Monday, December 1, 2014

ജിംഗിൾ ബെൽസ്ഡാ ചെക്കാ.. എണീക്കെടാ.. പള്ളീ പോന്നില്ലേ നീ? ഇനീം കിടന്നാൽ നേരം പോകും കേട്ടോ.. തലയിൽ വെള്ളമൊഴിക്കണ്ടെങ്കിൽ വേഗമെണീറ്റോ..”

കർത്താവെ, ഇത്ര പെട്ടെന്ന് നേരം വെളുത്തോ!! വിളിച്ചെണീപ്പിക്കാൻ വന്ന അമ്മച്ചി പുതപ്പ് വലിച്ചുമാറ്റി ദൂരെയെറിഞ്ഞിരിക്കുന്നു. ശരീരത്തിലേയ്ക്ക് ഇടിച്ചുകയറുന്ന തണുപ്പിനെ വകവയ്ക്കാതെ ചാടി എണീറ്റു. അമ്മച്ചി നടത്തിയ ‘ഉണർത്തുപാട്ടിന്റെ’ അവസാനഭാഗത്ത് തലയിൽ വെള്ളമൊഴിക്കുന്ന കാര്യം പറഞ്ഞത് ശ്രദ്ധിച്ചോ? അമ്മച്ചി പറഞ്ഞാൽ പറഞ്ഞതാ, വെറുതെയെന്തിനാ ഒരു പരീക്ഷണത്തിന് നിൽക്കുന്നത്. ഇതിനോടകം കുറഞ്ഞത് അഞ്ച് തവണയെങ്കിലും പരീക്ഷണത്തിൽ അമ്മച്ചി വിജയിച്ചിട്ടുണ്ട്! അല്ലെങ്കിൽ തന്നെ, മരം കോച്ചുന്ന  തണുപ്പത്ത് തലയിൽ വെള്ളമൊഴിക്കുന്നത് അത്ര രസമുള്ള പരിപാടിയൊന്നുമല്ലല്ലോ..

ആടിത്തൂങ്ങി നിൽക്കാൻ നേരമില്ല.. കുർബാന തുടങ്ങുന്നതിന് മുന്നെ തന്നെ പള്ളിയിലെത്തണം. പല്ലുതേക്കലും മറ്റ് കലാപരിപാടികളുമൊക്കെ പെട്ടെന്ന് തീർത്ത്, കുപ്പായമൊക്കെ മാറ്റി അടുക്കളയിലേക്കോടി..

അമ്മേ.. കാപ്പി..”

അടുപ്പിൽ തീ പിടിച്ചുവരുന്നതേയുള്ളു.. തണുപ്പിനോട് മല്ലുപിടിയ്ക്കാൻ തീയ്ക്കും മടിയോ? അടുക്കളയിലെ ഭിത്തിയിൽ തൂക്കിയിട്ടുള്ള ക്ലോക്കിലേയ്ക്ക് പാളി നോക്കി, സമയം 6.30 കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വിട്ടാലേ 6.45-ന് മുൻപേ പള്ളിയിലെത്താൻ പറ്റൂ..

ഇന്നെങ്ങാനും കാപ്പി കിട്ടുമോ..?“

കാപ്പിക്കലത്തിന്റെ വശങ്ങളിൽ കൈകൾ ചേർത്തുവച്ച് ചൂടുപിടിച്ച്, വളരെ നിർദ്ദോഷമായി തൊടുത്തുവിട്ട ചോദ്യശരം അമ്മച്ചി കൃത്യമായി പിടിച്ചെടുത്തു..

വെള്ളം തിളയ്ക്കാൻ സമയമെടുക്കും.. നീ വേണേൽ കലത്തീന്ന് കഞ്ഞിവെള്ളമെടുത്ത് കുടിച്ചേച്ച് പോകാൻ നോക്ക്

എന്ത്!! പെലകാലേ പഴേങ്കഞ്ഞിവെള്ളോം കുടിച്ച് പള്ളീൽ പോകാനോ??’

കാപ്പിക്കലത്തിൽ നിന്നും പിടിവിട്ട്, അമ്മച്ചിയുടെ മുഖത്തും ക്ലോക്കിലേയ്ക്കും മാറി മാറി നോക്കി മെല്ലെ കഞ്ഞിവെള്ളം വച്ചിരിക്കുന്ന പാത്രത്തിലേയ്ക്ക് ഫോക്കസ് ചെയ്തു..

കഞ്ഞിവെള്ളമെങ്കിൽ കഞ്ഞിവെള്ളം ഒരുദിവസം കഞ്ഞിവെള്ളം കുടിച്ചിട്ട് പള്ളീൽ പോയാൽ എന്താ സംഭവിക്കുക എന്നറിയണമല്ലോ..’

പിന്നെ താമസിച്ചില്ല, മടുമടാന്ന് രണ്ട് ഗ്ലാസ് കഞ്ഞിവെള്ളം അകത്താക്കിയിട്ട്  മുറ്റത്തേയ്ക്ക് ചാടി.

കാലത്തേ എണീക്കുന്നു, റെഡിയാവുന്നു, പള്ളിയിൽ പോകുന്നുഇതൊക്കെ കാണുമ്പോൾ നിങ്ങൾ വിചാരിക്കും ഈ കുട്ടപ്പൻ ഭയങ്കര ഭക്തിമാർഗ്ഗത്തിലാണെന്ന്. സത്യം എന്താണെന്ന് വച്ചാൽ, ഡിസംബർ മാസത്തിലെ ആദ്യത്തെ 25 ദിവസം, അതായത് ഇരുപത്തഞ്ച് നോയമ്പിന്, തുടർച്ചയായി പള്ളിയിൽ പോയാൽ സമ്മാനം കിട്ടും. ആ സമ്മാനം അടിച്ചെടുക്കാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന കഷ്ടപ്പാടുകളുടെ ഭാഗമാണ് ഈ അഭ്യാസങ്ങളൊക്കെ.

ഡിസംബർ മാസമായതിനാൽ നല്ലതുപോലെ പകൽവെളിച്ചം പരക്കാൻ 7 മണിയെങ്കിലുമാകണം. ഇരുട്ടുപിടിച്ചുകിടക്കുന്ന ഇടവഴിയിലൂടെ പൊങ്ങിനിൽക്കുന്ന റബ്ബർ വേരുകളിലോ കല്ലുകളിലോ ഒന്നും കാൽ തട്ടാതെ ശ്രദ്ധിച്ചാണ് നടത്തം.

കയ്യും കാലുമൊക്കെ തണുത്ത് മരച്ചിരിക്കുമ്പോൾ എവിടെയെങ്കിലും തട്ടിയാലത്തെ വേദന.. ഹോ, അതാലോചിക്കാൻ കൂടെ മേല..‘

റബ്ബർതോട്ടത്തിന്റെ നടുവിലൂടെ ഒരു വെളിച്ചം ഓടിക്കളിക്കുന്നു! ചാക്കോച്ചിച്ചേട്ടൻ മെഴുകുതിരിയും കത്തിച്ച് പിടിച്ച് റബറുവെട്ടുന്നതാണ്. തണുപ്പൊന്നും വകവെയ്ക്കാതെ വെളുപ്പിനെ മൂന്നുമണി മുതൽ റബ്ബർ തോട്ടത്തിലൂടെ ഓടിനടക്കുന്ന ഇവരൊയൊക്കെ സമ്മതിക്കണം!

മഴ മാറിയെങ്കിലും തോട്ടിൽ ഇപ്പോഴും കുറേശ്ശേ വെള്ളമൊഴുകുന്നുണ്ട്.. കാല് നനയാതിരിക്കാൻ ഉയർന്നുകിടക്കുന്ന കല്ലുകളിൽ ചവിട്ടി തോട് ചാടിക്കടന്നു..

കാല് നനച്ചാൽ പിന്നെ നടക്കാൻ പാടാണെന്നേ.. അതുമല്ല, കാലേലും ചെരിപ്പേലുമൊക്കെ പൊടിമണ്ണ് പിടിച്ച് കൊഴ കൊഴാന്നിരിക്കും..’

മെയിൻ റോഡിലെത്താറായതോടെ ചുറ്റുപാടുമൊക്കെ പ്രകാശം പരന്നു തുടങ്ങി.

ഭാഗ്യം.. നാരായണേട്ടന്റെ വീട്ടുപടിയ്ക്കൽ കിടക്കാറുള്ള പട്ടിയെ ഇന്നവിടെ കാണാനില്ല.. കുരയ്ക്കത്തുപോലുമില്ലെങ്കിലും വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട് റോഡിന്റെ നടുക്ക് തന്നെ കിടക്കും പണ്ടാരം..’

നടത്തത്തിന് വേഗത കൂട്ടാം..

കുർബാന തുടങ്ങുന്നതിനുമുന്നെ തന്നെ പള്ളീലെത്തണം, താമസിച്ച് വരുന്നവർക്ക് സമ്മാനമില്ലെന്ന് അച്ചൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ‘ഒഴിഞ്ഞുമാറി‘ ബിജുവും ജോസ് മേനനു‘മൊക്കെ നേരത്തേതന്നെ എത്തിക്കാണും. കുർബാന കഴിയുമ്പോഴേയ്ക്കും നല്ലതുപോലെ വെയിലുതെളിഞ്ഞിരുന്നെങ്കിൽ ഗ്രൌണ്ടിലെ ഏറുപുല്ലൊക്കെ മഞ്ഞുവെള്ളം മാറി ഉഷാറായേനെ. നല്ല മുനയുള്ളത് നോക്കിയെടുത്ത് കരിക്കുണ്ടി‘ സോണിക്കിട്ട് ചറപറാന്ന് കീച്ചണം. ഇന്നലെ അവൻ ഒരെണ്ണം ഇങ്ങോട്ട് താങ്ങിയതിന്റെ വേദന ഇതുവരെ പോയിട്ടില്ല.

കൊല്ലം എന്താവുമോ സമ്മാനം? കഴിഞ്ഞ തവണത്തേതുപോലെ സോപ്പുപെട്ടി തന്ന് പറ്റിക്കാതിരുന്നാൽ മതിയായിരുന്നു. എന്തായാലും 25 ദിവസവും പള്ളീൽ പോണം, ഇടയ്ക്ക് വച്ച് നിർത്തിയാൽ നാണക്കേടാ..’

രാജപ്പേട്ടന്റെ ആലയുടെ മുന്നിലെ വഴിയിൽ വലിയ ഉരുളൻ കല്ലുകൾ തെറിച്ചുകിടക്കുന്നു. അടുത്തയാഴ്ച അമ്പലത്തിലെ ഉത്സവമാണ്; അപ്പോളേയ്ക്കും എല്ലാകൊല്ലവും ചെയ്യാറുള്ളതുപോലെ കല്ലൊക്കെ എടുത്തുമാറ്റി മണ്ണിട്ട് വഴി നന്നാക്കുമായിരിക്കും. റോഡൊക്കെ ഏത് കാലത്ത് ടാറിടുമോ എന്തോ..

മൈദീനിക്കായുടെ ചായക്കടയിൽ നിന്നുമുയരുന്ന പുക, മഞ്ഞിൽ കലർന്ന് അവിടവിടെ ചുറ്റിക്കളിക്കുന്നു. ചില്ലലമാരയിൽ അഞ്ചാറ് ഉണ്ടക്കകളും വെട്ട് കേക്കുമൊക്കെ അനാഥപ്രേതങ്ങളെപ്പോലെ കിടപ്പുണ്ട്. അടുത്തകാലത്തൊന്നും അവറ്റകൾക്ക് ശാപമോക്ഷം കിട്ടുന്ന ലക്ഷണമില്ല.

വട്ടത്തോട്ടിലെ വെള്ളത്തിൽ നിന്നും ആവി പറക്കുന്നത് കാണാൻ എന്താ രസം.. തൊട്ടടുത്തുള്ള കണ്ടത്തിലെ നെൽച്ചെടികളിൽ മഞ്ഞുവെള്ളം പിടിച്ചിരിക്കുന്നതിനാൽ നരച്ചതുപോലെയുണ്ട്. കുറുകനെ പലകകൾ അടിച്ചുചേർത്തുണ്ടാക്കിയ പാലങ്ങൾ ജോസഫ് മാഷ് കാശുമുടക്കി ഉണ്ടാക്കിയതാണത്രേ. അതുകൊണ്ടെന്താ, മാഷ് ഹെഡ്മാഷായിരിക്കുന്ന കരിപ്പാൽ സ്കൂളിലെ പിള്ളാർക്ക് മാത്രമല്ല, നാട്ടുകാർക്ക് മുഴുവൻ മഴക്കാലത്ത് തോട്ടിൽ വെള്ളം പൊങ്ങിയാലും അക്കരെയിക്കരെ കടക്കാമല്ലോ. എന്നെങ്കിലും തോടിന് കുറുകെ വലിയ പാലം വരുമ്പോൾ മരപ്പാലമൊക്കെ എടുത്ത് കളയുമായിരിക്കും...’

വട്ടക്കുന്ന് കയറി കിട്ടേട്ടന്റെ ചായക്കടയുടെ മുന്നിലെത്തിയപ്പോൾ പൊറോട്ട ചുടുന്ന മണം പ്രലോഭനവുമായി എതിരിടാനെത്തി. റോഡിൽ നിന്ന് നോക്കിയാൽ കാണാം, അടുക്കളഭാഗത്ത് ജോസേട്ടൻ പൊറോട്ടമാവുമായിട്ട് ഗുസ്തി പിടിയ്ക്കുന്നത്. നടത്തം വളരെ പതുക്കെയാക്കി, മരപ്പട്ടികകൾ നിരത്തിയടിച്ചിരിക്കുന്ന വിടവിലൂടെ കടയുടെ അകത്തേയ്ക്കൊന്ന് കണ്ണോടിച്ചു; പൊറോട്ടയും ബാജിക്കറിയും തിന്നാൻ പതിവുകാരൊന്നും എത്തിയിട്ടില്ല ഇതുവരെ. അറിയാതെ കൈ നിക്കറിന്റെ പോക്കറ്റിൽ കയറിയിറങ്ങിഇന്നലെ മീൻ മേടിക്കാൻ തന്ന കാശിന്റെ ബാക്കി 2 രൂപ അവിടെ ഭദ്രമായിക്കിടപ്പുണ്ട്.

കുർബാനയ്ക്ക് കയറാൻ ഇനിയും സമയമുണ്ടാകും, ആളുകളൊക്കെ പൊയ്ക്കൊണ്ടിരിക്കുന്നതേയുള്ളു. പെട്ടെന്ന് രണ്ട് പൊറോട്ടയും ബാജിക്കറിയും കഴിച്ചിറങ്ങിയാലോ? പള്ളികഴിഞ്ഞുവരുമ്പോൾ കഴിക്കാമെന്ന് വച്ചാൽ, അന്നേരംഒഴിഞ്ഞുമാറിയൊക്കെ കൂടെയുണ്ടാവും. അവന്മാരെങ്ങാനും വീട്ടിൽ ചെന്ന് പറഞ്ഞാൽ പിന്നെ അടിയുടെ പെരുന്നാളായിരിക്കും.. ഇതുതന്നെ പറ്റിയ സമയം..’

ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി പതിയെ കടയുടെ ഉള്ളിലേയ്ക്ക് കടന്ന്, ഭിത്തിയുടെ മറവിലിട്ടിരിക്കുന്ന ബെഞ്ചിലിരുന്നു.

കിട്ടേട്ടാ.. രണ്ട് പൊറോട്ട..”

പൈസ സൂക്ഷിക്കുന്ന മരമേശയുടെ മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്ന കിട്ടേട്ടൻ തന്റെ കറുത്ത കട്ടിക്കണ്ണയുടെ മുകളിലൂടെ സൂക്ഷിച്ചൊന്ന് നോക്കി. നേരം വെളുക്കുന്നതിനുമുന്നെ പൊറോട്ട തിന്നാനെത്തിയകൈനീട്ടക്കാരനെകിട്ടേട്ടന് ബോധിച്ച മട്ടില്ല.

പെട്ടെന്നാവട്ടെ.. എനിക്ക് പള്ളീൽ പോവാനുള്ളതാ..”

തിടുക്കത്തിന്റെ കാരണം കേട്ടതോടെ കിട്ടേട്ടൻ അടുക്കളയിൽ ചെന്ന് പൊറോട്ടയുമായെത്തി. ചൂടുപൊറോട്ടയുടെ മുകളിൽ ആവി പറക്കുന്ന ബാജിക്കറി - വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു!

അനക്ക് ചായ വേണാ കുഞ്ഞീ..?”

ചായ വേണ്ട.. വെള്ളം മതി..”

ചൂട് ചായ ഊതിക്കുടിക്കാൻ സമയമെടുക്കുമല്ലോ എന്ന് കരുതിയാണ് ചായ വേണ്ടാന്ന് പറഞ്ഞത്, പക്ഷെ കിട്ടേട്ടൻ കൊണ്ടുവന്നത് നല്ല ഉഗ്രൻ ചൂടുവെള്ളം!

ശ്ശോ, ഇതിനെല്ലാം ഭയങ്കര ചൂടാണല്ലോ.. പെട്ടെന്ന് തിന്നേച്ച് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇതൊക്കെയിങ്ങനെ മുന്നിലിരിക്കുമ്പോൾ കൊതികാരണം എണീറ്റ് പോകാനും തോന്നുന്നില്ല..’

ചൂടാറാൻ കാത്തുനിന്നാൽ ശരിയാവത്തില്ല. രണ്ടുംകല്പിച്ച് പാത്രത്തിൽ നിന്നും ചൂടുപൊറോട്ട കൈകൊണ്ട് മുറിച്ചെടുത്ത് ബാജിയിൽ ഒന്നുകൂടെ പെരട്ടി വായിലേയ്ക്ക് വച്ചു.  പക്ഷേ, പൊറോട്ടയുടെ സഞ്ചാരം അതിന്റെ ലക്ഷ്യത്തിലെത്തുന്നതിനുമുന്നെ തന്നെ പള്ളിയിൽ കുർബാന തുടങ്ങുന്നതിന്റെ അറിയിപ്പുമായെത്തിയ മണിനാദം ചെവികളിലെത്തി..

അയ്യോ.. മണിയടിച്ചല്ലോ.. കൊല്ലത്തെ സമ്മാനം പോയല്ലോ കർത്താവേ..’

വായിലേയ്ക്ക് വച്ച പൊറോട്ടക്കഷണം എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ശങ്കിച്ചു..

ഏതായാലും സമ്മാനത്തിന്റെ കാര്യത്തിൽ തീരുമാനമായി.. എന്നാപ്പിന്നെ പൊറോട്ടയുടെ കാര്യത്തിലും ഒരു തീരുമാനമുണ്ടാക്കിയേക്കാം.. ബാക്കി കൂടെ തിന്നിട്ടേ പള്ളീലേയ്ക്ക് പോകുന്നുള്ളു..’

ചൂട് വകവയ്ക്കാതെ തീറ്റ പുനരാരംഭിച്ചു, പക്ഷേ അപ്പോഴും മാണിച്ചേട്ടന്റെ മണിയടി നിന്നിട്ടില്ല. ഇന്നെന്താ പതിവില്ലാതെ മണിയടി നീണ്ടുപോകുന്നത്..?

അല്ല, മണിനാദമല്ല, പകരംഗോപാലക പാഹിമാംഎന്ന റ്റ്യൂൺ ആണല്ലോ മുഴങ്ങുന്നത്! ഇതെന്ത് മറിമായം? അന്തംവിട്ട് ചുറ്റും നോക്കി – പൊറോട്ടയുമില്ല, ബാജിക്കറിയുമില്ല.. അതുവരെ കണ്മുന്നിൽ തെളിഞ്ഞുനിന്നിരുന്ന സുന്ദരമായ പുലർകാലക്കാഴ്ചകൾ എങ്ങുമേയില്ല!! പകരം, ഏസി-യുടെ മുരൾച്ചയെ തോൽ‌പ്പിച്ച് “ഗോപാലക” പാടി ഉണർത്താൻ വെമ്പുന്ന മൊബൈലിന്റെ വെളിച്ചം മുറിയ്ക്കുള്ളിലെ ഇരുട്ടിൽ തിളങ്ങുന്നു.. ഒരിത്തിരി സമയം കൂടെ കിട്ടിയിരുന്നെങ്കിൽ പൊറോട്ട മുഴുവനും തിന്നാമായിരുന്നു എന്ന് ചിന്തിച്ച് ലൈറ്റ് ഓണാക്കി പതിയെ വർത്തമാനത്തിലേയ്ക്ക് നടന്നു..


*** **** ***


മുൻ‌കൂർ ജാമ്യം : ഈ സ്വപ്നത്തിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആളുകളുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികമാണ്. അതിന്റെ പേരിൽ കേസും കൂട്ടവുമായി വന്ന് ഈയുള്ളവനെ കഷ്ടപ്പെടുത്തല്ലേയെന്ന് അപേക്ഷിക്കുന്നു..

29 comments:

 1. വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടെ.. കുട്ടിക്കാലത്തെ ചില ഓർമ്മകളിലൂടെ ഒരു സ്വപ്നസഞ്ചാരം..

  എല്ലാ കൂട്ടുകാർക്കും ക്രിസ്തുമസ്-പുതുവത്സരാശംകൾ… :)

  ReplyDelete
 2. ശ്ശോ... റിയലി നൊസ്റ്റാൾജിൿ………

  വളരെ ഭംഗിയായി അവതരിപ്പിച്ചു... കുട്ടിക്കാലത്തേയ്ക്കൊരു യാത്രയും പോയി വന്നു.


  പുതുവത്സരാശംകൾ...

  ReplyDelete
 3. അപ്പോൾ ഇതൊരു സ്വപ്നമായിരുന്നോ...? ഈസ്റ്റ് ഓഫ് ഡെസലേഷന്റെ തുടക്കത്തിൽ ജാക്ക് ഹിഗ്ഗിൻസ് നമ്മളെ പറ്റിച്ചത് പോലെ വല്ലാത്തൊരു ചെയ്ത്തായിപ്പോയി ഇത്...

  സ്വപ്നത്തിലായിട്ടും ഡീറ്റെയിൽ‌സിനൊന്നും ഒരു കുറവുമില്ലല്ലോ... ഉയർന്ന കല്ലുകളിൽ ചവിട്ടി തോട് ചാടിക്കടക്കുന്നതും ഒക്കെ രസിപ്പിച്ചു...

  ഈ സ്വപ്നത്തിന്റെ രണ്ടാം ഭാഗം ഏത് വെളുപ്പാം കാലത്താണിനി കാണാൻ പോകുന്നത്... ? :)

  ReplyDelete
  Replies
  1. ഷുഗറും പ്രഷറും കൊളസ്റ്റ്രോളുമൊക്കെയുള്ള ജിമ്മിച്ചനെ കൊണ്ട്‌ പൊറോട്ട തീറ്റിച്ചെ അടങ്ങൂ ല്ലേ.? :)

   Delete
 4. വല്ലാത്തൊരു സ്വപ്നമായിപ്പോയല്ലോ ജിമ്മിച്ചാ..
  സമ്മാനം എതായാലും 'ഗോവിന്ദ' ആയി.. പൊറോട്ടയുടെ കാര്യവും 'ഗോപാലക പാഹിമ ' ആയിപ്പോയല്ലോ.!!!

  പണ്ടത്തെ ഓരൊ ബാല്യത്തിന്റേയും സ്വപ്നക്കാഴ്ച്ചകളാണു ഇതിൽ പറഞ്ഞതൊക്കെ.
  കുഞ്ഞ്‌ കാര്യങ്ങൾ കോർത്ത്‌ വെച്ചു കൊണ്ട്‌ ഓർമ്മയിലും ഗൃഹാതുരതയിലും വലിയ തിരയിളക്കങ്ങൾ ഉണ്ടാക്കാൻ ഈ മണിയടിക്ക്‌ സാധിക്കുന്നുണ്ട്‌.
  പുതിയ കാലത്തിലെ ബാല്യങ്ങൾക്ക്‌ ഇതിൽ പറയുന്ന കാര്യങ്ങളധികവും നിസ്സാരവും നിരർത്ഥകവുമായി തോന്നുമ്പോൾ ഏറുപുല്ലും, പ്രതീക്ഷയറ്റ കടപ്പണ്ടങ്ങളും, ചൂടൻ പൊറോട്ടയുടെയും കറിയുടെയും ഗന്ധവുമൊക്കെ മറ്റൊരു തലമുറയുടെ സ്മൃതിയടയാളങ്ങളായി കാലങ്ങൾക്കിപ്പുറവും നിലനിൽക്കുന്നുണ്ട്‌..

  ക്ലൈമാക്സിൽ കുറച്ചൂടെ പൊലിപ്പിക്കായിരുന്നു...
  പള്ളിമണി...... പൊറോട്ട..
  പൊറോട്ട...... പള്ളിമണി....
  പാലുകാച്ചൽ.. ഓപറേഷൻ തീയറ്റർ..
  അതിങ്ങനെ മാറിമാറി കാണിച്ച്‌ ഒരു ടെമ്പൊ ഉണ്ടാക്കായിരുന്നു..

  ജിംഗിൾ ബെൽസിനു 5 സ്റ്റാർസ്സ്‌

  ReplyDelete
 5. കൊതിപ്പിച്ച് കളഞ്ഞല്ലോ രാവിലേ തന്നെ

  ReplyDelete
 6. ഗോപാലക ഗോവിന്ദ!!!

  നല്ല കുട്ടിക്കാലം

  ReplyDelete
 7. ഭക്ഷ്ണമില്ലാതെ ജിമ്മിക്കെന്ത്‌ ആഘോഷം.സ്വപ്നത്തിലും
  Pachu comment supet

  ReplyDelete
 8. നല്ല കൊതിയൂറുന്ന പൊറോട്ട സ്വപനം.. നന്നായി അവതരിപ്പിച്ചു.

  ReplyDelete
 9. ഹോ!..കൊതിപ്പിച്ചു കളഞ്ഞല്ലോ മാഷേ...ഉറക്കിലും..എഴുത്തിലും!..rr

  ReplyDelete
 10. ഞാനും കുറെ പോയിട്ടുണ്ട്.. എട്ടു നോമ്പിനും ഇരുപത്തിയഞ്ചു നോമ്പിനും ഒക്കെ ഇതുപോലെ പള്ളിയിൽ.. അന്നും കിട്ടുമാരുന്നു എന്നും വരുന്നവർക്ക് ഒരു സമ്മാനം.. ഒരു കൊന്തയോ കാശുരൂപമോ അങ്ങനെ എന്തേലും.ആ നിഷ്കളങ്കമായ ബാല്യകാലത്തിലെയ്ക്ക് കൊണ്ടുപോയി.നന്ദി

  ReplyDelete
 11. സ്വപ്നത്തില് പോലും തീറ്റ ഭാഗ്യല്ലാത്തോൻ....!
  ( ഞാനിതിൽ മുമ്പ് അഭിപ്രായൈച്ചില്ലേന്നൊരു സംശയം ...? )

  ReplyDelete
 12. Sangathi nannaayi....avasaanam swop am vaayanakkaarantethu koodiyaayitheerunnu.

  ReplyDelete
 13. വൈകിയാ ഇവിടെയെത്തുന്നത് ...ഇഷ്ടായി .

  ReplyDelete
 14. good one bhaai... Malayalam support aakunnilla, athu kond nirthunnu..

  ReplyDelete
 15. എത്തിപെടാ൯ വൈകി..
  നല്ല നല്ല എഴുത്തുകള്..
  ഇനി ഇവിടെയുണ്ടാവും,...
  ആശംസകള്..

  ReplyDelete
 16. വീട്ടില്‍ നിന്നും പള്ളിയിലേക്കുള്ള വഴി എനിക്കിപ്പോള്‍ മനപ്പാഠം ആണ് ...നന്നായി ...

  ReplyDelete
 17. പൊറോട്ടയും ബാജിയും എന്റെ വായിലും വെള്ളം വരുത്തി.നന്നായി എഴുതി.ആശംസകൾ.

  ReplyDelete
 18. പള്ളി, കുർബ്ബാന, ഗോപാലക പാഹിമാം.... മൂന്നും കൂടി ചേരില്ല....

  ReplyDelete
 19. ഞാൻ ആ റബ്ബർ തൊട്ടത്തിലൂടെ നടന്ന് മനോഹരമായ കാഴ്ച്ചകൾ കണ്ട് രസിച്ച്; കൂടെ പൊറോട്ട തിന്നു വരികയായിരുന്നു. എന്തിനാ ഇത്ര നേരത്തെ അലറാം വെച്ചത്?

  ReplyDelete
 20. ഒരിത്തിരി സമയം കൂടെ കിട്ടിയിരുന്നെങ്കിൽ ആ പൊറോട്ട മുഴുവനും തിന്നാമായിരുന്നു അല്ലെ ..?
  അനുഭവങ്ങളെ മഴി തണ്ടിലേക്ക് ആവാഹിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീലിങ്ങ്സ്‌ ഇവിടെയും കാണാം ..
  നന്നായി എഴുതിയിരിക്കുന്നു ആശംസകൾ

  ReplyDelete
 21. ഇതു പോലുള്ള സ്വപ്നങ്ങൾ ഇനിയുമുണ്ടോ...?
  അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തി...
  ആശംസകൾ ...

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. കൊതിപ്പിച്ചു കളഞ്ഞല്ലോ മാഷേ?, ഭംഗിയായ അവതരണം ......ആശംസകൾ !

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. രസകരമായ സ്വപ്നം.

  ReplyDelete
 26. സമ്മാനക്കൊതിയും തീറ്റക്കൊതിയും ചേര്‍ന്നപ്പോള്‍ കഥ രസകരമായി.
  ആശംസകള്‍

  ReplyDelete