന്നത്...

    ReplyDelete
  11. സംഭവം കൊള്ളാം ആശംസകള്‍

    ReplyDelete
  12. ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ...അനുഗ്രഹിക്കണം

    ReplyDelete
  13. ഈ ബ്ലോഗ്‌ വായിച്ചതും , ഞാന്‍ ഒരു വാചകം എഴുതി വെച്ചു;
    “വള്ളാഹി, അന മാ ആരിഫ്..”
    അറബിയില്‍ ആര് എന്തുചോദിച്ചാലും ഇനി പറയാമല്ലോ ?
    യേത്

    ReplyDelete
  14. അല്ലേലും മലയാളി എവിടെ പോയാലും രക്ഷപ്പെടാനുള്ള കഴിവുള്ളവനാ..
    അറബി ഒട്ടും അറിയാത്ത മലയാളി മറ്റൊരു അറബി പൌരന് വഴി പറഞ്ഞു കൊടുക്കുന്നതു കണ്ടിട്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.

    ReplyDelete