Sunday, September 14, 2014

ഓർമ്മകൾ ഓടിയെത്തുമ്പോൾ



വെറുതെ വെറുതേ ഓർത്തുപോയി ബാല്യം ചങ്ങമ്പിള്ളി കുന്നിന് മുകളിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തിന്റെ അങ്കണത്തിന് പിന്നിൽ നിന്ന് തെക്കോട്ട് നോക്കുമ്പോൾ മണൽത്തിട്ടകൾക്ക് നടുവിലൂടെ ശാന്തമായി ഒഴുകുന്ന നിള കാലവർഷത്തിൽ ഇരുകരകളും നിറഞ്ഞ് സംഹാരരുദ്രയായി കലിതുള്ളി പായുന്ന നിള അൽപ്പം കൂടി കിഴക്കോട്ട് കണ്ണോടിച്ചാൽ ഓട്ടുകമ്പനിയുടെ പുകക്കുഴലുകൾക്കപ്പുറം പുഴയെ മുറിച്ച് കടന്ന് പോകുന്ന കുറ്റിപ്പുറം പാലം

വെറുതെ വെറുതേ എന്തിനോ അതെല്ലാം മനസ്സിലേക്കോടിയെത്തി
 
തിരുനാവായ സത്രക്കടവിൽ നിന്നും താഴേത്തറ വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരം റോബർട്ട് ചേട്ടന്റെ ടെയ്ലറിങ്ങ് കടയും കടന്ന് മുന്നോട്ട് പോകുമ്പോൾ ഇടത് വശത്ത് പഞ്ചായത്ത് ആപ്പീസ് പിന്നെ ഇരുവശവും കാറ്റിൽ തലയാട്ടി നിൽക്കുന്ന വയലേലകൾ വലത് ഭാഗത്തായി നവാമുകുന്ദാ ക്ഷേത്രത്തിലേക്കുള്ള ചെമ്മൺ പാത ആയിരങ്ങൾ പിതൃതർപ്പണത്തിന് കർക്കിടകവാവിന് ഒത്തുചേരുന്നത് നിളാതീരത്തെ ക്ഷേത്രത്തിനരികിലുള്ള കടവിലാണ് അൽപ്പം കൂടി നടന്നാൽ ഇടത്തോട്ട് ഒരു റോഡിന്റെ ആരംഭം എടക്കുളത്ത് സ്ഥിതി ചെയ്യുന്ന തിരുനാവായ റെയിൽ‌വേ സ്റ്റേഷനിലേക്കുള്ള പാതയാണത് ആതവനാട് വഴി വളാഞ്ചേരിയിലേക്കെത്തുന്നു ആ റോഡ്
 
പാടത്തിന് നടുവിലെ റോഡിലൂടെ കാഴ്ച്ചകൾ കണ്ട് നടപ്പ് തുടർന്നു തിരൂരിൽ നിന്നും കുറ്റിപ്പുറത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന സി.സി ട്രാൻസ്പോർട്ട് കമ്പനിയുടെ ഫാർഗോ ബസ്സുകളും വല്ലപ്പോഴും കടന്നുപോകുന്ന ടി.വി.എസ്സിന്റെ പാഴ്സൽ ലോറികളും അവയുടെ ഇടയിൽ രാജാവായി വാഴുന്നത് പരപ്പിൽ ട്രാൻസ്പോർട്സിന്റെ പുതിയ ടാറ്റ ബസ്സാണ് രാജാവിന്റെ ഗമയാണ് അതിലെ ഡ്രൈവർ ഹൈദ്രോസിന് ടി.വി.എസ്സിന്റെ പാഴ്സൽ ലോറി വരുന്നത് കാണുമ്പോൾ ഞങ്ങൾ കുട്ടികൾ നിവർന്ന് നിന്ന് അതിന്റെ ഡ്രൈവർക്ക് സല്യൂട്ട് കൊടുക്കും തിരികെ പ്രത്യഭിവാദ്യം നൽകുക എന്നത് ടി.വി.എസ്സിലെ ഡ്രൈവർമാരുടെ പ്രോട്ടോക്കോളിൽ പറഞ്ഞിട്ടുള്ളതാണ് അത് ലഭിച്ചുകഴിഞ്ഞാൽ സ്വർഗ്ഗം കിട്ടിയ പ്രതീതിയാണ് പിന്നെ ഞങ്ങൾക്ക്
 
താഴേത്തറയിൽ എത്തിയാൽ ഇടത്തോട്ട് കുന്നിൻ‌മുകളിലേക്കുള്ള ചെമ്മൺ പാതയിലൂടെയാണ് സ്കൂളിലേക്ക് തിരിയുന്നത് കയറ്റം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര കയറ്റം ഈ കയറ്റത്തെക്കുറിച്ചോർക്കുമ്പോൾ രസകരമായ ഒരു സംഭവമാണ് ഓർമ്മ വരുന്നത്
 
മാസങ്ങൾക്ക് ശേഷം ഈ കുന്നിൻ മുകളിലുള്ള ഒരു വാടക വീട്ടിലേക്ക് ഞങ്ങൾ താമസം മാറ്റിയ സമയം അന്നാണ് ആദ്യമായി അച്ഛൻ ഒരു മോട്ടോർ സൈക്കിൾ വാങ്ങിയത് ഒരു പഴയ റോയൽ എൻ‌ഫീൽഡ് KLD-5725 ആയിരുന്നു എന്നാണെന്റെ ഓർമ്മ സൈക്കിൾ ബാലൻസ് ഉള്ളത് കൊണ്ട് ലോറി ഡ്രൈവർ യൂസുഫ്‌ക്കയുടെ സഹായത്താൽ ഒരാഴ്ച്ച കൊണ്ട് അത്യാവശ്യം ഓടിക്കാൻ പഠിച്ചു അച്ഛൻ  അങ്ങനെ ആദ്യമായി മോട്ടോർ സൈക്കിളിൽ ഏതാണ്ട് 25 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോയി വൈകിട്ട് തിരിച്ച് വരുന്ന സമയം
 
താഴേത്തറ ജംഗ്‌ഷനിൽ വന്നിട്ട് വീട്ടിലേക്കാവശ്യമുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി സൈഡ് ബോക്സിൽ ഇട്ടിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയർ ഇട്ട് കുന്നിൻ‌മുകളിലേക്കുള്ള കുത്തനെയുള്ള ചെമ്മൺ പാതയിലൂടെ മുന്നോട്ട് എടുത്തു. കൃത്യമായ ഇടവേളകളിൽ ഫസ്റ്റ്, സെക്കന്റ്, തേഡ് എന്നീ ഗിയറുകളിലേക്ക് മാറ്റണമെന്നാണ് ഡ്രൈവിങ്ങ് ആശാൻ പഠിപ്പിച്ചിരിക്കുന്നത് മൂവ് ചെയ്ത ഉടനെ സെക്കന്റ് ഗിയറിലേക്ക് മാറി ഒരു വിറയൽ ഹേയ് തോന്നിയതായിരിക്കും തേഡിലേക്ക് മാറ്റാം ഡിം ഒന്നു കൂടി വിറച്ച് വണ്ടി ഓഫായി നിന്നു

ഈ കലാപരിപാടി ഒരു നാലഞ്ച് തവണ കൂടി ആവർത്തിച്ചതോടെ അച്ഛന് മതിയായി ഈ വണ്ടി കയറ്റം വലിക്കുന്നില്ല എന്തോ കാര്യമായ കുഴപ്പമുണ്ട്

മോട്ടോർ സൈക്കിളിന്റെ ശബ്ദം ദൂരെ നിന്നും കേട്ടതും അമ്മ പറഞ്ഞു “അച്ഛൻ വരുന്നുണ്ട്

വീടിന് മുന്നിലെ ചെമ്മൺ പാതയിൽ വണ്ടി ഓഫ് ചെയ്ത് മുറ്റത്തേക്ക് ഉരുട്ടിക്കൊണ്ട് വരുന്ന അച്ഛന്റെ മുഖത്ത് ആദ്യ യാത്രയുടെ ആഹ്‌‌ളാദമൊന്നും അത്ര കാണാനില്ല. വിയർത്ത് കുളിച്ചിരിക്കുന്നു.

“ഇതെന്താ, ഇങ്ങനെ വിയർത്തിരിക്കുന്നത്?” അമ്മ ചോദിച്ചു.

“ഒന്നും പറയണ്ട വണ്ടിക്കെന്തോ കുഴപ്പമുണ്ട് കയറ്റം കയറുന്നില്ല അവസാനം വഴിയിൽ കണ്ട ഒരു പയ്യന്റെ സഹായത്തോടെ താഴേത്തറ മുതൽ കുന്നിന്റെ മുകളിലെത്തുന്നത് വരെ തള്ളി വെറുതെയല്ല ആ സുദർശനൻ മാഷ് ഈ വണ്ടി വിറ്റത്!  ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഒരു വാക്കെങ്കിലും പറയാമായിരുന്നു

അതേ കോളനിയിൽ തന്നെയായിരുന്നു സുദർശനൻ മാഷുടെ വീടും. വൈകുന്നേരങ്ങളിൽ അന്നത്തെ വിശേഷങ്ങൾ പങ്കു വയ്ക്കുവാനായി ഒത്തു കൂടുന്ന പതിവുണ്ട് അയൽ‌വാസികളായ രംഗൻ മാഷ്‌ക്കും സുദർശനൻ മാഷ്‌ക്കും. അവരുടെ വീടുകളിലേക്ക് ആവശ്യമായ കുടിവെള്ളം കുടത്തിൽ ചുമന്ന് കൊണ്ടു പോകുന്നത് ഞങ്ങളുടെ മുറ്റത്തെ കിണറ്റിൽ നിന്നുമാണ്. വൈദ്യുതിയൊന്നും ആ ഗ്രാമത്തിൽ എത്തിയിട്ടില്ലാത്ത കാലമായിരുന്നു അതെന്നോർക്കണം. ചിമ്മിണി വിളക്കിന്റെ ചില്ല് അച്ഛൻ കഴുകി തുടച്ച് കൊണ്ടിരിക്കവെ സുദർശനൻ മാഷ് തന്റെ എക്സ്‌-മോട്ടോർ സൈക്കിളിന്റെ വിശേഷങ്ങൾ അറിയാനെത്തി.

“സുദർശനൻ മാഷേ എന്നാലും ഒരു വാക്ക് പറയാമായിരുന്നൂട്ടോ” എണ്ണം പറഞ്ഞ ചങ്ങമ്പിള്ളി കുന്നിന് മുകളിലേക്ക് വണ്ടി തള്ളി കയറ്റി ക്ഷീണിച്ചതിന്റെ വിഷമം അച്ഛൻ മറച്ചു വച്ചില്ല.

“എന്ത്?”

“ഈ മോട്ടോർ സൈക്കിൾ കയറ്റം കയറില്ല എന്നത്

“മാഷെന്താ ഈ പറയുന്നത്!!! ?”

“താഴേത്തറയിൽ നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് ഒരടി മുന്നോട്ട് കയറുന്നില്ലഓഫായിപ്പോകുന്നു അവസാനം സഹായത്തിന് ഒരാളെ വിളിച്ച് തള്ളിക്കൊണ്ടു വരേണ്ടി വന്നു ഈ പ്രശ്നമുള്ളത് കൊണ്ടല്ലേ മാഷ് വണ്ടി വിറ്റത്...?”

“എന്റെ മാഷേ അനാവശ്യം പറയരുത് എന്റെ കാലിന് സുഖമില്ലാത്തത് കൊണ്ട് ഗിയർ മാറാനുള്ള ബുദ്ധിമുട്ടോർത്തിട്ടാണ് ഞാനിത് വിറ്റ് സ്കൂട്ടർ വാങ്ങിയത്

“എങ്കിൽ പിന്നെ വണ്ടിക്കെന്താ പറ്റിയത് അത് പറ

“മാഷ്‌ക്ക് എന്നെ അത്ര വിശ്വാസം ഇല്ലെങ്കിൽ വാ നമുക്ക് താഴെത്തറയിൽ പോയിട്ട് തിരിച്ച് തിരിച്ച് വരാം എന്താ പ്രശ്നമെന്ന് നോക്കാമല്ലോ” സുദർശനൻ മാഷ് വിട്ടു കൊടുക്കാൻ കൂട്ടാക്കിയില്ല..

“എന്റെ മാഷേ എനിക്ക് വയ്യ ഇനിയും ഒന്നു കൂടി വണ്ടി തള്ളാൻ ഈ കുന്നിന്റെ മുകളിലേക്ക് എങ്ങയാ ഇതെത്തിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ” അച്ഛൻ പറഞ്ഞു.

“മാഷ് പേടിക്കാണ്ട്  വാന്ന് കഴിഞ്ഞ ആഴ്ച്ച വരെ ഞാനീ വണ്ടിയിലല്ലേ ഈ കയറ്റം കയറി വന്നു കൊണ്ടിരുന്നത്?... മാഷ് വാ

സുദർശനൻ മാഷ് വണ്ടി സ്റ്റാർട്ട് ചെയ്ത് റോഡിലേക്കെടുത്തു. മനസ്സില്ലാ മനസ്സോടെ അച്ഛൻ പിറകിലെ സീറ്റിൽ കയറി ഇരുന്നു. ഇരുവരെയും വഹിച്ചുകൊണ്ട് റോയൽ എൻ‌ഫീൽഡ് അയ്യപ്പന്റെ കുടിലിനടുത്തെ വളവ് തിരിഞ്ഞ് അപ്രത്യക്ഷമായി

ഇളം കാറ്റിലൂടെ ഒഴുകിയെത്തുന്ന ഓടക്കുഴൽ നാദം അയ്യപ്പന്റെ കുടിലിൽ നിന്നുമാണ് അതിന്റെ ഉത്ഭവം. സന്ധ്യാദീപം കൊളുത്തിക്കഴിഞ്ഞാൽ പിന്നെ കുറേ നേരത്തേക്ക് ആ മുളം‌തണ്ടിൽ നിന്നും ഉതിരുന്ന ഗാനനിർഝരി ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങൾ പരിസരവാസികൾക്ക്  മാത്രമേയുണ്ടായിരുന്നുള്ളൂ. അതിമനോഹരമായ ആ ഈണങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകുക ഒരു മായിക ലോകത്തേക്കായിരിക്കും. ഈറ്റയുടെ തണ്ടിൽ നിന്നുമെടുക്കുന്ന ചീന്തുകൾ കൊണ്ട് മുറം, കുട്ട തുടങ്ങിയ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്ന തൊഴിലാണ് അയ്യപ്പന്റേത്.

ദൂരെ നിന്നും പ്രതിധ്വനിച്ച് തുടങ്ങിയ റോയൽ എൻ‌ഫീൽഡിന്റെ ഘനഗാംഭീര്യമാർന്ന മുഴക്കം ഓടക്കുഴൽ നാദത്തിന്റെ വീചികളെ നിർദ്ദയം ആക്രമിച്ച് കീഴ്‌പ്പെടുത്തി. നിമിഷങ്ങൾക്കകം  മുറ്റത്തിനപ്പുറത്തെ ചെമ്മൺ പാതയിൽ വെളിച്ചം വിതറിക്കൊണ്ട്  ഓടിയെത്തിയ മോട്ടോർ സൈക്കിൾ ബ്രേക്ക് ചെയ്തു.

“ഇപ്പോൾ എങ്ങനെയുണ്ട് മാഷേ? ഞാൻ പറഞ്ഞില്ലേ വണ്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന്?” സുദർശനൻ മാഷുടെ സ്വരത്തിൽ തെല്ല് ഗർവ്വ് കലർന്നിരുന്നു.

“പിന്നെ എന്തായിരുന്നു പ്രശ്നം സുദർശനൻ മാഷേ?” രംഗൻ മാഷ്‌ക്ക്  ജിജ്ഞാസ അടക്കാനായില്ല. അച്ഛന്റെ മുഖത്താണെങ്കിൽ അത്യാവശ്യം മോശമില്ലാത്ത ചമ്മലും.

“അതിപ്പോ എന്താ പറയുക ഈ മാഷ്  ഡ്രൈവിങ്ങ് പഠിച്ചത് സ്കൂൾ കുട്ടികൾ കാണാപ്പാഠം പഠിക്കുന്നത് പോലെയല്ലേ സ്റ്റാർട്ട്... ഫസ്റ്റ് സെക്കന്റ് തേഡ്

“മനസ്സിലായില്ല?”

“എന്റെ മാഷേ നിരപ്പായ റോഡിലൂടെ ഓടിച്ച് പോകുന്നത് പോലെ തേഡ് ഗിയറിൽ ചങ്ങമ്പിള്ളി കുന്നിന് മുകളിലേക്ക് വണ്ടി ഓടിച്ച് കയറ്റാൻ പറ്റുമോ? വലിയ കയറ്റങ്ങളിൽ വണ്ടി വലിക്കാതാകുമ്പോൾ ഗിയർ ഡൌൺ ചെയ്യണമെന്ന്  മാഷ്‌ടെ ഡ്രൈവിങ്ങ് ആശാൻ പറഞ്ഞ് കൊടുത്തിരുന്നില്ലത്രേ


                                * * * * * * * * * * * * * * * * * * * * *

വാൽക്കഷണം – ആ സംഭവത്തിന് ശേഷമാണ് ശ്രീമാൻ കെ.സി ഇട്ടൂപ്പിന്റെ ‘മോട്ടോർ കാർ ഡ്രൈവിങ്ങ് മാസ്റ്റർ’ എന്ന പുസ്തകം അച്ഛൻ വാങ്ങിക്കൊണ്ടു വന്നത്. അതിന്റെ അവസാന അദ്ധ്യായത്തിൽ മോട്ടോർ സൈക്കിളിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദമായി വിവരിച്ചിരിക്കുന്നു. ആ പുസ്തകം മുഴുവനും വായിക്കുവാനുള്ള ക്ഷമയൊന്നും അച്ഛനുണ്ടായില്ലെങ്കിലും ആ പുസ്തകം വായിച്ച് ഗിയർ സിസ്റ്റത്തിന്റെ സാങ്കേതിക വശങ്ങൾ ആ ചെറുപ്രായത്തിലേ എനിക്ക് മനസ്സിലാക്കുവാനായി എന്നത് ഒരു നേട്ടം തന്നെയായിരുന്നു.


57 comments:

  1. മനസ്സിനെ അൽപ്പനേരം അലസമായി മേയുവാൻ വിട്ടപ്പോൾ ബാല്യത്തിലെ ഓർമ്മകൾ ഓടിയെത്തി... അവയിൽ ചിലത് പങ്കു വയ്ക്കുന്നു...

    ReplyDelete
  2. അങ്ങനെ റോയല്‍ എന്‍ഫീല്‍ഡ് കാരണം ഡ്രൈവിംഗിന്‍റെ ബാലപാഠം പഠിക്കാനും പറ്റി....
    ആശംസകള്‍

    ReplyDelete
    Replies
    1. തീർച്ചയായും തങ്കപ്പൻ ചേട്ടാ...

      Delete
  3. തപാലിലൂടെ നീന്തല്‍ പഠിച്ചതുപോലെയായി. ബാല്യകാലസ്മരണകള്‍ വളരെ നന്നായി.

    ReplyDelete
  4. ഓഹോ... അപ്പോ ഇതാരുന്നു ഫേസ് ബുക്കില്‍ കണ്ടത് അല്ലേ. !!

    ReplyDelete
    Replies
    1. അതേ അജിത്‌ഭായ്... ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് അല്ലേ...? :)

      Delete
  5. അങ്ങനെ ഡ്രൈവർ സഹായി കാണാപാഠം പഠിച്ച് ഡ്രൈവറായ ലോകത്തിലെ ആദ്യഡ്രൈവർ = വിനുവേട്ടൻ..!!!!

    ReplyDelete
    Replies
    1. കാണാപാഠമല്ല... ശരിക്കും മനസ്സിലാക്കി തന്നെ പഠിച്ചു അശോകൻ മാഷേ... :)

      Delete
  6. ഡ്രൈവർ സഹായി മതിയല്ലേ ഡ്രൈവിംഗ് പഠിക്കാൻ... ശോ, വെർതെ കാശു കളഞ്ഞു.... :)

    ഓർമ്മകൾ നന്നായി ട്ടോ

    ReplyDelete
  7. അമ്പമ്പോ!എന്തൊരു മിടുക്ക്..

    ReplyDelete
    Replies
    1. ഇതൊക്കെ ഒരു മിടുക്കാണോ എച്ച്മു...?

      Delete
  8. ഓർമ്മയുടെ ചെപ്പു തുറന്നപ്പോൾ!
    കൊള്ളാം കേട്ടോ സംഭവങ്ങൾ നന്നായി പറഞ്ഞു
    എന്റെയും ഓർമ്മ പുസ്തകം ഒന്ന് തുറക്കാൻ ഇത്
    സഹായമായി.
    ആശംസകൾ
    ഫിലിപ്പ് ഏരിയൽ

    ReplyDelete
    Replies
    1. ഏരിയൽ മാഷ്ടെ ഓർമ്മച്ചെപ്പ് തുറക്കാൻ സഹായിച്ചെങ്കിൽ ഞാൻ ധന്യനായീട്ടോ... സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി മാഷേ...

      Delete
  9. ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയാണ് പഠിച്ചത്. പക്ഷേ, അവര് പുസ്തകം തന്നില്ലല്ലോ. ഭാഗ്യത്തിനു ലൈസന്സ് എടുത്ത ശേഷം വണ്ടി ഓടിച്ചിട്ടില്ല.

    ReplyDelete
    Replies
    1. അത് നന്നായി ഇഗ്ഗോയ്... എന്റെ ഒരു ഉറ്റ സുഹൃത്ത് (പേര് പറയില്ല) ഇത് പോലെ തന്നെയാ... ലൈസൻസ് എടുത്തതിന് ശേഷം വണ്ടി ഓടിച്ചിട്ടേയില്ല...

      Delete
  10. Verutheyallatha Ormmakal...!
    .
    Manoharam Vinuvetta, Ashamsakal...!!!

    ReplyDelete
  11. പൊന്നാനി-തിരൂർ റൂട്ടിലോടുന്ന ഒരു പാട്ട ബി. എം. എസ്. ബസ്സുമുണ്ടായിരുന്നു അക്കാലത്ത്. പിന്നെ കോഴിക്കോട് യൂനിവേഴ്സിറ്റിയിലേക്കുള്ള വി. പി. ബ്രദേഴ്സു്, പുതിയ നാസർ ബസ്സ്, താനൂരിൽ നിന്നുള്ള ആന വണ്ടി.. അങ്ങനെ എന്തൊക്കെ... സി.സി. ട്രാൻസ്പോർട്ടിന് എത്ര ബസ്സുണ്ടായിരുന്നതാ? അതൊക്കെ ഒരു കാലം. ഞാനും നാവാമുകുന്ദയിൽ പഠിച്ചതാ.....................

    ReplyDelete
    Replies
    1. അത് ശരിയാണല്ലോ മാഷേ... ഇപ്പോൾ എല്ലാം ഓർക്കുന്നു... ബി.എം.എസ്, വി.പി. റോഡ് ലൈൻസ്, താനൂരിൽ നിന്നും തൃശൂരിലേക്കുള്ള ആ പഴയ ബെൻസ് ആനവണ്ടി, നാസർ... എല്ലാം എല്ലാം... പിന്നെ കുറ്റിപ്പുറത്തിന് പോകുമ്പോൾ കാണുന്ന ആ പുകക്കുഴലുകൾ ഓട്ടുകമ്പനിയുടേതല്ല, കളിമൺ പാത്ര നിർമ്മാണ ഫാക്ടറിയുടേതായിരുന്നുവെന്ന് തോന്നുന്നു... വ്യക്തമായി ഓർക്കുന്നില്ല... പിന്നെ കുറ്റിപ്പുറം മീനാ ടാക്കീസ്...

      മാഷ്‌ടെ സ്വദേശം തിരുനാവായയാണോ...?

      Delete
  12. “ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു...”

    അപ്പോ അങ്ങനെയാണ് വിനുവേട്ടൻ ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പഠിച്ചത്, അല്ലേ.. :)

    ജാ‍ക്ക് ഹിഗ്ഗിൻസ് ശൈലിയിൽ, സ്ഥല-കാല വിവരണങ്ങൾ മൊത്തത്തിൽ പകർത്തിയത് ഗംഭീരമായി..

    ReplyDelete
    Replies
    1. അതെ അതെ... ആദ്യം തിയറി പഠിച്ചു... പിന്നെ പ്രാക്ടിക്കൽ...

      ജാക്ക് ഹിഗ്ഗിൻസിന്റെ ശൈലി എന്നെയും ആവേശിച്ചു തുടങ്ങിയെന്നാണോ പറഞ്ഞ് വരുന്നത്...? സൂക്ഷിക്കണമല്ലോ...

      Delete
  13. ബൈക്ക്‌ ഓടിയ്ക്കാൻ പ്രാക്റ്റിക്കലായി പഠിയ്ക്കും മുൻപ്‌ എന്റെ ഒരു സുഹൃത്തും തിയറി ക്ലാസ്സ്‌ എടുത്തു തന്നത്‌ ഏതാണ്ടിങ്ങനെ തന്നെ ആയിരുന്നു. അതോണ്ട്‌ അച്ഛന്റെ അവസ്ഥ ശരിയ്ക്ക്‌ മനസ്സിലാക്കാൻ സാധിച്ചു.

    ReplyDelete
    Replies
    1. ഒരാൾക്കെങ്കിലും അച്ഛന്റെ കഷ്ടപ്പാട് മനസ്സിലായല്ലോ... സന്തോഷായി ശ്രീ...

      Delete
  14. താങ്ക്സ്.നല്ല വായന തന്നു വിനുവേട്ടാ ...

    നിങ്ങൾ കയറ്റത്തിന്റെ താഴെ എൻഫീൽഡു
    നിർത്തിയപ്പോൾ ഞാൻ അവിടെ നിന്നും പിൻവാങ്ങി.

    എന്നെ ആകർഷിച്ചത്‌ വായനയിൽ മാത്രം പരിചയമുള്ള
    ചില സ്ഥലങ്ങൾ ആണ്.ഞാൻ അങ്ങോട്ടു നടന്നു..കര
    കവിഞ്ഞൊഴുകുന്ന നിളാ നദി..തിരുനാവായ....
    കുറ്റിപ്പുറം പാലം.. നാവാ മുകുന്ദ ക്ഷേത്രം....ഹോ
    നിങ്ങൾ ഭാഗ്യവാനാണ്.ഇതു പോലൊരു നാട്ടിൽ
    ജനിക്കാനായതിൽ അഭിമാനം തോന്നാറില്ലേ ??!!!
    ഒരിക്കൽ അവിടെയെല്ലാം ഒന്ന് വരണം എന്നുണ്ട്‌.
    പിന്നെ തൃശൂർ പൂരം.ഇതൊക്കെ എന്റെ ആഗ്രഹങ്ങൾ
    ആണ്..അവധിക്ക് മക്കൾ മറ്റു രാജ്യങ്ങൾ കാണണം
    എന്ന് പറയുമ്പോൾ ഞാൻ അവരോടു പറയാറുണ്ട്‌.അറിയാനും
    കാണാനും നമ്മുടെ നാട്ടിൽ തന്നെ എന്തെല്ലാം കിടക്കുന്നു ബാക്കി
    എന്ന്..അവരു വരും എന്ന് തോന്നുന്നില്ല.എനിക്ക് എന്നെങ്കിലും
    ഒക്കെ സാധിക്കും എന്നു വിചാരിച്ചു ഓരോ അവധിയും
    തിരക്കിൽ അലിഞ്ഞു തീര്ന്നു പോവുന്നു മധുര മിട്ടായി പോലെ ..

    ReplyDelete
    Replies
    1. ഈ കമന്റ് എന്നെ വല്ലാതെ ആകർഷിച്ചു കളഞ്ഞു വിൻസന്റ് മാഷേ...

      ഞാൻ ജനിച്ചത് തിരുനാവായയിൽ അല്ലെങ്കിലും ബാല്യത്തിന്റെ ഒരു പങ്ക് ആ മനോഹര തീരത്ത് ചെലവഴിക്കാൻ സാധിച്ചു എന്നത് ഒരു ഭാഗ്യം തന്നെയാണ്... വേനലിൽ മണൽ‌പ്പരപ്പിന് നടുവിലൂടെ ശാന്തമായി ഒഴുകുന്ന നീർച്ചാലിൽ എന്നും വൈകുന്നേരമുള്ള സ്നാനം... എല്ലാം മധുരമായ ഓർമ്മകൾ...

      മാഷ് പറഞ്ഞത് ശരിയാണ്... നമ്മുടെ കേരളത്തിൽ തന്നെ എത്രയോ മനോഹരമായ ഇടങ്ങളുണ്ട് നമ്മൾ കാണാത്തതായി... ഒന്നും വിട്ടു കളയാതെ കണ്ട് തീർക്കണം ഈ ജീവിതത്തിൽ ...

      Delete
  15. ഞാനിതുവരെ പഠിച്ചില്ല, ഇനി ആ ബുക്ക് വാങ്ങി പഠിച്ചാ മതീലോ... What an idea!! നാടിന്‍റെ ചിത്രം വാക്കുകളിലൂടെ വിവരിച്ചത് അസ്സലായി വിനുവേട്ടാ :)

    ReplyDelete
    Replies
    1. വിവരണം ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം മുബി...

      Delete
  16. A real reading feast through the childhood memories. The title also too apt. Vinuvettaa....Thanks for this write up.

    ReplyDelete
    Replies
    1. വളരെ സന്തോഷം അരീക്കോടൻ മാഷേ...

      Delete
  17. നലല ഓർമ്മകൾക്ക് നന്ദി വിനുവേട്ടാ :)

    ReplyDelete
  18. " യാത്രക്കാരുടെ ശ്രദ്ധക്ക്" എന്ന സിനിമയിൽ ഇന്നസെന്റ് നടത്തിയിരുന്ന ഡ്രൈവിംഗ് സ്കൂളിൽ ആണോ അച്ഛനും ഡ്രൈവിംഗ് പഠിച്ചത് എന്നൊരു സംശയം . ( തടി കൊണ്ടുള്ള മോഡൽ മോട്ടോർ ബൈക്കിൽ ) . ഡ്രൈവിംഗ് വായിച്ചു പഠിച്ചത് നന്നായി.

    ReplyDelete
    Replies
    1. Anonymous അശോക്‌ എന്ന് തിരുത്തുന്നു,

      Delete
    2. അതൊരു സൂപ്പർ സീൻ തന്നെ അശോകാ... ചിരിച്ച്‌ ചിരിച്ച്‌ ഒരു ലവലാകും എപ്പോൾ കണ്ടാലും...

      Delete
  19. പഠിക്കണേല്‍ ഇങ്ങനെ തന്നെ വേണം ല്ലേ??rr

    ReplyDelete
  20. ഓര്‍മയിലേക്ക് ഒരു റിവേര്‍സ് ഗിയര്‍

    ReplyDelete
  21. ഞാന്‍ ഇത്തിരി വൈകി ഈ ചുരം കയറി വണ്ടി ഒഫായത് കാണാനും . ബുക്കില്‍ നോക്കി ഡ്രൈവിംഗ് പഠിച്ചത് അറിയാനും ...എന്നാലും കലക്കി ബാല്യകാല സ്മരണകള്‍ ..

    ReplyDelete
  22. നല്ല മനസ്സിലാകുന്ന ഭാഷയില്‍ എഴുതി. എന്‍റെ വാപ്പ ഡ്രൈവിംഗ് പഠിച്ചപ്പോള്‍ ഉണ്ടായിരുന്ന ഒരു പുസ്തകം ഞാനും വായിച്ചിട്ടുണ്ട്. അത് പുള്ളിക്ക് ഉപകാരപ്പെട്ടില്ല എങ്കിലും എനിക്ക് ഉപകാരപ്പെട്ടു. വണ്ടി ഓടിക്കുമ്പോള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നം ഫസ്റ്റ് ഗിയറില്‍ ഇട്ടു മുന്നോട്ടു എടുക്കുമ്പോള്‍ വണ്ടി ഒഫാവും എന്നതായിരുന്നു. മച്ചംബിയുടെ ട്രെയിനിംഗ് കൊണ്ട് അതും കുറച്ചു ദിവസത്തിനുള്ളില്‍ ശരിയാക്കി.

    ReplyDelete
    Replies
    1. ആരാ... മനസ്സിലായില്ലല്ലോ അനോണീ... പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...

      Delete
  23. അയ്യപ്പന്റെ കുടിലിൽ നിന്നും ഒഴുകിയെത്തുന്ന ഓടക്കുഴൽ നാദം,ഇരുവശവും കാറ്റിൽ തലയാട്ടി നിൽക്കുന്ന വയലേലകൾ… വലത് ഭാഗത്തായി നവാമുകുന്ദാ ക്ഷേത്രത്തിലേക്കുള്ള ചെമ്മൺ പാത.. എത്ര നല്ല കുട്ടിക്കാലം .. ഗ്രാമഭംഗിയുടെ , കുറെ നല്ല ഓര്മ്മകളുടെ കുറിപ്പ്. വളരെ ഇഷ്ടമായി. നിളാനദിയുടെ പശ്ചാത്തലത്തിലുള്ള ഗ്രാമങ്ങൾ എനിയ്ക്കെത്ര ഇഷ്ടമെന്നോ? പഠിയ്ക്കുന്ന കാലത്ത് ഒന്ന് രണ്ടു വട്ടം വന്നിട്ടുണ്ട് അവിടെയൊക്കെ. കഥകളിലും ഇത്തരം നല്ല കുറിപ്പുകളിലും കോറിയിടുന്ന നാവാമുകുന്നന്റെ അമ്പല പരിസരങ്ങളും, പുഴക്കരയുമൊക്കെ ആർത്തിപിടിച്ചു വായിക്കുന്നതും ആ സ്ഥലങ്ങളോടുള്ള എന്റെ ഇഷ്ടംകൊണ്ടാണ് . അങ്ങനെയുള്ള സ്ഥലത്ത് ഒരു ബാല്യം കൊണ്ടാടുവാൻ കഴിഞ്ഞ വിനുവേട്ടൻ എത്ര ഭാഗ്യവാനാണ്! വീണ്ടും നല്ല കുറിപ്പുകൾ വായിക്കുവനായി വരാം. ആശംസകൾ

    ReplyDelete
    Replies
    1. അതെ... ആ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ നില നില്‍ക്കുന്നത് അതിന്റെ മാധുര്യം കൊണ്ട് മാത്രമാണ്... നാല്‌ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓടി നടന്നിരുന്ന ആ ഇടങ്ങളിലൊക്കെ ഒന്ന് കൂടി പോകണം... ഇന്ന് ആ പ്രദേശങ്ങള്‍ക്ക് എന്തെല്ലാം മാറ്റമായിരിക്കും ഉണ്ടായിട്ടുണ്ടാവുക... അറിയില്ല...

      കുറിപ്പുകള്‍ ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം, അമ്പിളി...

      Delete
  24. ദിദ് ദിത്രെ ള്ളൂ ലെ!! ഫസ്റ്റ്.....സെക്കൻ‌റ് .....തേഡ്...........ആവൂ, ശര്യായി ശര്യായി.
    അല്ല മാഷെ, ഈ സ്റ്റീറിംങ് ചവിട്ടീട്ട് വേണ്ടേ ഗീറ് വലിച്ച് ഫസ്റ്റേലിക്കിടാൻ......അപ്പൊ ക്ലച്ചാരു ചവിട്ടും!!? ഏഹ്.

    ചെറുതും മനസ്സിനെ അല്പസമയം മേയാൻ വിട്ട് നോക്കട്ടെ, ഇതുപോലെ വല്ലതും നന്നായി എഴുതാൻ പറ്റോന്ന് നോക്കാലൊ! ;)

    ReplyDelete
    Replies
    1. അപ്പോൾ ചെറുതും ഡ്രൈവിങ്ങ് പഠിച്ചൂല്ലേ... സന്തോഷാ‍ായി... :)

      Delete
  25. ഡ്രൈവിംഗ് അപ്പൊ വായിച്ചും പഠിക്കാമോ ?? ന്റെ ദൈവേ ..!!

    ReplyDelete
    Replies
    1. വായിച്ച് പഠിക്കാൻ പറ്റിയില്ലെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും ട്ടോ...

      Delete
  26. ഭാരതപ്പുഴയുടെ തീരത്ത് കൂടിയുള്ള
    നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗികൾ മുഴുവൻ
    ഒപ്പിയെടുത്ത് , തനി റോയലായ ആ മോട്ടോർ ബൈക്കിലൂടെയുള്ള
    രംഗൻ മാഷുടെ പ്രഥമ സവാരി ഗിരിഗിരി തന്റെ ബാല്യകാല സ്മരണകളുടെ
    കെട്ടഴിച്ച് വിനുവേട്ടൻ റോയലായി തന്നെ അവതരിപ്പിച്ചിരിക്കുന്നു..
    (പിന്നെ..
    ഇതിന് മുമ്പ് കാച്ചിയ
    രണ്ടഭിപ്രായ ക്ടാങ്ങളെയെങ്ങാൻ
    അവിടെയെങ്ങാൻ കണ്ട്വോ ..വിനുവേട്ടാ..?)

    ReplyDelete
    Replies
    1. രംഗൻ മാഷല്ല മുരളിഭായ് മോട്ടോർ സൈക്കിളിൽ സവാരി ചെയ്തത്... രംഗൻ മാഷ് എന്ന കഥാപാത്രം അച്ഛന്റെ കൂട്ടുകാരനാണ്...

      പിന്നെ... അന്ന് ഞാൻ നാലാം ക്ലാസിൽ പഠിക്കുന്നു മുരളിഭായ്... കാണാൻ ഒരു വഴിയുമില്ല... :)

      Delete
  27. ഇപ്പോഴാ ഇത് കണ്ടത്..
    ഞാന്‍ ഈ പോളിടെക്നിക് ഒക്കെ പഠിച്ചതായതുകൊണ്ട് യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒക്കെ മനസിലാക്കാന്‍ പറ്റി.
    പ്രാക്ക്റ്റിക്കലായി പഠിക്കാന്‍ തുടങ്ങിയപ്പോ അല്ലെ മനസിലായത്, വായിച്ചു പഠിക്കുന്ന പോലെ ഈസി അല്ല എന്ന്. പിന്നെ ഞാന്‍ സ്വന്തമായി ഒരു കാര്‍ വാങ്ങി അതില്‍ അങ്ങു പഠിച്ചു.. അല്ല പിന്നെ.. നമ്മളോടാ കളി..
    പിന്നെ കഴിഞ്ഞമാസം വൈറ്റിലയില്‍ ആ വലിയ ബ്ലോക്ക്‌ ഉണ്ടാക്കിയത് ഞാന്‍ അല്ല കേട്ടോ.. വെറുതെ എന്നെ സംശയിക്കരുത്‌..

    ReplyDelete
    Replies
    1. അമ്പട ലംബാ... അങ്ങനെ വരട്ടെ... എന്നാലും ആ ബ്ലോക്ക് ഇത്തിരി കടുപ്പമായീട്ടോ... :)

      Delete
  28. അന്തക്കാലത്ത് ബുള്ളറ്റ്...!! കൊള്ളാം.
    ഗ്രാമത്തിന്റെ വിവരണം അസ്സലായി. താങ്കളുടെ ഓർമ്മകൾ പതിറ്റാണ്ടുകൾ പിന്നോട്ടോടിയപ്പോൾ അതിലെ ചില കാഴ്ചകൾ വായനക്കാരന്റെ മനസ്സിലും കുറെ ചിത്രങ്ങൾ വരച്ചിടുന്നുണ്ട്... :)

    ReplyDelete
  29. അന്തക്കാലത്ത് ബുള്ളറ്റ്...!! കൊള്ളാം.
    ഗ്രാമത്തിന്റെ വിവരണം അസ്സലായി. താങ്കളുടെ ഓർമ്മകൾ പതിറ്റാണ്ടുകൾ പിന്നോട്ടോടിയപ്പോൾ അതിലെ ചില കാഴ്ചകൾ വായനക്കാരന്റെ മനസ്സിലും കുറെ ചിത്രങ്ങൾ വരച്ചിടുന്നുണ്ട്... :)

    ReplyDelete