Tuesday, July 9, 2013

എന്‍റെ പാചക പരീക്ഷണങ്ങള്‍


(26 06 2012 ന് ഫേസ്ബുക്കില്‍  പോസ്റ്റ് ചെയ്തത്.) 

വായിക്കുമ്പോള്‍ ഒരു  ഘനമൊക്കെ ഇല്ലേ?  ഗാന്ധിജിയെ  ഓര്‍മ്മ വരുന്നില്ലേ....

അപ്പോള്‍  പാചകം  പകുതി  വിജയിച്ചു. 

വളരെ ചെറുപ്പത്തില്‍ അതായത് ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ ഉഷാറായി പഠിത്തമൊക്കെ തുടങ്ങുന്ന  പ്രായത്തില്‍  അടുക്കളയിലെ അതി വേഗ  പാചകം,  സ്വീകരണ മുറി ചെലവ് കുറച്ച്  എങ്ങനെ ഒരുക്കാം എന്നൊക്കെ പരീക്ഷിച്ചു നിരന്തരം  തോല്‍ക്കാന്‍ നിരബന്ധിക്കപ്പെട്ട ഒരു  ഹതഭാഗ്യയാണ് ഞാന്‍... ( ഈ വരി വായിക്കുമ്പോള്‍ ഒരു ഇഫക്റ്റിനു പശ്ചാത്തലത്തില്‍ ഒരു ശോക ഗാനം  മൂളണം കേട്ടോ. ഏതു ഭാഷയായാലും വേണ്ടില്ല.... ശോകം,  പശി , രോഗം, വേദന ഇതൊക്കെ  ലോകം മുഴുവന്‍ ഒരു  പോലെയാകുന്നു. ജാതി, മതം, രാജ്യം, ആണ്, പെണ്ണ്   അതു പോലെയുള്ള വേര്‍ തിരിവുകള്‍  ഒന്നും  ഇല്ലാത്ത സമത്വ സുന്ദരമായ  ഒരു ഏര്‍പ്പാടാകുന്നു.  )

ഞാന്‍  ഒരു ഹതഭാഗ്യയാകാന്‍ ഒരുപാട്  കാരണങ്ങള്‍ ഉണ്ടായിരുന്നു. അതിലൊരു പ്രധാനപ്പെട്ട കാരണം.... ഇതാണെന്ന് പലരും പറയാറുണ്ട്... എനിക്കത്രയ്ക്കങ്ങ് വിശ്വാസം പോരാ.

എന്‍റെ പ്രിയതമന്‍  വലിയ  പഠിത്തവും  ചാക്കുകണക്കിനു അറിവുമൊക്കെ  ഉണ്ടെങ്കിലും  നമ്മുടെ  പിന്‍തിരിപ്പന്‍ മൂരാച്ചി പരട്ട പളുങ്കൂസന്‍ ഗവണ്‍മെന്‍റ് ഉദ്യോഗത്തിനൊന്നും  പോകാന്‍ കൂട്ടാക്കാത്ത സ്വന്തം  സ്വന്തം മാത്രം കഴിവില്‍  നയിച്ചു തിന്നുമെന്ന് കരിമ്പാറത്തീരുമാനം  എടുത്തിട്ടുള്ള ഒരു ആദര്‍ശ ഘടാഘടിയന്‍ ആയിരുന്നു. എന്നാല്‍  നമ്മുടെ  സമൂഹത്തിനു ഇക്കാര്യം വേണ്ട രീതിയില്‍ മനസ്സിലാക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല. അതുകൊണ്ട്  ആദര്‍ശങ്ങളൂടെ  ഏറ്റവും  പ്രസക്തമായ ഭാഗം എന്തും പൂര്‍ണമായും  ത്യജിക്കാനുള്ള കഴിവ് കഴിയുന്നത്ര  വര്‍ദ്ധിപ്പിക്കുക എന്നതാക്കി ഞങ്ങള്‍ക്ക് പരിവര്‍ത്തിപ്പിക്കണമായിരുന്നു. 

ഉദാഹരണത്തിനു...  എന്‍റെ  പാചക പരീക്ഷണങ്ങള്‍  എന്ന പുസ്തകത്തിലെ ദോശയും ചട്ണിയും എന്ന  പാചക ഭാഗം  വായിക്കുക. 

അരിയും ഉഴുന്നും  ശകലം  ഉലുവയും  ഇഞ്ചിയും  കരിവേപ്പിലയും അരച്ച്  ചേര്‍ത്ത്  നല്ലെണ്ണയോ  നെയ്യോ ഒഴിച്ച്  ചുടുന്ന ദോശയില്‍  അരിയൊഴികെ  ബാക്കി എല്ലാം പൂര്‍ണമായും  ത്യജിച്ച ശേഷം  അല്‍പം  തേങ്ങ  ചുരണ്ടി മിനുസമായി അരച്ച്  ഉപ്പും അരച്ച അരിയും ആവശ്യം പോലെ വെള്ളവും ചേര്‍ത്ത്  കനം കുറച്ച്  പരത്തി ദോശക്കല്ലിനെ പറ്റിക്കാന്‍ മാത്രം നല്ലെണ്ണ തൂത്ത ശേഷം  ദോശ ഉണ്ടാക്കാം.  ഈ സമയത്ത് ദോശക്കല്ല്  മുഖം വീര്‍പ്പിച്ചാല്‍ കിട്ടുന്നതാണ് ഹതഭാഗ്യ  വിളമ്പും തട്ടില്‍  കുട്ടി ദോശ....  

സവാള, ചുവന്നുള്ളി, തക്കാളി, പുളി, ചുവന്ന മുളക്, പച്ചമുളക്, നാളികേരം, ഉപ്പ്  എന്നിവയൊക്കെ ചേരും പടി ചേരുന്ന പോലെ ഉപയോഗിച്ച് ,  കടുകും ചുവന്ന മുളകും  കറിവേപ്പിലയും മറ്റും വെളിച്ചെണ്ണയില്‍  വറുത്തിട്ട് ഉണ്ടാക്കുന്ന  ചട്ണിയില്‍ ചുവന്ന മുളകും  സവാളയും  കറിവേപ്പിലയും വെളിച്ചെണ്ണയും ഉപ്പും   ഒഴികെ ബാക്കിയെല്ലാം ആദ്യമേ  പൂര്‍ണമായും  ത്യജിക്കുക. 

അടുത്തതായി സവാള  കുനുകുനെ അരിയുക,  ഉപ്പു ചേര്‍ത്തു പതുക്കെ ഒന്നു തിരുമ്മുക,  ചുവന്ന മുളകും കരിവേപ്പിലയും ചതച്ച ശേഷം തിളച്ച  വെളിച്ചെണ്ണയില്‍  മൂപ്പിച്ച്  ഉപ്പു ചേര്‍ത്തു തിരുമ്മിയ  സവാളയില്‍ ചേര്‍ത്താല്‍ ചട്ണി റെഡി. സവാള  അരിഞ്ഞു വെച്ച ശേഷം കഥയെഴുതാനിരുന്നാല്‍ അവസാനം കിട്ടുന്ന  ചട്ണിയാണ് ഹതഭാഗ്യ  വിളമ്പും കയ്പന്‍ ചട്ണി . 

ഇനി സ്വീകരണ മുറി ഒരുക്കാന്‍ വേണ്ടത്.... 

നാലു ഘനമുള്ള  കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഒരു പോലെയുള്ളത്... ഇന്ത്യാ മഹാരാജ്യത്തെ  മിക്കവാറും  എല്ലാ  സംസ്ഥാനങ്ങളിലേയും   ആക്രിക്കച്ചവടക്കാര്‍ എടുത്ത്  തരാറുണ്ട് ഒരു പുഞ്ചിരിയോടെ.... ആക്കിയുള്ള ചിരിയോടെ  എന്നു വേണമെങ്കിലും നിര്‍ബന്ധമാണെങ്കില്‍  പറയാം.

പഴയ പുസ്തകങ്ങള്‍,  പത്രം ... കീറിയ തുണികള്‍ അല്ലെങ്കില്‍  ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒക്കെയും  പെട്ടികളില്‍  ചേരും  പടി ( ഈ തെരഞ്ഞെടുപ്പ് അതി പ്രധാനമാണ് )  നിറച്ച് പെട്ടികള്‍ ഭംഗിയായി സീല്‍  ചെയ്ത് ആദ്യം ന്യൂസ് പേപ്പറിന്‍റെ  കറുത്ത അക്ഷരം നിറഞ്ഞ ഭാഗം കൊണ്ടും പിന്നെ  വര്‍ണച്ചിത്രങ്ങള്‍  ഉള്ള ഭാഗം കൊണ്ടും  പൊതിഞ്ഞ്  ഭംഗിയായി വശങ്ങള്‍ ഒട്ടിച്ച്   നിരത്തിയിട്ടാല്‍  ഇരിപ്പിടങ്ങളായി...  ആര്‍ഭാടം  പോരെങ്കില്‍ കോട്ടണ്‍  ദുപ്പട്ട കൊണ്ടോ ടര്‍ക്കി കൊണ്ടോ ലാസ്റ്റായും  ഫൈനലായും  പൊതിയാം. 

കുറച്ചു കൂടി വലിയ  പരന്ന  പെട്ടി  ഇതു പോലെ  തയാറാക്കി  സെന്‍റര്‍  ടേബിളാക്കാം...  അനവധി പരീക്ഷണങ്ങള്‍ക്കും  അതിലുണ്ടായ പെട്ടി  കീറല്‍,  ഇരിക്കുമ്പോള്‍  പെട്ടെന്ന്  പതുങ്ങി  അകത്തേക്ക്  കുഴിയല്‍ തുടങ്ങിയ  നിര്‍ഭാഗ്യങ്ങള്‍ക്കും ശേഷം  ഹതഭാഗ്യ  ഈ വിദ്യയില്‍   പേറ്റന്‍റ് എടുക്കുകയുണ്ടായി.    പേറ്റന്‍റിനു പെട്ടീരിയര്‍ ഡെക്കോറേഷന്‍ എന്നു  പറയും.

അപ്പോ ശരി..