Sunday, December 27, 2015

ഒരു വില്ലേജ് പുരാണംവാർഷിക അവധിക്ക്‌ നാട്ടിലെത്തുമ്പോഴാണ്‌ വീട്ടു നികുതിയും വസ്തു നികുതിയും ഒക്കെ അടയ്ക്കുന്നത്‌.

പതിവ്‌ പോലെ തിരോന്തരത്ത്‌ ചെന്നപ്പോൾ ഇത്തവണയും പോയി... ഭാര്യാമാതാവിന്റെ പുരയിടത്തിന്റെ കരമടയ്ക്കുവാൻ... വില്ലേജ്‌ ഓഫീസിൽ...

നമ്മുടെ തൃശൂരിലെ പോലെയൊന്നുമല്ല... മുടിഞ്ഞ സെറ്റപ്പാ... കഴിഞ്ഞ വർഷം കരമടച്ച രശീതി കൊടുത്തതും ചുമരിൽ ഒട്ടിച്ചിരിക്കുന്ന ഗുണനപ്പട്ടിക പോലെയുള്ള ഒരു ലിസ്റ്റിൽ ഒട്ടും താൽപര്യമില്ലാതെ പരതിയിട്ട്‌ രശീതിയുടെ പിറകിൽ 84 എന്ന് കുറിച്ച്‌ തന്നു. ശേഷം അടുത്തയാളുടെ രശീതി വാങ്ങി അയാൾക്കും ഇതു പോലെ കുറിച്ചു കൊടുത്തു.

"ദാ, ആ ഷെൽഫീന്ന് ഈ നമ്പരൊള്ള രജിസ്റ്റർ കണ്ടുപിടിച്ച്‌ എടുത്ത്‌ തരീൻ..."

അപ്പോഴാണ്‌ അവിടെ തിരഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തി ഞങ്ങളെപ്പോലെ തന്നെ കരമടയ്ക്കാൻ വന്ന ഒരു ഹതഭാഗ്യനാണെന്ന് മനസ്സിലായത്‌...

ഷെൽഫിലെ തട്ടുകളിൽ സീക്വൻസ് ഒക്കെ എഴുതി വച്ചിട്ടുണ്ടെങ്കിലും ഒരു സീക്വൻസുമില്ലാതെയാണ് രജിസ്റ്ററുകൾ അവിടെ വിശ്രമിക്കുന്നതു്. മാത്രമോ, പല ബുക്കുകളും മിസ്സിങ്ങുമാണ്.

ഭാഗ്യം... 84 എന്ന എന്റെ ബുക്ക് ഷെൽഫിലുണ്ട്. അതെടുത്ത് രശീതിയോടൊപ്പം ഏമാന് കൊടുക്കുമ്പോൾ എന്റെ മുൻഗാമിയായ നിർഭാഗ്യൻ തന്റെ രജിസ്റ്റർ അപ്പോഴും പരതുകയാണ്.

കരമടച്ച രശീതിയുമായി പുറത്തിറങ്ങവെ ആ പാവത്തിന്റെ പരാതി എന്റെ കർണ്ണപുടങ്ങളിൽ പതിഞ്ഞു.

"സാറേ... അറുപത്തി രണ്ട്‌ കാണുന്നില്ലല്ലോ..."

ഷെൽഫിലേക്ക് നോക്കി നിസ്സഹായതയോടെ നിൽക്കുന്ന ആ പാവത്തിനോട് ഏമാൻ ഇപ്രകാരം മൊഴിഞ്ഞു.

"ആ മേശപ്പുറത്തെങ്ങാനും നോക്ക്‌... കണ്ടില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനൊക്കത്തില്ല...!"

ഇതാണ് സാക്ഷാൽ വില്ലേജ് ഓഫീസ്! ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം നടമാടുന്ന തലസ്ഥാനത്തെ വില്ലേജ് ഓഫീസ്... വില്ലേജ് ഓഫീസിലെ തണ്ടപ്പേർ രജിസ്റ്റർ കണ്ടുപിടിച്ച് കൊടുക്കേണ്ട ചുമതല നികുതിയടക്കാൻ വരുന്നവന്! മാത്രമോ രാജസന്നിധിയിൽ മുഖം കാണിക്കാൻ നിൽക്കുന്ന ഏഴകളോടെന്ന പോലെയാണ് ഈ ഏമാന്മാർ നികുതി ദായകരോട് പെരുമാറുന്നത്

കെ. മോഹനകൃഷ്ണന്റെ വില്ലേജ് ഓഫീസ് പോലെയുള്ള മാതൃകാ വില്ലേജ് ഓഫീസുകൾ കാണണമെങ്കിൽ തൃശൂർ ജില്ലയിലെ ഞങ്ങളുടെ അടാട്ട് വില്ലേജ് ഓഫീസിലേക്ക് വാ സാറന്മാരേ...

46 comments:

 1. ജോലി കിട്ടുകയാണെങ്കിൽ തിരോന്തരത്തെ വല്ല വില്ലേജ് ഓഫീസിലും കിട്ടണം...

  ReplyDelete
 2. വിനുവേട്ടന്‍

  അല്പ്പകാലത്തെ ഇടവേളയ്ക്കു ശേഷം
  കിട്ടിയ വില്ലേജു പുരാണം വായിച്ചു സത്യത്തിൽ സത്യത്തിൽ ഇക്കൂട്ടരോട് ഒരുതരം അവജ്ഞ തോന്നുന്നു, നമ്മുടെ ദുഷിച്ച ഈ വ്യവസ്ഥിതിക്ക് ഇനിയൊരു മാറ്റം ഉണ്ടാകില്ലേ എന്ന് ഓർത്തപ്പോഴാണ്, പെട്ടന്ന് ആ വാക്കുകൾ കണ്ണിൽപ്പെട്ടത്, ഇവിടെ ഇനിയും ആശക്ക്‌ വകയുണ്ട് എന്ന്
  ആ അവസാന അടിക്കുറിപ്പ് പറയുന്നു:
  കെ. മോഹനകൃഷ്ണന്റെ വില്ലേജ് ഓഫീസ് പോലെയുള്ള മാതൃകാ വില്ലേജ് ഓഫീസുകൾ കാണണമെങ്കിൽ തൃശൂർ ജില്ലയിലെ ഞങ്ങളുടെ അടാട്ട് വില്ലേജ് ഓഫീസിലേക്ക് വാ സാറന്മാരേ...
  എന്ന ആ ആഹ്വാനം: വിനു എന്താണവിടെ നടക്കുന്നത് എന്ന് അടുത്ത ബ്ലോഗ്‌ കുറിപ്പിൽ എഴുതുക. അറിയിക്കുക.
  ആശയറ്റു എന്നു കരുതിയിടത്ത് ആശക്ക്‌ വഴികാണുന്നു എന്നു തോന്നുന്നു
  ബ്ലോഗിൽ സജീവമാകാൻ തീരുമാനിച്ചു എന്നു വിശ്വസിക്കുന്നു.
  ആശംസകൾ
  ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ്

  ReplyDelete
  Replies
  1. തൃശൂർ ജില്ലയിലെ വില്ലേജ് ഓഫീസുകൾ പൊതുവെ കസ്റ്റമർ ഫ്രെണ്ട്‌ലി ആണെന്ന് തോന്നുന്നു... കൈവശാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊക്കെ പതിനഞ്ച് മിനിറ്റിനകം ലഭിച്ച അനുഭവം എനിക്കുണ്ട് ഞങ്ങളുടെ വില്ലേജ് ഓഫീസിൽ... മാത്രമല്ല വളരെ ഹൃദ്യമായ പെരുമാറ്റവും...

   തെക്കോട്ട് പോയി തലസ്ഥാനത്തെത്തുമ്പോഴേക്കും എല്ലാം താപ്പാനകളല്ലേ ഏരിയൽ മാഷേ... എന്ത് ചെയ്യാം...

   Delete
 3. വിനുവേട്ടാ. സമാനമായ അനുഭവമാണ്- കഴിഞ്ഞകൊല്ലം എനിക്കുണ്ടായത്. കാലത്ത് പത്തരയ്ക്ക് ഞാനെത്തുമ്പോള്‍ ഒരു ഡസനിലേറെ സ്ത്രീകള്‍ ക്യൂ നില്‍ക്കുന്നു. ആരേയും മൈന്‍ഡ് ചെയ്യുന്ന ലക്ഷണം കണ്ടില്ല. ഒടുവില്‍ ഞാന്‍ സാറിന്ന് മുഖം കാണിച്ചു ഉദ്ദേശം അറിയിച്ചു. റജിസ്റ്റര്‍ തപ്പാന്‍ എന്നോടു പറഞ്ഞു. ഞാനതു തിരഞ്ഞെടുത്ത് നികുതി അടച്ചു. അപ്പോഴും സ്ത്രീകള്‍ നില്‍പ്പാണ്. ഓഫീസിനെക്കുറിച്ചോ റജിസ്റ്ററിനെക്കുറിച്ചോ ഒരു ധാരണയുമില്ലാത്ത പാവങ്ങള്‍. മുന്നില്‍ നിന്ന വൃദ്ധയോട് '' ഇദ്ദേഹത്തോടു പറയിന്‍. പുസ്തകം എടുത്തു തരുമെന്ന് '' ഒരു ഉപദേശം കിട്ടിയതോടെ അവര്‍ എന്നെ സമീപിച്ചു. ചുരുക്കത്തില്‍ എല്ലാവര്‍ക്കും ലെഡ്ജര്‍ എടുത്തുകൊടുത്ത്ഞാന്‍ തിരിച്ചുപോരുമ്പോള്‍ സമയം ഒന്നര. ഓണ്‍ലൈനില്നികുതി അടാക്കാനുള്ള സൌകര്യം ഉണ്ടായാല്‍ നന്ന്.

  ReplyDelete
  Replies
  1. അത് ശരി... അപ്പോൾ ഇതിവരുടെ ഒരു സ്ഥിരം പരിപാടിയാണല്ലേ...? പാലക്കാടും രക്ഷയില്ല അല്ലേ?

   Delete
 4. വില്ലേജ് സംബന്ധമായ കാര്യങ്ങള്‍ക്ക് തൃശൂര്‍ ജില്ലയില്‍പ്പെട്ട വില്‍വട്ടം വില്ലേജ് ഓഫീസില്‍ ചെല്ലുമ്പോള്‍ വില്ലേജ് ഓഫീസറുടെയും,ഉദ്യോഗസ്ഥരുടേയും മാന്യവും,മാതൃകാപരവുമായ സേവനമനോഭാവം കാണുമ്പോള്‍ മനസ്സില്‍ സന്തോഷം നിറഞ്ഞുകവിയാറുണ്ട്.സന്മനസ്സുള്ള ഇങ്ങനെയുള്ളവര്‍ സര്‍വ്വീസില്‍ ഉണ്ടായിരിക്കണമെന്ന് പ്രാര്‍ത്ഥിക്കാറുമുണ്ട്..........
  ആശംസകള്‍

  ReplyDelete
  Replies
  1. അതാണ് നമ്മുടെ തൃശൂർ, തങ്കപ്പൻ ചേട്ടാ...

   Delete
 5. സമയം ഉണ്ടെങ്കിൽ ഇവന്മാർക്കിട്ടൊക്കെ
  പണി കൊടുക്കാം..

  ഒരു മൊബൈലിൽ എല്ലാം റെക്കോർഡ്‌ ചെയ്തു
  എന്റെ വാർത്ത‍ പോലെയുള്ള ഏതേലും പരിപാടിയിൽ
  അയച്ചു കൊടുക്കണം..ലോകത്തു നടക്കുന്നത് ഒന്നും
  അറിയാതെ അവിടെ ജനിച്ചു അവിടെ തന്നെ മരിക്കുന്ന
  കുറെ ജന്മങ്ങൾ ഉണ്ട് നമ്മുടെ ചില സർക്കാർ ഓഫീസുകളിൽ

  ReplyDelete
  Replies
  1. തോന്നിയതാണ് വിൻസന്റ് മാഷേ... പിന്നെ... സ്വന്തം തടിയുടെ കാര്യമോർത്ത് വേണ്ടെന്ന് വച്ചതാ...

   Delete
 6. ബ്ലോക്ക്‌ ഓഫീസുകളില്‍ / ദാരിദ്ര്യ ലഘൂകരണ യൂണിറ്റ്
  പോകേണ്ട ആവശ്യമുണ്ടാകാറില്ല അല്ലെ. അത് നന്നായി. ;)
  ദാരിദ്ര്യത്തിന്റെ ഓഫിസല്ലേ എന്ന് ചോദിച്ചോണ്ടാ ഇവിടെ ആളുകള്‍ വരുന്നേ. :D

  പോസ്റ്റ്‌ fbയില്‍ വായിച്ചിരുന്നു. കലക്കി. (അനുഭവം അല്ല)

  ReplyDelete
  Replies
  1. ഹ ഹ ഹ... അപ്പോൾ സുകന്യാജിയുടെ ഉദ്യോഗം ദാരിദ്ര്യത്തിന്റെ ഓഫീസിലാണല്ലേ... കലക്കി... :)

   Delete
 7. കഷ്ടം തന്നെ അല്ലേ? സര്‍ക്കാര്‍ ഓഫീസുകള്‍ എന്നു വച്ചാല്‍ ജനങ്ങള്‍ക്ക് പേടിസ്വപ്നം ആകാതിരുന്നതെങ്ങനെ?

  ReplyDelete
  Replies
  1. എങ്കിലും എന്താ അഹങ്കാരം അവരുടെയൊക്കെ... പൊതുജനങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യേണ്ട രേഖകളാണോ ഈ തണ്ടപ്പേർ രജിസ്റ്റർ ഒക്കെ...

   Delete
 8. ഫേസ്ബുക്കിൽ ചെയ്തിരുന്നത്‌ ഞാൻ വായിച്ചിരുന്നു.

  ReplyDelete
  Replies
  1. കോട്ടയത്തൊക്കെ എങ്ങനെയാണാവോ...? :)

   Delete
 9. ഒരിടത്ത് നരകം ഒരിടത്ത് സ്വര്‍ഗ്ഗം അല്ലെ...

  ReplyDelete
 10. എനിക്കും ഇതേപോലെ അനുഭവം ഉണ്ടായി.പക്ഷേ “വാ” തുറന്ന് ഒന്നങ്ങ് കാച്ചി.അതാ വരുന്നു ആവശ്യമായ രേഖകള്‍ മുഴുവന്‍ !!!അതെ,അത് മാത്രമാണ് ഇതിനുള്ള പോംവഴി.

  ReplyDelete
  Replies
  1. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ തിരിച്ചു വരവ് മുടങ്ങുമെന്നുള്ളത് കൊണ്ട് അഭ്യാസങ്ങൾക്കൊന്നും മുതിർന്നില്ല അരീക്കോടൻ മാഷേ...

   Delete
 11. ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേട്

  ReplyDelete
 12. അക്ഷരം പ്രതി ശരിയാണ് പറഞ്ഞിരിയ്ക്കുന്നത് .. നല്ല എഴുത്ത്..ഇഷ്ടം..

  ReplyDelete
 13. ഞാനും ഇവിടെ ഒരു വില്ലേജാഫീസിൽ പോയി ഒരു ബന്ധുവിനു വേണ്ടി, 500 രൂപയും നാലു ദിവസത്തെ കഷ്ടപ്പാടും ചിലവാക്കി' ഇന്ന് കരം അടച്ച രശീത് കയ്യിൽ കിട്ടി....!

  ReplyDelete
  Replies
  1. എല്ലാവരും പറഞ്ഞു വരുന്നത് അപ്പോൾ തൃശൂരിലെ വില്ലേജ് ഓഫീസുകൾ അപ്പോൾ ഒരു എക്സപ്ഷൻ ആണെന്നാണോ...? എന്താ ഇത് കഥ... !

   Delete
 14. ഞാനും ഇവിടെ ഒരു വില്ലേജാഫീസിൽ പോയി ഒരു ബന്ധുവിനു വേണ്ടി, 500 രൂപയും നാലു ദിവസത്തെ കഷ്ടപ്പാടും ചിലവാക്കി' ഇന്ന് കരം അടച്ച രശീത് കയ്യിൽ കിട്ടി....!

  ReplyDelete
  Replies
  1. ഫ്രീ ആയി കിട്ടിയതല്ലേ... ഇരിക്കട്ടെ ഈ കമന്റ് കൂടി... :)

   Delete

 15. വിനുവേട്ടാ, പണ്ടൊരിക്കൽ ഞാൻ കോളേജിൽ പഠിക്കുന്ന നേരത്ത്, കൊല്ലത്തെ ഒരു വില്ലേജ് ഓഫീസിൽ ഒരു സർട്ടിഫിക്കറ്റ് വാങ്ങാൻ രാവിലെ പത്തു മണിക്ക് വലിയ ജാഡയിൽ ചെന്ന് , വൈകിട്ട് മൂന്നര വരെ ഓരോ ചെറിയ കാരണങ്ങൾ പറഞ്ഞു എന്നെ പുറത്തു നിർത്തി, അവസാനം സ്വന്തം കിഡ്നി തരുന്ന മഹാമാനസ്ക്കയോടെ ആ സാറ് . സർട്ടിഫിക്കറ്റ് തന്നത് , ഈ കുറിപ്പ് വായിച്ചപ്പോൾ ഓർമ വന്നു !

  ReplyDelete
  Replies
  1. അപ്പോള്‍ വില്ലേജ് ഓഫീസുകള്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെ തന്നെയാണല്ലേ...?

   Delete
 16. വിനുവേട്ടാ,, എഴുത്ത് നന്നായി,, കണ്ണുരിലൊക്കെ ഓഫീസിലുള്ളവർക്ക് കുറച്ചൊക്കെ പേടിയുണ്ട്,, പാർട്ടിക്കാരെ,, പിന്നെ കെ സുധാകരനെ,, അങ്ങനെ പലരെയും,,
  മോഹനകൃഷ്ണനെ എന്നും മറക്കാതെ കൈരളിയിൽ 2 തവണയും കാണും, അതുമാത്രമാണ് പതിവ് സീരിയൽ,, ഉച്ചക്ക് 1.30നും രാത്രി 9.00നും. കെ. മോഹനകൃഷ്ണൻ വീട്ടിൽ പറയുന്ന ഡയ്ലോഗൊക്കെ പതിവായി എന്റെ വീറ്ടിൽനിന്ന് കേൾക്കാറുള്ളതാണ്.

  ReplyDelete
  Replies
  1. കണ്ണൂര് പിന്നെ കണ്ണൂര് തന്നെയല്ലാതെ വരുമോ ടീച്ചറേ... ഞങ്ങളുടെ വീട്ടിലും കാണുന്ന ഏക സീരിയൽ മോഹനകൃഷ്ണന്റെയും സത്യഭാമയുടെതുമാണ് കേട്ടോ...

   Delete
 17. തിരുവനന്തപുരത്ത് കാരെ അടച്ചു ആക്ഷേപിച്ചിരിക്കുകയാണല്ലോ. അതിന് കൂട്ടുകൂടാൻ കുറെ തൃശ്ശൂർ കാരും. ഇത് ശരിയായില്ല. തൃശ്ശൂര് കാരുടെ പൊങ്ങച്ചം അടിക്കുന്ന ട്രിക്ക് മനസ്സിലാക്കാതെ കൊല്ലത്തും തിരുവനന്തപുരത്തും ഉള്ള കുറെ ഇന്നസന്റ് ആൾക്കാര് കൂടെ കുറ്റം പറയാനും സാക്ഷി പറയാനും കൂടി . ങാ പോട്ടെ.

  കുറേക്കാലം കൂടി ക്കഴിയുമ്പോൾ രസീത് ബുക്കും നമ്മൾ തപ്പി എടുത്ത് എഴുതേണ്ടി വരും എന്നാ തോന്നുന്നത്.

  നമ്മൾ സംഘടിക്കാത്തതാണ് കാരണം. ഓരോരുത്തരും അവരുടെ കാര്യം സാധിച്ചു കിട്ടാൻ ഒന്നുകിൽ പ്രതികരിക്കാതിരിക്കയോ അല്ലെങ്കിൽ എന്തെങ്കിലും ചിക്കിലി കൊടുക്കുകയോ ചെയ്യും. അത് മാറണം.

  ഇൻകം റ്റാക്സ് ഡിപ്പാർട്ട്മെന്റ എന്റെ ഒരു സുഹൃത്തിനു റീഫണ്ട് കൊടുക്കാതെ ഇട്ടു കറക്കി. ഞാൻ RTI വിവരം ചോദിപ്പി ച്ചു. ഉടൻ റീഫണ്ട് കിട്ടി. അത് പോലെ ഹെൽത്ത് സർവ്വീസിൽ ഒരു തെറ്റായ ട്രാൻസ്ഫർ. ഞാൻ ഒരു RTI ചോദിച്ചു. ആ ട്രാൻസ്ഫർ ക്യാൻസൽ ആക്കി തിരിച്ചു കൊടുത്തു. ഇങ്ങിനെയാണ്‌ കാര്യങ്ങൾ. നികുതി കൊടുക്കുന്ന നമ്മളെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥർ. ഏതായാലും നല്ല പോലെ പെരുമാറുന്ന തൃശ്ശൂർ കാര് ഉദ്യോഗസ്ഥർക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ.

  ഇനി എന്നാ അടുത്ത വർഷം കരം അടയ്ക്കാൻ വരുമ്പം ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

  ( ആ വില്ലേജ് ആപ്പീസ് കൊണ്ട് അങ്ങിനെ ഒരു ഗുണം ഉണ്ടായി)

  ReplyDelete
  Replies
  1. ബിപിൻജീ... എനിക്ക് തീർത്തും പുതുമായായിരുന്നു ഈ അനുഭവം...

   വർഷത്തിൽ ഒരു പോസ്റ്റ് മാത്രം കണ്ടതു കൊണ്ടാണോ അവസാനത്തെ വാക്യം? :)

   Delete
 18. ന്യൂ-ജനറേഷൻ പിള്ളേഴ്സുള്ള
  പല ഗവ: ഓഫീസുകളിലും ഇത്തരം
  ഏമാനത്തത്തരം കുറവാണെന്ന് തോന്നുന്നു.
  കാശും ഏജന്റുമാരും നിയന്ത്രിക്കുന്ന ഒരു തരം
  ഉടായിപ്പിന് പണ്ടേ മുതൽ നമ്മൾ തലവെച്ച് കൊടുത്തകാരണമാണ്
  ഇത്തരം പുലിവാലുകൾ നാം ഇന്നും പിടിക്കേണ്ടിവരുന്നത് ...!
  പിന്നെ
  തൃശ്ശൂരെ ഉദ്യോഗസ്ഥർ ഒട്ടുമിക്കവരും കോഴിക്കോട്ടെ
  ഓട്ടോക്കാരെ പോലെ തന്നെ സന്മനസ്സുള്ളവർ തന്നേയാണ്..
  അനുഭവം സാക്ഷി...!

  ReplyDelete
  Replies
  1. മുരളിഭായ് പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു...

   Delete
 19. എറണാകുളത്തുള്ള ഞങ്ങളുടെ മരട് വില്ലേജ് ഓഫീസിൽ ഇങ്ങിനെയൊന്നും ഉണ്ടാകാതെ കാര്യങ്ങൾ വേഗം നടന്നു കിട്ടിയ അനുഭവങ്ങളാണ് ഉള്ളത് .

  ReplyDelete
  Replies
  1. എന്നാൽ ഒരു സംശയവും വേണ്ട കുഞ്ഞൂസ്... അവിടുത്തെ സ്റ്റാഫ് തൃശൂർക്കാരായിരുന്നിരിക്കും... :)

   Delete
 20. പല സര്‍ക്കാര്‍ ഓഫീസുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

  ReplyDelete
 21. പത്തു ചേനത്തണ്ടന്മാരുടെ കൂടെ ഒരു മാളത്തിൽ പോയി കിടക്കുന്നതിനേക്കാൾ പ്രയാസമാണ് ചില സര്ക്കാര് ആഫീസുകളിൽ നിന്നും പൗരാവകാശത്തിൽ എണ്ണിപ്പറഞ്ഞ ചില സംഗതികൾ കിട്ടുക എന്ന് വച്ചാൽ. ആഭിചാത്യവും ഇച്ഛാശക്തിയും ഉള്ള ഭരണാധികാരികൾ ഇല്ലാത്ത ഒരു നാട്ടിൽ ഇതിങ്ങനെ ഒക്കെയേ നടക്കൂ..
  നല്ല പെടയാണു സത്യത്തിൽ മരുന്ന്. പക്ഷെ പറ്റില്ലല്ലോ..
  നല്ലൊരു കുറിപ്പ് വിനുവേട്ടാ

  ReplyDelete
 22. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നല്ലേ.... :-D
  ഒരു സര്‍ക്കാരോഫോസില്‍ ചെന്ന് കാര്യം സാധിച്ച് പോരണമെങ്കില്‍ ചില്ലറ പാടൊന്നുമല്ല. ഉദ്യോഗസ്ഥരായിരിക്കുന്നവരുടെ വീട്ടില്‍ നിന്നാണ് ഓരോ സര്‍ട്ടിഫിക്കറ്റും കൊണ്ടുത്തരുന്നതെന്നാ ഭാവം..!!
  ഓരോരുത്തരും അപ്പോഴത്തെ സൗകര്യം നോക്കി എല്ലാം സഹിച്ചും ക്ഷമിച്ചും കൈക്കൂലി കൊടുത്തും കാര്യം സാധിച്ചു പോരും. ഇത് അവരുടെ ഈ പെരുമാറ്റത്തിന് വളം വച്ച് കൊടുക്കുകയും ചെയ്യുന്നു.

  ReplyDelete
 23. സമാനമായ അനുഭവം നേരിട്ടവനാണ് ഞാന്‍,
  രണ്ടു വര്ഷം മുമ്പ്, ആകെയുള്ള എട്ട് സെന്റ്‌ സ്ഥലത്തിന്റെ നികുതിയടക്കാന്‍ പോയി ,പിന്നെയും പോയി,ലട്ജര്‍, കാണാതെയും സെക്ഷനിലെ സ്റ്റാഫ് ഇല്ലാതെയും മടങ്ങി പോന്നു ,അടുത്ത കൊല്ലം ചെന്നപ്പോള്‍ എന്റെ പഴയ നികുതി ശീട്ട്, വീട്ടില്‍ നിന്ന് എങ്ങിനെയോ മിസ്സായി പോയി, പഴയ ശീട്ടില്ലാതെ പുതിയ നടക്കാന്‍ പറ്റില്ലെന്ന് അവിടെത്തെ തമ്പ്രാട്ടി, ഒടുവില്‍ എന്റെ കുറ്റമല്ല സാറേ, മാഡം എന്നൊക്കെ പറഞ്ഞു നോക്കി, വര്‍ഷത്തില്‍ ഒരു മാസത്തെ അവധിക്കു വരുന്ന ഞാന്‍ പലതവണ ഈ ഒരാവശ്യത്തിന് കയറി ഇറങ്ങിയിട്ടുണ്ടെന്ന് വിനീത കുനീതനായി പറഞ്ഞു നോക്കി, അപ്പോള്‍ എനിക്ക് അവധി കുറഞ്ഞത് ആയമ്മയുടെ തെറ്റല്ലെന്നായി അവര്‍, അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന ചേട്ടന്‍മ്മാരും മുരളിയേട്ടന്‍ പറഞ്ഞ ന്യൂ ജെന്‍ അനിയന്മാരും ഇതൊന്നും അവരെ ബാധിക്കാത്ത വിഷയമായത് കൊണ്ട് ഞങ്ങളുടെ സംഭാഷണം കേട്ട് രസിച്ചിരിക്കുന്നു, എന്റെ ക്ഷമയുടെ അതിര് കടക്കുന്നത് കണ്ടായിരിക്കാം, അവര്‍ പറഞ്ഞു, നിങ്ങളിങ്ങനെ ഇമോഷനായി സംസാരിച്ചിട്ടു കാര്യമില, അഞ്ചു വര്ഷം കഴിഞ്ഞാല്‍ കുടിക്കട സര്‍ട്ടിഫിക്കറ്റ് വേണം, അതും കൊണ്ട് വന്നാല്‍ സ്ഥലം വന്നു കണ്ടു ബോധ്യപ്പെട്ട് മാത്രമേ നികുതി സ്വീകരിക്കൂ, അവധി തീരാരായിരുന്നു, അത് കൊണ്ട് ഇനി അതിനു മെനക്കെടാന്‍ നേരമില്ല, പുറത്തിറങ്ങി നിരാശനായി മടങ്ങുമ്പോള്‍ ആണ് ബന്ധുവായ ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ എതിരെ വരുന്നത് . വിശേഷങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ കാര്യവും വിഷയീഭവിച്ചു, അങ്ങേര് പറഞ്ഞു, "അതൊന്നും വേണ്ടെടാ, നീ നാളെയോ മറ്റന്നാളോ ഫ്രീ ആകുമ്പോള്‍ വാ, പത്തു കൊല്ലത്തെ നികുടിയൊക്കെ ഒരു ശീട്ടുമില്ലാതെ ഞാന്‍ അടച്ചിട്ടുണ്ട്, അത് നിന്നെ പരിചയമില്ലാഞ്ഞിട്ടാണെന്ന്. "
  പരിചയ സര്‍ട്ടിഫിക്കറ്റുമായി പോകാന്‍ മനപൂര്‍വ്വം ഞാന്‍ മെനക്കെട്ടില്ല, എട്ട് മാസം കഴിഞ്ഞു അടുത്ത അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍, നേരെ രജിസ്റ്റര്‍ ഓഫീസില്‍ പോയി അഞ്ചു വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കട്ടിന് അപേക്ഷ കൊടുത്തു, ആറു ദിവസം കഴിഞ്ഞു അതുമായി വില്ലെജിലെക്ക്, പഴയ മാഡം തന്നെ, ആദ്യം ആധാരം കൊടുത്ത്, നികുതിയടക്കണം എന്ന് വിനയ പുരസ്സരം ഉണര്‍ത്തിച്ചു, "പഴയ ഷീറ്റുമായി വേണമെന്ന് " ശീട്ട് കാണാനില്ല, കുടിക്കട സര്‍ട്ടിഫിക്കറ്റ് കൊണ്ട് വന്നിട്ടുണ്ട്, എന്ന് ഉണര്‍ത്തിച്ചു, അത് കൊണ്ടെന്താ കാര്യം ? എന്നായി ചേച്ചി, അറിയില്ല, കഴിഞ്ഞ വര്ഷം ഇവിടുന്നു അങ്ങിനെ പറഞ്ഞു, എന്ന് ഞാനും, "ഓ. തന്നിഷ്ടത്തിന് വാങ്ങിച്ചോണ്ട് വന്നതാല്ലേ, " ഇനിയും കുമ്പിടാന്‍ എന്നെ കൊണ്ട് സാധിക്കത്തതാവാം ഒച്ച ഉയര്‍ന്നു, "നികുതി അടക്കണ്ട, സ്വീകരിക്കാന്‍ പറ്റാത്ത കാരണം അതിന്റെ പിറകില്‍ ഒന്ന് എഴുതി തന്നാല്‍ മാത്രം മതി," എന്ന് മാത്രമേ പറഞ്ഞുള്ളൂ, പ്രാകി പറഞ്ഞു നാലഞ്ചു പിഞ്ഞി പഴകിയ ലെട്ജേര്‍ വലിച്ചിട്ടു, മറിച്ചിട്ട്‌ അവര്‍ എഴുതി തന്ന് ആറു രൂപ എമ്പത്‌ പൈസയുടെ ഒരു ശീട്ട്,നാല് വര്‍ഷത്തെ എന്റെ ഒറ്റയാള്‍ സമരം വിജയിച്ച സന്തോഷത്തില്‍ ഞാനും,
  നന്ദി സ്നേഹം ഇതൊക്കെ ഒന്നൂടെ ഓര്‍മ്മിപ്പിച്ചതിന്

  ReplyDelete
 24. സത്യമായവ തന്നെ ഇത്..പണ്ട് രാജഭരണത്തിൽ രാജാവിനെ പേടിച്ചാൽ മതിയായിരുന്നു.. ഇന്ന് ജനായത്ത ഭരണത്തിൽ മുകളിലുള്ളവരെ മുതൽ വില്ലേജ് ഓഫീസർ എന്നല്ല ഇപ്പോൾ അക്ഷയയിലെ ഏമാന്മാരെ വരെ പഞ്ചപുച്ഛമടക്കി കാത്തു കെട്ടി കിടക്കണം..അവരുടെ കളി കണ്ടാൽ തോന്നും അവരാണ് നമ്മളെ ഭരിക്കുന്നത് എന്ന്..

  ReplyDelete
 25. ആ പുള്ളിയുടെ ബുക്ക്‌ കൂടി കണ്ടു പിടിച്ച്‌ കൊടുത്തൂടായിരുന്നോ ചേട്ടാ

  ReplyDelete
 26. ഏത് വില്ലേജാപ്പീസിലാണ് താങ്കള്‍ക്ക് ഇത്തരം അനുഭവം ഉണ്ടായത്? പേര് സഹിതം പ്രസിദ്ധീകരിക്കൂ. ഇപ്പൊ നമ്മുടെ ഫോണില്‍ ക്യാമറയും മറ്റും ഉള്ളത് വെറുതേ ചാറ്റിങ്ങിനും സമയം കൊല്ലാനും മാത്രമല്ല, ഇത്തരം തല തിരിഞ്ഞവന്മാര്‍ക്ക് പണി കൊടുക്കാന്‍ കൂടിയാണ്.

  നമ്മള്‍ അവരുടെ ദാസന്മാരല്ല, മറിച്ച് അവരാണ് സമൂഹത്തിന്‍റെ ദാസന്മാര്‍.

  അധികം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട യോഗം എനിക്ക് ഉണ്ടായിട്ടില്ലെങ്കിലും പോയ സ്ഥലത്ത് നിന്നൊക്കെ വളരെ നല്ല അനുഭവങ്ങള്‍ ആണ് ഉണ്ടായിട്ടുള്ളത്. ഇത് തൃശൂര്‍ ഉള്ള ഓഫീസ് ആയതു കൊണ്ട് മാത്രമാണോ എന്നൊന്നും എനിക്ക് അറിയില്ല.

  ReplyDelete
 27. ഇതിലെന്താണ് മാഷേ ഇത്ര അസഹിഷ്ണുത?
  അതൊരു ജനകീയ വില്ലേജ് ഓഫീസായി കണ്ടാൽ പോരേ? മറ്റൊരു വില്ലേജ് ഓഫീസിൽ പോയാൽ അവിടെയുള്ള രെജിസ്റ്ററിലോ, രസീതി ബുക്കുകളിലോ ഒന്ന് സ്പർശിക്കാൻ അവർ സമ്മതിക്കുമോ? ഇവിടെ നിങ്ങൾക്ക് തന്നെ ഓഫീസ് കാര്യങ്ങളിൽ ഇടപെടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നിട്ടില്ലേ?
  ഇങ്ങനൊക്കെ തുടങ്ങിയാൽ എങ്ങനാ? ഇനി നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ പോയി പ്ലാറ്റ് ഫോം ടിക്കറ്റ് എടുക്കാൻ തുനിഞ്ഞാലും ഇതേ കുറ്റം പറയുമെല്ലോ. അവിടെയും ഇതുപോലെ തന്നെ ഒരു പെട്ടിയിൽ നിന്നും നമ്മൾ ടിക്കറ്റ് നേരിട്ട് എടുക്കണം.
  എല്ലാത്തിനും കുറ്റം കണ്ടു പിടിക്കുന്നത് കൊണ്ടാ നമ്മുടെ നാട് തീരെ പുരോഗമിക്കാത്തത്.

  ReplyDelete