Tuesday, April 2, 2013

ഒരു പാവം അമ്മമനം


അമ്മയുടെ മൂത്തമകൻ വരുന്നുണ്ട്.
 
വിവരമാണ് അച്ഛൻ പിന്നെയും ഓർമ്മിപ്പിയ്ക്കാൻ വന്നത്. അമ്മ കണ്ണുകളടച്ചു ചരിഞ്ഞ് കിടന്നു. കുറച്ചു നേരം മുറിയിൽ നിന്ന് പരുങ്ങിയിട്ട്, അച്ഛൻ വന്നതു പോലെ മടങ്ങിപ്പോയി. ഉറങ്ങുകയാണെന്ന് കരുതിയിട്ടാവും നിശ്ശബ്ദനായി തിരിച്ചു പോയത്. പഴയ മാതിരിയല്ല, ഇപ്പോൾ അമ്മയ്ക്ക് വീട്ടിൽ ഒരു സ്ഥാനവും സ്ഥിതിയും ഉണ്ട്. അച്ഛൻ അതറിഞ്ഞ് ഇത്തിരി നോക്കിയും കണ്ടുമൊക്കെയേ നിൽക്കു. ആ ഇടി കുടുക്കം പോലെയുള്ള ഒച്ചയൊന്നും ഇപ്പോ അച്ഛനില്ല

അമ്മ മന:പൂർവം തന്നെ കണ്ണടച്ചു കിടന്നതാണ്. അത്രമാത്രം ആഹ്ലാദിപ്പിയ്ക്കുന്ന ഒരു വാർത്തയൊന്നുമല്ല മൂത്ത മകന്റെ വരവ്. അവൻ വരും, ഒരാഴ്ച നിൽക്കും മടങ്ങിപ്പോകും. അപ്പോഴേയ്ക്കും അമ്മയ്ക്കും അവനും മടുക്കും. രണ്ടു വർഷം കഴിയുമ്പോൾ പിന്നെയും വരും.എത്ര ബുദ്ധിമുട്ടിയാണ് അമ്മ അവനെ വളർത്തിയതെന്നോ! അതോർക്കുമ്പോൾ അമ്മയുടെ കണ്ണിൽ ഇപ്പോഴും നീരാവി പൊന്തും

എട്ടൊൻപതു കൊല്ലത്തിൽ നാലു മക്കളെ പെറാൻ തന്ന അച്ഛനോട് ചിലപ്പോൾ വയറു നിറയെ വെറുപ്പു തേട്ടാറുണ്ട് അമ്മയ്ക്ക്. ഇപ്പോൾ ഭസ്മക്കുറിയും രുദ്രാക്ഷവും നാമം ചൊല്ലലുമായി നടക്കുന്ന അച്ഛന്റെ തത്സ്വരൂപം അമ്മയറിയുന്നതു പോലെ വേറെ ആരാണറിഞ്ഞിട്ടുള്ളത്?

 നാലെണ്ണത്തിനെയും പെറ്റു പോറ്റാൻ അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ ചില്ലറയായിരുന്നുവോ. ഇന്നത്തെപ്പോലെ ഗ്യാസടുപ്പും മിക്സിയും ഫ്രിഡ്ജും ഒലക്കേടെ മൂടുമൊന്നും അന്നുണ്ടായിരുന്നില്ല. രാവന്തിയോളം നടുവൊടിഞ്ഞു പണിയുക തന്നെയായിരുന്നു അമ്മ. ചന്തി നിലത്ത് കുത്തി ഒന്നിരിയ്ക്കാൻ പറ്റിയിട്ടില്ല. പാതിരാത്രി ജോലിയൊക്കെ തീർത്ത് അടുത്ത് ചെന്ന് കിടക്കുമ്പോൾ വെയർപ്പ് നാറീട്ട് അറയ്ക്കണു, കുളിച്ച് വന്ന് കെടക്ക്, എനിയ്ക്കൊന്ന് തൊടാനെങ്കിലും തോന്ന്ണ്ടേന്ന് അച്ഛൻ മുറുമുറുത്തിരുന്നതൊന്നും അമ്മ മറന്നിട്ടില്ല. അമ്മാതിരി എല്ലാ മുള്ളു മുരിക്ക് വാക്കുകളും കയ്പൻ കഷായം കുടിയ്ക്കുന്നത് പോലെ കണ്ണടച്ച് കീഴ്പോട്ടിറക്കി

മൂത്തവനു എപ്പോഴും അസുഖമായിരുന്നു. അവനെയും കൊണ്ട് അമ്മ കയറിയിറങ്ങാത്ത ആശുപത്രികളും അമ്പലങ്ങളുമൊന്നും നാട്ടിലില്ല. എത്ര കഷായം വെച്ചു കൊടുത്തിട്ടും രാത്രി ഉറക്കിളച്ചിട്ടുമാണ് അവനെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ അമ്മ പൊന്നു പോലെ നോക്കിയത്
എന്നിട്ട് ആ നാശം പിടിച്ചവനെക്കൊണ്ട് അമ്മയ്ക്ക് ഇപ്പോൾ വല്ല പ്രയോജനവുമുണ്ടോ? അവന്റൊപ്പം പഠിച്ചവരൊക്കെ എന്തു ഗമയിലും സ്ഥിതിയിലുമാണ് കഴിയുന്നത്? അവന്റെ കൂട്ടുകാരിൽ ആരെയെങ്കിലും മാർക്കറ്റിലോ ഹോട്ടലിലോ അമ്പലത്തിലോ മറ്റെവിടെയെങ്കിലുമോ ഒക്കെ വച്ച് കാണേണ്ടി വരുമ്പോൾ തലയിൽ ഒരു മുണ്ടിട്ട് ഓടിയാലോ എന്നാവും അമ്മയുടെ വിചാരം.

അവന് എലക്ട്രോണിക്സ് എൻജീനിയറിംഗിന് സീറ്റ് കിട്ടിയപ്പോൾ മിണ്ടാതെ ബി എസ് സിയ്ക്ക് ചേരാനാണ് അച്ഛൻ പറഞ്ഞത്. “എന്റെ കൈയിലൊരു വസ്തൂല്യാ ആ കൊമ്പത്തെ പഠിപ്പ് പഠിപ്പിയ്ക്കാൻഎന്ന് കഞ്ഞിക്കിണ്ണം തള്ളി മാറ്റി സങ്കടം പുറത്ത് കാണിയ്ക്കാതിരിയ്ക്കാൻ ദേഷ്യപ്പെട്ട്, അച്ഛൻ എണീറ്റു പോയി. അവനേയും അച്ഛനേയും സമാധാനിപ്പിച്ച് ധൈര്യം കൊടുത്ത് അമ്മ അവനെ എൻജിനീയറിംഗ് പഠിക്കാൻ അയച്ചു

അച്ചാറും പപ്പടവും പലഹാരങ്ങളും ഉണ്ടാക്കി വിറ്റു. അരിച്ചിട്ടിയും തുണിച്ചിട്ടിയും ചേർന്നു. കിട്ടാവുന്ന തയ്യൽ‌പ്പണിയൊക്കെ ചെയ്തു. ഇരുപത്തിനാലു മണിക്കൂറും പണി തന്നെ പണി. അവൻ നന്നായി പഠിച്ചു, സ്ക്കോളർഷിപ്പൊക്കെ വാങ്ങി. അവന്റെ പഠിപ്പിന്റെ ചെലവ് പിന്നെ താങ്ങേണ്ടി വന്നില്ല. നേരു തന്നെ. പക്ഷെ, അതു പോരല്ലോ അമ്മയ്ക്ക്.

അവനു താഴെ രണ്ട് പെൺകുട്ടികളാണ്. അവരെ പത്തിരുപത് വയസ്സാവുമ്പോഴേയ്ക്കും നാലാൾ കുറ്റം പറയാത്ത മാതിരി ഇറക്കി വിടേണ്ടേ? അത് അവർക്ക് ഇരുപത് വയസ്സാവുന്ന ദിവസം കാലത്തെണീറ്റ് ഒരു ചായയും കുടിച്ചിരുന്ന് ആലോചിച്ചാൽ പോരല്ലോ. അതുകൊണ്ട് അവർ ജനിച്ച ദിവസം മുതൽ അമ്മ നുള്ളിപ്പിടിച്ച് ചേർത്ത് വെച്ചു. ഒരു നല്ല സാരി അമ്മ സ്വന്തം ആ‍വശ്യത്തിന് വാങ്ങി ഉടുത്തിട്ടില്ല. മക്കൾക്കില്ലാതായാലോ എന്ന ആധിയായിരുന്നു മനസ്സിലെന്നും

മൂത്തവൾ ഉഷയെ ഒരു മെഡിക്കൽ ഷാപ്പുകാരൻ പയ്യന് കല്യാണം കഴിപ്പിയ്ക്കേണ്ടി വന്നപ്പോൾ അമ്മ ഉള്ളുകൊണ്ട് കരയുകയായിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥനെ കണ്ടു പിടിയ്ക്കാനായില്ലല്ലോ എന്ന് അമ്മ ദു:ഖിച്ചു. എന്നാലും വിഷമം പുറത്തു കാട്ടാതെ സന്തോഷത്തോടെ തന്നെ എല്ലാ കാര്യങ്ങളും ചെയ്തു

ഇപ്പോൾ ഉഷയുടെ സ്ഥിതി എന്താ? രമേശൻ നല്ലവനായിരുന്നു. അവൻ അവളെ പൊന്നു പോലെ നോക്കി. അവൾ ചെന്നതോടെ അവന് വെച്ചടി വെച്ചടി കയറ്റമായി. ഇപ്പോൾ ഈ റൂട്ടിലോടുന്ന എല്ലാ ബസ്സും അവരുടെയാണ്. വലിയൊരു തുണിക്കട, മൂന്നാലു സ്വർണ്ണക്കടകൾ, ടൌണിൽ ആശുപത്രി, വയനാട്ടിൽ കാപ്പിത്തോട്ടം. നിലാവിന്റെ കഷണം പോലെയുള്ള രണ്ട് ഓമനക്കുഞ്ഞുങ്ങൾ. രണ്ട് പേരും മെഡിക്കൽ കോളേജിൽ പഠിയ്ക്കുകയാണ്. അതു പിന്നെ അമ്മയുടെ മോളെ അത്ര ഭംഗിയായിട്ട്, കുടുംബത്തിന്റെ നിലവിളക്കായിട്ട്, ഒരു തുളസിക്കതിരിന്റെ പരിശുദ്ധിയോടെയാണ് അമ്മ വളർത്തിയത്. ചെന്നു കയറുന്നിടം അവൾ ഒരു സ്വർഗ്ഗമാക്കും. അല്ലാതെ

രണ്ടാമത്തവളെ ഒരു ഗൾഫുകാരൻ ഡോക്ടർക്ക് കൊടുക്കാൻ പറ്റിയത് രമേശന്റെ സഹായം കൊണ്ട് തന്നെയാണ്. അവൾക്കും സുഖവും സന്തോഷവുമാണ്. ഭർത്താവിന് അവളെ ജീവനാണ്. “ലതേന്ന് തികച്ച് വിളിക്കില്ല. സിനിമകളിലെപ്പോലെ കെട്ടിപ്പിടുത്തവും കൊഞ്ചലും തന്നെയാണ് ഏതു നേരത്തും. ഒരു മോനുള്ളതാണെങ്കിൽ നന്നായി പഠിയ്ക്കും . ചെസ്സു കളിയ്ക്കാൻ മിടുക്കൻ. അമ്മയും ചെറുപ്പത്തിൽ ചതുരംഗം കളിച്ചിരുന്നു. വാഴത്തണ്ട് മുറിച്ച് കരുക്കളുണ്ടാക്കി. അമ്മയുടെ അച്ഛനേയും മുത്തച്ഛനേയും ഒക്കെ കളിയിൽ തോൽ‌പ്പിച്ചിരുന്നു. ആ മിടുക്ക് പൌത്രനിൽ കാണാതിരിയ്ക്കുമോ?

മൂത്തവനെകൊണ്ടാണ് അമ്മ സുല്ലിട്ട് പോയത്. അവന്റെ തല എന്താണ് ഇങ്ങനെയായതെന്ന് ആലോചിച്ചിട്ട് അമ്മയ്ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. പിന്നൊരു വലിയ ഭാഗ്യമുണ്ടായത്, ഏറ്റവും ഇളയവൻ ചേട്ടനെപ്പോലെയായില്ല എന്നതാണ്. അവന്റെ തലയും കൂടി അതുപോലെ തിരിഞ്ഞു പോയിരുന്നെങ്കിൽ അമ്മയ്ക്കീ എയർ കണ്ടീഷൺ ചെയ്ത കിടക്ക മുറിയും ഇന്നോവാ കാറും യൂണിഫോമിട്ട ഡ്രൈവറും ഫുൾടൈം വേലക്കാരും ഒക്കെ സ്വപ്നം കാണാനല്ലേ പറ്റൂ?

ചെറിയവൻ അപ്പു നന്നായി പഠിച്ചു, അതിപ്പോൾ അമ്മേടെ മക്കളെല്ലാം അസ്സലായി പഠിയ്ക്കുന്നവർ തന്നെയായിരുന്നു. “ദാ, അങ്ങട് നീങ്ങി നിൽക്ക്എന്ന് ഒരാൾക്കും അവരെ അകറ്റാൻ സാധിക്കില്ല. നല്ല ബുദ്ധി സാമർഥ്യവും പെരുമാറ്റ മര്യാദയും ഈശ്വര ഭക്തിയും ഒക്കെയുള്ള മക്കളാണെല്ലാവരും. മൂത്തവൻ മാത്രം വെടക്കായിപ്പോയതു മുതൽ ഈശ്വരനില്ല എന്ന് തറപ്പിച്ച് പറയുമെങ്കിലും

ഇതാണ് അമ്മയുടെ ഒരു കുഴപ്പം. എന്താലോചിച്ചാലും ഒടുക്കം അമ്മ മൂത്തവനിൽ ചെന്നെത്തും. അത് മറ്റു മക്കളൊക്കെ എടുത്ത് പറയാറുമുണ്ട്. “അമ്മയ്ക്കെത്ര്യായാലും ചേട്ടനെ തന്ന്യാ കാര്യംന്ന്“, അമ്മേടെ ദണ്ണം അമ്മയ്ക്കല്ലേ അറിയൂ അപ്പുവിനോട് തോന്നുന്ന മാതിരി ഒരു സ്നേഹവും വാത്സല്യവും സ്വന്തമെന്ന വിചാരവും ഒന്നും അമ്മയ്ക്ക് മൂത്തവനോട് ഇല്ല. മക്കളോട് ഒരേ പോലെയാണു സ്ഥായി ഉണ്ടാവുകയെന്നൊക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്ന കള്ളത്തരമാണെന്ന് അമ്മയ്ക്കറിയാം. എങ്കിലും മൂത്തവനെ മനസ്സിൽ നിന്ന് പറിച്ചു കളയാനും പറ്റുന്നില്ല. അമ്മയെ അപ്പാടെ തോൽ‌പ്പിച്ചു തൊപ്പിയീടിച്ചവനെ എങ്ങനെയാണ് മറക്കാൻ കഴിയുന്നത്?

അപ്പു മോൻ പഠിച്ചു, കമ്പ്യൂട്ടർ എൻജിനീയറായി, പഠിപ്പിയ്ക്കാൻ വന്ന ചെലവ് രമേശനാണ് എടുത്തത്. കാര്യം ജോലിയൊക്കെ ആയപ്പോൾ അപ്പു കാശ് തിരിച്ചുകൊടുത്തുവെങ്കിലും ആവശ്യത്തിനുപകരിയ്ക്കാൻ രമേശൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ നന്ദി അപ്പുമോന് എന്നും രമേശനോട് ഉണ്ട്. അതു പിന്നെ വന്ന വഴി മറക്കരുതെന്ന് പഠിപ്പിച്ചാണ് അമ്മ മക്കളെ വളർത്തിയിട്ടുള്ളത്. ആ മെച്ചം ഇല്ലാതിരിയ്ക്കുമോ

അപ്പു മോൻ സമ്പാദിയ്ക്കാൻ തുടങ്ങിയപ്പോഴാണ് രൂപയുടെ പളപളപ്പും അതു തരുന്ന സൌഭാഗ്യങ്ങളും എന്താണെന്ന് അമ്മ ശരിയ്ക്കും കണ്ടത്. അവൻ വീട് പുതുക്കിപ്പണിയിച്ചു, കാറു മേടിച്ചു. അമ്മയേയും അച്ഛനേയും കൂട്ടിക്കൊണ്ട് യാത്രകൾ ചെയ്തു. ഏ സി കാറിലും ട്രെയിനിലും വിമാനത്തിലുമെല്ലാം അവന്റെ കൂടെ അമ്മ ഞെളിഞ്ഞിരുന്നു. പഞ്ച നക്ഷത്ര ഹോട്ടലുകളിൽ നിന്ന് ആഹാരം വാങ്ങിക്കഴിച്ചു. ഈ പ്രപഞ്ചത്തിലെ സകല സാധനങ്ങളും നിരത്തി വെച്ചിരിയ്ക്കുന്ന പല നിലകളിലുള്ള കടകളിൽ പോയി അരീം പച്ചക്കറീം സാരികളും ഒക്കെ മേടിച്ചു. എന്തുവേണം എന്ന് അമ്മ വെറുതെ ചൂണ്ടിപ്പറഞ്ഞാൽ മതി അത് അപ്പു സാധിച്ചുകൊടുക്കും

പഴയ കാലത്ത് തന്നെ നാട്ടിലെ സ്ഥാനികളായിരുന്ന വലിയ കുടുംബത്തിലെ താരക്കുട്ടി അപ്പു മോനെ മോഹിയ്ക്കുന്നുവെന്ന് കേട്ടപ്പോൾ, ഈ സന്തോഷമൊക്കെ ഒറ്റ നിമിഷം കൊണ്ട് ആവിയായി. അമ്മ പേടിച്ചു വിറച്ചു. ആനയും അമ്പാരിയും കുതിരക്കുട്ടീം ഒക്കെ ഇപ്പോഴും കൈവശമുള്ള അവർ, പണ്ടു കാലത്ത് കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന കൂട്ടരാണ്. അവർ വിചാരിച്ചാൽ ഇക്കാലത്തും ഒരാളെ തല്ലിക്കൊല്ലിച്ച് കേസൊതുക്കാനൊക്കെ കഴിയും. അമ്മ ദൈവങ്ങളെ വിളിച്ച് കരഞ്ഞ് പ്രാർഥിച്ചു. അപ്പു മോനെ കാത്തോളണേ! ആ പെൺകുട്ടിയ്ക്ക് വേണ്ടാത്തതൊന്നും തോന്നല്ലേ…….. അവൾ അപ്പു മോന്റെ കൂടെ കോളേജിൽ ഒന്നിച്ച് പഠിച്ചപ്പോഴുണ്ടായ ഇഷ്ടമാണ്. അവളാണെങ്കിൽ വീട്ടിലാരോടും ഒന്നും പറയാതെ ഗുരുവായൂരു പോയി നാൽ‌പ്പത്തൊന്നു ദിവസം ഭജനം പാർക്കുകയാണ് ചെയ്തത്! ഒടുക്കം അറിഞ്ഞു കേട്ടു വന്നപ്പോഴെന്താഅവൾക്ക് അപ്പു മോന്റെ കൂടെ ജീവിച്ചാൽ മതി. ഗുരുവായൂരപ്പൻ നാരായണമേനോന്റെ സ്വപ്നത്തില് വന്ന് അപ്പുവിന്റെ മുഖം കാണിച്ചു കൊടുത്തപ്പോൾ പിന്നെ ആർക്കാണ് എതിർക്കാൻ പറ്റുന്നത്?

തങ്കമാണ് താരക്കുട്ടി. പട്ട് പോലത്തെ സ്വഭാവം! “അമ്മേന്ന് വിളിയ്ക്കുന്നത് കേട്ടാൽ തേൻ ചിന്തും. സ്വത്തുള്ള വീട്ടിലെ കുട്ടിയാണെന്നതിന്റെ ഒരു അഹങ്കാരവും ഇല്ല. അതിപ്പോൾ താരക്കുട്ടീടെ വീട്ടിലും ആരും അമ്മയോടോ അച്ഛനോടോ മോശമായിട്ട് പെരുമാറിട്ടില്ല. അവരൊക്കെ നിറകുടം മാതിരിയാണ്. ആരെന്തു ചോദിച്ചാലും അപ്പോൾ എടുത്ത് കൊടുക്കും. മന്ത്രിമാരും സിനിമക്കാരും ഒക്കെയായിട്ട് ആകെയൊരു തിരക്കാണ് ആ വീട്ടില് ഏതു നേരത്തും എന്നൊരു പ്രശ്നമേയുള്ളൂ. ഒരു നേരം മറ്റാരുടേയും തിരക്കില്ലാതെ ഭക്ഷണം കഴിയ്ക്കാനോ ഇത്തിരി സമയം സ്വൈരമായി ബന്ധുക്കളുമായി സംസാരിച്ച് രസിച്ചിരിയ്ക്കാനോ അവസരമുണ്ടാവില്ല

താരക്കുട്ടി വീട്ടിൽ വന്നത് അമ്മയ്ക്ക് ഒരു ഓണം വന്നതിലും സന്തോഷം.. അവളു വന്നതേ ഭാഗ്യം കൊണ്ടാണ്. നാലാം കല്യാണത്തിന്റന്ന് കിട്ടീ അപ്പൂനും അവൾക്കും അമേരിയ്ക്കേല് വലിയ ജോലി. അപ്പു മാസാമാസം അമ്മയ്ക്ക് അമ്പതിനായിരം രൂപയാണ് ഇപ്പോൾ അയച്ച് തരുന്നത് , പോക്കറ്റ് മണീ എന്നാണ് അവൻ പറയുന്നത്. പണ്ടത്തെ അച്ഛനെ പോലെ ആ രണ്ടുറുപ്പിക എന്തു ചെയ്തു, ചീരയും കാന്താരിയും വിറ്റപ്പോ കിട്ടിയ കാശെവിടെ പിച്ചക്കാരിയ്ക്ക് പത്തു പൈസ കൊടുത്തതെന്തിനാഅങ്ങനെയുള്ള എച്ചിക്കണക്കൊന്നും അവൻ ചോദിയ്ക്കില്ല. വെറുതെയാണോ അച്ഛൻ മുക്കിലിരിയ്ക്കുന്ന കാലൻ കുട പോലെ ഒതുങ്ങിയത്! ഇപ്പോൾ ഒച്ചയെടുക്കലും പേടിപ്പിയ്ക്കലും ഒന്നുമില്ല. അച്ഛനോട് വീട്ടു ചെലവിന് കാശ് ഇരക്കേണ്ട സ്ഥിതി അമ്മയ്ക്കില്ലാതായില്ലേ……. രണ്ട് പൊന്നിൻ കുടം മാതിരിയുള്ള പെൺകുട്ടികളാണ് അപ്പുവിനും താരക്കുട്ടിയ്ക്കും. “അച്ഛമ്മേന്ന് വിളിയ്ക്കുന്നതിന് കൊടുക്കണം ഒരു ചെപ്പുകുടം നിറയെ പൊന്ന്. അത്രയ്ക്ക് ഓമനത്തമാണ്എന്താ ഇംഗ്ലീഷ്! അവരെപ്പറ്റി ആലോചിയ്ക്കുമ്പോൾ അമ്മയ്ക്ക് മേലാകെ വാത്സല്യം കൊണ്ട് പൊട്ടിത്തരിയ്ക്കും. എന്നെന്നും അവര് സുഖമായിരിക്കണേ എന്ന് അമ്മ പ്രാർഥിയ്ക്കാത്ത ദൈവങ്ങളില്ല.

അച്ഛന്റെ കാൽ‌പ്പെരുമാറ്റം കേട്ടപ്പോൾ അമ്മ അറിയാതെ കണ്ണു തുറന്നു പോയി.

എന്താ, ഇടയ്ക്കിടെ വന്ന് പറയണോ മൂത്തമോൻ വരും വരുംന്ന്, അല്ലാണ്ട് ഒറക്കം വരണില്ലേ?“

നീ വെറുതെ വഴക്കിന് വരണ്ട, അവന്റെ സ്ഥലത്ത് എന്തൊക്കെയോ കൊഴപ്പം നട്ക്ക്ണ്ട്. അവ്ടെയൊക്കെ പോയി ജോലി ചെയ്യണ ഒരു ഡോക്ടറെ പോലീസ് പിടിച്ചോണ്ട് പോയിട്ട്ണ്ട്. അയാൾക്ക് ആരോ ചെല കൊശവന്മാരൊക്ക്യായി ബന്ധണ്ട്ത്രെ. ഇനി നമ്മ്ടെ മോന് വല്ല കൊഴപ്പോം വരോന്നാ. ഒന്നുണ്ടാവില്ലാന്നറിയാം, എന്നാലും വെറുതേ ഒരു ആധി എന്റെ സാവൂ

അമ്മയ്ക്ക് അരിശം കൊണ്ട് കണ്ണു കാണാതായി.

കൊഴപ്പ്ം വരോന്ന് ചോദിച്ചാ ഞാനെന്താ തട്ടകത്തെ ദേവിയാ ഉത്തരം പറയാൻ? സർക്കാരിന് ഇഷ്ടാവാത്ത കാര്യങ്ങള് ചെയ്താ കൊഴപ്പം വരും. ഓരോന്ന് ചെയ്യുമ്പോഴും അതിന്റെ ഭവിഷ്യത്ത് ആലോചിയ്ക്കണം. അല്ലാണ്ട് ആ ആദിവാസി മൂശ്ശേട്ടപ്പെണ്ണിനേം കൊണ്ട് ഇത്തറവാട്ടില് വന്നപ്പോ ഞാൻ ക്ഷമിച്ച മാതിരി സർക്കാര് ക്ഷമിയ്ക്കോ ഇഷ്ടല്യാത്ത കാര്യങ്ങള് ചെയ്താല്?“

ഞാനൊന്നും ചോദിച്ചൂല്യാ പറഞ്ഞൂല്യാ.. “ അച്ഛൻ തല കുടഞ്ഞുകൊണ്ട് മുറി വിട്ടു പോയെങ്കിലും അമ്മയുടെ ക്ഷോഭം അടങ്ങിയില്ല

ഇങ്ങനെ ഒരു കാര്യം പറയാൻ കിട്ടിയ സമയം. അമ്മ ഇത്തിരി നേരം കണ്ണടച്ച് കിടക്കുമ്പോൾ തന്നെ വേണം. ഇനി അമ്മയ്ക്ക് സമാധാനം കിട്ടുമോ? ക്ഷോഭിച്ച് എന്തെങ്കിലും വെളിച്ചപ്പെടുന്ന മാതിരിയാണോ അപകടം വരുമോ അപകടം വരുമോ എന്ന് ആധിപ്പെട്ട് കഴിയുന്നത്?

ഏതു ശാപം പിടിച്ച നേരത്താണ് അവൻ അമ്മയുടെ വയറ്റിലൂറിയത് ! പഠിത്തം കഴിഞ്ഞ് നല്ല ജോലിയ്ക്ക് പോയി മാനമായി കുടുംബം നോക്കുന്നതിനു പകരം ആദിവാസികളെ നന്നാക്കാനല്ലേ അവൻ പോയത്? അവർക്കാണത്രേ അവനെക്കൊണ്ട് ആവശ്യം. അവരെ പഠിപ്പിയ്ക്കണം, ചികിത്സിയ്ക്കണം, കൃഷി ചെയ്യാൻ സഹായിയ്ക്കണം, കോടതിയിലും പോലീസിന്റടുത്തും എല്ലാം അവർക്കായി വാദിയ്ക്കണം, അവർക്ക് തൊഴിൽ പരിശീലനം കൊടുക്കണം, അങ്ങനെ അവരേയും കൂട്ടി വീടും സ്കൂളും ആശുപത്രിയും വായനശാലയും വഴിയും പാലവും ഉണ്ടാക്കണം . പത്തുമാസം ചുമന്ന് അവനെ പെറ്റുവളർത്തിയ ഈ അമ്മയ്ക്കും അച്ഛനും വേണ്ടി അവന് ഒന്നും ചെയ്യാനില്ല. അവരുടെ ഒരു മോഹവും സാധിപ്പിയ്ക്കാനില്ല.

അമ്മയും അച്ഛനും സാമാന്യം സുഖമായി തന്നെയാണ് ജീവിയ്ക്കുന്നതെന്നും കഷ്ടപ്പെടുന്ന ഒരു കാലം വന്നാൽ അന്ന് നോക്കിക്കോളാമെന്നും പറഞ്ഞ് തലയുയർത്തിപ്പിടിച്ച് തിരിഞ്ഞു നോക്കാതെ ഉറച്ച കാൽ വെപ്പുകളോടെ പടി കടന്ന് പോയവൻ. എങ്ങനെയാണ് അവനു ഇത്ര കരിങ്കല്ലു പോലയുള്ള മനസ്സുണ്ടായതെന്ന് അമ്മയ്ക്കിപ്പോഴും രൂപമില്ല

എന്നിട്ടെന്താ? അവൻ ആദിവാസികളുടെ കൂടെയായി താമസവും ഭക്ഷണവും ഒക്കെ. ഇപ്പോൾ അവനെ കണ്ടാലും അവറ്റയെ പോലെയുണ്ട്. കറുത്ത് കരിവാളിച്ച്, പരുപരാന്നു തലമുടിയും ചെമ്പിച്ച താടിയും ഒക്കെയായി……… വീട്ടിൽ പുറം പണിയ്ക്ക് വരുന്ന വയസ്സൻ ചെറുമൻ പോലും അവനേക്കാളും എത്രയോ ഭേദം!

ആദിവാസികൾക്ക് കുരുതി കൊടുക്കാനാണ് അവനെ പ്രസവിച്ചതെന്ന് അമ്മയ്ക്ക് ഉറപ്പായത്, ആ മൂശ്ശേട്ടപ്പെണ്ണിനേയും ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് അവൻ വന്നു കയറിയപ്പോഴാണ്. അതാലോചിയ്ക്കുമ്പോൾ തന്നെ അമ്മയ്ക്ക് ശരീരം വിറയ്ക്കും. ആദിവാസിപ്പെണ്ണുങ്ങളോട് പോലീസുകാരും നാട്ടുകാരും ഒക്കെ വൃത്തികേട് കാണിയ്ക്കുമത്രെ! അമ്മയ്ക്ക് അതു കേട്ടിട്ട് ചിരിയാണ് വന്നത്. അവറ്റയെ കണ്ടാലും തോന്നുമല്ലോ അങ്ങനെ ഓടിച്ചെന്ന് വൃത്തികേട് കാണിയ്ക്കാൻ.. അശ്രീകരങ്ങള്! പോലീസുകാർക്കും നാട്ടുകാർക്കുമൊന്നും വേറെ പെണ്ണുങ്ങളെ കിട്ടാത്തതു പോലെ. ഈ നുണയൊക്കെ അവൻ എന്തിനാണ് പറഞ്ഞു കൂട്ടിയതെന്ന് പിന്നീടാണ് അമ്മയ്ക്ക് മനസ്സിലായത്. അങ്ങനെ ഒരു അവസ്ഥയിൽ നിന്ന് അവൻ രക്ഷപ്പെടുത്തിയതാണ് ആ പെണ്ണിനെ! മാത്രമല്ല ഇപ്പോൾ കൂടെ താമസിപ്പിച്ചിരിയ്ക്കുകയുമാണ്. അവനൊരച്ഛനാണെന്നും കൂടി പറഞ്ഞ് കേട്ടപ്പോൾ അമ്മ വലിയ വായിലെ കരഞ്ഞു പോയി. ഇതിനാണോ അമ്മ അവനെ പൊന്നു പോലെ വളർത്തിയത്? ആ മൂശ്ശേട്ട പെണ്ണിന്റൊപ്പം എങ്ങനെയാണ് അവന് അന്തിയുറങ്ങാൻ പറ്റുന്നത്? ആ കുട്ടിച്ചാത്തൻ കുട്ടി അച്ഛാ എന്ന് വിളിയ്ക്കുമ്പോൾ വാരിയെടുത്ത് അച്ഛന്റെ മുത്തേഎന്ന് കൊഞ്ചിയ്ക്കാൻ തോന്നുന്നത്?

കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപമായിരിയ്ക്കും അവറ്റ ഇങ്ങനെ ജനിയ്ക്കാൻ കാരണം എന്നൊക്കെ അമ്മ അവനോട് വിശദീകരിച്ചു നോക്കി. അതിന് ഈ ജന്മം ഈശ്വരവിചാരത്തോടെ അവരവർക്ക് വിധിച്ച ജോലി ചെയ്ത് കഴിഞ്ഞു കൂടുകയാണ് വേണ്ടത്. അല്ലാതെ നല്ല വീട്ടിൽ പിറന്ന ആൺകുട്ടികളെ കണ്ണുകാട്ടി വശത്താക്കുകയല്ല. പോലീസുകാര് അമ്മയുടെ വീട്ടിലൊന്നും വരുന്നില്ലല്ലോ പെണ്ണുങ്ങളെ ഉപദ്രവിയ്ക്കാൻ. ആദിവാസികളുടെ അടുത്ത് മാത്രമായിട്ട് അവരെന്തിനാണ് പോകുന്നത്? ആ പെണ്ണുങ്ങൾക്ക് രക്ഷിയ്ക്കണേ എന്നു അലറിക്കരഞ്ഞ് റോഡിലേയ്ക്കിറങ്ങിപ്പോയ്ക്കൂടേ? മര്യാദയ്ക്ക് മൂടി മറച്ച് നടക്കുന്ന ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളെ ദ്രോഹിയ്ക്കാനൊന്നും ഒരാണിനും പറ്റില്ല. ആ മാതിരി മണ്ടത്തരമൊക്കെ വിശ്വസിയ്ക്കാൻ അവനേ പറ്റൂ, അമ്മയെ അതിന് കിട്ടില്ല.

അവൻ ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞതെല്ലാം കേട്ടു. “അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിയ്ക്കട്ടെ എന്ന് വീണ്ടും ചിരിച്ചു.

അങ്ങനെ മണ്ണിന്റെ നിറമുള്ള ഒരു കുട്ടിച്ചാത്തൻ കുട്ടിയും കറുപ്പ് നിറത്തിൽ ഒരു അശ്രീകരം പിടിച്ച പെണ്ണും അമ്മയുടെ ബന്ധുക്കളായിത്തീർന്നു. അമ്മയ്ക്ക് അപമാനം കൊണ്ട് മരിച്ചുപോകുന്നതു മാതിരിയായിരുന്നു. ആ കുട്ടിയെ പലവട്ടം സൂക്ഷിച്ചു നോക്കിയിട്ടും മകന്റെ ച്ഛായ അമ്മ കണ്ടില്ല, ആ പെണ്ണിന്റെ ച്ഛായയുമില്ല. ഇനി വല്ല പോലീസുകാരന്റെയും വിത്തായിരിയ്ക്കുമോ? ആ കുട്ടി അച്ചമ്മേ എന്ന് വിളിയ്ക്കുമ്പോൾ അമ്മയ്ക്ക് അട്ട ദേഹത്തിഴയുന്ന വിമ്മിട്ടമാണ്. ഒരു സന്തോഷവും ഉണ്ടാകാറില്ല. അച്ഛനും കാര്യം അങ്ങനെയൊക്കെത്തന്നെയാണെന്ന് അമ്മ മനസ്സിലാക്കിയിട്ടുണ്ട്. അല്ലെങ്കിൽ ആ കുട്ടി അച്ഛച്ഛാ എന്ന് വിളിയ്ക്കുമ്പോൾ എന്താഎന്ന് വിളി കേൾക്കാൻ എപ്പോഴും ഇത്ര അമാന്തിയ്ക്കുന്നതെന്തിനാ

 ബന്ധുക്കളൊക്കെ അമ്മയെ പറ്റി എത്ര മോശമായിട്ടാവും വിചാരിയ്ക്കുന്നുണ്ടാവുക എന്നാലോചിയ്ക്കുമ്പോൾ അമ്മയ്ക്ക് ഹൃദയം പൊട്ടും. എന്തു നിലയും വിലയുമായിരുന്നു! എന്തു ബഹുമാനമായിരുന്നു! “സാവിത്രി ചേച്ചി നല്ല മിടുക്കിയാ, എന്താ കാര്യപ്രാപ്തി, കണ്ടു പഠിയ്ക്കണം എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവർ ഇപ്പോൾ എന്തായിരിയ്ക്കും ഉള്ളിൽ പറയുന്നുണ്ടാവുക?

അവനൊരുത്തൻ കാരണം എല്ലാം നശിച്ചു

അവനെ എൻജിനീയറിംഗ് പഠിപ്പിച്ചിട്ട് ആർക്കെന്തു പുണ്യമാണു കിട്ടിയത്?

എന്നാലും അവൻ നശിച്ചു പോട്ടെ എന്ന് വിചാരിയ്ക്കാൻ അമ്മയ്ക്ക് പറ്റുന്നില്ല. അവൻ നന്നായാൽ ഗുണമൊക്കെ വല്ല നാട്ടിലും കിടക്കുന്ന നാശം പിടിച്ച ആദിവാസിക്കൂട്ടത്തിനാണെങ്കിലുംഅവനെ പെറ്റുപോയില്ലേ അമ്മ? തൊണ്ടയിലെ ഉണങ്ങാത്ത വ്രണം മാതിരിയാണെങ്കിലും അവൻ മൂത്ത മകനാണ്.ആദ്യം അമ്മിഞ്ഞ കുടിച്ചതവനാണ്. ആദ്യം അമ്മ എന്ന് വിളിച്ചത് അവനാണ്…….

20 comments:

  1. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം ഒരുപാധികളുമില്ലാത്തതാണോ... അമ്മമാര്‍ ഇങ്ങനേയും ആലോചിക്കാറില്ലേ....

    അപ്പോള്‍ പിന്നെ .....

    ReplyDelete
  2. മക്കളോടുള്ള സ്നേഹാധിക്യം കൊണ്ട് എല്ലാ അമ്മമാരും ഇങ്ങനെയൊക്കെ ചിന്തിച്ചെന്ന് വരും ..കണ്ണിലെണ്ണയൊഴിച്ച് അണയാതെ മിഴിത്തിരി വെട്ടത്തില്‍ കയ്യു വളരുന്നതും കാലു വളരുന്നതും നോക്കുമ്പോള്‍ മക്കളുടെ മനസ്സ് വളരുന്നതും വളര്‍ന്നു വാനോളം തിടം വെക്കുന്നതും അമ്മമാര്‍ അറിയാറില്ല..കഥാകാരിക്ക് ഭാവുകങ്ങള്‍ അമ്മ മനസ്സിന്റെ നേര്‍ ചിത്രം കോറിയിട്ടതിനു !!!

    ReplyDelete
  3. അമ്മമാർക്ക് മക്കളെയെല്ലാം ഒരുപോലെയല്ലെ സ്നേഹിക്കാനാവൂ..?

    ReplyDelete
  4. എല്ലാ അമ്മ മനവും ഒരു പോലെ.

    ReplyDelete
  5. എല്ലാ അമ്മമാര്‍ക്കും എല്ലാ മക്കളും ഒരുപോലല്ല . ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും സ്നേഹത്തിന്റെ കാര്യത്തില്‍ ( ബാഹ്യമായി അത് പ്രകടിപ്പിച്ചില്ലെങ്കിലും ) . വലിയവീടും , കാറും , സുഖസൌകര്യങ്ങളും ഉള്ള മക്കളാണ് പൊതുവേ മാതാപിതാക്കളുടെ കണ്ണിലുണ്ണികള്‍ . അവര്‍ ജീവിക്കാന്‍ അറിയുന്നവരും ബുദ്ധിമാന്‍മാരുമത്രേ . സമൂഹത്തിനു വേണ്ടി ജീവിക്കുന്ന മക്കള്‍ എത്ര നല്ല മനസ്സുള്ളവര്‍ ആയാലും അത് കാണാനും , മനസ്സിലാക്കാനുമുള്ള ലോകപരിചയവും മനസ്ഥിതിയും ഉള്ള അമ്മമാര്‍ വളരെ കുറവ് . ഒരല്പം വലിച്ചു നീട്ടിയെങ്കില്‍ക്കൂടി അമ്മയുടെ മനസ്സ് നന്നായി വായിക്കാനായി .

    ReplyDelete
  6. എല്ലാ അമ്മമാര്‍ക്കും എല്ലാ മക്കളും ഒരുപോലല്ല . ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും സ്നേഹത്തിന്റെ കാര്യത്തില്‍ ( ബാഹ്യമായി അത് പ്രകടിപ്പിച്ചില്ലെങ്കിലും ) .


    ശരിയായ നിരീക്ഷണം.

    കഥ കൊള്ളാം

    ReplyDelete
  7. തുടര്‍ന്നു പോരുന്ന അലിഖിതമായ കുറെ നിയമങ്ങളും ആചാരങ്ങളും അനുസരിച്ച് മനുഷ്യന്‍ സമൂഹത്തിലെ നിലയ്ക്കും വിലയ്ക്കും ചില മാനങ്ങള്‍ കല്പിച്ച് ജീവിക്കുന്ന അവസ്ഥയാണിപ്പോള്‍ . വലിയ വായില്‍ പലതും വിളിച്ചു പറയുമ്പോഴും കഥയിലെ അമ്മയുടെ മനസ്സോടെ കഴിയുന്നവരാണ് അധികവും. എന്റെ , എനിക്ക് എന്ന ഭാവം എന്നെങ്കിലും ഇല്ലാതായെങ്കില്‍ എന്ന്‍ ആഗ്രഹിക്കുന്നു.
    സ്വയം ഒരാത്മ പരിശോധനക്ക് ചൂണ്ട നീട്ടിയ കഥ നന്നായിരിക്കുന്നു.

    ReplyDelete
  8. Shariyennu thonnicha palathum undaayirunnu. Naduvil kurach kurukkiyirunnenkil kollaayirunnu ennu thonni. Shariyaanu,, pakshabhedangal,, athund..

    ReplyDelete
  9. നീലക്കുറിഞ്ഞിയുടെ വരവിനും അഭിപ്രായത്തിനും നന്ദി. ചില അമ്മ മനങ്ങള്‍ ഇങ്ങനെയുമുണ്ടാവും....
    എനിക്കു ഉറപ്പില്ല വി കെ. കാരണം സ്നേഹം പകുക്കുമ്പോള്‍ അളവുകള്‍ മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
    ആണോ റോസാപുവേ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം കുഞ്ഞിനെ കൈയിലെടുത്ത് കൊഞ്ചിക്കുമ്പോളൊരു പിച്ചക്കാരി കുഞ്ഞു വന്നാല്‍ ആട്ടിയകറ്റുന്ന അമ്മമാരും ഉണ്ട്. ട്രെയിനുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇതൊരു പതിവ് കാഴ്ചയാണ്. തന്‍റെ കുഞ്ഞിനു പിച്ചക്കാരി കുഞ്ഞിന്‍റെ കണ്ണു കിട്ടിയാലോ എന്നാണ് ഭീതി. റോസാപ്പൂവിനെ കണ്ടതില്‍ സന്തോഷം കേട്ടോ.



    ReplyDelete
  10. ആമി അലവിയുടെ കമന്റ്‌ ഇഷ്ടമായി.
    ഒന്നു പറയട്ടെ, അമ്മയാവാത്ത അമ്മമാര്‍ക്ക് എല്ലാ മക്കളും ഒരുപോലെ.

    ReplyDelete
  11. എല്ലാ അമ്മമാര്‍ക്കും എല്ലാ മക്കളും ഒരുപോലല്ല . ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും സ്നേഹത്തിന്റെ കാര്യത്തില്‍ ( ബാഹ്യമായി അത് പ്രകടിപ്പിച്ചില്ലെങ്കിലും ) .

    ReplyDelete
  12. അമ്മമാർക്ക് പുത്രസ്നേഹം അല്പം കൂടുമെന്ന് കേട്ടിട്ടുണ്ട്,
    പ്രത്യേകിച്ച് കടിഞ്ഞൂൽ പുത്രനോട് (അനുഭവം സാക്ഷി )

    മക്കൾ മുതിർന്നാൽ പിന്നെ തിരിച്ചുനൽകലുകൾ അനുസരിച്ച് ,
    ഏതമ്മമാർക്കും മക്കൾ സ്നേഹങ്ങൾ അവരവരുടെ മനം പോലെയിരുക്കും
    എന്നൊതൊരു വാസ്തവമല്ലേ...?

    ReplyDelete
  13. നല്ല കഥ എച്മു ... അമ്മ മനം തുറന്നെഴുതി..

    ReplyDelete
  14. ബിലാത്തിപ്പടണത്തിന്റെ അഭിപ്രായം കടം കൊള്ളുന്നു :
    "അമ്മമാർക്ക് പുത്രസ്നേഹം അല്പം കൂടുമെന്ന് കേട്ടിട്ടുണ്ട്,
    പ്രത്യേകിച്ച് കടിഞ്ഞൂൽ പുത്രനോട് (അനുഭവം സാക്ഷി )"

    ReplyDelete
  15. ഇന്നത്തെ കുടുംബങ്ങളിലെ അവസ്ഥ സത്യസന്ധമായി വിലയിരുത്തിയാൽ, ആമി അലവിയുടെ അഭിപ്രായമാണ് കൂടുതൽ അനുയോജ്യം..... കുടുംബത്തിലേയ്ക്ക് കൂടുതൽ സൗഭാഗ്യങ്ങളും, സമ്പത്തും നൽകുന്നവർതന്നെയാണ് ഇന്നും എല്ലാവരുടെയും കണ്ണിലുണ്ണി...

    കൂലിപ്പണിയെടുത്ത് അനിയന്മാരെ വളർത്തി വലുതാക്കി, ഇന്നും കഷ്ടതയിൽ ജീവിയ്ക്കുന്ന ഏട്ടൻ.. ആ ഏട്ടനെവിട്ട് അനിയന്റെ മാളികയിൽ ജീവിയ്ക്കുവാൻ താത്പര്യപ്പെടുന്ന മാതാപിതാക്കൾ,,,, ഇതൊക്കെ ഇന്നത്തെ സമൂഹത്തിലെ സാധാരണ കാഴ്ചകളൊക്കെത്തന്നെയല്ലെ....

    ഇവിടെയും, സമൂഹത്തിനുവേണ്ടി ജീവിയ്ക്കുന്ന മകൻ, അതിനുവേണ്ടി അനുഭവിയ്ക്കുന്ന കഷ്ടപ്പാടോർത്തല്ലല്ലോ അമ്മ വിഷമിയ്ക്കുന്നത്.... തന്റെ മറ്റുമക്കളുടെ നിലയ്ക്കും, വിലയ്ക്കുമൊപ്പം അവൻ വളർന്നില്ല എന്നതല്ലേ ഈ അമ്മയുടെ ദു:ഖം.......

    ReplyDelete
  16. ആമി അലവിയുടെ അഭിപ്രായത്തിനു നന്ദി. അമ്മമാരുടെ സ്നേഹത്തില്‍ പണവും സമൂഹത്തിലെ ഉന്നത നിലയും ഒക്കെ പ്രധാനഘടകങ്ങള്‍ തന്നെയാണ്. അതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചതും. ഇനിയും വായിക്കാന്‍ വരുമല്ലോ.
    അജിത്തേട്ടന്‍,
    രാംജി,
    ലിഷാന,
    സുകന്യ,
    മൌനം,
    മുരളീ ഭായ്,
    അശ്വതി,
    കലാവല്ലഭന്‍ എല്ലാവര്‍ക്കും നന്ദി.
    ഷിബുവിനെ ഇപ്പോള്‍ കാണാറേയില്ല.എന്നെ മറന്നുവെന്നാണ് ഞാന്‍ കരുതിയത്. അഭിപ്രായം തികച്ചും പ്രസക്തവും സത്യസന്ധവുമാണ്. പക്ഷഭേദം, ധനാശ, ഗതികേട്ടവരോടുള്ള വെറുപ്പ്, ഉയര്‍ന്നവരോടുള്ള ആഭിമുഖ്യം,താന്‍ ചെയ്ത ജോലികളെയും അനുഷ്ഠിച്ച ത്യാഗങ്ങളേയും പറ്റിയുള്ള കണക്ക് പറച്ചില്‍ ഇതെല്ലാമുള്ള ഒരു അമ്മ കഥാപാത്രം...




    ReplyDelete
  17. വളരെ നല്ല കഥ. ആശംസകള്‍

    ReplyDelete
  18. ശീലിച്ചതേ പാലിക്കൂ എന്നില്ലേ. ആ അമ്മ അങ്ങനെയൊക്കെയാണ് വളർന്നത്‌ കുറ്റം പറയാൻ പറ്റുമോ? ഒരു ആദിവാസിയെ എന്റെ മോൻ കൂട്ടി കൊണ്ട് വന്നാൽ (അതും ഒരു കുട്ടിയുമായി) ഞാൻ ക്ഷമിക്കില്ല. എല്ലാ കാര്യവും നേരിട്ട് പറഞ്ഞു നല്ല നിലയിൽ കല്യാണം കഴിച്ചാൽ വേണ്ടില്ല.

    ReplyDelete
  19. kakkakku than kunju ponkunju
    good chechy

    ReplyDelete