Sunday, November 16, 2014

ഭൂമിയുടെ അവകാശികൾ

അണ്ണനോടൊപ്പം

 
                                                      ണ്ടിരിക്കുമ്പോളാണ് ഒന്ന് വിളിക്കാൻ തോന്നിയത്.. ഉടനെ ഫോണെടുത്ത് കോൺ‌ടാക്റ്റിൽ നിന്നും  ആളെ തപ്പിയെടുത്തു.. ഡയൽ ചെയ്യും  മുമ്പ് ഒന്നൂടെ ഓർമയിൽ ചൊറിഞ്ഞു..ഇന്നു വരും എന്നുതന്നെയല്ലേ പറഞ്ഞിരുന്നത്..അതോ ലോട്ടറിക്കാറിലെ അനൌൺസ്മെന്റ്പോലെ നാളെയെങ്ങാ നുമാണോ??  ചൊറിയുന്നതിന്റെ സുഖം പിടിച്ചതു കൊണ്ടാണോ എന്നറിയില്ല, ഓർമ ഒരൽ‌പ്പം പോലും അനങ്ങാൻ കൂട്ടാക്കിയില്ല. നാട്ടിലെത്തിയാൽ എന്നും പെട്ടന്ന് ഹാജർ വെക്കുന്നതാണ്. ഇന്നിപ്പൊ രാത്രി പത്താകാറായിട്ടും ഒരു അനക്കവുമില്ല.. പോയാൽ പോട്ടെ എന്നും കരുതി ഡയൽ ചെയ്തു..എന്നെ പോലെ ലൈനിലും ചെറിയ കൺഫ്യൂഷൻ!!  ഒന്നു രണ്ട് തവണ ഒന്ന് ഇരുത്തിമൂളി ഒരു തരി നിശ്ശബ്ദതത്ക്ക് ശേഷം അവിടെ ബെല്ലടി തുടങ്ങി

“ഹലോ, പാ‍ച്ചു.”

“നമസ്കാരം  അണ്ണാ” (അണ്ണൻ നമ്മുടെ വിനുവേട്ടനാണ്). “എപ്പൊ എത്തി?? ഞാൻ കരുതി നാളെയാണ് എത്തുന്നതെന്ന്”.

“ഞാൻ ഉച്ചയ്ക്കെത്തിയല്ലോ!! വാട്സ് ആപ്പിൽ ഇട്ടിരുന്നല്ലൊ.. കണ്ടില്ലേ?”

“ഞാൻ കണ്ടിലല്ലോ..യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു?” (മൊബൈലിൽ നെറ്റ് എങ്ങ്നെയോ ഓഫായതാണ്..ഓണാക്കിയപ്പോൾ തങ്ങി നിന്ന മെസ്സേജുകളൊക്കെ കൂട്ടത്തോടെ ഒച്ചയുണ്ടാക്കി ചാടി. പെങ്ങളുടെ ചെറിയ മോൻ ഞാൻ കാൻഡി ക്രഷിലെ ഏതോ ലെവൽ പാസ്സായതാണെന്ന് കരുതി പൊട്ടിത്തെറി കാണാൻ ഓടി വന്നു)

“കൊഴപ്പമില്ലായിരുന്നു.. പിന്നെ ഇന്നലെ രാത്രി ഉറങ്ങാൻ പറ്റാത്തതിന്റെ ഒരു ബുദ്ധിമുട്ടുണ്ട്.”

(സംസാരം കേട്ടപ്പോൾ തന്നെ എനിക്കും അത് തോന്നിയതാണ്. യാത്രാക്ഷീണം ഫെവിക്കോൾ കൈയ്യിലൊട്ടിയ പോലെ അണ്ണനെ പറ്റിപ്പിടിച്ച് നിൽ‌പ്പുണ്ട്.. ഫോൺ‌വിളി  പെട്ടന്ന് നിർത്താമെന്ന് ഞാൻ കരുതി)

“ശരിയണ്ണാ.. എന്നാൽ കിടന്നോളൂ.. ഞാൻ നാളെ വിളിക്കാം.. പൊടിതട്ടലും അടുക്കിപ്പെറുക്കലുമൊക്കെ തീർന്നു കാണുമല്ലോ ല്ലേ?”

"അതൊക്കെ ‘അവൻ’ ചെയ്തു വെച്ചിരുന്നു. പക്ഷേ പറമ്പിന്റെ കാര്യാ ആകെ കാടുപിടിച്ച് കിടക്ക്വാ. അടുക്കളഭാഗത്തൊക്കെ എന്താന്നറിയോ.”

“അതിന് ഒരാളെ തന്നെ വിളിക്കേണ്ടി വരും.. തൊഴിലുറപ്പുകാ‍രെ കിട്ടുന്നുണ്ടാകും. അവരുടെ  പ്രധാന പണി ഇപ്പൊ ഇതല്ലേ”

“അതല്ല പ്രശ്നം പാച്ചൂ അതിലൊക്കെ എത്ര പാമ്പുകളുണ്ടാകും.. ഇതാണെങ്കിൽ ഹാബിറ്റാറ്റിന്റെ വീടും. കാറ്റും വെളിച്ചോം കടക്കാനാണെന്നും പറഞ്ഞ് അവടേം ഇവിടേം നിറയെ ഓട്ടകളാ!! ഏതിലൂടെയെങ്കിലും ഒന്ന് കയറി വന്നാലോ? ഉറങ്ങാൻ പേടിയാ!“

(യാത്രാക്ഷീണത്തേക്കാൾ അണ്ണന് ക്ഷീണമുണ്ടാക്കിയത് അപ്പൊ ഇതാണ്. ഇതിപ്പോ പഴയ കെ.പി.എ.സി നാടകഗാനം പോലെ ആയല്ലോ!! ഈ മനുഷ്യപുത്രൻ ഇനി എവിടെ തല ചായ്ക്കും)

“വെറുതെ ഓരോന്ന് പറഞ്ഞ് ആ ചേച്ചിയെ കൂടി പേടിപ്പിക്കേണ്ട..”

“അവരാ ഇതൊക്കെ പറഞ്ഞ് എന്നെക്കൂടി പേടിപ്പിച്ചത്.. ഇപ്പൊ ഒരു ത്രിശങ്കുവിൽ പെട്ടപോലെയായി

“ഇനിയിപ്പൊ എന്താ പരിപാടി? കുത്തിയിരുന്ന് നേരം വെളുപ്പിക്കാനാ പ്ലാൻ?”

"അതിനുള്ള വഴിയൊക്കെ കണ്ടെത്തീട്ടുണ്ട് പണ്ടുള്ളോർ ചെയുന്നത് കണ്ടിട്ടില്ലേ? മുരിങ്ങാതോലും, കായവും മണ്ണെണ്ണയുമൊക്കെ മിക്സീത്.അതങ്ങ് പ്രയോഗിക്ക്ണം”

“ശരിയാ, അതു നല്ലതാ.. വീടിനു ചുറ്റും തളിച്ചാൽ മതിയല്ലൊ പേടിക്കാണ്ടെ ഉറങ്ങാം..”

“പ്രാന്തുണ്ടോ, അതുംകൊണ്ട് ഈ നേരത്ത് പുറത്തിറങ്ങാൻ ഇവിടെ ഈ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത് തന്നെ ഞങ്ങൾ മൂന്നുപേർ ഒരുമിച്ചാ

“ അപ്പോ എന്താ ചെയ്തെ? വീട്ടിനുള്ളിൽ തളിച്ചോ?”

“അതിനൊന്നും മാത്രം ഇല്ല പാച്ചൂ.. കൊറച്ച് സാധനം ഉണ്ടാക്കി ഞങ്ങൾ ഞങ്ങളുടെ മേലുതന്നെ തേച്ചു. അതല്ലേ ഏറ്റവും സൈഫ്!”

അതിലും സൈഫായ വഴി പറയാൻ എന്റെ കയ്യിലില്ലാത്തതു കൊണ്ട് ഞാനൊന്നും മിണ്ടിയില്ല..
“ഭക്ഷണം കഴിച്ചില്ലേ?”

“ലേശം! ഗ്യാസ് എടുത്തിട്ടില്ല ഇവിടെ. റേഷൻ‌കാർഡ് കിട്ടാത്തോണ്ട്... ഒരു ഇന്റക്ഷൻ കുക്കർ മാത്രേ ഉള്ളൂ. ഇന്നിപ്പോൾ അടുക്കളയിലൊന്നും കയറാൻ പോയില്ല.  യാത്രകഴിഞ്ഞെത്തിയല്ലെ ഉള്ളൂ…"
(യാത്രയ്ക്കാണ് അവിടെയും ഊന്നൽ പേടി കൊണ്ടാണ് എന്ന് ഞാൻ തെറ്റിദ്ധരിക്കേണ്ട എന്നർഥം)

“അപ്പോൾ എന്തേ ചെയ്ത്?”

“കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി രണ്ട് മൂന്ന് പേക്കറ്റ് ‘കിറ്റ് കാറ്റ്’ കൊണ്ടുവന്നിരുന്നു. അത് പൊട്ടിച്ച് ഞങ്ങളങ്ങ് തിന്നു. അവർക്ക് ഇനി ഇവിടുന്ന് വേറെ വാങ്ങി കൊടുക്കണം”
(വേറൊന്നും ചോദിക്കാൻ നിന്നില്ല വേഗം ശുഭരാത്രി നേർന്ന് ഫോൺ വെച്ചു. ജീവിതത്തിൽ ഒരാൾക്കും ഇത്രയും ആത്മാർഥമായി ഞാൻ ‘ശുഭരാത്രി’ പറഞ്ഞിട്ടില്ല)

Thursday, November 13, 2014

അറബിയും ഒട്ടകവും പിന്നെ ബംഗാളിയുംനിതാഖാത്തിന്റെ അപഹാരത്താൽ  ഫ്രീ വിസയിൽ വന്ന പലരും നാട് പിടിക്കുകയും കുറേപ്പേർ നിയമാനുസൃതമായി വിവിധ കമ്പനികളിലേക്ക് ചേക്കേറുകയും ചെയ്ത സമയം. അന്നാണ് കുറേ മലയാളികളും തെലുങ്കരും ബംഗ്ലാദേശികളും ഞങ്ങളുടെ കമ്പനിയിലേക്ക് സ്പോൺസർഷിപ്പ് മാറി ഉദ്യോഗത്തിൽ കയറിയത്. ബൂഫിയകളിലും കൃഷിത്തോട്ടങ്ങളിലും ഒക്കെ ജോലി ചെയ്തിരുന്നവരും ആട് ജീവിതം നയിച്ചിരുന്നവരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്ന ആ സംഘത്തിൽ പെട്ടവർ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന ഭാഷ അറബി ആയിരുന്നുവെന്നതാണ് രസകരമായ വസ്തുത. ഒരേ രാജ്യക്കാരായ തെലുങ്കനും മലയാളിക്കും പരസ്പരം സംസാരിക്കണമെങ്കിൽ അന്യഭാഷയായ അറബി വേണമെന്ന വിരോധാഭാസം ലെബനീസ് മാനേജരുമാരുടെ മുന്നിൽ ഒരു വിസ്മയമായി നിലകൊണ്ടു.

ഇത് വായിച്ച് അവരെല്ലാം അറബി കൈകാര്യം ചെയ്യുന്നതിൽ അതീവ നിപുണരായിരുന്നുവെന്നൊന്നും ആരും തെറ്റിദ്ധരിച്ച് പോകരുത്. വ്യാകരണവും കാലവും ഒന്നും നോക്കാതെയുള്ള ഒരു മണിപ്രവാളം... തൊഴിൽ തേടിയെത്തിയ പാവപ്പെട്ട അജ്‌നബികളുടെ അറബി ഭാഷ അങ്ങനെയാണ്. വിദേശികൾ അറബി സംസാരിക്കുമ്പോൾ ഈ ന്യൂനത ഒരളവ് വരെ കണ്ടില്ലെന്ന് നടിക്കുവാനുള്ള മഹാ മനസ്കത സ്വദേശികൾ കാണിക്കുന്നുമുണ്ട്.

ഇതിന് ഒരപവാദമാണ് ഞങ്ങളുടെയൊപ്പം ഇരുപത്തിയേഴ് വർഷമായി ജോലി ചെയ്യുന്ന ഷറഫ്. കൌമാര കാലത്ത് നാട്ടിലെ ഓത്ത് പള്ളിക്കൂടത്തിൽ നിന്നും മണി മണി പോലെ അറബി സ്വായത്തമാക്കിയ വ്യക്തിയാണ് ഷറഫ്. ജോലിത്തിരക്കിനിടയിലെ ഇടവേളകളിലൊന്നിൽ പുതിയതായി ജോലിക്കെത്തിയവരെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് രസകരമായ ഈ സംഭവം വീണു കിട്ടുന്നത്.

“സെക്ഷനിലെ പുതിയ ക്ലീനറെ കണ്ടോ...? ദാ ആ പോകുന്ന ബംഗ്ലാദേശി...” ഷറഫ് ചൂണ്ടിക്കാണിച്ചു.

ഒരു കാലി കാർട്ടന്റെ അറ്റത്ത് ഒരു ചരടും കെട്ടി വലിച്ച് മറുകൈയിൽ സ്വീപ്പിങ്ങ് ബ്രഷുമായി മെഷീനുകൾക്കിടയിലൂടെ വൃത്തിയാക്കിക്കൊണ്ട് നടക്കുന്ന അധികം ഉയരമില്ലാത്ത ചെറുപ്പക്കാരൻ. ശരിക്കും ഒരു ബലദിയ (മുൻസിപ്പാലിറ്റി) ക്ലീനിങ്ങ് തൊഴിലാളിയുടെ തനിപ്പകർപ്പ്.

“ഇതിന് മുമ്പ് മരുഭൂമിയിൽ ഏതോ ഒരു കാട്ടറബിയുടെ ഒട്ടകങ്ങളെ മേയ്ക്കലായിരുന്നുവത്രെ തൊഴിൽ... പകലന്തിയോളം ഒട്ടകങ്ങളോടൊപ്പം ഉള്ള അലച്ചിൽ... അവയുമായി തിരികെയെത്തിയതിന് ശേഷം അറബിയുടെ വീട്ടിലെ അല്ലറ ചില്ലറ ജോലികൾ...” ഷറഫ് പറഞ്ഞു.

“അങ്ങനെയും ഒരു പാട് ജീവിതങ്ങൾ... ഒന്നോർത്താൽ നാമൊക്കെ എത്രയോ ഭാഗ്യമുള്ളവർ... എന്തിനും ഏതിനും സൌകര്യങ്ങളുള്ള നഗരത്തിലെ കമ്പനിയിൽ തരക്കേടില്ലാത്ത ജോലി...” ഞാൻ പറഞ്ഞു.

“സത്യം...” ഷറഫ് തുടർന്നു. “ആ പാവത്തിന്റെ ഒട്ടക ജീവിതം അവസാനിച്ചത് എങ്ങനെയാണെന്നറിയുമോ...?

“ഇല്ല... പറ...”

“ഒട്ടകങ്ങളുമായി മല്ലിട്ട് ഒരു വിധം ദിനങ്ങൾ തള്ളി നീക്കി കൊണ്ടുപോകുന്നതിനിടയിലാണ് അവന്റെ സ്പോൺസർ എട്ട് പത്ത് കഴുതകളെയും കൂടി വാങ്ങിക്കൊണ്ടു വന്ന് അവനെ ഏൽപ്പിക്കുന്നത്. അതോടെ അവന്റെ കഷ്ടകാലം തുടങ്ങി...”

“ഒട്ടക ജീവിതം കൂടാതെ കഴുത ജീവിതവും...” ഞാൻ അഭിപ്രായപ്പെട്ടു.

“അതെ... ഒട്ടകങ്ങളുടെയും കഴുതകളുടെയും കാര്യങ്ങളെല്ലാം ചെയ്ത് തീർത്തിട്ട് സ്പോൺസറുടെ വീട്ടിലെത്തുമ്പോഴേക്കും നേരം വളരെ വൈകും... അമിത ജോലിയുടെ ക്ഷീണം വേറെയും... അറബിയുടെ വീട്ടിലെ ജോലികൾ ചെയ്ത് തീർക്കാൻ വയ്യാത്ത നിലയിലേക്കെത്തി കാര്യങ്ങൾ...”

“എന്നിട്ട്...?”

“എന്നിട്ടെന്താവാൻ... കാട്ടറബിക്കുണ്ടോ മാനുഷിക പരിഗണന വല്ലതും...? ബംഗാളി എന്നാൽ മൃഗം പോലെ പണിയെടുക്കേണ്ടവൻ... നിത്യേനയുള്ള ശകാര വർഷം...” ഷറഫ് പറഞ്ഞു.

“അപ്പോൾ അത് സഹിക്കവയ്യാതെ ചാടിപ്പോന്നതാണോ അവൻ...?”

“ചാടിപ്പോന്നാൽ വേറെ ജോലിക്ക് കയറാൻ പറ്റുമോ ഇന്നത്തെ അവസ്ഥയിൽ...? ട്രാൻസ്ഫറബിൾ ഇക്കാമ വേണ്ടേ...?”

“പിന്നെന്താണ് സംഭവിച്ചത്...?”

“ശകാരം കൊണ്ട് പൊറുതി മുട്ടിയ ഒരു ദിവസം അവൻ പ്രതികരിച്ചു...”

“അറബിക്കിട്ട് വച്ച് താങ്ങിയോ...?” ബംഗാളികളുടെ മുൻശുണ്ഠി കുപ്രസിദ്ധമാണ്. അത് വച്ചുകൊണ്ട് ഞാൻ ചോദിച്ചു.

“ഇല്ല... അത്രയ്ക്കൊന്നും എത്തിയില്ല... എല്ലാ ജോലികളും കൂടി ചെയ്ത് തീർക്കാൻ സമയം ലഭിക്കാത്തതിന്റെ കാരണം അവൻ അങ്ങ് പറഞ്ഞു കൊടുത്തു...”

“തെളിച്ച് പറ...”

“ബംഗാളികളുടെ അറബി പാണ്ഡിത്യം അറിയാമല്ലോ... സഹി കെട്ടപ്പോൾ അവൻ അറബിയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു...  അവ്വൽ ഇന്ത മാഫി ഹുമാർ... ലേകിൻ ദഹെൻ ഇന്ത ഹുമാർ...”

മുമ്പ് നിങ്ങൾക്ക് കഴുത ഉണ്ടായിരുന്നില്ല... പക്ഷേ, ഇപ്പോൾ കഴുതയും ഉണ്ട്... അതുകൊണ്ടാണ് തനിക്ക് സമയം കിട്ടാത്തത് എന്നായിരുന്നു ആ പാവം ഉദ്ദേശിച്ചതെങ്കിലും അവൻപറഞ്ഞതിന്റെ അർത്ഥം ഇതായിരുന്നു – മുമ്പ് നിങ്ങൾ കഴുതയല്ലായിരുന്നു.... പക്ഷേ, ഇപ്പോൾ നിങ്ങൾ കഴുതയാണ്...

നിനച്ചിരിക്കാതെ താൻ കഴുതയായതിന്റെ ഞെട്ടലിൽ കാട്ടറബിയുടെ കൈ ബംഗാളിയുടെ കരണത്ത് ആഞ്ഞ് പതിച്ചു. കാര്യം മനസ്സിലാവാതെ ചെകിട് പൊത്തി നിന്ന ബംഗാളിയോട് അറബി കത്തിക്കയറി.

“ലേഷ് കല്ലം ഇന്ത...? അന ഹുമാർ...?” –  എന്താ നീ പറഞ്ഞത്...? ഞാൻ കഴുതയാണെന്നോ...?

അപ്പോഴാണ് തനിക്ക് പറ്റിയ അമളിയുടെ ഗൌരവം ബംഗാളിക്ക് പിടി കിട്ടിയത്.   

പിന്നെ എങ്ങനെയൊക്കെയോ ഒരു വിധത്തിൽ അറബിയുടെ കൈയും കാലും പിടിച്ചാണ് നമ്മുടെ ബൊന്ധുഭായ് കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തത് എന്ന് പറഞ്ഞാൽ മതിയല്ലോ. എങ്കിലും തന്നെ കഴുതയാക്കിയ അവനെ ഇനി ജോലിയിൽ തുടരാൻ അനുവദിക്കുന്ന പ്രശ്നമില്ല എന്ന് അയാൾ തീർത്ത് പറഞ്ഞു. അങ്ങനെയാണ് ചെറുതല്ലാത്ത ഒരു തുക വാങ്ങി അവന് റിലീസ് കൊടുക്കുന്നതും നഗരത്തിലുള്ള ഒരു നാട്ടുകാരന്റെ സഹായത്തോടെ ഒരു കമ്പനി ജോലി എന്ന ബംഗാളിയുടെ സ്വപ്നം സഫലമാകുന്നതും.

                                                -----------------------

വാൽക്കഷണം – ഇവനെക്കാൾ കുറഞ്ഞ ശമ്പളത്തിന് മറ്റൊരു ബംഗാളിയെ എവിടെ നിന്നോ കണ്ടെത്തിയിരുന്ന അറബി ഇവനെ തട്ടാൻ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു എന്നത് വേറെ വശം.