Sunday, August 14, 2011

തായിഫിലേയ്ക്കൊരു യാത്ര...

കുറച്ചുദിവസങ്ങളായി, വിനുവേട്ടന്റെയൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട്; ഒടുവിൽ ആ ദിവസം വന്നുചേർന്നിരിക്കുന്നു.. ജിദ്ദയിൽ നിന്നും ഏകദേശം 160 കിമീ അകലെയുള്ള തായിഫ് എന്ന മലമ്പ്രദേശത്തേയ്ക്കാണ് യാത്ര.. വിനുവേട്ടനും കുടുംബവും, എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഷംസുവും കുടുംബവും, ഒപ്പം ജോയി, അനീഷ് എന്നീബാച്ചികളുംകുഞ്ഞുകുട്ടിപരാധീനങ്ങളടക്കം ആകെ മൊത്തം 11 പേരാണ് കച്ചകെട്ടി തയ്യാറായിരിക്കുന്നത്.. തിരിച്ചും മറിച്ചും കൂട്ടിയും കുറച്ചും കണക്കെടുത്ത്, അവസാനം 3 വാഹങ്ങളിൽ യാത്ര പുറപ്പെടാമെന്നാണ് ധാരണ..

ഷംസുവാണ്നാവിഗേറ്റർ-കം-ഗൈഡ്’.. ഒറ്റയ്ക്കും തെറ്റയ്ക്കും പലതവണ തായിഫിൽ പോയി വന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ ദൌത്യം അദ്ദേഹം സ്വമേധയാ ഏറ്റെടുത്തു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.. ‘യാത്രയ്ക്കാരെഒന്നിപ്പിക്കുക എന്നതായിരുന്നു ഈയുള്ളവന്റെ തലയിൽ അറിയാതെ വന്നുപെട്ട ജോലി.. ‘മുൻപേ ഗമിക്കുന്ന ഷംസുവിന്റെ പിൻപേ ഗമിക്കാൻവിനുവേട്ടൻ റെഡി.. യാത്രയ്ക്കിടയിൽ കഴിക്കാനാവശ്യമായ കപ്പ വേവിച്ചതും മത്തിക്കറിയും ജോയിയുടെ കൈപ്പുണ്യത്തിൽ തയ്യാറാക്കും..

വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മക്ക റോഡിൽ, ഫ്ലൈ ഓവർ കഴിഞ്ഞിട്ടുള്ള ആദ്യത്തെ പെട്രോൾ പമ്പിൽ എത്തിച്ചേരണം.. ആരൊക്കെ വന്നാലും വന്നില്ലെങ്കിലും 8.30-ന് അവിടെ നിന്നും (കപ്പയും മത്തിയും) യാത്ര പുറപ്പെടുന്നതാണ്’ – ഇതാണ്കോർഡിനേറ്ററുടെ അന്ത്യശാസനം!

വെള്ളിയാഴ്ചത്തെ പ്രഭാതം പതിവിലും നേരത്തെ വെളിച്ചം കണ്ടു.. തലേദിവസം തന്നെ അരിഞ്ഞുവച്ചിരുന്ന പച്ചക്കപ്പ തിളച്ച വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് കുന്തളിച്ചെങ്കിലും അധികം താമസിയാതെ തന്നെ ഊറിയ വെള്ളത്തിൽ വെളുക്കെ ചിരിച്ച്, മഞ്ഞളും മുളകും തേങ്ങയുമൊക്കെ ചേർത്തരച്ചഅരപ്പിൽസമാധിയായി.. മത്തി പീരയും മുളകിട്ടതും തലേ രാത്രി തന്നെ തയ്യാറാക്കിയിട്ടുണ്ട്. എല്ലാം ഓരോരോ പാത്രങ്ങളിലാക്കി വണ്ടിയിലേക്ക് വച്ചു; ഒപ്പം ഒരു വലിയ ജാർ നിറയെ വെള്ളവും.. പിന്നെ താമസിച്ചില്ല, ബാച്ചികൾ മൂവരുംപാൻ‌ട്രി കാറിൽമുൻ‌നിശ്ചയിച്ച സ്ഥലത്തേയ്ക്ക്..

സമയം 8.15.. പരിവാരങ്ങൾ ഇനിയുംമൈക് പോയന്റിൽറിപ്പോർട്ട് ചെയ്തിട്ടില്ല.. ഷംസുവിനെ പല തവണ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലപുറപ്പെട്ടു, പുറപ്പെട്ടു.. അരമണിക്കൂർ മുന്നെ തന്നെ പുറപ്പെട്ടു..’ എന്ന് വിനുവേട്ടന്റെ മറുപടി.. കാത്തുനിൽ‌പ്പിനിടയിൽ അതാ വരുന്നു, വിനുവേട്ടന്റെ കോൾ..

അല്ല, നിങ്ങൾ ഏത് പമ്പിന്റെ കാര്യമാണ് പറഞ്ഞത്..’
അതുപിന്നെ, മക്ക റോഡിൽ, ഫ്ലൈ ഓവർ അവസാനിച്ച് കഴിഞ്ഞുള്ള ആദ്യ പമ്പ്..’
ഓഹ്, അവിടെയാണല്ലേ ഞാൻ കരുതി ഇവിടെയാണെന്ന്..’
എവിടെ? വിനുവേട്ടനിപ്പോൾ എവിടെയാണ്??’
ഞാൻ പഴയ മക്ക റോഡിലെ പാലം കഴിഞ്ഞിട്ടുള്ള പമ്പിലാണുള്ളത് അവിടേയ്ക്ക് വരാം.. വഴി കണ്ടുപിടിക്കട്ടെ..’

ഫോൺ കട്ടായി

ഞാൻ അപ്പോളേ പറഞ്ഞില്ലേ, അങ്ങേർ അവിടെയേ നിൽക്കൂ എന്ന്..’ – ജോയിയുടെ ഉച്ചത്തിലുള്ള ആത്മഗതം..


അതിനിടയിൽ ഷംസു എത്തി; പക്ഷേ മെയിൻ റോഡിൽ നിന്ന് ഇറങ്ങാതെ, അടുത്ത പമ്പിൽ കാത്തുനിൽക്കാമെന്ന് പറഞ്ഞ് ആശാൻ പാഞ്ഞു!! കാത്തിരിപ്പിന് അവധികൊടുത്ത് വിനുവേട്ടനും കുടുംബവും വന്നുചേർന്നു.. വിശദമായ പരിചയപ്പെടൽ പിന്നീടാവാമെന്ന് കരുതി അടുത്ത പമ്പിലേയ്ക്ക് പുറപ്പെട്ടു.. അങ്ങനെ, കാത്തിരിപ്പിനും കൂടിച്ചേരലുകൾക്കുമൊടുവിൽ യാത്രയാരംഭിക്കുമ്പോൾ മുൻ‌നിശ്ചയിച്ചതിൽ നിന്നും അരമണിക്കൂർ മാത്രമേ അധികമെടുത്തിട്ടുണ്ടായിരുന്നുള്ളൂ.. വെള്ളിയാഴ്ച ആയതുകൊണ്ടാവണം, മക്കയിലേയ്ക്കുള്ള പാതയിൽ വാഹനങ്ങൾ നിരനിരയായി ഒഴുകുന്നു.. ആ ഒഴുക്കിൽ ഞങ്ങളുടെ വാഹനവ്യൂഹവും ചേർന്നുഏറ്റവും മുന്നിൽ എക്കോ’, തൊട്ടുപിന്നാലെമുട്ടി, മുട്ടീല്ലാഎന്ന പരുവത്തിൽ വിനുവേട്ടന്റെ പുതുപുത്തൻ ഹ്യൂണ്ടായ് ടക്സൺ’.. ഇവരുടെ പിന്നാലെ, ‘പാൻ‌ട്രി കാർആയി വേഷം മാറിയ, ബാച്ചികൾ ഒൺലിടൊയോട്ടാ ഹൈ-സ്’.. സുമൈശി ചെക്ക് പോയന്റിന് തൊട്ടുമുൻപായി വലത്തേയ്ക്ക് തിരിഞ്ഞ്നോൺ മുസ്ലിങ്ങൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ള റോഡിലൂടെ വേണം യാത്ര തുടരാൻ..


മക്ക എന്ന പുണ്യസ്ഥലത്തിന്റെ ഒരു നിശ്ചിത പരിധിക്കുള്ളിലൂടെ സഞ്ചരിക്കാൻ അമുസ്ലീങ്ങൾക്ക് അനുവാദമില്ല.. അത്തരക്കാർ, മക്കയിലൂടെ പ്രവേശിക്കാതെ യാത്ര ചെയ്യാൻ തയ്യാറാക്കിയിട്ടുള്ളതാണ് ഇത്തരം നോൺ മുസ്ലിം പാതകൾ.. (മദീനയിലും ഇതേ സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്..) ഇതുവരെ വന്ന 4 വരി പാതയിൽ നിന്നും വ്യത്യസ്തമാണ് ഇനിയുള്ള വഴി.. നമ്മുടെ നാട്ടിലെ മിക്ക റോഡുകളെയും പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ട്രാക്കുകൾ മാത്രം.. ഭാരം കൂടിയ ട്രെയിലറുകൾ കടന്നുപോയി റോഡിൽ ഇടയ്ക്കിടെ ചാലുകൾ രൂപപ്പെട്ടിരിക്കുന്നു.. എന്നിരുന്നാലും വാഹങ്ങളുടെ വേഗതയ്ക്ക് യാതൊരു കുറവുമില്ല.. പാറകൾ മാത്രമുള്ള ചെറുതും വലുതുമായ കുന്നുകൾ റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം കാണാം.. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒട്ടകക്കൂട്ടങ്ങൾ.. ഒട്ടകങ്ങൾ ക്രോസ് ചെയ്യാൻ സാധ്യതയുള്ള ഈ ഇരട്ടപ്പാതയിലൂടെയുള്ള ഡ്രൈവിംഗ് അതീവ ദുഷ്കരംപ്രത്യേകിച്ച് രാത്രി യാത്രനോൺ മുസ്ലിം റോഡ് വീണ്ടും മക്കയിലൂടെ കടന്നുവരുന്ന പ്രധാനപാതയിൽ ചെന്നുചേർന്നു.. 4 വരി പാതകളിൽ വാഹനങ്ങളുടെ പെരുപ്പം.. അടുത്തുവരുന്ന ചെക്ക് പോയന്റിന്റെ മുന്നറിയിപ്പുകളുമായി മഞ്ഞ ബോർഡുകൾ വഴിവക്കിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.. ചെക്ക് പോയന്റ് കഴിഞ്ഞാൽ ചുരം തുടങ്ങും, പിന്നെ ചുരത്തിന്റെ മുകളിലെത്താതെ കടകളോ മറ്റ് സൌകര്യങ്ങളോ ഇല്ല.. അതുകൊണ്ടുതന്നെ, ആദ്യം കണ്ട പെട്രോൾ പമ്പിലെ കഫറ്റീരിയയിൽ കയറി അത്യാവശ്യംഇന്ധനംനിറച്ച് യാത്ര തുടർന്നു.. ചെക്ക് പോയന്റും കടന്ന് വാഹനങ്ങൾ കയറ്റം കയറിത്തുടങ്ങി..തായിഫ്.. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം.. സൌദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന്.. റിസോർട്ടുകളുടെയും കുട്ടികൾക്കായുള്ള തീം പാർക്കുകളുടെയും അതിപ്രസമാണിവിടെ നമ്മുടെ മൂന്നാർ-ഊട്ടി-കൊടൈക്കനാൽ പോലെയുള്ള ഒരു പ്രദേശം ഏത് കടുത്ത ചൂടിലും ഇത്തിരിയെങ്കിലും കുളിര് പകരാൻ തായിഫ് സദാ സന്നദ്ധം അപ്പോൾപ്പിന്നെ തണുപ്പ് കാലത്തെ കാര്യം പറയേണ്ടല്ലോ.. കോടമഞ്ഞും ആലിപ്പഴങ്ങളുടെ അകമ്പടിയോടെയുള്ള മഴയും അപ്രതീക്ഷിതമായി കടന്നുവരാം..ജിദ്ദയിൽ നിന്നും 160 കിമീ ആണ് തായിഫിലേയ്ക്കുള്ള ദൂരം.. പക്ഷേ, ‘നോൺ മുസ്ലീംറോഡിലൂടെ പോകേണ്ടി വരുന്നതിനാൽ 40 കിമീ അധികം സഞ്ചരിക്കണം അവിടെയെത്താൻ..! 


കാട്ടറബികളുടെ (ബദുക്കൾ) സ്വന്തം നാടായ തായിഫിലെ പ്രധാന ആകർഷണം, അവിടേയ്ക്ക് എത്തിപ്പെടാനുള്ള അൽ ഹദചുരമാണ്.. ഏതാണ്ട് 21 കിമീ ദൂരമുള്ള ഈ ചുരത്തിൽ 93 വളവുകളുണ്ടെന്നാണ് കണക്ക്.. മുന്പുണ്ടായിരുന്ന ഇരട്ടപ്പാത, 4 വരികളായി പുതുക്കിപ്പണിത് ഗതാഗതത്തിന് തുറന്നുകൊടുത്തത് ഏതാനും വർഷങ്ങൾക്ക് മുന്നെയാണ് എഞ്ചിനീയറിംഗ് വൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ റോഡ്.. 


എപ്പോൾ വേണമെങ്കിലും താഴേയ്ക്ക് പതിക്കാവുന്ന വിധത്തിൽ പാറക്കല്ലുകൾ നിലകൊള്ളുന്ന ഈ വഴിയിലൂടെയുള്ള യാത്ര രാത്രികാലങ്ങളിലും മഴയുള്ള സമയത്തും ഇത്തിരി അപകടകരം. (ചുരത്തിന് മുകളിൽ മഴ പെയ്യുമ്പോൾ ചുരത്തിലൂടെ ഗതാഗതം നിരോധിക്കുന്നത് പതിവാണ്) 


ചുരത്തിലൂടെ വാഹങ്ങൾ താഴേയ്ക്കും മുകളിലേയ്ക്കും കുതിച്ചു കൊണ്ടേയിരിക്കുന്നു.. ഓരോ വളവുകൾ തിരിയുമ്പോളും താഴ്വാരത്തിന്റെ മനോഹരദൃശ്യം കണ്ണിൽത്തെളിയും.. വായു ഗുളിക മേടിക്കാൻ പായുന്നതുപോലെ ചില വിദ്വാന്മാർ വണ്ടികൾ പറപ്പിച്ചു പോകുന്നുണ്ട്.. എവിടേയ്ക്കാണോ എന്തോ? ചുട്ടുപൊള്ളുന്ന പാറക്കെട്ടുകളിൽ അങ്ങിങ്ങ് ചാടിക്കളിക്കുന്ന കുരങ്ങന്മാർ, യാത്രക്കാരുടെ കയ്യിൽ നിന്നും എന്തെങ്കിലും ഭക്ഷണം വീണുകിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.. മലമുകളിലെറമദ ഹോട്ടലിന്റെ പരിസരത്തുനിന്നും ആരംഭിച്ച് താഴെയുള്ള വാട്ടർ തീം പാർക്ക് വരെ പോയി വരുന്നറോപ് വേയുടെ വാഗണുകൾ ആകാശത്തിൽ ചലനമറ്റ് കിടപ്പുണ്ട്.. വൈകുന്നേരം 4 മണി മുതലേ അവയ്ക്ക് ജീവൻ വയ്ക്കുകയുള്ളുവത്രെ.. (മുൻപൊരിക്കൽ ആ റോപ്പ് വേ-യിൽ യാത്ര ചെയ്തതാണ്.. അതിൽ നിന്നുള്ള കാഴ്ച അതീവ ഹൃദ്യം!!) മടങ്ങിപ്പോകുന്നതിനുമുന്നെ, ഒരു റോപ്പ് വേ യാത്ര കൂടെ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളുടെഗൈഡ്’..

അല്‍ ഷഫയിലെയ്ക്ക്

ചുരം കയറി എത്തുന്ന അൽ ഹദഎന്ന സ്ഥലത്തുനിന്നും തായിഫ് പട്ടണത്തിലേയ്ക്ക് ഏതാണ്ട് 30 കിമീ കൂടെയുണ്ട് പക്ഷേ, ഞങ്ങളുടെ യാത്ര അൽ ഷഫഎന്ന പ്രദേശത്തേക്കായിരുന്നു.. 'സരാവത്' മലനിരകൾക്കിടയിലെ ഈ ഗ്രാമപ്രദേശം കൃഷിയ്ക്ക് പേരുകേട്ടതാണ്.. 

ദാ, ആ മലമുകളിലേയ്ക്കാണ് യാത്ര..

അവിടെയുള്ള ഏറ്റവും ഉയരം കൂടിയ ഒരു മലമുകളിലേയ്ക്ക് വാഹനങ്ങൾ ആയാസത്തോടെ കയറി.. കാഴ്ചകൾ കണ്ട് കുറച്ചുനേരം അവിടെ ചിലവഴിച്ചു.. നല്ല വെയിലുണ്ടെങ്കിലും ചൂട് അത്രയ്ക്ക് അനുഭവപ്പെടുന്നില്ല.. 

മലമുകളിലെ മുമ്പന്മാര്‍ ..

തിരികെ വരുമ്പോൾ കള്ളിമുള്ള് ചെടിയുടെ പഴം (ബർഷൂം) പറിച്ച് തിന്ന് ഒരു ഫാം ടൂറിസവുംനടത്തി.. ഈ പഴത്തിന്റെ തോട് കളയുന്നത് ഇത്തിരി കഷ്ടപ്പാടാണ്... എത്ര ശ്രദ്ധിച്ചാലും കയ്യിൽ മുള്ളുകൾ തറയ്ക്കും.. 


പഴുത്ത്‌ പാകമാവുന്നതേയുള്ളൂ...

ബര്‍ഷൂം പഴം (ഒരു പഴയ ചിത്രം)

വെറുതെയല്ല, ഇവന്മാർ കയ്യിൽ ഗ്ലൌസൊക്കെയിട്ട് ഈ കലാപരിപാടി നടത്തുന്നത്!! (വിരലിൽ തറച്ച മുള്ള് കടിച്ചെടുക്കാൻ ശ്രമിച്ച വകയിൽ അത് നാവിൽ കുടുങ്ങി; അവിടെ നിന്നും ചുണ്ടിൽ.. ചുരുക്കിപ്പറഞ്ഞാൽ, 2 ദിവസം പണികിട്ടി..)

ഒരു മരുപ്പൂവ്‌..

സമയം 12.30.. കപ്പയും മത്തിയും കഴിക്കാ‍തെ ഇനി സമാധാനം കിട്ടില്ല.. എല്ലാവർക്കും ഒന്നിച്ചിരുന്ന് കഴിക്കാൻ പറ്റിയ ഒരിടം തേടിയാണ് ഇപ്പോളത്തെ യാത്ര.. നല്ല തണലുള്ള ഒരു കുന്തിരിക്കമരത്തിന്റെ ചുവട്ടിൽ വിരി വച്ചു.. പാന്ട്രിക്കാറിൽ നിന്നും പാ‍ത്രങ്ങൾ ക്ഷണനേരത്തിൽ വിരിയിൽ ഇടം പിടിച്ചു.. പക്ഷേഗൈഡ്ഇടഞ്ഞ് നിൽ‌പ്പാണ്.. ‘ഭക്ഷണം കഴിക്കാൻ ഇതിലും നല്ല സ്ഥലമുണ്ട്, അവിടെ ചെന്നിരുന്ന് കഴിക്കാംഎന്ന അദ്ദേഹത്തിന്റെ ഉറച്ച പ്രഖ്യാപനത്തിന്റെ ബലത്തിൽ പാത്രങ്ങൾ വീണ്ടും വണ്ടിയിലേറി.. വിരി മടക്കിയെടുത്ത് അടുത്ത കളം തേടി വാഹനജാഥ നീങ്ങി..

'ഗൈഡ്‌'

ഏതാണ്ട് ഒരു മണിക്കൂർ അലഞ്ഞു, എന്നിട്ടും ആ നല്ല സ്ഥലംകണ്ടെത്തിയില്ല.. ഒടുവിൽ, അത്ര നല്ലതല്ലെങ്കിലും തീരെ മോശമല്ലാത്ത ഒരിടത്ത് വിരിവച്ച്, കപ്പ-മത്തി, ചപ്പാത്തി-ചിക്കൻ അകത്താക്കി (കപ്പയും മത്തിയും കഴിക്കാൻ വേണ്ടി മാത്രമാണോ ചാടിപ്പുറപ്പെട്ട് വന്നത് എന്നുവരെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ചിലരുടെ പ്രകടനം.. ആരാണെന്ന് പറയൂല്ല, വേണേൽ ക്ലൂ തരാം..

മറ്റൊരു പേരറിയാ പൂവ്‌ കൂടെ..

അടുത്തലക്ഷ്യം റോപ്പ് വേ-യാണ്.. സമയം മണി കഴിഞ്ഞിരിക്കുന്നു.. വാഹനജാഥ പ്രധാനവീഥിയിലൂടെ അൽ ഹദ’ ലക്ഷ്യമാക്കി നീങ്ങി.. ഇടയ്ക്ക്വഴിയരികിൽ വണ്ടികളൊതുക്കി ഇത്തിരി ഗൂഢാലോചന.. അനന്തരഫലംതാമരേടത്തിയുടെ അപാരമായ ‘ധൈര്യം പരിഗണിച്ച് റോപ്പ് വേ യാത്രയിൽ നിന്നും വിനുവേട്ടനും കുടുംബവും പിന്മാറി.. എങ്കിലും മറ്റുള്ളവർ കയറിക്കോട്ടെഞങ്ങൾ കാത്തിരിക്കാം എന്ന വിനുവേട്ടന്റെ സ്നേഹപുരസ്സരമുള്ള നിർബന്ധത്തിന് വഴങ്ങി വീണ്ടും റോപ് വേയിലേക്ക്.. പോകുന്ന പോക്കിൽ വിനുവേട്ട ‘ടക്സന്റെ’ ബ്രെയ്ക്ക് ടെസ്റ്റ്‌ ചെയ്തു.. ‘ഗൈഡിന്റെ’ വണ്ടിയാണെന്ന് കരുതി വേറെ ഏതോ കാറിന്‍റെ പിന്നാലെ വച്ചുപിടിച്ചു കക്ഷി.. പെട്ടെന്ന്‍ ഒരു ‘എക്സിറ്റിൽ’ വച്ച് അബദ്ധം മനസ്സിലാക്കിയപ്പോൾ വലത്തേയ്ക്ക് വെട്ടിച്ച് ശരിയായ വഴിയിൽ കയറിപ്പറ്റി... (അതിനിടയിൽ റോഡരികിലെ ഭിത്തിയിൽ തട്ടാതെ കാർ എങ്ങനെയോ ‘നേരെ ചൊവ്വേ’ നാലുകാലിൽ ഓട്ടം തുടര്‍ന്നു എന്ന് പറയുന്നതാവും കൂടുതൽ ഉചിതം..)  ആദ്യമൊന്ന് വഴിതെറ്റിയെങ്കിലും അധികം ചുറ്റിക്കാതെ തന്നെ ‘ഗൈഡ്’ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു..


റമദാ ഹോട്ടലിന്റെ പരിസരപ്രദേശമാകെ വാഹനങ്ങളെയും ആളുകളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു.. ഇവിടെ നിന്നുമാണ് അടിവാരത്തേയ്ക്ക് റോപ് വേ യാത്ര പുറപ്പെടുന്നത്.. അവധിക്കാലം, ഒപ്പം ആസന്നമായിരിക്കുന്ന റമദാൻ നോയമ്പ് കാലംതിരക്ക് കൂടാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടല്ലോ.. ആളുകൾ വെറുതെ നിന്ന് ബോറഡിക്കേണ്ട എന്ന് കരുതിയാവണം, ഇടയ്ക്കിടെ നല്ല ഒന്നാന്തരം പൊടിക്കാറ്റ് വീശിയടിക്കുന്നുണ്ട്...

തായിഫിലേയ്ക്ക് ..

തന്റെ അമ്മായിയമ്മയെ റോപ് വേയിൽ കയറ്റിയേ അടങ്ങൂ എന്ന വാശിയിൽ ടിക്കറ്റ് എടുക്കാൻ പോയ ഗൈഡ് അധികം താമസിയാതെ തന്നെ തിരികെയെത്തി ഒരു ഡയലോഗ്;


മാമി നാട്ടിൽ വച്ച് റോപ് വേ-യിൽ കയറിയിട്ടുണ്ട്.. അതുകൊണ്ട് ഇവിടെ കയറിയില്ലെങ്കിലും കുഴപ്പമില്ല!..’
അല്ലെടാ, ഇവിടം വരെ വന്നിട്ട് കയറാതെ പോവുക എന്ന് പറഞ്ഞാൽ...?
ഓഹ്, അതൊന്നും സാരമില്ലന്നേ.. ഇനി വരുമ്പോൾ കയറാം.. അതുമാത്രമല്ല, ഇത്രയും കാലം 50 റിയാൽ ആയിരുന്നു ഫീസ്, ഇപ്പോളത് 90 റിയാലാക്കിയിരിക്കുന്നു..’

അപ്പോൾ അതാണ് കാര്യം.. (മാമി നാട്ടിൽ വച്ച് റോപ് വേയിൽ കയറിയിട്ടുണ്ടോ എന്ന് ചോദിച്ച് വെറുതെ അവരുടെ മനസ്സ് വിഷമിപ്പിക്കാൻ ആരും മെനക്കെട്ടില്ല..)

ഇനി നമുക്ക് ചുരത്തിന്റെ മുകളിലെവ്യൂ പോയന്റിൽ പോയി കാഴ്ചകൾ കാണാം..'


ഗൈഡ് പറഞ്ഞാൽ പിന്നെ അപ്പീലില്ല.. വാഹനജാഥ നേരെ ചുരത്തിന്റെ മുകൾത്തട്ടിലേയ്ക്ക് നീങ്ങി.. സമയം 5 മണി കഴിഞ്ഞിരിക്കുന്നു.. വേനൽക്കാലമായതിനാൽ സൂര്യൻ ഉടനെയൊന്നും കടലിൽ ചാടുന്ന ലക്ഷണമില്ല.. ‘വ്യൂ പോയന്റിൽവണ്ടികളൊതുക്കി, പരമാവധി അരികിലേയ്ക്ക്, ശ്രദ്ധയോടെ നിന്നു.. കാലൊന്ന് നിരങ്ങിപ്പോയാൽ പിന്നെ എവിടെ ചെന്ന് നിൽക്കുമെന്ന് പറയാൻ പറ്റില്ല.. താഴെ, ചുരത്തിലൂടെ വാഹനങ്ങൾ ചെറിയ പുഴുക്കളെപ്പോലെ നീങ്ങുന്നു കണ്ണെത്താ ദൂരത്തിനപ്പുറം സൂര്യന്റെ സുവർണത്തിളക്കം.. ചുരത്തിന്റെ മുകളിൽ നിന്നുള്ള സൂര്യാസ്തമന കാഴ്ച അവിസ്മരണീയമാണ്.. എന്നാൽ ഇരുട്ടുന്നതിനുമുന്നെ തന്നെ ചുരമിറങ്ങാൻ തീരുമാനിച്ചതിനാൽ ആ കാഴ്ച പിന്നീട് ഒരവസരത്തിലേയ്ക്ക് മാറ്റി വച്ചു..

മടക്കയാത്ര.. ചുരത്തിൽ വാഹനപ്രളയം.. കുത്തനെയുള്ള ഇറക്കവും വളവുകളും യാത്രയുടെത്രിൽകൂട്ടുന്നു.. തലയ്ക്ക് മീതെറോപ് വേ വാഗണുകളുടെ നീണ്ട സഞ്ചാരം.. താഴ്വര പതുക്കെ ഇരുണ്ടു തുടങ്ങിയിരിക്കുന്നു.. വളരെ പെട്ടെന്ന് തന്നെ ചുരമിറങ്ങി.. ആദ്യം കണ്ട പമ്പിലെകഫറ്റീരിയയിൽ നിന്നും ചായയും വെള്ളവുമൊക്കെ കുടിച്ച്, ഉന്മേഷത്തോടെ യാത്ര തുടർന്നു.. വീണ്ടും ഒറ്റപ്പാത.. ഇരുദിശയിലും വാഹനങ്ങൾ കൂടിയിരിക്കുന്നു.. വലിയ ട്രെയിലറുകളെ മറികടക്കുക അതീവദുഷ്കരം.. വഴിവിളക്കുകളില്ലാത്ത വഴിയിൽ ഇരുട്ട് കനക്കുന്നതിന് മുന്നെ തന്നെജിദ്ദ-മക്കഹൈവേയിലെത്തിച്ചേർന്നു.. 

സമയം രാത്രി 8.30.. ഒരു പകൽ നീണ്ട യാത്രയുടെയും കാഴ്ചകളുടെയും അവസാനം പരസ്പരം വിട ചൊല്ലാനുള്ള സമയമായിരിക്കുന്നു.. റോഡരികിൽ വണ്ടികളൊതുക്കി ഔപചാരികതകള്‍ ഒന്നുമില്ലാത്ത യാത്രപറച്ചിൽ.. ഒരു പകൽ നേരം കൊണ്ട് സൌഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ പാത തെളിച്ചവർ മനസ്സില്ലാമനസ്സോടെ വിട പറഞ്ഞു; ഒരു നല്ല ദിവസത്തിന്റെ, ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി..
45 comments:

 1. വിനുവേട്ടനോടൊപ്പം ഒരു യാത്ര..

  ReplyDelete
 2. തായിഫ് ഒരു സംഭവാല്ലേ. സൌദി വെറും മരുഭൂമിയെന്നല്ലേ ഞങ്ങളൊക്കെ വിചാരിച്ചിരുന്നത്.

  ReplyDelete
 3. ഹും കപ്പയും മത്തിയും പിന്നൊരു ബ്ലോഗ് മീറ്റും.മനോഹരമായ വിവരണം ..
  ബർഷൂം പഴത്തിന്റെ പടം പഴയതും പുതിയതും നന്നായി :)വെറുതെ താമരേ കളിയാക്കണ്ട ബിമാനത്തിലിരുന്നാലും താഴെയുള്ളതൊക്കെ കാണാം അപാരമായ ധൈര്യവും കൊണ്ട് റോപ്പ് വേ യാത്രയ്ക്ക് പോകാഞ്ഞത് നന്നായി :)
  തായിഫിന്റെ മനോഹരമായ ചിത്രങ്ങള്‍ക്ക് ഒരിക്കല്‍ കൂടി 'മബ്‌റൂഖ്'

  ReplyDelete
 4. രസകരമായ യാത്ര അല്ലെ.. തായിഫിലെ കാഴ്ചകൾ പരിചയപ്പെടുത്തിയതിനു നന്ദി, കപ്പയും മത്തിയുമായി കൊതിപ്പിച്ചതിനും... ചിത്രങ്ങളും വിവരണവും നന്നായി...

  അടുത്തു തന്നെ തായിഫിലേക്ക് ഇവിടെ നിന്നും (റിയാദ്) ഒരു യാത്ര പോകുന്നുണ്ട്.. അവിടെ കാണാൻ കൂടുതൽ ഉണ്ടോ? വല്ല ഉപദേശവവും ഉണ്ടേങ്കിൽ അതുപകാരമായേക്കും..
  എല്ലാ ആശംസകളൂം

  ReplyDelete
 5. ഈ വിവരണം മനോഹരം...
  ഞാനും കൂടെയുണ്ടായിരുന്നോ..?
  ആശംസകൾ...

  {മുൻപൊക്കെ ജിദ്ദയിൽ നിന്നും തായ്ഫിലേക്ക് കമ്പനിയുടെ പേപ്പർ ഉണ്ടെങ്കിലേ കടത്തിവിടുമായിരുന്നുള്ളു.ഇല്ലാത്തവരെ നിർദ്ദാക്ഷ്യണ്യം തിരിച്ചയക്കുമായിരുന്നു. ഇപ്പോൾ അതൊന്നുമില്ലേ...?}

  ReplyDelete
 6. നന്നായി..ഹൃദ്യമായ വിവരണം.

  ReplyDelete
 7. മനോഹരമായ സ്ഥലം ... അങ്ങനെ നിങ്ങളും ഒരു ചെറിയ വലിയ മീറ്റ്‌ നടത്തിയല്ലേ :)

  ReplyDelete
 8. ഉയരങ്ങളിലെ ബ്ലോഗ് മീറ്റിന് അഭിവാദ്യങ്ങള്‍ !!!

  ReplyDelete
 9. വിനുവേട്ടനൊത്തുമുള്ള ഒരസ്സൽ വിനോദയാത്രയുടെ ഹൃദ്യമായ വിവരണാവതരണങ്ങളിൽ ഒരു പുത്തൻ സ്ഥലത്തെ പരിചയപ്പെടുത്തി , യാതൊന്നും വിട്ടുപോകാതെ ജിമ്മി സഞ്ചാരസാഹിത്യത്തിലേക്ക് കടന്നുവന്നതിൽ സന്തോഷം..

  ആ ആദ്യത്തെ ഫോട്ടെയിലെ മല്ലന്റേയും മാതേവന്റേയും ,പിന്നെ ആ ഗൈഡ് മൂത്രിക്കാൻ നിക്കുന്നതിന്റേയുമടക്കം എല്ലാ പടങ്ങളും അത്യുഗ്രൻ...!

  ReplyDelete
 10. apol adhyathe meet petrol pumpilayirunu

  ReplyDelete
 11. ജിമ്മിച്ചാ..
  ഉഷാറായിട്ടുണ്ട്. ചിത്രങ്ങൾ കൂടിയാകുമ്പോൾ കൂടുതൽ മനോഹരമായിട്ടുണ്ടെന്നു പറയാതെ വയ്യ,,,.
  വരികളിലൂടെ നീങ്ങുമ്പോൾ ഒരു സഹയാത്ര നടത്തിയ അനുഭവം... അല്പം നഷ്ടബോധവും!!

  ReplyDelete
 12. അജിത് ഭായ് - കാണാക്കാഴ്ചകൾ കൊണ്ട് സമ്പന്നമല്ലേ ഈ മരുഭൂമി.. തായിഫിനേക്കാൾ തണുപ്പുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്.. അങ്ങനെ ഒരിടമാണ് അടുത്ത ലക്ഷ്യം.. പക്ഷേ വിനുവേട്ടൻ ഇതുവരെ പച്ചക്കൊടി വീശിയിട്ടില്ല.. :) നന്ദി

  മാണിക്യം - കപ്പയും മത്തിയും കഴിക്കുന്ന തിരക്കിൽ നല്ല കുറെ ഫോട്ടോസ് എടുക്കാതെ പോയി.. എടുത്തവ തന്നെ, ബ്ലോഗിന്റെ സ്ഥലപരിമിതി മൂലം ചേർക്കാൻ സാധിച്ചതുമില്ല.. നന്ദി

  വീ കെ - അതൊക്കെ പണ്ടല്ലേ.. ഇപ്പോ അങ്ങനെ അനുമതിപത്രമൊന്നും വേണ്ട.. ആർക്കും എപ്പോൾ വേണമെങ്കിലും പോകാം.. :) നന്ദി

  yousufpa - നന്ദി; വായനയ്ക്കും അഭിപ്രായമറിയിച്ചതിനും..

  Lipi Ranju - എല്ലാം വിനുവേട്ടന്റെ മായാജാലം.. :) നന്ദി

  chithrakaran:ചിത്രകാരന്‍ - അഭിവാദ്യങ്ങളുമായെത്തിയ ചിത്രകാരനെ നന്ദിയോടെ സ്വീകരിക്കുന്നു.. :)

  ബിലാത്തിയേട്ടാ - മല്ലനും മാതേവനും!! ഹഹഹ.. കമന്റിന് നന്ദി കേട്ടോ..

  MyDreams - പരസ്യമായ ആ രഹസ്യം കണ്ടുപിടിച്ചു അല്ലേ.. :) നന്ദി

  പാച്ചൂ - നീയെന്തേ വരാത്തത് എന്ന് കരുതിയിരിക്കുവായിരുന്നു.. :)

  ReplyDelete
 13. ഓരോ യാത്രയും മനോഹരം .. ചിത്രങ്ങള്‍ ഉണ്ടായതുകൊണ്ട് സ്വപ്നങ്ങള്‍ക്ക് സുഖമുണ്ടായി... നിങ്ങളൊക്കെ ഭാഗ്യവാന്‍ മാര്‍ ... ഈ ബുഷും പഴം കേരളത്തില്‍ കിട്ടുമോ .. മുല്ലെടുത്ത വിവരണം കേട്ടപ്പോള്‍ പട്ടരുടെ കാലില്‍ ചാണകം പറ്റിയ കഥ ഓര്മ വന്നു.. നല്ല പോസ്റ്റ്‌ ...

  ReplyDelete
 14. Naseef U Areacode - അഭിപ്രായമറിയിച്ചതിന് ആദ്യമേ തന്നെ നന്ദി അറിയിക്കട്ടെ.. ഒപ്പം തായിഫ് യാത്രയ്ക്കുള്ള ആശംസകളും..

  തായിഫിലെ പ്രകൃതിഭംഗി തന്നെയാണ് പ്രധാന കാഴ്ച.. പിന്നെ, അൽ ഹദ ചുരവും റോപ് വേ-യും.. അല്ലാതെയുള്ള ചില ടൂറിസ്റ്റ് സ്പോട്ടുകൾ കൂടെ..

  -അൽ-റുദാഫ് പാർക്ക് (ഇവിടെ ചെറിയൊരു സൂ-വും ഉണ്ടെന്ന് കേട്ടു)

  -വാദി മിത്‌ന - പ്രവാചകനെ കല്ലെറിഞ്ഞ സ്ഥലം..

  -റോസ് പ്ലാന്റേഷൻസ് - ഏപ്രിൽ മാസത്തോടെ, സുഗന്ധം പരത്തുന്ന പൂക്കളുമായി വരവേൽക്കാൻ ലോകപ്രശസ്തമായ തായിഫ് റോസാപ്പൂക്കളുടെ പാടങ്ങൾ..

  -ഷുബ്രാ പാലസ് - മ്യൂസിയം

  -സൂക്ക് ഒക്കാസ് - പണ്ടുമുതലേ ആളുകൾ ഒത്തുചേർന്നിരുന്ന സ്ഥലം

  -തുർക്കി ഫോർട്ട് - സൂക്ക് ഒക്കാസിന്റെ (റോക്ക് കാർവിംഗ് സൈറ്റ്) അടുത്തുതന്നെയുള്ള ഒരു പുരാതന കോട്ട

  -അൽ ഷഫ - കാർഷിക ഗ്രാമം.. (കള്ളിമുള്ള് ചെടികളുടെ തോട്ടവും ധാരാളം കാണാം ഇവിടെ..)

  ഒക്ടോബർ മാസം മുതൽ തണുപ്പ് കൂടും.. ആ സമയത്താണ് യാത്രയെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ ജാക്കറ്റും മറ്റും കയ്യിൽ കരുതാൻ മറക്കേണ്ട..

  ReplyDelete
 15. കലി (veejyots) - നന്ദി.. ബർഷൂം പഴം കേരളത്തിൽ ലഭിക്കുന്ന കാര്യം സംശയമാണ്.. കഴിഞ്ഞ ദിവസം ‘ജീവൻ ടിവി-യിൽ’ തായിഫിലെ ഈ പഴത്തിനെപ്പറ്റി അല്പം വിശദമായ ഒരു റിപ്പോർട്ടുണ്ടായിരുന്നു.. ആ മുള്ളിന്റെ കാര്യം വീണ്ടും ഓർമ്മിപ്പിക്കല്ലേ ചങ്ങാതീ.. ഹോ!!

  ReplyDelete
 16. ഹൃദ്യമായ വിവരണവും ചിത്രങ്ങളും... ആ കപ്പയും മത്തിയും പടമെടുക്കാന്‍ പോലും സമയം കിട്ടുന്നതിനു മുന്നേ തീര്‍ന്നു ല്ലേ....?:)

  ReplyDelete
 17. നല്ല വിവരണവും ചിത്രങ്ങളും..

  ReplyDelete
 18. വളരെ രസികന്‍ പോസ്റ്റ്‌. വിനുവേട്ടന്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടതും, വായു ഗുളിക മേടിക്കാന്‍ പോകുന്ന പോലെ എന്നതും ബോറടിക്കാതിരിക്കാന്‍ പൊടിക്കാറ്റ്‌ വീശുന്നതും താമരേടത്തിയുടെ "അപാരധൈര്യവും" ബര്‍ഷൂം പഴം കഴിച്ച സംഭവവും ഒക്കെ വായിച്ചു ചിരിച്ചു. എല്ലാത്തിനും പുറമെ, കപ്പയും മത്തിക്കറിയും കഴിക്കാനായി മാത്രം വന്നതാരാണെന്നും ക്ലൂ കേള്‍ക്കാതെ മനസ്സിലായി.

  തായിഫിനെക്കുറിച്ച് അറിവ് പകര്‍ന്നു നല്‍കിയതും നന്നായി.
  അങ്ങനെ പോരട്ടെ യാത്രകളും വിവരണങ്ങളും.

  ReplyDelete
 19. ഒരു കാര്യം വിട്ടുപോയി. ഫോട്ടോസ് ഗംഭീരം.

  ReplyDelete
 20. കുഞ്ഞൂസ് (Kunjuss) - ആ പറഞ്ഞതാണ് സത്യം.. പടത്തിൽ പതിയുന്നതിനുമുന്നെ തന്നെ കപ്പയും മത്തിയും അലിഞ്ഞുപോയി.. :) നന്ദി..

  പഥികൻ - നന്ദി..

  സുകന്യേച്ചീ - 3 ദിവസങ്ങൾ നീണ്ട വാരാന്ത്യം കഴിഞ്ഞ് ഓഫീസിലും ബൂലോഗത്തും ഹാജർ വച്ചു, അല്ലേ? ഇനിയും കുറെ ഫോട്ടോസ് ഉണ്ട്.. ഇനിയൊരവസരത്തിൽ അവയെ വെളിച്ചം കാണിക്കാം... നന്ദി ട്ടോ..

  ശങ്കരനാരായണന്‍ മലപ്പുറം - നന്ദി

  ReplyDelete
 21. പോസ്റ്റ് വളരെ ഇഷ്ടമായി. എന്നാലും ആ ഗൈഡിനിച്ചിരി ഗമ കൂടുതലായിപ്പോയി. പടം കണ്ടാലേ അറിയാം.

  ചപ്പാത്തീം കപ്പേം കഴിച്ചിരിയ്ക്കുന്നു.
  പടങ്ങൾ ഒക്കെ ഗംഭീരം.. അപ്പോ അഭിനന്ദനങ്ങൾ.

  ReplyDelete
 22. Echmukutty - ഹഹ.. ഈ പറഞ്ഞത് ‘ഗൈഡ്’ കേൾക്കണ്ട.. (ഇതൊക്കെ വായിച്ച് അവൻ എന്നാണോ എന്നെ പടമാക്കാൻ വരുന്നത് എന്ന പേടിയിലാണ് ഞാൻ..). നന്ദി..

  ReplyDelete
 23. വിവരണവും ചിത്രങ്ങളും വളരെ നന്നായി
  ബ്ലോഗ്‌ മീറ്റുകള്‍ ഇനിയും ഒരുപാട് 'ഉയരങ്ങളിലേക്ക്' എത്തട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 24. നല്ല എഴുത്ത്.
  ആശംസകള്‍.

  ReplyDelete
 25. അപ്പോൾ ജിമ്മി, നമ്മുടെ അടുത്ത യാത്ര എങ്ങോട്ടാണ്...? ഇതൊരു ശീലമാക്കിയാലോ...?

  ReplyDelete
 26. ഹൃദ്യമായ വിവരണം.
  ആശംസകള്‍.

  ReplyDelete
 27. നല്ല വിവരണം. മരുഭൂമിയുടെ നടുക്ക് ഇങ്ങനെയൊരു തണുപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഒരു തണുപ്പ്. :-)

  ReplyDelete
 28. nice post, especially pictures..really nice pictures

  ReplyDelete
 29. ഒരു വേല തായിഫില്‍ കണ്ട കാഴ്ചകള്‍ വീണ്ടും മനസ്സില്‍ തെളിഞ്ഞു.. നല്ല പോസ്റ്റ്‌. ആശംസകള്‍

  ReplyDelete
 30. ഒരു മാസത്തിലധികം സൌദിയിൽ ഉണ്ടായിട്ടും എങ്ങും യാത്രപോകാതെ മുറിയിൽ ചടഞ്ഞിരുന്നു. തായിഫിയിൽ എങ്കിലും പോകാമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു.

  വിരോധമില്ലെങ്കിൽ ഈ യാത്രാവിവരണം www.yathrakal.com സൈറ്റിലേക്ക് നൽകൂ.

  ReplyDelete
 31. വിനുവേട്ടാ,.. കപ്പയും മത്തി കറിയുടെകൂടെ ........കാന്ദാരി ചമ്മന്ടിയും,മത്തി പൊള്ളിച്ചതും ,കട്ടന്‍ കാപ്പിയും .....വായില്‍ വെള്ളം ഊറുന്നു.........നല്ല യാത്രാ വിവരണം , ഫോട്ടോസും കൂടെ കണ്ടപ്പോള്‍ അവിടെ ചെന്ന പോലായി ........

  ReplyDelete
 32. തായിഫിലേക്ക് ഞാനും കൂടെ സഞ്ചരിച്ച പോലെ... ഇതുവരെ കാണാത്ത പൂവുകളും പഴങ്ങളും... കണ്ടു വളരെ മനോഹരം ഈ യാത്ര..

  ReplyDelete
 33. അറിയാത്തലോകത്തെ അത്ഭുതങ്ങൾ!

  ReplyDelete
 34. മനോഹരമായ യാത്ര വിവരണം ചിത്രങ്ങളും

  ഉമ്മു അമ്മാര്‍ നിനക്കങ്ങിനെ തോന്നിയതില്‍ അത്ഭുതമില്ല ഹഹ

  ReplyDelete
 35. ഇങ്ങിനെയും ഒരു ബ്ലോഗ് ഉണ്ടോ സുകന്യക്ക്. ഞാന്‍ ഇവിടെ ആദ്യം വരികയാണ്. ഇനി കൂടെക്കൂടെ വരാം.

  ഈ പോസ്റ്റിലെ ഫോട്ടോകളാണ് ആദ്യം എന്റെ ദൃഷ്ടിയില്‍ പെട്ടത്. മനോഹര്‍മായ വീഥികള്‍. നമ്മുക്കിത്തരം വീഥികള്‍ സ്വപ്നം കാ‍ണാനാകുമോ അടുത്തെങ്ങാനും.

  ReplyDelete
 36. ഇസ്മായില്‍ കുറുമ്പടി (തണല്‍) - നന്ദി.. യാത്രകൾ തുടരുന്നു, കൂടുതൽ ദൂരത്തിൽ.. കൂടുതൽ ഉയരത്തിൽ..

  മനോജ്‌ വെങ്ങോല, അഭി, jayarajmurukkumpuzha - നന്ദി

  സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു - അതെ, ആ തണുപ്പ് നൽകുന്ന സുഖം ഒന്ന് വേറെ തന്നെ..

  എൻ.ബി.സുരേഷ്, അനശ്വര, ആസാദ് - നന്ദി

  നിരക്ഷരൻ - ഒരു മാസം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരു തായിഫ് സന്ദർശം ആവാമായിരുന്നു.. ‘യാത്രകളി’ൽ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല..

  അപ്പൂപ്പന്‍ താടി.കോം - നന്ദി

  kochumol(കുങ്കുമം) - പറഞ്ഞ് പറഞ്ഞ് എന്റെ നാവിലും വെള്ളമൂറിച്ചല്ലോ.. :)

  ഉമ്മു അമ്മാര്‍ , ശാന്ത ടീച്ചർ, കൊമ്പൻ, ജെ പി വെട്ടിയാട്ടിൽ - നന്ദി

  വിനുവേട്ടാ - പുതിയ യാത്രയുടെ പോസ്റ്റ് എവിടെ??

  ReplyDelete
 37. യാത്രകളിൽ അഡ്മിന് മാത്രമേ പബ്ലിഷ് ചെയ്യാനാവൂ. ലേഖനം പബ്ലിഷ് ചെയ്യാൻ സമ്മതമാണെന്ന് അറിയിക്കുന്നതിനിനോടൊപ്പം ലേഖകന്റെ ഒരു ചിത്രവും അയച്ച് തന്നാൽ മതിയാകും. എഴുത്തുകാർ എന്ന പേജിൽ ചിത്രവും ബ്ലോഗ് ലിങ്കും ചേർക്കുന്നതിനോടൊപ്പം ലേഖനം പബ്ലിഷ് ചെയ്യുന്നതാണ്.

  ReplyDelete
 38. വിനുവേട്ടന്റെ തൃശ്ശൂർ വിശേഷങ്ങളിൽ നിന്നാ ഇതു കണ്ടതു്. ഉയരങ്ങളിലെ ബ്ലോഗ് മീറ്റ്.

  ReplyDelete
 39. @ജെപി അങ്കിള്‍ - ഈ ബ്ലോഗില്‍ ഞാനും ഒരംഗം. ഈ പോസ്റ്റ്‌ എഴുതിയത് ജിമ്മിയെന്ന യാത്രാസ്നേഹി ആണ്.

  ReplyDelete