Thursday, November 8, 2012

ഒരിക്കലും ഒളിമങ്ങാത്ത ഒരു ‘ഒളിമ്പിക് ഓപ്പനിങ്ങ് സെർമണി ...! / Orikkalum Olimangaattha Oru 'Olimpic Opening Ceremony' ... !


കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം
വിസ്മയക്കാഴ്ച്ചകൾ ...!
കാതിനും മനസ്സിനും വിരുന്നേകിയ
സംഗീത-നൃത്ത  ദൃശ്യ വിരുന്നുകൾ ...!
കാലങ്ങളോളം മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിന്നും
ഒരിക്കലും ഒളിമങ്ങാത്ത ലണ്ടൻ ഒളിമ്പിക്സിന്റെ ഉൽഘാടനചടങ്ങുകളെ കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്...

ഒന്നിനോടൊന്ന് മികച്ച വിധം ഓരൊ നാലുകൊല്ലം കൂടുമ്പോഴും അത്രക്കു പ്രൌഡഘംഭീരമായിട്ടാണല്ലോ ഓരോരൊ ആതിഥേയ രാജ്യങ്ങളും ഇതുവരെയുള്ള
എല്ലാ സമ്മർ ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണികളും അവതരിപ്പിച്ച്  ലോകത്തിന്റെ കൈയ്യടി നേടാറുള്ളത് ..അല്ലേ.

തൊണ്ണൂറുകളിലെ  ഒരു വമ്പൻ  മായക്കാഴ്ച്ചയായി  മാറിയ
‘ബാർസലോണ‘യിലേയും, ‘അന്റ്ലാന്റയിലേ’യും ഒളിമ്പിക്സ് ഓപ്പണിങ്ങ്
സെർമണികളും ...
2000 - ത്തിലെ‘സിഡ്നി‘യിലെ സാങ്കേതികമികവിനാലും , അവതരണത്താലും  മികച്ചുനിന്ന  ആസ്ത്രേലിയൻ വീര്യവും ...
ഇതിന്റെയത്രയൊന്നുമത്ര പകിട്ടില്ലാതിരിന്ന ഗ്രീസുകാരുടെ 2004-‘ഏതൻസി’ലേയും മറ്റും ഒളിമ്പിക് ഉൽഘാടന  ചടങ്ങുകൾ നമ്മൾ വീക്ഷിച്ചു കഴിഞ്ഞതാണല്ലോ...

പിന്നീട് അച്ചടക്കാത്താലും , ആളെണ്ണത്താലും ,
വർണ്ണ ഭംഗികളാലും മെയ്‌വഴക്കത്താൽ പങ്കെടുത്ത ഓരൊ
കലാകാരന്മാരും ... പ്രേക്ഷകരെയെല്ലാം വിസ്മയത്താൽ ലയിപ്പിച്ച
2008 ലെ ‘ബെയിജിങ്ങ് ‘ഒളിമ്പിക്സിലൂടെ ചീനക്കാർക്കും , ശേഷമിതാ ബ്രിട്ടീഷുകാർ ...

‘ദി ബെസ്റ്റ്’ എന്ന് ലോകം മുഴുവൻ വാഴ്ത്തിയ ഒരു ഏറ്റവും നല്ല ഒളിമ്പിക്
ഓപ്പണിങ്ങ് സെർമണി നടത്തി ഒളിമ്പ്ക് ചരിത്രത്തിൽ ഒരു ഉന്നത സ്ഥാനം
ഈ 2012 ലണ്ടൻ ഒളിമ്പിക്സിലൂടെ  കരസ്ഥമാക്കി ...!

തീർച്ചയായിട്ടും ശരിയായ ഒരു കാര്യമാണത് ...
ഓസ്കാർ അവാർഡ് ജേതാവ് ഡാനി ബോയലും
(Danny Boyle ) കൂട്ടരും കൂടി ഒരിക്കലും ഒളിമങ്ങാത്ത ഒരു
ഒളിമ്പിക് ഓപ്പണിങ്ങ് സെർമണിയാണ് ഇത്തവണ ഈ ബിലാത്തിപട്ടണത്തിൽ അവതരിപ്പിച്ചത്...!

ഒരു ഹോളിവുഡ് മൂവി കാണുന്ന കണക്കേ അത്യതികം
അത്ഭുതത്തോടെ , അധിലധികം ആവേശത്തോടെയാണല്ലോ
ഭൂലോകാത്തിലെ വിവിധഭാഗങ്ങളിലിരുന്ന് നൂറുകോടിയിലധികം
ജനങ്ങൾ ഈ കായികമാമാങ്കോൽഘാടനം തത്സമയം വീക്ഷിച്ചുകൊണ്ടിരുന്നത്...

ഭൂലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങങ്ങളിലേയും ഒട്ടുമിക്ക
രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള , ഭൂമിയിലിതുവരെയുണ്ടായിട്ടുള്ള
എല്ലാതരം ആഡംബര വാഹനങ്ങളിലും സഞ്ചരിച്ചിട്ടുള്ള , അറുപത്
കൊല്ലത്തിലേറെയായി സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ കിരീടമണിഞ്ഞു
കൊണ്ടിരിക്കുന്ന മഹാറാണി , ലോകത്തിലെ നമ്പർ വൺ ചാരനായ ജെയിംസ്
ബോണ്ടിന്റെ , ഒരു പുതിയ ‘ബോണ്ട് ഗേളായി’ / ( ഈ വീഡിയോ കാണുക ) പ്രത്യക്ഷപ്പെട്ട്, ഹെലികോപ്പ്റ്ററിൽനിന്നും പാര്യച്ചൂട്ടിൽ ഒളിമ്പിക് പാർക്കിൽ ചാടിയിറങ്ങിവന്ന് ...
‘ലണ്ടൻ ടൊന്റി ട്വിവൽവ്’ എന്ന് അറിയപ്പെടുന്ന ഇത്തവണത്തെ
ലോകകായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ഉൽഘാടനം നിർവ്വഹിച്ചത്...!

ഇനി ലോകത്തിലെ ഏത് രാജ്ഞിക്കും , രാജാവിനും
ഭേദിക്കാൻ പറ്റാത്തൊരു  ‘വേൾഡ് റെക്കോർഡ് ‘ തന്നെയാണിത് കേട്ടൊ കൂട്ടരെ.
കലാ-കായിക രംഗത്തുള്ള അഖില-ലോക
‘സെലിബിറിറ്റികളായ ജെയിംസ് ബോണ്ട് (Daniel Craig ) ,
മിസ്റ്റർ.ബീൻ / Rowan Atkinson (ഒന്ന് നന്നായി ചിരിക്കുവാൻ ഈ വീഡിയോയും കാണാം കേട്ടൊ ) ...
പിന്നെ  ബ്രൂണെൽ (Kenneth Branagh ) , മുഹമ്മദാലി, ഡേവിഡ് ബെക്കാം ,...,..., ...
അങ്ങിനെ നിരവധി പ്രതിഭകളെ കൂടാതെ , ലോക സംഗീത ലോകത്തെ പല
പല ഉസ്താദുകളും നേരിട്ട് വന്ന് ഈ ഒളിമ്പിക് ഓപ്പണിങ്ങ്  സെർമണിയുടെ വേദികൾ കയ്യടക്കിയപ്പോൾ കാണികളും , പ്രേക്ഷകരുമായ  ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളാണ് കോരിത്തരിച്ചത് ...!

പഴയ കാല ഇംഗ്ലണ്ടിന്റെ കാർഷിക-ഗ്രാമീണ സൌന്ദര്യം
മുഴുവൻ ഒപ്പിയെടുത്ത്  ആടുകളും , പശുക്കളും , പന്നികളും , കുതിരകളുമൊക്കെ അണിനിരന്ന തുടക്കം മുതൽ , നിമിഷങ്ങൾക്കുള്ളിൽ മാറി മാറി വരുന്ന
ബിലാത്തിയുടെ വ്യവസായിക വിപ്ലവ യുഗം തൊട്ട്  ....
ഷേക്സ്പീറിയൻ യുഗമടക്കം , ആധുനിക ബ്രിട്ടന്റെ ഈ ‘ഇന്റെർ-നെറ്റ്‘ യുഗം വരെയുള്ള കാര്യങ്ങളൊക്കെ അതാതുകലത്തെ കലാ-കായിക-സംഗീത-കോമഡി പാശ്ചാത്തല സംഗതികളിലൂടെ പ്രണയവും, ജീവിതവും കൂട്ടിക്കലർത്തി അനേകം കലാകാരന്മാർ ഒത്തൊരുമിച്ച് ചുവടുവെക്കുമ്പോൾ ....

അതിനനുസരിച്ച് ചടുലമായി മാറിക്കൊണ്ടിരിക്കുന്ന രംഗസജ്ജീകരണങ്ങളാൽ കണ്ടുകൊണ്ടിരിക്കുന്നവരെ മുഴുവൻ വിസ്മയത്തിൽ ആറാടിച്ചുകൊണ്ടാണ് മൂന്നരമണിക്കൂർ നീണ്ടുനിന്ന ഈ പരിപാടിയുടെ ഓരോ എപ്പിസോഡുകളും മിന്നിമറഞ്ഞുകൊണ്ടിരുന്നത്...!

ഇതിനിടയിൽ 80,000 -ത്തോളം പേർ തിങ്ങി നിറഞ്ഞ ഒളിമ്പിക്
സ്റ്റേഡിയത്തിനുള്ളിൽ ഓരൊ തരം പരിപാടികൾക്കിടയിലും അതതിനനുസരിച്ച്
ഗ്രാമങ്ങളും , വ്യവസായ ശാലകളും / ചിമ്മിണികളും , കുട്ടികളുടെ ആശുപത്രിയും , ആധുനിക
ലണ്ടന്റെ റോഡ്/കെട്ടിട ചമുച്ചയങ്ങളും , ആകാശത്തുനിന്നിറങ്ങിവരുന്ന അനേകമനേകം ‘മേരി പോപ്പിൻസ‘ടക്കം അനേകം കലാകാരന്മാരുമൊക്കെ അവിടമാകെ അതിശയക്കാഴ്ച്ചകളുടെ വർണ്ണപകിട്ടിട്ട ഒരു കവിത രചിക്കുക തന്നെയായിരുന്നൂ ... !

 അവസാനം... ലോകത്തിലെ 204 രാജ്യങ്ങളിലെ ഈ മാമാങ്കത്തിന് പങ്കെടുക്കാനെത്തിയവരുടെ ഘോഷ യാത്രയും , 200 മൈൽ വേഗതയിൽ സ്പീഡ് ബോട്ടിൽ സിനിമാ സ്റ്റൈയിലിൽ / (ഈ വീഡിയോയും ഇവിടെ കാണാംട്ടാ‍ാ ) ഡേവിഡ് ബെക്കാം സ്റ്റേഡിയത്തിലെത്തിച്ച ഒളിമ്പിക് ദീപം , യുവതലമുറക്ക് കൈമാറി , അവർ ആയത് സ്റ്റേഡിയം വലം വെച്ച് ...
204 ദളങ്ങളുള്ള താമരപ്പൂപോലെയുണ്ടായിരിന്ന
ഒളിമ്പിക് വിളക്ക് കത്തിച്ചപ്പോൾ , ആയത് കൂമ്പിപ്പോയി ഒറ്റ ദീപമായി തീരുന്ന വർണ്ണക്കാഴ്ച്ച !

അങ്ങിനെ പറഞ്ഞാലും, പറഞ്ഞാലും തീരാത്ത
അനേകമനേകം മാന്ത്രിക കാഴ്ച്ചകളുടെ മനോഹാരിതകൾ നിറഞ്ഞ , മനതാരിൽ നിന്നും ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക് ഓപ്പണിങ്ങ് സെർമണി  അവതരിപ്പിച്ച് ബ്രിട്ടൻ ആയതിലും കിരീടം നേടി ...!

ശരിക്ക് പറയുകയാണെങ്കിൽ ഇതെല്ലാം നേരിട്ടുകണ്ടുകൊണ്ടിരുന്ന
മുൻ നിരയിൽ അതിഥികളായി എത്തി ഇരുപ്പുറപ്പിച്ചിരുന്ന  2016 - ‘റിയോ’
ഒളിമ്പിക് സംഘാടക സമിതിയംഗങ്ങളായ ബ്രസീലുകാർക്കും , വരും കാല
ഒളിമ്പിക് ബിഡ് കാരായി തെരെഞ്ഞെടുത്ത ഈജിപ്തുകാരായ ‘ഇസ്റ്റാൻബുൾ’, ഫ്രെഞ്ചുകാരായ ‘മാഡ്രിഡ്, ജപ്പാങ്കാരായ ടോക്കിയോ’ മുതൽകമ്മറ്റിക്കാരുടെയെല്ലാം
വയറ്റിൽ നിന്നും കിളി പറന്നുപോയിട്ടുണ്ടാകണം... !

 “ഇതിലും നന്നായിട്ട് ഇനി ഉന്തുട്ടന്റെമ്മാ‍ാ...
നമ്മട്യൊക്കെ ഒളിമ്പിക്കോപ്പണിങ്ങിന് കാണിക്ക്യാ‍ാന്നോർത്തിട്ടാണിത് ...കേട്ടോ “

ഇത്തവണത്തെ ഓരൊ ഒളിമ്പിക് കായിക കേളികളും
നടന്നത് ഉന്നത സാങ്കേതിക-സൂഷ്മ -നിരീക്ഷണ പാടവങ്ങളോടെയുള്ള വേദികളിലായതിനാൽ ,വിധികളെല്ലം അത്രക്കും കണിശമായ കണക്കുകളിലായിരുന്നു...

ആദ്യമായിട്ടൊരൊളിമ്പിക്സിൽ ഏർപ്പെടുത്തിയ 3-ഡി
സമ്പ്രേഷണ സവിധാനങ്ങളുടെ പകിട്ടുകൊണ്ട് കളികളുടെയെല്ലാം
കാഴ്ച്ചകൾ പ്രേക്ഷകർക്കൊക്കെ മൂന്നുതരത്തിൽ ആസ്വദിക്കാമായിരുന്നൂ...!

സാധാരണ ഗതിയിൽ 95 ശതമാനവും ആതിഥേയ രാജ്യങ്ങളിലെ
ആളുകൾ മാത്രം കാണികളാകുന്ന ഇത്തരം ലോക കായിക മാമാങ്കങ്ങളെ ,
അപേക്ഷിച്ച് ഈ ഒളിമ്പിക്സിൽ 40 ശതമാനത്തോളം വിദേശിയരായ കാണികളാണ്
ഇവിടെ ലണ്ടനിൽ  ഈ പരിപാടികളെല്ലാം നേരിട്ട് കണ്ടാസ്വദിച്ചത്...!


എന്തുകൊണ്ടെന്നാൽ ലണ്ടനെന്നത് ,
ലോകത്തിലെ എല്ലാസ്ഥലങ്ങളിലേയും
ജനവാസ സ്ഥലമായതിനാലും, ടൌൺ ബസ്സു
പോലെ സകലമാനരാജ്യങ്ങളിലെ ഫ്ലൈറ്റുകളും വന്നും പോയിരിക്കുന്നയിടമായതുകൊണ്ടും  നാനാരാജ്യങ്ങളിലെ ഏറ്റവും കൂടുതൽ ആളുകൾ നേരിട്ട് വന്ന് , കണ്ട് , അവരവരുടെ രാജ്യത്തെ 
കായികതാരങ്ങൾക്കൊക്കെ വേണ്ടത്ര  പ്രോത്സാഹനം നൽകിയ ഒരു ഒളിമ്പിക്സും
മുമ്പുട്ടായിട്ടില്ല പോലും..!

അതുപോലെ സുരക്ഷയുടെ കാര്യത്തിലും
ഇത്ര ചിലവ് വന്ന ഒരു ഒളിമ്പിക്സ് ഉണ്ടായിട്ടില്ലത്രേ...!

ബ്രിട്ടൻ നാവികപ്പടയുടെ യുദ്ധ-വീമാനവാഹിനി കപ്പലുകൾ
ഈ വേദികളുടെ സമീപ കടലുകളിലും, തേംസ് നദിയിലും നങ്കൂരമിട്ട്
ഇതിനെതിരെ ഏത് ഭീകരാക്രമണം വന്നാലും ചെറുത്തുതോൽ‌പ്പിക്കുവാൻ
വേണ്ടി , പീരങ്കികളുമായി വേദികളുടെ ചുറ്റും ഒളിച്ചിരുന്ന പട്ടാളത്തോടൊപ്പം ,
ജാഗ്രതയിൽ മാനത്തുവട്ടമിട്ട് റോന്ത് ചുറ്റിക്കൊണ്ടിരുന്ന എയർ ഫോഴ്സും , തോക്കേന്തി
ഏത് സമയവും വേദികളിൽ ചുറ്റിക്കൊണ്ടിരുന്ന പോലീസ്സും കൂടാതെ അനേകം സെക്യൂരിറ്റി കമ്പനികളിലെ ഗാർഡുകളും , മുട്ടിനുമുട്ടിനേയുള്ള ചാരന്മാരാലുമുള്ള ബൃഹത്തായ  ഒരു സെക്യൂരിറ്റി സവിധാനമാണ് ഇവിടെയുണ്ടായിരിന്നത് ...!

ഈ സെക്യൂരിറ്റി സവിധാനത്തിന്റെയൊക്കെ ഒരു
ലൂപ്പ് ഹോളായി എല്ലാവരേയും പിന്നീറ്റ് ‘ഫൂളാക്കിയ’,
കായികതാര ഘോഷയാത്രയിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം നുഴഞ്ഞുകയറിയ ബാഗ്ലൂർക്കാരി മധുരാമണി മാത്രം..

ആ സുന്ദരിപ്പെണ്ണിന്റെ അരവണ്ണവും , തലവണ്ണവും
കണ്ട് ആദ്യമവളൊരു മനുഷ്യ ബോമ്പാണെന്ന്’തെറ്റി ധാരണ സെക്യൂരിറ്റി വിഭാഗത്തിനൊക്കെയുണ്ടായെന്നത് വാസ്തവമാണ് കേട്ടൊ...!

സത്യം പറഞ്ഞാൽ മൂന്നാലുമാസമയി പലപ്പോഴാ‍യി ഓരൊ
ഒളിമ്പിക് വേദികളുടെ മുക്കിലും , മൂലയിലും  ചാരനും , ചാരത്തിയും
കളിച്ച് കയറിയിറങ്ങിയിരുന്ന ഞങ്ങൾക്കാർക്കും തന്നെ , ഒളിമ്പിക്സ്
തുടങ്ങിയതുമുതൽ , തുടർ ഡ്യൂട്ടികൾ ഉണ്ടായിട്ടും ഒരു
കായിക ലീലകളും മുഴുവനായും കാണുവാനുള്ള യോഗമുണ്ടായിട്ടില്ല ...!

അതിനൊക്കെ ഈ സമയങ്ങളിലൊക്കെ
ഒന്നിരിക്കാൻ നേരം കിട്ടിയിട്ട് വേണ്ടേ...!

എന്തൊക്കെ പറഞ്ഞാലും ..
ഈ  കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുടെയൊക്കെ മുന്നണിയിലും,പിന്നണിയിലും അണിനിരന്നിരുന്ന അനേകം
സാങ്കേതിക വിദഗ്ദ്ധരും , സിനിമാക്കാരും, സ്റ്റേജ് മാജിഷ്യൻസുമൊക്കൊ
ഉൾപ്പെട്ട ധാരാളമാളുകളുടെ തീവ്രപ്രയത്നത്തിന്റെ കൂട്ടായ്മയുടെ ഫലമാണ് ഈ
സെർമണി ഇത്ര വിജയത്തിലെത്തിയത്...!

രാവും, പകലും , വെയിലും, മഴയും, മഞ്ഞും
വകവെക്കാത ഈ പരിപാടികളുടെയൊക്കെ
പല റിഹേഴ്സലുകൾ പല കുറിയുണ്ടായിട്ടും , ആയതൊന്നും
 ഒരു പാപ്പരാസികൾക്കും , മാധ്യമങ്ങൾക്കുമൊന്നും ചോർന്നു പോകാതെയും, ശേഷം ഒളിമ്പിക് കായിക കേളികൾ നടന്നുകൊണ്ടിരിക്കുമ്പോൾ സകലമാന സംഗതികൾക്കും സുരക്ഷയേകി കൊണ്ട് , ഇതിലൊക്കെ പങ്കെടുത്ത ഏവർക്കും സഹായ-സഹകരണങ്ങൾ നൽകിയ  700000 വൊളന്റീയേഴ്സിനെ കൂടാതെ ....

ഞങ്ങളെപ്പോലെയുള്ള പതിനായിരത്തോളം
സുരക്ഷാ-കാവൽ ഭടന്മാരുമൊക്കെയാണ് ...
ഈ ലണ്ടനൊളിമ്പിക് ഉൽഘാടന മഹോത്സവവും ,
മറ്റു കായിക കേളികളും ഇത്രക്ക് ഉന്നതിയിലെത്താൻ മുഖ്യകാരണം...!

ഇവർക്കെല്ലം സ്വയം
ഒരു നന്ദി ചൊല്ലിയാടികൊണ്ട്...
ലണ്ടൻ ടൊന്റി ട്വിവൽവിന്’ ഒരു ‘ബിഗ് ഹാറ്റ്സ് ഓഫ് ...!!


പിന്നെ കൂടുതൽ വായനക്ക് താല്പ്യര്യമുണ്ടെങ്കിൽ
ദേ...ഇബടിണ്ട്ട്ടാ...

മറ്റു ഭാഗങ്ങൾ :- 



ഭാഗം - 1
  
 ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...!


 ഭാഗം - 2

  വെറും ഒളിമ്പിക്സ് ഓളങ്ങൾ ...!



ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 

13 comments:

  1. പ്രിയരെ ,

    മൂന്നാലഞ്ചുമാസമായി ഒഴിവാക്കുവാൻ പറ്റാത്ത
    ചില പ്രത്യേക പണി തിരക്കുകൾ
    കാരണം ,എന്റെ സ്വന്തം തട്ടകമായ
    ബിലാത്തിപട്ടണ’ത്തിന്റെ പടിവാതിൽ
    മെല്ലെ ചാരിയിട്ട് (ഉന്തി തള്ളി തുറന്നാലേ
    അവിടെക്കിപ്പോൾ പ്രവേശിക്കുവാൻ പറ്റു ..കേട്ടൊ )
    ഞാൻ മിക്കവാറും ബൂലോഗത്തിന്റെ പരിധിക്ക് പുറത്ത് റോന്ത് ചുറ്റികൊണ്ടിരിക്കുകയാണ്.
    ഇപ്പോഴും എന്റെ സാനിദ്ധ്യം തൽക്കാലം
    ഇവിടെയൊന്നുമില്ലാന്നു വെച്ചാലും.. ഈ ഒരെ
    തൂവൽ പക്ഷികൾക്കൊക്കെ ഇവിടെയൊക്കെ ഉന്തുട്ടെങ്കിലും
    വെച്ചു കാച്ചാമായിരുന്നു ....!

    എന്തു പറ്റി എന്റെ കൂട്ടരേ

    വീണ്ടും നമുക്കുഷാറാകാം അല്ലേ

    എന്നാലായത് ഇപ്പോൾ ഈ കോപ്പി & പേയ്സ്റ്റ് മാത്രം ..

    എന്ന്,

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  2. ആ സുന്ദരിപ്പെണ്ണിന്റെ അരവണ്ണവും , തലവണ്ണവും കണ്ട് ആദ്യമവളൊരു മനുഷ്യ ബോമ്പാണെന്ന്’തെറ്റി ധാരണ സെക്യൂരിറ്റി വിഭാഗത്തിനൊക്കെയുണ്ടായെന്നത് വാസ്തവമാണ് കേട്ടൊ...!

    അത്തരം സംശയം ഉണ്ടായിരുന്നു എന്നത് ശരിയാണ് അല്ലേ?

    കല്യാണങ്ങള്‍ക്കൊക്കെ കലവറയില്‍ കയറുന്നവര്‍ക്ക് അവസാനം ഭക്ഷണമൊന്നും കഴിക്കാന്‍ കഴിയാത്തതുപോലെ ആയിപ്പോയി അല്ലെ മുരളിയേട്ടാ. മറ്റുള്ളവരെ ഭക്ഷണം കഴിപ്പിച്ച് അത് കാണുന്നതും നല്ല സുഖമുള്ള ഏര്‍പ്പാടാണ്.

    എന്തായാലും...കോപ്പി പേസ്റ്റായാലും ഇവിടെ സാന്നിധ്യം അറിയാന്‍ കഴിഞ്ഞാല്‍ സന്തോഷമാണ്. ഇനി വീഡിയോകള്‍ ഒന്ന് കാണട്ടെ

    ReplyDelete
  3. ആ ഉദ്ഘാടനപ്പരിപാടി സൂപ്പര്‍ തന്നെയായിരുന്നു.പക്ഷേ ഞാനോര്‍ത്തത് മറ്റൊന്നാണ്.കായിക താര ഘോഷയാത്രയില്‍ ഉണ്ടായ പിഴവ് നമ്മുടെ നാട്ടിലെങ്ങാനുമാണ് സംഭവിച്ചിരുന്നതെങ്കില്‍ ഇവരെല്ലാം കൂടി എന്തു ബഹളം ഉണ്ടാക്കിയേനെ?

    ReplyDelete
  4. തിരക്കൊക്കെ അല്പം കുറഞ്ഞെന്ന് തോന്നുന്നല്ലോ
    ഒന്ന് ആക്റ്റിവ് ആയിക്കേ, ആ പഴയ ഫോം ഇങ്ങോട്ട് വരട്ടെ

    ബിലാത്തിവിശേഷങ്ങള്‍ അറിഞ്ഞിട്ട് കാലം കുറെ ആയി

    ReplyDelete
  5. ആ നീല ബാംഗ്ലൂർക്കാരി ഒരുത്തി നിങ്ങളുടെ(ഇംഗ്ലീഷുകാരുടെ) എല്ലാ അഹംഭാവത്തിനും ഇട്ട് ഒരു കുത്ത് തന്നില്ലെ...?!!
    അപ്പോൾ ആർക്കും നുഴഞ്ഞു കയറാവുന്ന പഴുതുകൾ ധാരാളം ഉണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും. അതിലൊന്നിൽ കൂടി അവൾ നുഴഞ്ഞു കയറി..!
    അങ്ങനെ എത്രയോ പേർ കയറിയിട്ടുണ്ടാകും..?

    ReplyDelete
  6. അല്ല മുരളിയണ്ണാ... ബിലാത്തിയിൽ ഇട്ട പോസ്റ്റല്ലേ ഇത് :) അതോ എനിക്ക് തോന്നിയതോ?

    ബിലാത്തിയുടെ സ്വതസിദ്ധമായ ശൈലിയിൽ ഒരു പോസ്റ്റ് സ്വന്തം ബ്ലോഗിൽ ഉടൻ പ്രതീക്ഷിക്കുന്നു.... താങ്കളുടെ എഴുത്തിന് ഒരു വശ്യതയുണ്ട്, അത് വായനക്കാർക്ക് നഷ്ടപ്പെടുത്തരുത്... ആശംസകളോടെ.

    ReplyDelete
  7. മുരളിഭായ്... വിളിച്ചോർമ്മിപ്പിച്ചാലേ ബുലോഗത്തിലേക്ക് വീണ്ടും വരൂ അല്ലേ?

    എന്താണ് പുതിയ അസൈൻ‌മെന്റ് എന്ന് വിവരങ്ങളുമായുള്ള പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു... ഇത്തിരി നേരത്തെയായാലും അധികം വൈകണ്ടാട്ടോ...

    ReplyDelete
  8. ഒളിമ്പിക്സ്‌ മാമാങ്കം ടി വി യില്‍ കണ്ടിരുന്നു..

    ഏതു രാജ്യത്തിനും അഭിമാനിക്കത്തക്ക വിധം ഒരുക്കിയ ആ ദൃശ്യവിരുന്നിന്റെ ചില പിന്നാമ്പുറ കഥകള്‍ ശ്രീ മുരളി പങ്കിട്ടത് വായിച്ചു.

    ബിലാത്തിയില്‍ സമയം പോലെ പോസ്റ്റുകള്‍ ഇടുക. വായനക്ക് വിളിക്കുക.
    വീണ്ടും വരാം !!

    ReplyDelete
  9. ഒളിമ്പിക്‌ വിശേഷങ്ങള്‍ ആസ്വദിച്ചു.
    ഒരേ തൂവല്‍ പക്ഷികള്‍ക്ക് ഒരുതരം പകരുന്ന "പക്ഷിപനി"
    അഥവാ ബ്ലോഗ്‌ മാന്ദ്യം പിടിപെട്ടിട്ടുണ്ട് ഒളിമ്പിക്‌
    വിശേഷങ്ങള്‍ വായിച്ചിട്ട് ഉഷാറാകട്ടെ.

    ReplyDelete
  10. ഒളിമ്പിക്സിന്റെ ബഹളങ്ങളൊക്കെ ഒടുങ്ങിയിട്ടും ബിലാത്തിക്കാരനെന്താ വരാത്തേ എന്ന് ചിന്തിച്ച് നാളുകളെണ്ണി കാത്തിരിക്കുവായിരുന്നു.. ഒടുവിൽ വന്നു, ല്ലേ.. നന്നായി.. :)

    ഇനീപ്പോ ഈ പരിസരത്തൊക്കെത്തന്നെ കാണുമല്ലോ അല്ലേ..

    ReplyDelete
  11. നേരത്തെ വായിച്ചതാ......ഒന്നും കൂടി വായിച്ചു.

    ReplyDelete
  12. വൈകിയാണ് ഇവിടെ എത്തിയത് ,വായിച്ചു ...വീണ്ടും വരാം !

    ReplyDelete
  13. ലണ്ടൻ ഒളിമ്പിക്സിന്റെ ചുറ്റുവട്ടങ്ങളിൽ ഓടി നടന്നപ്പോഴുണ്ടായ
    അനുഭവകുറിപ്പുകൾ കുറച്ചൊക്കെ എന്റെ തട്ടകമായ ബിലാത്തിപട്ടണത്തിൽ
    കുറിച്ചിട്ടിരുന്നതിൽ നിന്നും , ഒരു ഭാഗം ഇവിടേയും പങ്കുവെച്ചപ്പോൾ ധാരാളം പേർ
    ഇവിടെയും വന്ന് ആയതൊക്കെ നോക്കിപ്പോയതിൽ അതിയായ ആഹ്ലാദമുണ്ട്...
    ഒപ്പം സ്നേഹത്തോടെ , വായനക്ക് ശേഷം നല്ല അഭിപ്രായങ്ങൾ എഴുതിയ എന്റെ മിത്രങ്ങളായ
    പ്രിയപ്പെട്ട റാംജി ഭായിക്കും,
    പ്രിയമുള്ള വെട്ടത്താൻ സാറിനും ,
    പ്രിയപ്പെട്ട അജിത്ത് ഭായിക്കും,
    പ്രിയമുള്ള അശോകൻ ഭായിക്കും,
    പ്രിയപ്പെട്ട മൊഹിയുധീൻ ഭായിക്കും,
    പ്രിയമുള്ള വിനുവേട്ടനും’
    പ്രിയപ്പെട്ട വേണുഗോപാൽ ഭായിക്കും ,
    പ്രിയമുള്ള സുകന്യാജിക്കും,
    പ്രിയപ്പെട്ട ജിമ്മി ഭായിക്കും ,
    പ്രിയമുള്ള എച്മുകുട്ടിക്കും,
    പ്രിയപ്പെട്ട മിനിക്കുമൊക്കെ ഒരുപാടൊരുപാട് നന്ദി

    ReplyDelete