‘ഫേൻ
ഖിബ്‌ല?’
നാല്
വർഷങ്ങൾക്കുമുന്നെ, ഇവിടെ സൌദിയിൽ വച്ചാണ് ഈ സംഭവം അരങ്ങേറുന്നത്. വാഹനാപകടത്തിൽപ്പെട്ട്
ആശുപത്രിയിലായ ഒരു സുഹൃത്തിനെ കാണാൻ മദീനയിൽ പോയിട്ട്,
സാപ്റ്റ്കോ (SAPTCO - Saudi Public Transport Co.) ബസ്സിൽ ജിദ്ദയിലേയ്ക്കുള്ള മടക്കയാത്ര. വൈകുന്നേരത്തെ സല (നിസ്കാരം) സമയം
ആയതിനാൽ, റോഡരികിലുള്ള ഒരു പള്ളിയുടെ മുന്നിൽ ബസ് നിർത്തിയിട്ടിരിക്കുകയാണ്. പ്രാർത്ഥന
എത്തിക്കുവാനായി പലരും ബസ്സിൽ നിന്നും ഇറങ്ങി പള്ളിയിലേയ്ക്ക് പോകുന്നുണ്ട്. തൊട്ടടുത്ത്
തന്നെ ഒരു പെട്രോൾ ബങ്കും അതിനോട് ചേർന്നൊരു ചെറിയ ഹോട്ടലും. ഉച്ചയ്ക്ക് ഭക്ഷണമൊന്നും
കഴിക്കാത്തതിനാൽ, ഹോട്ടലിൽ നിന്ന് എന്തെങ്കിലും തരപ്പെടുമോ എന്നറിയാൻ ബസ്സിൽ നിന്നിറങ്ങി
അവിടേയ്ക്ക് ചെന്നു. പക്ഷേ, പ്രാർത്ഥനാസമയമായതിനാൽ, വെള്ളം അല്ലാതെ മറ്റൊന്നും വില്പനയില്ല.
വിശപ്പിന്റെ വിളിയ്ക്ക് താൽക്കാലിക ശമനം കൊടുക്കാൻ ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചുകൊണ്ട്,
കടയുടെ മുൻപിൽ കണ്ട ഒരു ബഞ്ചിൽ ഇരിപ്പായി.
അധികം
ദൂരത്തല്ലാതെ കിടക്കുന്ന ബസ്സിനെ കാണാൻ പാകത്തിൽ, അതിന് അഭിമുഖമായിട്ടാണ് ഇരിക്കുന്നത്.
ബസ്സിൽ നിന്നും ഇടയ്ക്കിടെ ആളുകൾ ഇറങ്ങുകയും കയറുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെയിരിക്കെ,
നാലഞ്ച് കറുത്ത വസ്ത്രധാരിണികൾ ബസ്സിൽ നിന്നും ഇറങ്ങി, ചുറ്റുപാടുമൊക്കെ വീക്ഷിച്ച്
എന്തൊക്കെയോ തമ്മിൽ സംസാരിച്ച് കുറച്ചുസമയം അവിടെ നിന്നു. നല്ല ഉയരവും അതിനൊത്ത തടിയുമുള്ള
സ്ത്രീകൾ - ആഫ്രിക്കൻ വംശജർ ആണെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ, അതിലൊരു സ്ത്രീരൂപം
മുന്നോട്ട്, ഹോട്ടലിന്റെ നേരെ, നടന്നു തുടങ്ങി. ‘വെള്ളം മേടിക്കാനായിരിക്കണം’ എന്ന്
മനസ്സിൽ കരുതി, നോട്ടം മറ്റൊരു ദിശയിലേയ്ക്ക് മാറ്റി. തൊട്ടുമുന്നിൽ വെളിച്ചം മറച്ച്
എന്തോ വന്നതായി ഒരു തോന്നൽ. എന്താണെന്നറിയാൻ മുഖം തിരിച്ചപ്പോൾ കണ്ണുകളിൽ നിറഞ്ഞത്
കറുപ്പ് നിറം മാത്രം. കാര്യം പിടികിട്ടി, നടന്നുവന്ന സ്ത്രീയാണ് മുന്നിൽ നിൽക്കുന്നത്.
“അസ്സലാമു
അലൈക്കും” –
ഘനഗംഭീരമായ ശബ്ദം, ആ കറുത്ത രൂപത്തിൽ നിന്നും പുറപ്പെട്ടു.
“വാ
അലൈക്കും ഉസ്സലാം” –
ഇത്തിരി പരുങ്ങലോടെയാണെങ്കിലും പ്രത്യഭിവാദ്യം ചെയ്തു.
“ഫേൻ
ഖിബ്‌ല?”*
കുടുങ്ങിയോ
പടച്ചോനേ..! നിസ്കാരത്തിന് നിൽക്കേണ്ട ദിശ ഏതാണെന്നാണ് ചോദ്യം. താമസിക്കുന്ന റൂമിൽ
അല്ലെങ്കിൽ ഓഫീസിൽ വച്ചായിരുന്നു ഈ ചോദ്യമെങ്കിൽ എളുപ്പത്തിൽ ഉത്തരം പറഞ്ഞുകൊടുക്കാമായിരുന്നു.
ഇതിപ്പോ, ദിക്കും ദിശയുമറിയാത്ത ഏതോ ഒരു നാട്ടിൽ എങ്ങനെ ഖിബ്‌ല അറിയാനാണ്.. മറുപടി
കൊടുക്കാൻ താമസിച്ചില്ല;
“വള്ളാഹി,
അന മാ ആരിഫ്..”**
ഒന്നും
പറയാതെ അവർ തിരികെ ബസ്സിന്റെ അടുക്കലേയ്ക്ക് നടന്നു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന
വെള്ളം ഒറ്റയിറക്കിന് അകത്താക്കിയിട്ട്, ഖിബ്‌ല എവിടെയാവാം എന്ന് വെറുതെ ആലോചിച്ച്
തലയും കുമ്പിട്ടിരുന്നു.
അധികം
കഴിഞ്ഞില്ല, ബസ്സിന്റെ തണലിൽ - എനിക്ക് അഭിമുഖമായി – ആ സ്ത്രീജനങ്ങൾ പ്രാർത്ഥനയ്ക്കായി
നിരന്നു. അവർ ഖിബ്‌ല മനസ്സിലാക്കിയെടുത്തിരിക്കുന്നു.. അവർക്കു മുൻപിലെ ഇരിപ്പവസാനിപ്പിച്ച്
എണീക്കുമ്പോൾ, കടുകട്ടിയായ ഒരു ചോദ്യത്തിന്റെ ഉത്തരം എളുപ്പത്തിൽ കണ്ടെത്തിയ ആശ്വാസം
എന്നിലും ആവേശിച്ചു.
* ഏടെയാന്ന് ഖിബ്‌ല?
** അള്ളാണെ, ഞമ്മക്കറിഞ്ഞൂടാ
(തീർന്നു)
മുറിവാൽ: കഴിഞ്ഞ ദിവസം വിനുവേട്ടനെ നാട്ടിലേയ്ക്ക്
യാത്രയാക്കാൻ എയർപോർട്ടിൽ പോയപ്പോൾ അവിടെയും വഴികാട്ടിയായി.. അഞ്ചിലധികം തവണ.. എല്ലാവർക്കും
ഒരേ ചോദ്യം.. “ഫേൻ ഹമാം?” (ടോയ്ലറ്റ് എന്ന് പരിഭാഷ). സ്വന്തം ‘ശങ്ക‘ മാറ്റാനുള്ള തത്രപ്പാടിൽ,
നേരത്തെ തന്നെ സ്ഥലം കണ്ടുപിടിച്ചിരുന്നതിനാൽ, ആവശ്യക്കാരെ വഴിതിരിച്ചുവിടാൻ ഒട്ടും
പ്രയാസമുണ്ടായില്ല.. :)