Wednesday, October 5, 2011

ഒരു തിരിച്ചറിയൽ കാർഡ്


ങ്ങനെ മിടുമിടുക്കിയായി ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞു. സാറ് അപ്പുറത്തെ സീറ്റിൽ ചുമ്മാതിരുന്നാൽ മതി, ഞാൻ പുല്ലു പോലെ വണ്ടി ഓടിയ്ക്കും. ക്ലച്ചും ബ്രേക്കും  സാറിനും കൂടി നിയന്ത്രിയ്ക്കാൻ പറ്റുന്ന വിധത്തിലുള്ള ഡ്രൈവിംഗ് സ്കൂളിന്റെ കാറല്ലേ ഓടിയ്ക്കുന്നത് എന്ന് ചോദിയ്ക്കരുത്. അങ്ങനെ സംശയം ചോദിയ്ക്കുന്നവർക്കെല്ലാം അവരവരുടെ സ്വദേശിയോ വിദേശിയോ ആയ കാറ് ഞാനോടിച്ചു കാണിച്ചു തരുന്നതായിരിയ്ക്കും. അല്ല, പിന്നെ.

എച്ച് മാത്രമല്ല സൌകര്യം കിട്ടിയാൽ ഇസഡ് വരെ എടുത്തു കളയും ഞാനെന്ന് ബോധ്യമായപ്പോൾ ലൈസൻസ് ടെസ്റ്റിന് പോകാമെന്നായി സാറ്. 

ഭയ ഭക്തി ബഹുമാനത്തോടെ തൊട്ട് തലയിൽ വെച്ച് എല്ലാം മംഗളമായാൽ ഫുൾ ടാങ്ക് പെട്രോളും ആവശ്യത്തിന് ഓയിലുമൊക്കെ ഏതെങ്കിലുമൊരു കാറിനു എപ്പോഴെങ്കിലും നേദിയ്ക്കാം എന്നൊരു നേർച്ച കൈക്കൂലിയും വാഗ്ദാനം ചെയ്തു ഞാൻ ടെസ്റ്റ് കാറ് ഭഗവാനെ പ്രസാദിപ്പിയ്ക്കാൻ ശ്രമിച്ചു. കൊട്ടാരക്കര ഗണപതിയ്ക്ക് ഉണ്ണിയപ്പം നേർന്നിട്ട് ആൽത്തറ ഗണപതിയ്ക്ക് നേദിയ്ക്കണപോലെയല്ലേ ഇതെന്ന് ചില അതി വിശ്വാസികൾ ഏഷണി കൂട്ടുന്നതു ഞാൻ കേൾക്കുന്നുണ്ട്. പക്ഷെ, കാര്യം പറഞ്ഞു വരുമ്പോൾ രണ്ടും ഗണപതി തന്നെയാണല്ലോ. അതു മാത്രമല്ല, ഞാൻ ആണെങ്കിൽ ദൈവം ഒന്നേയുള്ളൂ എന്നും നമ്മളാണ് ദൈവത്തിന് പല രൂപങ്ങൾ നൽകുന്നതെന്നും ഉറച്ച് വിശ്വസിയ്ക്കുന്ന ഒരു മിത വിശ്വാസിയുമാണ്.

എന്തായാലും നേർച്ച ഏറ്റു. എച്ച് പരീക്ഷയിൽ ടെസ്റ്റ് കാറ് ഭഗവാൻ പ്രസാദിച്ചു.
പക്ഷെ, വലിയ പരീക്ഷ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നാഷണൽ ഹൈവേയിൽ കാറോടിച്ച് കാണിയ്ക്കണമത്രെ! എല്ലാ ഗിയറും മാറ്റി ഇട്ട് ഓടിയ്ക്കണം പോലും.

പരീക്ഷകനായ വെഹിക്കിൾ ഇൻസ്പെക്ടറെ നേരിട്ടു കണ്ടപ്പോൾ, കാറോടിയ്ക്കുന്നതു പോയിട്ട്, ആ മഹനീയ സാന്നിധ്യമുള്ള കാറ് വേറെ ആരെങ്കിലും ഓടിയ്ക്കുകയാണെങ്കിൽ കൂടി അതിൽ കയറി, ചുമ്മാ കാറ്റേറ്റിരിയ്ക്കാൻ പോലും പറ്റില്ലെന്ന് എനിയ്ക്ക് മനസ്സിലായി. 

ആറടിയ്ക്കു മേൽ പൊക്കവും രണ്ട് രണ്ടരയടി വീതിയും ഈ ലോകം മുഴുവൻ ചുട്ടു ചാമ്പലാക്കാൻ അരിശപ്പെടുന്ന ഒരു തീക്കൊള്ളി മുഖഭാവവുമായിരുന്നു അദ്ദേഹത്തിന്. എല്ലാറ്റിനും പുറമേ കാക്കി യൂണിഫോറവും. ഈ കാക്കി കണ്ടു പിടിച്ചവനെ എനിയ്ക്ക് കണ്ണെടുത്താൽ കണ്ടു കൂടാ. കാക്കി കണ്ടാലുടനെ എനിയ്ക്ക് നാഡീതളർച്ചയും പേശി വലിവും ഉണ്ടാകും, ഒരു മാതിരി നെഞ്ചു വേദനയോ തൊണ്ട വരൾച്ചയോ ഒക്കെ തോന്നും. അതുകൊണ്ട് കാക്കിയിടുന്ന എല്ലാവരും പൂക്കളുള്ള കുപ്പായമിട്ടു കാണാനാണ് എനിക്കിഷ്ടം. ആരു കണ്ടു, കാക്കിക്കാരുടെ മുരടത്തമൊക്കെ ചിലപ്പോൾ മിനുസമുള്ള വർണക്കുപ്പായം ധരിച്ചാൽ കാശിയ്ക്കു പോയെന്നുമിരിയ്ക്കും. ഈ പോലീസുകാരെ മനുഷ്യത്തമുള്ളവരാക്കണം എന്ന് വാദിയ്ക്കുന്ന ചില പരിഷക്കരണക്കമ്മറ്റികൾക്ക് എന്റെ ഈ നിർദ്ദേശം കണക്കിലെടുക്കാവുന്നതാണ്.

അതു പോട്ടെ, പരീക്ഷാ സമയത്താണോ ഇതൊക്കെ ആലോചിയ്ക്കേണ്ടത്?

ആ മഹാൻ വന്ന് കാറിൽ കയറി ഇടി കുടുങ്ങും പോലെയുള്ള ശബ്ദത്തിൽ ചോദിച്ചു, “പേരെങ്ങനാ?“ 
ഉത്തരം ഒരു ഞരക്കം മാത്രം, അതേന്ന്.. കാക്കി കണ്ടപ്പോൾ തന്നെ ഞാൻ കവാത്തു മറന്നു. 

“കാറ് പുറകോട്ട് പോകട്ടെ.“ ഇടി കുടുക്കം തുടരുകയാണ്.

കാറ് പുറകോട്ടെങ്ങനെ പോകും? എത്ര ഗിയറുണ്ട് കാറിന് ? നാലോ അതോ അഞ്ചോ? അതിൽ ഏത് വലിച്ചൂരിയാലാണ് കാറ് പുറകോട്ട് പോവുക? 

ഞാനെന്തൊക്കെയോ ചെയ്തു. എന്റെ ഭാഗ്യം! അല്ല, നേർച്ചയുടെ ബലം. കാറ് പുറകോട്ട് നീങ്ങാൻ തുടങ്ങി. 

“ശരി, കാറ് ഒതുക്കി നിറുത്തു.“

ഒതുക്കി നിറുത്തുകയോ? ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ? ഒതുക്കാൻ കാറെന്താ റോഡില്  പരന്നിരിയ്ക്കയാണോ? അയ്യോ! ഇനി ഒതുക്കുന്ന ഗിയർ ഏതാണ്?

“കാറു നിറുത്താൻ പറഞ്ഞത് കേട്ടില്ലേ“

ബ്രേക്ക് ചവിട്ടിയാലാണ് കാറ് നിൽക്കുക എന്നാണ് പഠിച്ചത്. ഏതാ ഈ ബ്രേക്ക്? രണ്ട് കാലിനും കൂടി ചവിട്ടിക്കളിയ്ക്കാൻ ഇത്തരം മൂന്നു വിചിത്ര മാരണങ്ങൾ കണ്ടു പിടിച്ചവൻ ആരെടാ? അവന് ചായയല്ല ബിരിയാണി തന്നെ വാങ്ങിക്കൊടുക്കണം.

ഭാഗ്യം, കാറു നിന്നു. അപ്പോൾ ആ മഹാപാപി വീണ്ടും

“സിഗ്നൽ കാണിച്ച്  ഇൻഡിക്കേറ്ററിട്ട് കാറ് മുൻപോട്ട് ഓടിച്ചു പോകു, അപ്പോൾ ഗിയർ മാറ്റിക്കൊണ്ടിരുന്നാൽ മതി.“

പറഞ്ഞപ്പോൾ കഴിഞ്ഞു. എങ്ങനെ പോകുമെന്നാണിയാളുടെ വിചാരം?

ഈ സിഗ്നലും ഇൻഡിക്കേറ്ററുമൊക്കെ കാറിന്റെ ഏതു ഭാഗത്താണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്? വേഗം പോകാൻ ഫോർത്ത് ഗിയറിടണമെന്നല്ലേ അതോ ഫസ്റ്റ് ഗിയറിടണമെന്നാണോ.അയ്യോ! എല്ലാം മറന്നുവല്ലോ. 

എന്തായാലും രണ്ടും കൽ‌പ്പിച്ച് ഗിയർ മാറ്റി, വണ്ടി ചീറ്റുകയും തുമ്മുകയും ഒന്നും ചെയ്തില്ല. അത് സ്വന്തം തലേലെഴുത്തിന്റെ വലുപ്പമാലോചിച്ച് സങ്കടപ്പെടുന്ന മാതിരി മുന്നോട്ട് ഓടുമ്പോഴാണ് കണ്ണും തുറുപ്പിച്ച് ഭീമാകാരമായ ട്രക്കുകൾ ആ നേരം നോക്കി എതിരേ വരുന്നത്! വല്ല വേലിയ്ക്കലോ മതിലിനടുത്തോ ഒക്കെ തോക്കും പിടിച്ച് അറ്റൻഷനിൽ നിന്ന് “സാരേ ജഹാൻ സേ അച്ഛാ“ എന്ന് പാടുന്നതിനു  പകരം ഈ പട്ടാളക്കാർക്ക് രാവിലെ എഴുന്നേറ്റ്  ഇങ്ങനെ ട്രക്കിലെഴുന്നള്ളേണ്ട വല്ല കാര്യവുമുണ്ടോ?

എപ്പോഴും ബന്ദും ഹർത്താലുമായി റോഡെല്ലാം കാലിയാവുന്ന ഈ നാട്ടിൽ ഇത്രയധികം വണ്ടികൾ എവിടുന്നു വരുന്നു?

എതിരെയും പുറകേയും വരുന്ന എല്ലാവരുടെയും ഭാര്യമാരും ഭർത്താക്കന്മാരും ദീർഘ സുമംഗലരും അച്ഛന്മാരും അമ്മമാരും നെടും സന്താനയോഗരും ഒക്കെയാവണേ!

“മതി നിറുത്തു,“ അവസാനത്തെ ഇടിമുഴക്കം.അമ്പടാ! ഒടുക്കം കാക്കിയിട്ട ഭീമൻ മണ്ടച്ചാർക്ക് ബുദ്ധിയുദിച്ചു, ഞാനോടിയ്ക്കുന്ന കാറിലിരുന്നുള്ള  ഈ ഉത്തരവിടല് സ്വന്തം തടി കേടു വരുത്തുമെന്ന്.

എനിയ്ക്ക് ലൈസൻസ് തരില്ലെന്ന് മാത്രമല്ല, ഏതെങ്കിലും വണ്ടിയുടെ സ്റ്റിയറിംഗ് വീലിനു പുറകിൽ ഞാൻ വെറുതെ ഇരിയ്ക്കുന്നത് കണ്ടാലും നിയമ നടപടികൾ സ്വീകരിയ്ക്കണമെന്നു കൂടി അദ്ദേഹം ശുപാർശ ചെയ്യുമെന്ന്  എനിയ്ക്ക് ഉറപ്പായി. ഈ ഷൂട്ട് അറ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ..

എന്നിട്ട് സംഭവിച്ചതോ?

നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ പോട്ടമൊക്കെ പതിച്ച് ഒരു സുന്ദരൻ അടിപൊളി കാർഡ് എന്നെത്തേടി വന്നിരിയ്ക്കുന്നു!

ഞാൻ എന്നെ നുള്ളി നോക്കി, സത്യം സത്യം ..നമ്മുടെ  ഇന്ത്യാ മഹാരാജ്യത്തിലെ ഏതു നിരത്തിലൂടെയും എനിയ്ക്ക് കൂളായി കാറോടിയ്ക്കാമെന്ന് ......അതിനുള്ള പവറും വിവരവുമൊക്കെയുണ്ടെന്ന്………

ഇനി ഒരു കാറു വേണം. എനിയ്ക്ക് ഓടിയ്ക്കണം.

ഒരു കാറും നോക്കി ഞാനിരിയ്ക്കുമ്പോഴാണു അവൻ വന്നത്, എന്റെ കൂട്ടുകാരൻ.. കാറ് എനിയ്ക്കോടിയ്ക്കണമെന്ന് വാശി പിടിച്ചാൽ പാവം, അവനെന്തു ചെയ്യാനാണ്? വല്ല വിമർശകനോ ശാസകനോ ശിക്ഷകനോ കുറഞ്ഞ പക്ഷം ഒരു രക്ഷകനെങ്കിലുമോ ആയിരുന്നെങ്കിൽ  ആ ആഗ്രഹത്തെ ചടുപിടെന്ന് തറയിൽ വീണ കോഴിമുട്ടയോ പപ്പടമോ ചില്ലു പാത്രമോ മീൻ ചട്ടിയോ ഒക്കെയാക്കാമായിരുന്നു.  കൂട്ടുകാരനായിപ്പോയാൽ, അത് പറ്റില്ലല്ലോ. 

അങ്ങനെ അവനെ ഇടത്തു വശത്തിരുത്തി ഞാൻ ഫുൾ ഗമയിൽ കാർ ഓടിച്ചു വരികയായിരുന്നു..നല്ല ബെസ്റ്റ് ഡ്രൈവിംഗായിരുന്നു. ഞാനൊരു മിടുക്കിയല്ലേ എന്ന്  വിചാരിച്ചു കളയാമെന്ന് ആലോചിയ്ക്കുമ്പോഴേയ്ക്ക്. 

ഹേബിയസ് കോർപ്പസ് ഹർജി കൊടുത്ത് വീട്ടു തടങ്കലിൽ നിന്നും രക്ഷിച്ച  സ്വന്തം കാമുകനെ കണ്ടുമുട്ടിയ കാമുകിയുടെ ആവേശത്തിൽ കാറ് നേരെ മുന്നിലുയർന്നു വന്ന മതിലിനെ ഗാഢ ഗാഢം ചുംബിച്ചു.

മതിലുകൾ എന്നും  എന്റെ ഈ കൊച്ചു ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. സൈക്കിൾ ചവിട്ടി വരുമ്പോഴും ഇതു പോലെ ചുംബനം കൊതിയ്ക്കുന്ന വശ്യ ശക്തിയുള്ള ഒരു മതിലുണ്ടായിരുന്നു. മതിലുകളെയൊക്കെ ആരാണു അപ്പോൾ അവിടെ കൊണ്ട് വെച്ചതെന്ന് എനിക്കിതു വരെയും മനസ്സിലായിട്ടില്ല. കാരണം റോഡിന്റെ മുൻപിൽ ഒരിയ്ക്കലും അത്തരം മതിലുകൾ കാണപ്പെട്ടിരുന്നില്ല. എന്നിട്ട് സൈക്കിളും കാറുമെല്ലാം എങ്ങനെ അവിടെ ഇത്ര കൃത്യമായി എത്തിച്ചേർന്നു?

എന്നു വെച്ച് ഞാൻ പരാജയം സമ്മതിച്ചിട്ടൊന്നുമില്ല.

ഇപ്പോഴും ഇടയ്ക്കിടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തെടുത്ത് കാണിക്കാറുണ്ട് ഞാൻ. ശ്ശേ, തിരിഞ്ഞില്ലേ? റോഡിലൊന്നുമല്ലന്നെ. ട്രെയിനിൽ വെച്ച്  ടി ടി ആർ തിരിച്ചറിയൽ കാർഡ് ചോദിയ്ക്കുമ്പോൾ……