കുറച്ചുദിവസങ്ങളായി, വിനുവേട്ടന്റെയൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട്; ഒടുവിൽ ആ ദിവസം വന്നുചേർന്നിരിക്കുന്നു.. ജിദ്ദയിൽ നിന്നും ഏകദേശം 160 കിമീ അകലെയുള്ള തായിഫ് എന്ന മലമ്പ്രദേശത്തേയ്ക്കാണ് യാത്ര.. വിനുവേട്ടനും കുടുംബവും, എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഷംസുവും കുടുംബവും, ഒപ്പം ജോയി, അനീഷ് എന്നീ ‘ബാച്ചി’കളും – കുഞ്ഞുകുട്ടിപരാധീനങ്ങളടക്കം ആകെ മൊത്തം 11 പേരാണ് കച്ചകെട്ടി തയ്യാറായിരിക്കുന്നത്.. തിരിച്ചും മറിച്ചും കൂട്ടിയും കുറച്ചും കണക്കെടുത്ത്, അവസാനം 3 വാഹങ്ങളിൽ യാത്ര പുറപ്പെടാമെന്നാണ് ധാരണ..
ഷംസുവാണ് ‘നാവിഗേറ്റർ-കം-ഗൈഡ്’.. ഒറ്റയ്ക്കും തെറ്റയ്ക്കും പലതവണ തായിഫിൽ പോയി വന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ ദൌത്യം അദ്ദേഹം സ്വമേധയാ ഏറ്റെടുത്തു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.. ‘യാത്രയ്ക്കാരെ’ ഒന്നിപ്പിക്കുക എന്നതായിരുന്നു ഈയുള്ളവന്റെ തലയിൽ അറിയാതെ വന്നുപെട്ട ജോലി.. ‘മുൻപേ ഗമിക്കുന്ന ഷംസുവിന്റെ പിൻപേ ഗമിക്കാൻ’ വിനുവേട്ടൻ റെഡി.. യാത്രയ്ക്കിടയിൽ കഴിക്കാനാവശ്യമായ കപ്പ വേവിച്ചതും മത്തിക്കറിയും ജോയിയുടെ കൈപ്പുണ്യത്തിൽ തയ്യാറാക്കും..
‘വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മക്ക റോഡിൽ, ഫ്ലൈ ഓവർ കഴിഞ്ഞിട്ടുള്ള ആദ്യത്തെ പെട്രോൾ പമ്പിൽ എത്തിച്ചേരണം.. ആരൊക്കെ വന്നാലും വന്നില്ലെങ്കിലും 8.30-ന് അവിടെ നിന്നും (കപ്പയും മത്തിയും) യാത്ര പുറപ്പെടുന്നതാണ്’ – ഇതാണ് ‘കോർഡിനേറ്ററു’ടെ അന്ത്യശാസനം!
വെള്ളിയാഴ്ചത്തെ പ്രഭാതം പതിവിലും നേരത്തെ വെളിച്ചം കണ്ടു.. തലേദിവസം തന്നെ അരിഞ്ഞുവച്ചിരുന്ന പച്ചക്കപ്പ തിളച്ച വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് കുന്തളിച്ചെങ്കിലും അധികം താമസിയാതെ തന്നെ ഊറിയ വെള്ളത്തിൽ വെളുക്കെ ചിരിച്ച്, മഞ്ഞളും മുളകും തേങ്ങയുമൊക്കെ ചേർത്തരച്ച ‘അരപ്പിൽ’ സമാധിയായി.. മത്തി ‘പീരയും‘ ‘മുളകിട്ടതും‘ തലേ രാത്രി തന്നെ തയ്യാറാക്കിയിട്ടുണ്ട്. എല്ലാം ഓരോരോ പാത്രങ്ങളിലാക്കി വണ്ടിയിലേക്ക് വച്ചു; ഒപ്പം ഒരു വലിയ ജാർ നിറയെ വെള്ളവും.. പിന്നെ താമസിച്ചില്ല, ബാച്ചികൾ മൂവരും ‘പാൻട്രി കാറിൽ’ മുൻനിശ്ചയിച്ച സ്ഥലത്തേയ്ക്ക്..
സമയം 8.15.. പരിവാരങ്ങൾ ഇനിയും ‘മൈക് പോയന്റിൽ’ റിപ്പോർട്ട് ചെയ്തിട്ടില്ല.. ഷംസുവിനെ പല തവണ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല… ‘പുറപ്പെട്ടു, പുറപ്പെട്ടു.. അരമണിക്കൂർ മുന്നെ തന്നെ പുറപ്പെട്ടു..’ എന്ന് വിനുവേട്ടന്റെ മറുപടി.. കാത്തുനിൽപ്പിനിടയിൽ അതാ വരുന്നു, വിനുവേട്ടന്റെ കോൾ..
‘അല്ല, നിങ്ങൾ ഏത് പമ്പിന്റെ കാര്യമാണ് പറഞ്ഞത്..’
‘അതുപിന്നെ, മക്ക റോഡിൽ, ഫ്ലൈ ഓവർ അവസാനിച്ച് കഴിഞ്ഞുള്ള ആദ്യ പമ്പ്..’
‘ഓഹ്, അവിടെയാണല്ലേ… ഞാൻ കരുതി ഇവിടെയാണെന്ന്..’
‘എവിടെ? വിനുവേട്ടനിപ്പോൾ എവിടെയാണ്??’
‘ഞാൻ പഴയ മക്ക റോഡിലെ പാലം കഴിഞ്ഞിട്ടുള്ള പമ്പിലാണുള്ളത്… അവിടേയ്ക്ക് വരാം.. വഴി കണ്ടുപിടിക്കട്ടെ..’
ഫോൺ കട്ടായി…
‘ഞാൻ അപ്പോളേ പറഞ്ഞില്ലേ, അങ്ങേർ അവിടെയേ നിൽക്കൂ എന്ന്..’ – ജോയിയുടെ ഉച്ചത്തിലുള്ള ആത്മഗതം..
അതിനിടയിൽ ഷംസു എത്തി; പക്ഷേ മെയിൻ റോഡിൽ നിന്ന് ഇറങ്ങാതെ, അടുത്ത പമ്പിൽ കാത്തുനിൽക്കാമെന്ന് പറഞ്ഞ് ആശാൻ പാഞ്ഞു!! കാത്തിരിപ്പിന് അവധികൊടുത്ത് വിനുവേട്ടനും കുടുംബവും വന്നുചേർന്നു.. വിശദമായ പരിചയപ്പെടൽ പിന്നീടാവാമെന്ന് കരുതി അടുത്ത പമ്പിലേയ്ക്ക് പുറപ്പെട്ടു.. അങ്ങനെ, കാത്തിരിപ്പിനും കൂടിച്ചേരലുകൾക്കുമൊടുവിൽ യാത്രയാരംഭിക്കുമ്പോൾ മുൻനിശ്ചയിച്ചതിൽ നിന്നും അരമണിക്കൂർ മാത്രമേ അധികമെടുത്തിട്ടുണ്ടായിരുന്നുള്ളൂ..
വെള്ളിയാഴ്ച ആയതുകൊണ്ടാവണം, മക്കയിലേയ്ക്കുള്ള പാതയിൽ വാഹനങ്ങൾ നിരനിരയായി ഒഴുകുന്നു.. ആ ഒഴുക്കിൽ ഞങ്ങളുടെ വാഹനവ്യൂഹവും ചേർന്നു – ഏറ്റവും മുന്നിൽ ‘എക്കോ’, തൊട്ടുപിന്നാലെ ‘മുട്ടി, മുട്ടീല്ലാ’ എന്ന പരുവത്തിൽ വിനുവേട്ടന്റെ പുതുപുത്തൻ ‘ഹ്യൂണ്ടായ് ടക്സൺ’.. ഇവരുടെ പിന്നാലെ, ‘പാൻട്രി കാർ’ ആയി വേഷം മാറിയ, ബാച്ചികൾ ഒൺലി ‘ടൊയോട്ടാ ഹൈ-ഏസ്’.. സുമൈശി ചെക്ക് പോയന്റിന് തൊട്ടുമുൻപായി വലത്തേയ്ക്ക് തിരിഞ്ഞ് ‘നോൺ മുസ്ലിങ്ങൾ’ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള റോഡിലൂടെ വേണം യാത്ര തുടരാൻ..
തായിഫ്.. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം.. സൌദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന്.. റിസോർട്ടുകളുടെയും കുട്ടികൾക്കായുള്ള തീം പാർക്കുകളുടെയും അതിപ്രസരമാണിവിടെ… നമ്മുടെ മൂന്നാർ-ഊട്ടി-കൊടൈക്കനാൽ പോലെയുള്ള ഒരു പ്രദേശം… ഏത് കടുത്ത ചൂടിലും ഇത്തിരിയെങ്കിലും കുളിര് പകരാൻ തായിഫ് സദാ സന്നദ്ധം… അപ്പോൾപ്പിന്നെ തണുപ്പ് കാലത്തെ കാര്യം പറയേണ്ടല്ലോ.. കോടമഞ്ഞും ആലിപ്പഴങ്ങളുടെ അകമ്പടിയോടെയുള്ള മഴയും അപ്രതീക്ഷിതമായി കടന്നുവരാം..
ജിദ്ദയിൽ നിന്നും 160 കിമീ ആണ് തായിഫിലേയ്ക്കുള്ള ദൂരം.. പക്ഷേ, ‘നോൺ മുസ്ലീം‘ റോഡിലൂടെ പോകേണ്ടി വരുന്നതിനാൽ 40 കിമീ അധികം സഞ്ചരിക്കണം അവിടെയെത്താൻ..!
കാട്ടറബികളുടെ (ബദുക്കൾ) സ്വന്തം നാടായ തായിഫിലെ പ്രധാന ആകർഷണം, അവിടേയ്ക്ക് എത്തിപ്പെടാനുള്ള ‘അൽ ഹദ’ ചുരമാണ്.. ഏതാണ്ട് 21 കിമീ ദൂരമുള്ള ഈ ചുരത്തിൽ 93 വളവുകളുണ്ടെന്നാണ് കണക്ക്.. മുന്പുണ്ടായിരുന്ന ഇരട്ടപ്പാത, 4 വരികളായി പുതുക്കിപ്പണിത് ഗതാഗതത്തിന് തുറന്നുകൊടുത്തത് ഏതാനും വർഷങ്ങൾക്ക് മുന്നെയാണ്… എഞ്ചിനീയറിംഗ് വൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ റോഡ്..
എപ്പോൾ വേണമെങ്കിലും താഴേയ്ക്ക് പതിക്കാവുന്ന വിധത്തിൽ പാറക്കല്ലുകൾ നിലകൊള്ളുന്ന ഈ വഴിയിലൂടെയുള്ള യാത്ര രാത്രികാലങ്ങളിലും മഴയുള്ള സമയത്തും ഇത്തിരി അപകടകരം. (ചുരത്തിന് മുകളിൽ മഴ പെയ്യുമ്പോൾ ചുരത്തിലൂടെ ഗതാഗതം നിരോധിക്കുന്നത് പതിവാണ്)
ചുരത്തിലൂടെ വാഹങ്ങൾ താഴേയ്ക്കും മുകളിലേയ്ക്കും കുതിച്ചു കൊണ്ടേയിരിക്കുന്നു.. ഓരോ വളവുകൾ തിരിയുമ്പോളും താഴ്വാരത്തിന്റെ മനോഹരദൃശ്യം കണ്ണിൽത്തെളിയും.. വായു ഗുളിക മേടിക്കാൻ പായുന്നതുപോലെ ചില വിദ്വാന്മാർ വണ്ടികൾ പറപ്പിച്ചു പോകുന്നുണ്ട്.. എവിടേയ്ക്കാണോ എന്തോ? ചുട്ടുപൊള്ളുന്ന പാറക്കെട്ടുകളിൽ അങ്ങിങ്ങ് ചാടിക്കളിക്കുന്ന കുരങ്ങന്മാർ, യാത്രക്കാരുടെ കയ്യിൽ നിന്നും എന്തെങ്കിലും ഭക്ഷണം വീണുകിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.. മലമുകളിലെ ‘റമദ ഹോട്ടലി’ന്റെ പരിസരത്തുനിന്നും ആരംഭിച്ച് താഴെയുള്ള വാട്ടർ തീം പാർക്ക് വരെ പോയി വരുന്ന ‘റോപ് വേ’യുടെ വാഗണുകൾ ആകാശത്തിൽ ചലനമറ്റ് കിടപ്പുണ്ട്.. വൈകുന്നേരം 4 മണി മുതലേ അവയ്ക്ക് ജീവൻ വയ്ക്കുകയുള്ളുവത്രെ.. (മുൻപൊരിക്കൽ ആ റോപ്പ് വേ-യിൽ യാത്ര ചെയ്തതാണ്.. അതിൽ നിന്നുള്ള കാഴ്ച അതീവ ഹൃദ്യം!!) മടങ്ങിപ്പോകുന്നതിനുമുന്നെ, ഒരു റോപ്പ് വേ യാത്ര കൂടെ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളുടെ ‘ഗൈഡ്’..
![]() |
അല് ഷഫയിലെയ്ക്ക് |
ചുരം കയറി എത്തുന്ന ‘അൽ ഹദ‘ എന്ന സ്ഥലത്തുനിന്നും തായിഫ് പട്ടണത്തിലേയ്ക്ക് ഏതാണ്ട് 30 കിമീ കൂടെയുണ്ട്… പക്ഷേ, ഞങ്ങളുടെ യാത്ര ‘അൽ ഷഫ’ എന്ന പ്രദേശത്തേക്കായിരുന്നു.. 'സരാവത്' മലനിരകൾക്കിടയിലെ ഈ ഗ്രാമപ്രദേശം കൃഷിയ്ക്ക് പേരുകേട്ടതാണ്..
അവിടെയുള്ള ഏറ്റവും ഉയരം കൂടിയ ഒരു മലമുകളിലേയ്ക്ക് വാഹനങ്ങൾ ആയാസത്തോടെ കയറി.. കാഴ്ചകൾ കണ്ട് കുറച്ചുനേരം അവിടെ ചിലവഴിച്ചു.. നല്ല വെയിലുണ്ടെങ്കിലും ചൂട് അത്രയ്ക്ക് അനുഭവപ്പെടുന്നില്ല..
മലമുകളിലെ മുമ്പന്മാര് .. |
തിരികെ വരുമ്പോൾ കള്ളിമുള്ള് ചെടിയുടെ പഴം (ബർഷൂം) പറിച്ച് തിന്ന് ഒരു ‘ഫാം ടൂറിസവും’ നടത്തി.. ഈ പഴത്തിന്റെ തോട് കളയുന്നത് ഇത്തിരി കഷ്ടപ്പാടാണ്... എത്ര ശ്രദ്ധിച്ചാലും കയ്യിൽ മുള്ളുകൾ തറയ്ക്കും..
പഴുത്ത് പാകമാവുന്നതേയുള്ളൂ... |
![]() |
ബര്ഷൂം പഴം (ഒരു പഴയ ചിത്രം) |
വെറുതെയല്ല, ഇവന്മാർ കയ്യിൽ ഗ്ലൌസൊക്കെയിട്ട് ഈ കലാപരിപാടി നടത്തുന്നത്!! (വിരലിൽ തറച്ച മുള്ള് കടിച്ചെടുക്കാൻ ശ്രമിച്ച വകയിൽ അത് നാവിൽ കുടുങ്ങി; അവിടെ നിന്നും ചുണ്ടിൽ.. ചുരുക്കിപ്പറഞ്ഞാൽ, 2 ദിവസം പണികിട്ടി..)
![]() |
ഒരു മരുപ്പൂവ്.. |
സമയം 12.30.. കപ്പയും മത്തിയും കഴിക്കാതെ ഇനി സമാധാനം കിട്ടില്ല.. എല്ലാവർക്കും ഒന്നിച്ചിരുന്ന് കഴിക്കാൻ പറ്റിയ ഒരിടം തേടിയാണ് ഇപ്പോളത്തെ യാത്ര.. നല്ല തണലുള്ള ഒരു കുന്തിരിക്കമരത്തിന്റെ ചുവട്ടിൽ വിരി വച്ചു.. പാന്ട്രിക്കാറിൽ നിന്നും പാത്രങ്ങൾ ക്ഷണനേരത്തിൽ വിരിയിൽ ഇടം പിടിച്ചു.. പക്ഷേ ‘ഗൈഡ്’ ഇടഞ്ഞ് നിൽപ്പാണ്.. ‘ഭക്ഷണം കഴിക്കാൻ ഇതിലും നല്ല സ്ഥലമുണ്ട്, അവിടെ ചെന്നിരുന്ന് കഴിക്കാം’ എന്ന അദ്ദേഹത്തിന്റെ ഉറച്ച പ്രഖ്യാപനത്തിന്റെ ബലത്തിൽ പാത്രങ്ങൾ വീണ്ടും വണ്ടിയിലേറി.. വിരി മടക്കിയെടുത്ത് അടുത്ത കളം തേടി വാഹനജാഥ നീങ്ങി..
![]() |
'ഗൈഡ്' |
ഏതാണ്ട് ഒരു മണിക്കൂർ അലഞ്ഞു, എന്നിട്ടും ആ ‘നല്ല സ്ഥലം’ കണ്ടെത്തിയില്ല.. ഒടുവിൽ, അത്ര നല്ലതല്ലെങ്കിലും തീരെ മോശമല്ലാത്ത ഒരിടത്ത് വിരിവച്ച്, കപ്പ-മത്തി, ചപ്പാത്തി-ചിക്കൻ അകത്താക്കി… (കപ്പയും മത്തിയും കഴിക്കാൻ വേണ്ടി മാത്രമാണോ ചാടിപ്പുറപ്പെട്ട് വന്നത് എന്നുവരെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ചിലരുടെ പ്രകടനം.. ആരാണെന്ന് പറയൂല്ല, വേണേൽ ക്ലൂ തരാം..)
![]() |
മറ്റൊരു പേരറിയാ പൂവ് കൂടെ.. |
അടുത്തലക്ഷ്യം റോപ്പ് വേ-യാണ്.. സമയം 3 മണി കഴിഞ്ഞിരിക്കുന്നു.. വാഹനജാഥ പ്രധാനവീഥിയിലൂടെ ‘അൽ ഹദ’ ലക്ഷ്യമാക്കി നീങ്ങി.. ഇടയ്ക്ക്, വഴിയരികിൽ വണ്ടികളൊതുക്കി ഇത്തിരി ഗൂഢാലോചന.. അനന്തരഫലം: താമരേടത്തിയുടെ അപാരമായ ‘ധൈര്യം’ പരിഗണിച്ച് റോപ്പ് വേ യാത്രയിൽ നിന്നും വിനുവേട്ടനും കുടുംബവും പിന്മാറി.. എങ്കിലും മറ്റുള്ളവർ കയറിക്കോട്ടെ, ഞങ്ങൾ കാത്തിരിക്കാം എന്ന വിനുവേട്ടന്റെ സ്നേഹപുരസ്സരമുള്ള നിർബന്ധത്തിന് വഴങ്ങി വീണ്ടും റോപ് വേയിലേക്ക്.. പോകുന്ന പോക്കിൽ വിനുവേട്ടൻ ‘ടക്സന്റെ’ ബ്രെയ്ക്ക് ടെസ്റ്റ് ചെയ്തു.. ‘ഗൈഡിന്റെ’ വണ്ടിയാണെന്ന് കരുതി വേറെ ഏതോ കാറിന്റെ പിന്നാലെ വച്ചുപിടിച്ചു കക്ഷി.. പെട്ടെന്ന് ഒരു ‘എക്സിറ്റിൽ’ വച്ച് അബദ്ധം മനസ്സിലാക്കിയപ്പോൾ വലത്തേയ്ക്ക് വെട്ടിച്ച് ശരിയായ വഴിയിൽ കയറിപ്പറ്റി... (അതിനിടയിൽ റോഡരികിലെ ഭിത്തിയിൽ തട്ടാതെ കാർ എങ്ങനെയോ ‘നേരെ ചൊവ്വേ’ നാലുകാലിൽ ഓട്ടം തുടര്ന്നു എന്ന് പറയുന്നതാവും കൂടുതൽ ഉചിതം..) ആദ്യമൊന്ന് വഴിതെറ്റിയെങ്കിലും അധികം ചുറ്റിക്കാതെ തന്നെ ‘ഗൈഡ്’ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു..
റമദാ ഹോട്ടലിന്റെ പരിസരപ്രദേശമാകെ വാഹനങ്ങളെയും ആളുകളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു.. ഇവിടെ നിന്നുമാണ് അടിവാരത്തേയ്ക്ക് റോപ് വേ യാത്ര പുറപ്പെടുന്നത്.. അവധിക്കാലം, ഒപ്പം ആസന്നമായിരിക്കുന്ന റമദാൻ നോയമ്പ് കാലം – തിരക്ക് കൂടാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടല്ലോ.. ആളുകൾ വെറുതെ നിന്ന് ബോറഡിക്കേണ്ട എന്ന് കരുതിയാവണം, ഇടയ്ക്കിടെ നല്ല ഒന്നാന്തരം പൊടിക്കാറ്റ് വീശിയടിക്കുന്നുണ്ട്...
![]() |
തായിഫിലേയ്ക്ക് .. |
തന്റെ അമ്മായിയമ്മയെ റോപ് വേയിൽ കയറ്റിയേ അടങ്ങൂ എന്ന വാശിയിൽ ടിക്കറ്റ് എടുക്കാൻ പോയ ‘ഗൈഡ്‘ അധികം താമസിയാതെ തന്നെ തിരികെയെത്തി ഒരു ഡയലോഗ്;
‘മാമി നാട്ടിൽ വച്ച് റോപ് വേ-യിൽ കയറിയിട്ടുണ്ട്.. അതുകൊണ്ട് ഇവിടെ കയറിയില്ലെങ്കിലും കുഴപ്പമില്ല!..’
‘അല്ലെടാ, ഇവിടം വരെ വന്നിട്ട് കയറാതെ പോവുക എന്ന് പറഞ്ഞാൽ...?’
‘ഓഹ്, അതൊന്നും സാരമില്ലന്നേ.. ഇനി വരുമ്പോൾ കയറാം.. അതുമാത്രമല്ല, ഇത്രയും കാലം 50 റിയാൽ ആയിരുന്നു ഫീസ്, ഇപ്പോളത് 90 റിയാലാക്കിയിരിക്കുന്നു..’
അപ്പോൾ അതാണ് കാര്യം.. (മാമി നാട്ടിൽ വച്ച് റോപ് വേയിൽ കയറിയിട്ടുണ്ടോ എന്ന് ചോദിച്ച് വെറുതെ അവരുടെ മനസ്സ് വിഷമിപ്പിക്കാൻ ആരും മെനക്കെട്ടില്ല..)
ഗൈഡ് പറഞ്ഞാൽ പിന്നെ അപ്പീലില്ല.. വാഹനജാഥ നേരെ ചുരത്തിന്റെ മുകൾത്തട്ടിലേയ്ക്ക് നീങ്ങി.. സമയം 5 മണി കഴിഞ്ഞിരിക്കുന്നു.. വേനൽക്കാലമായതിനാൽ സൂര്യൻ ഉടനെയൊന്നും കടലിൽ ചാടുന്ന ലക്ഷണമില്ല.. ‘വ്യൂ പോയന്റിൽ’ വണ്ടികളൊതുക്കി, പരമാവധി അരികിലേയ്ക്ക്, ശ്രദ്ധയോടെ നിന്നു.. കാലൊന്ന് നിരങ്ങിപ്പോയാൽ പിന്നെ എവിടെ ചെന്ന് നിൽക്കുമെന്ന് പറയാൻ പറ്റില്ല.. താഴെ, ചുരത്തിലൂടെ വാഹനങ്ങൾ ചെറിയ പുഴുക്കളെപ്പോലെ നീങ്ങുന്നു… കണ്ണെത്താ ദൂരത്തിനപ്പുറം സൂര്യന്റെ സുവർണത്തിളക്കം.. ചുരത്തിന്റെ മുകളിൽ നിന്നുള്ള സൂര്യാസ്തമന കാഴ്ച അവിസ്മരണീയമാണ്.. എന്നാൽ ഇരുട്ടുന്നതിനുമുന്നെ തന്നെ ചുരമിറങ്ങാൻ തീരുമാനിച്ചതിനാൽ ആ കാഴ്ച പിന്നീട് ഒരവസരത്തിലേയ്ക്ക് മാറ്റി വച്ചു..
മടക്കയാത്ര.. ചുരത്തിൽ വാഹനപ്രളയം.. കുത്തനെയുള്ള ഇറക്കവും വളവുകളും യാത്രയുടെ ‘ത്രിൽ’ കൂട്ടുന്നു.. തലയ്ക്ക് മീതെ ‘റോപ് വേ വാഗണു’കളുടെ നീണ്ട സഞ്ചാരം.. താഴ്വര പതുക്കെ ഇരുണ്ടു തുടങ്ങിയിരിക്കുന്നു.. വളരെ പെട്ടെന്ന് തന്നെ ചുരമിറങ്ങി.. ആദ്യം കണ്ട പമ്പിലെ ‘കഫറ്റീരിയ’യിൽ നിന്നും ചായയും വെള്ളവുമൊക്കെ കുടിച്ച്, ഉന്മേഷത്തോടെ യാത്ര തുടർന്നു.. വീണ്ടും ഒറ്റപ്പാത.. ഇരുദിശയിലും വാഹനങ്ങൾ കൂടിയിരിക്കുന്നു.. വലിയ ട്രെയിലറുകളെ മറികടക്കുക അതീവദുഷ്കരം.. വഴിവിളക്കുകളില്ലാത്ത വഴിയിൽ ഇരുട്ട് കനക്കുന്നതിന് മുന്നെ തന്നെ ‘ജിദ്ദ-മക്ക’ ഹൈവേയിലെത്തിച്ചേർന്നു..
സമയം രാത്രി 8.30.. ഒരു പകൽ നീണ്ട യാത്രയുടെയും കാഴ്ചകളുടെയും അവസാനം പരസ്പരം വിട ചൊല്ലാനുള്ള സമയമായിരിക്കുന്നു.. റോഡരികിൽ വണ്ടികളൊതുക്കി ഔപചാരികതകള് ഒന്നുമില്ലാത്ത യാത്രപറച്ചിൽ.. ഒരു പകൽ നേരം കൊണ്ട് സൌഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ പാത തെളിച്ചവർ മനസ്സില്ലാമനസ്സോടെ വിട പറഞ്ഞു; ഒരു നല്ല ദിവസത്തിന്റെ, ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി..