Sunday, December 27, 2015

ഒരു വില്ലേജ് പുരാണം



വാർഷിക അവധിക്ക്‌ നാട്ടിലെത്തുമ്പോഴാണ്‌ വീട്ടു നികുതിയും വസ്തു നികുതിയും ഒക്കെ അടയ്ക്കുന്നത്‌.

പതിവ്‌ പോലെ തിരോന്തരത്ത്‌ ചെന്നപ്പോൾ ഇത്തവണയും പോയി... ഭാര്യാമാതാവിന്റെ പുരയിടത്തിന്റെ കരമടയ്ക്കുവാൻ... വില്ലേജ്‌ ഓഫീസിൽ...

നമ്മുടെ തൃശൂരിലെ പോലെയൊന്നുമല്ല... മുടിഞ്ഞ സെറ്റപ്പാ... കഴിഞ്ഞ വർഷം കരമടച്ച രശീതി കൊടുത്തതും ചുമരിൽ ഒട്ടിച്ചിരിക്കുന്ന ഗുണനപ്പട്ടിക പോലെയുള്ള ഒരു ലിസ്റ്റിൽ ഒട്ടും താൽപര്യമില്ലാതെ പരതിയിട്ട്‌ രശീതിയുടെ പിറകിൽ 84 എന്ന് കുറിച്ച്‌ തന്നു. ശേഷം അടുത്തയാളുടെ രശീതി വാങ്ങി അയാൾക്കും ഇതു പോലെ കുറിച്ചു കൊടുത്തു.

"ദാ, ആ ഷെൽഫീന്ന് ഈ നമ്പരൊള്ള രജിസ്റ്റർ കണ്ടുപിടിച്ച്‌ എടുത്ത്‌ തരീൻ..."

അപ്പോഴാണ്‌ അവിടെ തിരഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തി ഞങ്ങളെപ്പോലെ തന്നെ കരമടയ്ക്കാൻ വന്ന ഒരു ഹതഭാഗ്യനാണെന്ന് മനസ്സിലായത്‌...

ഷെൽഫിലെ തട്ടുകളിൽ സീക്വൻസ് ഒക്കെ എഴുതി വച്ചിട്ടുണ്ടെങ്കിലും ഒരു സീക്വൻസുമില്ലാതെയാണ് രജിസ്റ്ററുകൾ അവിടെ വിശ്രമിക്കുന്നതു്. മാത്രമോ, പല ബുക്കുകളും മിസ്സിങ്ങുമാണ്.

ഭാഗ്യം... 84 എന്ന എന്റെ ബുക്ക് ഷെൽഫിലുണ്ട്. അതെടുത്ത് രശീതിയോടൊപ്പം ഏമാന് കൊടുക്കുമ്പോൾ എന്റെ മുൻഗാമിയായ നിർഭാഗ്യൻ തന്റെ രജിസ്റ്റർ അപ്പോഴും പരതുകയാണ്.

കരമടച്ച രശീതിയുമായി പുറത്തിറങ്ങവെ ആ പാവത്തിന്റെ പരാതി എന്റെ കർണ്ണപുടങ്ങളിൽ പതിഞ്ഞു.

"സാറേ... അറുപത്തി രണ്ട്‌ കാണുന്നില്ലല്ലോ..."

ഷെൽഫിലേക്ക് നോക്കി നിസ്സഹായതയോടെ നിൽക്കുന്ന ആ പാവത്തിനോട് ഏമാൻ ഇപ്രകാരം മൊഴിഞ്ഞു.

"ആ മേശപ്പുറത്തെങ്ങാനും നോക്ക്‌... കണ്ടില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനൊക്കത്തില്ല...!"

ഇതാണ് സാക്ഷാൽ വില്ലേജ് ഓഫീസ്! ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം നടമാടുന്ന തലസ്ഥാനത്തെ വില്ലേജ് ഓഫീസ്... വില്ലേജ് ഓഫീസിലെ തണ്ടപ്പേർ രജിസ്റ്റർ കണ്ടുപിടിച്ച് കൊടുക്കേണ്ട ചുമതല നികുതിയടക്കാൻ വരുന്നവന്! മാത്രമോ രാജസന്നിധിയിൽ മുഖം കാണിക്കാൻ നിൽക്കുന്ന ഏഴകളോടെന്ന പോലെയാണ് ഈ ഏമാന്മാർ നികുതി ദായകരോട് പെരുമാറുന്നത്

കെ. മോഹനകൃഷ്ണന്റെ വില്ലേജ് ഓഫീസ് പോലെയുള്ള മാതൃകാ വില്ലേജ് ഓഫീസുകൾ കാണണമെങ്കിൽ തൃശൂർ ജില്ലയിലെ ഞങ്ങളുടെ അടാട്ട് വില്ലേജ് ഓഫീസിലേക്ക് വാ സാറന്മാരേ...