Friday, November 29, 2013

നന്നുമിയായുടെ ഡിന്നർ



“രാജുവേട്ടാ, ഓർമ്മയുണ്ടോ?”

കത്രികയ്ക്കും ചീപ്പിനും ഒരു നിമിഷം വിശ്രമം നൽകി രാജുവേട്ടൻ തലയുയർത്തി വെള്ളെഴുത്ത് കണ്ണാടിയുടെ മുകളിലൂടെ എന്നെ നോക്കി. പിന്നെ മുഖത്ത് പുഞ്ചിരി വിടർന്നു.

“കണ്ടിട്ട് വർഷങ്ങളായല്ലോതാൻ എന്നാ വന്നത്?”

“വന്നിട്ട് ഒരു മാസമാകുന്നു രാജുവേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

“ഇവിടെ ഇങ്ങനെയൊക്കെ പോകുന്നു താനിപ്പോൾ എവിടെയാ?”

“സൌദിയിൽ തന്നെ...  പിന്നെ, രാജുവേട്ടാ, മുടിയൊന്ന് വെട്ടണല്ലോ തിരക്കാണോ? ”

“ഏയ്, ഇന്ന് ഇത്തിരി കുറവാണ് ദാ ഇവനും കൂടിയേ ഉള്ളൂ” കസേരയിൽ ഇരിക്കുന്ന ബംഗാളിയുടെ തലയിൽ പണി പുനരാരംഭിച്ചുകൊണ്ട് രാജുവേട്ടൻ പറഞ്ഞു.

പുഴക്കൽ പാടത്ത് ശോഭാ സിറ്റി പ്രോജക്റ്റ് വന്നതിൽ പിന്നെ രാജുവേട്ടന്റെ ബിസിനസ് തെളിഞ്ഞു എന്ന് പറഞ്ഞാൽ മതി. വർഷങ്ങളായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രോജക്റ്റിലെ തൊഴിലാളികൾ മുഴുവനും അന്യസംസ്ഥാനക്കാരാണ്. പശ്ചിമ ബംഗാൾ, ഒറീസ്സ, ബിഹാർ എന്നിവിടങ്ങളിൽ നിന്നും വന്നവർ. ഞങ്ങളുടെ ഗ്രാമത്തിലാണ് ശോഭ ബിൽഡേഴ്സ് അവർക്കുള്ള താമസ സൌകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നത്.  

മൂന്ന് നാല് വർഷങ്ങളായി അവരുമായുള്ള നിരന്തര സമ്പർക്കത്തിന്റെ ഫലമായി ഗ്രാമവാസികളിൽ മിക്കവർക്കും ഇപ്പോൾ അത്യാവശ്യം ഹിന്ദി കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. “ഹെ”, “ഹും”, “ഹൈ” ഒക്കെ കൂട്ടിക്കുഴച്ച് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ലാലേട്ടനെപ്പോലെ.

“കിത്ത്നാ ഹെ ഭൊയ്യാ?” കണ്ണാടിയിൽ നോക്കി തന്റെ സൌന്ദര്യം വിലയിരുത്തിയിട്ട് ആ ബംഗാളി പയ്യൻ ചോദിച്ചു.

“പച്ചാസ്,  ഡാ” 

“പൊച്ചാസ് ബൊഹോത് സ്യോദാ ഹെ ഭൊയ്യാ ചോലീസ് ദേഗാ ഹം”  

“നഹീ ചലേഗാ ഡാ പച്ചാസ് തന്നിട്ട് പോടാ” രാജുവേട്ടൻ തന്റെ മുറി ഹിന്ദി പുറത്തെടുത്തു.

ഗത്യന്തരമില്ലാതെ അമ്പത് രൂപ കൊടുത്തിട്ട് അവൻ കുട നിവർത്തി മഴയത്തേക്കിറങ്ങി.

“അപ്പോൾ രാജുവേട്ടൻ ഹിന്ദിയൊക്കെ പഠിച്ചുവല്ലേ?” രാജുവേട്ടൻ ടവൽ പുതപ്പിച്ച് തലയിൽ വെള്ളം സ്പ്രേ ചെയ്യവെ ഞാൻ ചോദിച്ചു.

“അതിനൊക്കെയാണോ ഇത്ര പാട്? മലയാളവും പിന്നെ അറിയുന്ന കുറച്ച് ഹിന്ദി വാക്കുകളും ഒക്കെ കൂട്ടിച്ചേർത്ത് അങ്ങടൊരു തട്ട് അവർക്കും മനസ്സിലാവും നമ്മക്കും മനസ്സിലാവും

“അത് ശരിയാ രാജുവേട്ടാ കഴിഞ്ഞ ദിവസം മഠത്തിന്റെ മുന്നിലെ ആ ചെറിയ പെട്ടിക്കടയിലെ ചേടത്തിയാര് ബംഗാളികളെ ഹിന്ദിയിൽ വിരട്ടുന്നത് കേട്ടു ഇവര് വന്നത് കൊണ്ട് ആൾക്കാര് ഹിന്ദി പഠിച്ചു

“അതെ ഭൂതോം ഭാവീം വർത്തമാനോം വ്യാകരണോം ഒക്കെ ആര് നോക്കുന്നു കാര്യം മനസ്സിലായാൽ പോരേ അത്രയേയുള്ളൂ” 

മുടി വെട്ടിക്കഴിഞ്ഞ് ചാറ്റൽ മഴയത്ത് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ രാജുവേട്ടന്റെ വാക്കുകളായിരുന്നു മനസ്സിൽ. കാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ?

കമ്പനിയിൽ ആദ്യമായി ബംഗാളികളെ റിക്രൂട്ട് ചെയ്ത കാലം നമ്മുടെ രാജുവേട്ടന്റെ കാര്യം പറഞ്ഞത് പോലെ തന്നെ ഹിന്ദിയുടെ വ്യാകരണത്തിൽ ബംഗാളികളിൽ അധികം പേരും പിന്നാക്കം തന്നെയായിരുന്നു. ഇംഗ്ലീഷിലും പരിജ്ഞാനം നന്നേ കമ്മിയായിരുന്നതിനാൽ അവരിൽ അധികം പേരും തങ്ങളാൽ കഴിയുന്ന പോലെ ഹിന്ദി ഭാഷ ഉപയോഗിച്ച് ഇന്ത്യക്കാരുമായി ഇടപഴകുവാൻ ശ്രമിച്ചു.

ഇ.ഡി.പി ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്ത ‘നന്നുമിയാ’യുമായി വളരെ പെട്ടെന്നാണ് ബിഹാർ സ്വദേശിയായ കമ്പ്യൂട്ടർ പ്രോഗ്രാമർ അൾത്താഫ് ഹുസൈൻ അടുത്തത്. സൌഹൃദം വളർന്ന് പന്തലിച്ച് ഒരു നാൾ നമ്മുടെ ബിഹാറി ഭയ്യ, നന്നുമിയായെയും കുടുംബത്തെയും ഡിന്നറിന് ക്ഷണിച്ചു. കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്ന അൾത്താഫ് ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിച്ചു.

“ആവോ ഭായ് ആവോഅപ്‌നാ ഘർ സമഝ്കർ ആവോ”  ബിഹാറി ഭയ്യ സ്വാഗതവചനമോതി.

ബിഹാറി ഭയ്യയുടെ പത്നി നന്നുവിന്റെ പത്നിയെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി.
കൊച്ചു വർത്തമാനങ്ങൾക്ക് ശേഷം ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അൾത്താഫ് തന്റെ ആതിഥ്യമര്യാദ ആവോളം പ്രകടിപ്പിച്ചു.

“ഖാവോ ഖാവോ  ഖൂബ് ഖാവോ അപ്‌നാ ഘർ സമഝ്കർ ഖാവോ

മനം നിറയെ ഊട്ടിക്കൊണ്ടിരിക്കുന്ന അൾത്താഫിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തിൽ നന്നുമിയായുടെയും കുടുംബത്തിന്റെയും മനം കുളിർന്നു.

“ഓർ ഖാവോ പേഡ് ഭർകെ ഖാവോബാക്കി ന രഖ്നാ  ശരം നഹീ ആനേ കാ...”

ആവശ്യത്തിലും അധികം അകത്താക്കി സംതൃപ്തിയോടെ മടങ്ങുമ്പോൾ ബിഹാറി ഭയ്യയെയും കുടുംബത്തെയും വിളിച്ച് പകരം ഒരു ഡിന്നർ കൊടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു നന്നുമിയായുടെയും കുടുംബത്തിന്റെയും മനസ്സിൽ. ഹിന്ദിയുടെ വ്യാകരണങ്ങളൊന്നും അത്ര പോരെങ്കിലും അൾത്താഫ് ആതിഥ്യമര്യാദ പ്രകടിപ്പിക്കുവാനുപയോഗിച്ച വാക്യങ്ങളൊക്കെ നന്നുമിയാ മനസ്സിൽ കോറിയിട്ടു. ഒട്ടും മോശമാകാൻ പാടില്ലല്ലോ

അടുത്ത വെള്ളിയാഴ്ച്ച നന്നുമിയായുടെയും കുടുംബത്തിന്റെയും ഊഴമായിരുന്നു. ബിഹാറി ഭയ്യയുടെ കാർ താഴെ റോഡിൽ പാർക്ക് ചെയ്യുന്നത് ജാലകത്തിലൂടെ കണ്ട നന്നുമിയാ ഹാളിലൂടെ പാഞ്ഞെത്തി മെയിൻ ഡോർ തുറന്ന് പിടിച്ച് റെഡിയായി നിന്നു.

സ്റ്റെയർകെയ്സിലൂടെ മുന്നിലെത്തിയ അൾത്താഫിനെയും കുടുംബത്തെയും കണ്ട നന്നുമിയാ പുഞ്ചിരിയോടെ സ്വാഗത വചനമോതി.

“ആത്തേ ഹെ ആത്തേ ഹേ അപ്‌നാ ഘർ സമഝ്കർ ആത്തേ ഹെ

മനസ്സിൽ ഒരു ചെറിയ കല്ലുകടി അനുഭവപ്പെട്ടുവെങ്കിലും നന്നുമിയായുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടതോടെ ബിഹാറി ഭയ്യ ഉള്ളിലേക്ക് കാലെടുത്തു വച്ചു. നന്നുമിയായുടെ പത്നി ബിഹാറി ഭയ്യയുടെ പത്നിയെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടു പോയി.

കൊച്ചു വർത്തമാനങ്ങൾക്ക് ശേഷം ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ നന്നുമിയാ തന്റെ ആതിഥ്യമര്യാദ ആവോളം പ്രകടിപ്പിച്ചു.

“ഖാത്തേ ഹെ ഖാത്തേ ഹെ ഖൂബ് ഖാത്തേ ഹെ അപ്‌നാ ഘർ സമഝ്കർ ഖാത്തേ ഹെ

ബിഹാറി ഭയ്യ പാത്രത്തിൽ നിന്ന് തലയുയർത്തി തന്റെ പത്നിയെ ഒന്ന് നോക്കി. അതേ നിമിഷം തന്നെ തലയുയർത്തിയ അയാളുടെ പത്നി ജാള്യതയോടെ വീണ്ടും തല താഴ്ത്തി.

നന്നുമിയായുടെ മുഖത്തെ ബഹുമാനവും സൽക്കാരവ്യഗ്രതയും കണ്ട ബിഹാറി ഭയ്യ വീണ്ടും ഭക്ഷണത്തിൽ ശ്രദ്ധയൂന്നി.

“ഓർ ഖാത്തേ ഹെ പേഡ് ഭർകെ ഖാത്തേ ഹെബാക്കി നഹീ രഖ്ത്തേ ശരം നഹീ ആത്തേ

രണ്ട് പേരുടെയും ഭാര്യമാർ അവിടെ സന്നിഹിതരായിരുന്നതിനാലും ബംഗാളിയുടെ ഭാഷാനൈപുണ്യം ബിഹാറി ഭയ്യയ്ക്ക് നേരത്തെ അറിയാമായിരുന്നതുകൊണ്ടും അനിഷ്ടസംഭവങ്ങളൊന്നും അവിടെ സംഭവിച്ചില്ല എന്നതാണ് സത്യം.

ഇനി പറയൂകാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ?

Tuesday, July 9, 2013

എന്‍റെ പാചക പരീക്ഷണങ്ങള്‍


(26 06 2012 ന് ഫേസ്ബുക്കില്‍  പോസ്റ്റ് ചെയ്തത്.) 

വായിക്കുമ്പോള്‍ ഒരു  ഘനമൊക്കെ ഇല്ലേ?  ഗാന്ധിജിയെ  ഓര്‍മ്മ വരുന്നില്ലേ....

അപ്പോള്‍  പാചകം  പകുതി  വിജയിച്ചു. 

വളരെ ചെറുപ്പത്തില്‍ അതായത് ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ ഉഷാറായി പഠിത്തമൊക്കെ തുടങ്ങുന്ന  പ്രായത്തില്‍  അടുക്കളയിലെ അതി വേഗ  പാചകം,  സ്വീകരണ മുറി ചെലവ് കുറച്ച്  എങ്ങനെ ഒരുക്കാം എന്നൊക്കെ പരീക്ഷിച്ചു നിരന്തരം  തോല്‍ക്കാന്‍ നിരബന്ധിക്കപ്പെട്ട ഒരു  ഹതഭാഗ്യയാണ് ഞാന്‍... ( ഈ വരി വായിക്കുമ്പോള്‍ ഒരു ഇഫക്റ്റിനു പശ്ചാത്തലത്തില്‍ ഒരു ശോക ഗാനം  മൂളണം കേട്ടോ. ഏതു ഭാഷയായാലും വേണ്ടില്ല.... ശോകം,  പശി , രോഗം, വേദന ഇതൊക്കെ  ലോകം മുഴുവന്‍ ഒരു  പോലെയാകുന്നു. ജാതി, മതം, രാജ്യം, ആണ്, പെണ്ണ്   അതു പോലെയുള്ള വേര്‍ തിരിവുകള്‍  ഒന്നും  ഇല്ലാത്ത സമത്വ സുന്ദരമായ  ഒരു ഏര്‍പ്പാടാകുന്നു.  )

ഞാന്‍  ഒരു ഹതഭാഗ്യയാകാന്‍ ഒരുപാട്  കാരണങ്ങള്‍ ഉണ്ടായിരുന്നു. അതിലൊരു പ്രധാനപ്പെട്ട കാരണം.... ഇതാണെന്ന് പലരും പറയാറുണ്ട്... എനിക്കത്രയ്ക്കങ്ങ് വിശ്വാസം പോരാ.

എന്‍റെ പ്രിയതമന്‍  വലിയ  പഠിത്തവും  ചാക്കുകണക്കിനു അറിവുമൊക്കെ  ഉണ്ടെങ്കിലും  നമ്മുടെ  പിന്‍തിരിപ്പന്‍ മൂരാച്ചി പരട്ട പളുങ്കൂസന്‍ ഗവണ്‍മെന്‍റ് ഉദ്യോഗത്തിനൊന്നും  പോകാന്‍ കൂട്ടാക്കാത്ത സ്വന്തം  സ്വന്തം മാത്രം കഴിവില്‍  നയിച്ചു തിന്നുമെന്ന് കരിമ്പാറത്തീരുമാനം  എടുത്തിട്ടുള്ള ഒരു ആദര്‍ശ ഘടാഘടിയന്‍ ആയിരുന്നു. എന്നാല്‍  നമ്മുടെ  സമൂഹത്തിനു ഇക്കാര്യം വേണ്ട രീതിയില്‍ മനസ്സിലാക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല. അതുകൊണ്ട്  ആദര്‍ശങ്ങളൂടെ  ഏറ്റവും  പ്രസക്തമായ ഭാഗം എന്തും പൂര്‍ണമായും  ത്യജിക്കാനുള്ള കഴിവ് കഴിയുന്നത്ര  വര്‍ദ്ധിപ്പിക്കുക എന്നതാക്കി ഞങ്ങള്‍ക്ക് പരിവര്‍ത്തിപ്പിക്കണമായിരുന്നു. 

ഉദാഹരണത്തിനു...  എന്‍റെ  പാചക പരീക്ഷണങ്ങള്‍  എന്ന പുസ്തകത്തിലെ ദോശയും ചട്ണിയും എന്ന  പാചക ഭാഗം  വായിക്കുക. 

അരിയും ഉഴുന്നും  ശകലം  ഉലുവയും  ഇഞ്ചിയും  കരിവേപ്പിലയും അരച്ച്  ചേര്‍ത്ത്  നല്ലെണ്ണയോ  നെയ്യോ ഒഴിച്ച്  ചുടുന്ന ദോശയില്‍  അരിയൊഴികെ  ബാക്കി എല്ലാം പൂര്‍ണമായും  ത്യജിച്ച ശേഷം  അല്‍പം  തേങ്ങ  ചുരണ്ടി മിനുസമായി അരച്ച്  ഉപ്പും അരച്ച അരിയും ആവശ്യം പോലെ വെള്ളവും ചേര്‍ത്ത്  കനം കുറച്ച്  പരത്തി ദോശക്കല്ലിനെ പറ്റിക്കാന്‍ മാത്രം നല്ലെണ്ണ തൂത്ത ശേഷം  ദോശ ഉണ്ടാക്കാം.  ഈ സമയത്ത് ദോശക്കല്ല്  മുഖം വീര്‍പ്പിച്ചാല്‍ കിട്ടുന്നതാണ് ഹതഭാഗ്യ  വിളമ്പും തട്ടില്‍  കുട്ടി ദോശ....  

സവാള, ചുവന്നുള്ളി, തക്കാളി, പുളി, ചുവന്ന മുളക്, പച്ചമുളക്, നാളികേരം, ഉപ്പ്  എന്നിവയൊക്കെ ചേരും പടി ചേരുന്ന പോലെ ഉപയോഗിച്ച് ,  കടുകും ചുവന്ന മുളകും  കറിവേപ്പിലയും മറ്റും വെളിച്ചെണ്ണയില്‍  വറുത്തിട്ട് ഉണ്ടാക്കുന്ന  ചട്ണിയില്‍ ചുവന്ന മുളകും  സവാളയും  കറിവേപ്പിലയും വെളിച്ചെണ്ണയും ഉപ്പും   ഒഴികെ ബാക്കിയെല്ലാം ആദ്യമേ  പൂര്‍ണമായും  ത്യജിക്കുക. 

അടുത്തതായി സവാള  കുനുകുനെ അരിയുക,  ഉപ്പു ചേര്‍ത്തു പതുക്കെ ഒന്നു തിരുമ്മുക,  ചുവന്ന മുളകും കരിവേപ്പിലയും ചതച്ച ശേഷം തിളച്ച  വെളിച്ചെണ്ണയില്‍  മൂപ്പിച്ച്  ഉപ്പു ചേര്‍ത്തു തിരുമ്മിയ  സവാളയില്‍ ചേര്‍ത്താല്‍ ചട്ണി റെഡി. സവാള  അരിഞ്ഞു വെച്ച ശേഷം കഥയെഴുതാനിരുന്നാല്‍ അവസാനം കിട്ടുന്ന  ചട്ണിയാണ് ഹതഭാഗ്യ  വിളമ്പും കയ്പന്‍ ചട്ണി . 

ഇനി സ്വീകരണ മുറി ഒരുക്കാന്‍ വേണ്ടത്.... 

നാലു ഘനമുള്ള  കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഒരു പോലെയുള്ളത്... ഇന്ത്യാ മഹാരാജ്യത്തെ  മിക്കവാറും  എല്ലാ  സംസ്ഥാനങ്ങളിലേയും   ആക്രിക്കച്ചവടക്കാര്‍ എടുത്ത്  തരാറുണ്ട് ഒരു പുഞ്ചിരിയോടെ.... ആക്കിയുള്ള ചിരിയോടെ  എന്നു വേണമെങ്കിലും നിര്‍ബന്ധമാണെങ്കില്‍  പറയാം.

പഴയ പുസ്തകങ്ങള്‍,  പത്രം ... കീറിയ തുണികള്‍ അല്ലെങ്കില്‍  ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒക്കെയും  പെട്ടികളില്‍  ചേരും  പടി ( ഈ തെരഞ്ഞെടുപ്പ് അതി പ്രധാനമാണ് )  നിറച്ച് പെട്ടികള്‍ ഭംഗിയായി സീല്‍  ചെയ്ത് ആദ്യം ന്യൂസ് പേപ്പറിന്‍റെ  കറുത്ത അക്ഷരം നിറഞ്ഞ ഭാഗം കൊണ്ടും പിന്നെ  വര്‍ണച്ചിത്രങ്ങള്‍  ഉള്ള ഭാഗം കൊണ്ടും  പൊതിഞ്ഞ്  ഭംഗിയായി വശങ്ങള്‍ ഒട്ടിച്ച്   നിരത്തിയിട്ടാല്‍  ഇരിപ്പിടങ്ങളായി...  ആര്‍ഭാടം  പോരെങ്കില്‍ കോട്ടണ്‍  ദുപ്പട്ട കൊണ്ടോ ടര്‍ക്കി കൊണ്ടോ ലാസ്റ്റായും  ഫൈനലായും  പൊതിയാം. 

കുറച്ചു കൂടി വലിയ  പരന്ന  പെട്ടി  ഇതു പോലെ  തയാറാക്കി  സെന്‍റര്‍  ടേബിളാക്കാം...  അനവധി പരീക്ഷണങ്ങള്‍ക്കും  അതിലുണ്ടായ പെട്ടി  കീറല്‍,  ഇരിക്കുമ്പോള്‍  പെട്ടെന്ന്  പതുങ്ങി  അകത്തേക്ക്  കുഴിയല്‍ തുടങ്ങിയ  നിര്‍ഭാഗ്യങ്ങള്‍ക്കും ശേഷം  ഹതഭാഗ്യ  ഈ വിദ്യയില്‍   പേറ്റന്‍റ് എടുക്കുകയുണ്ടായി.    പേറ്റന്‍റിനു പെട്ടീരിയര്‍ ഡെക്കോറേഷന്‍ എന്നു  പറയും.

അപ്പോ ശരി..

Tuesday, June 25, 2013

തായ് മാനവര്‍...


അമ്മീമ്മയുടെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളായിരുന്നു സാക്ഷാല്‍ പരമശിവനും  ശ്രീ ഗുരുവാ യൂരപ്പനും. ഞാനും അനിയത്തിയും അമ്മീമ്മയും  പാറുക്കുട്ടിയും കൂടി  താമസിച്ചിരുന്ന ആ കൊച്ചു  വീട്ടില്‍  ഈ രണ്ടു സുഹൃത്തുക്കളും കൂടി സ്ഥിരം താമസമുണ്ടായിരുന്നു.  

വീട്ടില്‍ രാവിലെ വരുന്ന പാല് കാച്ചിക്കഴിഞ്ഞാല്‍  ഇവര്‍ രണ്ടു പേര്‍ക്കും ആദ്യം കൊടുക്കും.  എന്നിട്ടാണ് അത്  ഡിഗിരിക്കാപ്പിയുണ്ടാക്കാന്‍ ഉപയോഗിക്കുക.  പുതിയ നാളികേരമുടയ്ക്കുമ്പോഴും കുത്തരിച്ചോറ് വെന്തു മലരുമ്പോഴും  പരിപ്പു  ചേര്‍ത്ത കൂട്ടാനുണ്ടാക്കുമ്പോഴും  ഇവര്‍  ആദ്യം കഴിക്കും. മുറുക്കും പൊക്കവടയും തേന്‍ കുഴലും  നെയ്യപ്പവും ഒക്കെയുണ്ടാക്കുമ്പോള്‍ മാത്രമാണ് ഗണപതിക്ക്  ആദ്യം  കഴിക്കുവാന്‍ കിട്ടുന്നത് .  എല്ലാ ദിവസവും ഈ  സുഹൃത്തുക്കള്‍ക്ക് നേദിക്കാതെ അമ്മീമ്മ  ഒരു പാചകവും ചെയ്തിരുന്നില്ല. അതുകൊണ്ട്  പാചകം ചെയ്യുന്നതിനിടയ്ക്ക് ഉപ്പു നോക്കുക, സ്വാദു നോക്കുക തുടങ്ങിയ നാലാം കിട ഏര്‍പ്പാടുകള്‍ വീട്ടില്‍ അനുവദിച്ചിരുന്നില്ല. മണത്തു നോക്കി ഉപ്പും പുളിയും മറ്റും അറിയണമെന്നായിരുന്നു ചട്ടം. നമ്മള്‍ സ്വാദു നോക്കി എച്ചിലാക്കിയതല്ലല്ലോ ഗുരുവായൂരപ്പനും  പരമശിവനും മറ്റും നല്‍കേണ്ടത്. 

ഇരുട്ടുള്ള മുറിയിലേക്ക് പോകാന്‍ പേടിക്കണ്ടതില്ലെന്ന് അമ്മീമ്മ ധൈര്യപ്പെടുത്തിയിരുന്നത്  സ്വാമി (ദൈവം) വീട്ടിലിരിക്കുന്നതുകൊണ്ടാണ്. ശരിയല്ലേ? ഗുരുവായൂരപ്പനും പരമശിവനുമുള്ള സ്ഥലത്ത് എന്തെങ്കിലും ഭയപ്പെടാനുണ്ടോ? പിന്നെ  ഒരു കുഴപ്പമുള്ളത്  ചീത്തവാക്കുകള്‍ പറയുക, കളവ് പറയുക, മറ്റുള്ളവരെ ദ്രോഹിക്കാനുള്ള വല്ല പരിപാടിയും ചര്‍ച്ച ചെയ്യുക ഇതൊന്നും ആ വീട്ടില്‍ നടപ്പില്ല. അമ്മീമ്മയുടെ സുഹൃത്തുക്കള്‍ ഇതെല്ലാം കേള്‍ക്കുകയും സകല കള്ളത്തരങ്ങളേയും തകര്‍ത്തു തരിപ്പണമാക്കിക്കളയുകയും ചെയ്യും. 

പെണ്ണുങ്ങള്‍ക്ക്  മാസക്കുളിയുണ്ടായാല്‍  അതു  കഴിഞ്ഞ് കുളിച്ച്  ഏഴു  നാള്‍ക്ക് ശേഷം മാത്രമേ  ശിവന്‍റെ അമ്പലത്തില്‍ കടക്കാവൂ എന്നാണ് ചട്ടം. അതു പോലെ ശിവന്‍റെ അമ്പലത്തില്‍ നിന്ന് ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോള്‍ കാല്‍ മടമ്പ് കൂടി തട്ടിക്കുടയണമെന്നാണ്. അവിടത്തെ മണല്‍ത്തരി പോലും വീട്ടിലേക്ക് കൊണ്ടു വരാന്‍ പാടില്ലെന്നും അതും ശിവന്‍റെ സ്വത്താണെന്നും  ശിവന്‍റെ സ്വത്തെടുത്താല്‍ തറവാട് കുളമായിപ്പോകുമെന്നും മറ്റും  പൊതുവേ വിശ്വസിക്കപ്പെട്ടിരുന്നു. ഗുരുവായൂരപ്പന്  കുറച്ചു കൂടി അയവുണ്ടായിരുന്നു.  മാസക്കുളിയുടെ അഞ്ചാം നാള്‍ മുതല്‍ അമ്പലത്തില്‍  പോകാമെന്നും ചന്ദനവും പ്രസാദവുമെല്ലാം വീട്ടില്‍ കൊണ്ടു വരാമെന്നുമായിരുന്നു പറഞ്ഞു കേട്ടിരുന്നത്.  
     
അമ്മീമ്മ  ഇതൊന്നും വിശ്വസിച്ചിരുന്നില്ല.

മാസക്കുളി ശിവന് ഒരു പ്രശ്നമേ ആയിരിക്കില്ലെന്ന് അവര്‍ പറഞ്ഞു. ചുടലച്ചാരവും പൂശി  ചോരയിറ്റുന്ന ആനത്തോലുമുടുത്ത് പാമ്പിനേയും കഴുത്തിലിട്ട് ഗംഗാദേവിയെ ജടയ്ക്കുള്ളില്‍ ഇരുത്തുന്നയാള്‍ക്ക് മാസക്കുളി പോലെയുള്ള  അതീവ സാധാരണമായ ശാരീരികകാര്യങ്ങളൊക്കെ ഒരു വിഷയമാകുന്നതെങ്ങനെയാണ്? അതൊക്കെ പെണ്ണുങ്ങള്‍ അതെടുക്കരുത്, ഇതെടുക്കരുത്, അങ്ങോട്ട്  പോകരുത് എന്നൊക്കെ പറയാനും  സ്ത്രീകളെ മാസക്കുളിയിലും പ്രസവത്തിലും അങ്ങനെ ശരീരം എന്ന തടവില്‍ പൂട്ടിയിടാനും മാത്രമായി കണ്ടുപിടിക്കപ്പെട്ട  വരട്ട് ന്യായങ്ങളാണെന്ന് അവര്‍ എപ്പോഴും പറഞ്ഞിരുന്നു.

 ശിവന്‍റെ താടിയില്ലാത്ത പടം  പൂര്‍ണതയില്ലാത്ത പടമാണെന്നും  അവര്‍ വിമര്‍ശിക്കാറുണ്ടായിരുന്നു . ലോജിക്കനുസരിച്ച്  ശിവന് നല്ല ഉശിരന്‍ താടി വേണമെന്നായിരുന്നു അമ്മീമ്മയുടെ നിലപാട്. കാരണം ശിവന്‍റെ  ബാക്കി മേക്കപ്പ്  നോക്കിയാല്‍ ഒട്ടും  ഡ്രസ്സ്  കോണ്‍ഷ്യസ് അല്ലാത്ത  അദ്ദേഹം  താടിയും മീശയും മാത്രം സെവന്‍ ഒ ക്ലോക് ബ്ലേഡിന്‍റെ പരസ്യത്തിലെന്ന പോലെ മിനുക്കി വടിക്കേണ്ട എന്തു കാര്യമാണുള്ളത്?
 
ലോകം മുഴുവന്‍ സ്വത്തായവന് അമ്പലത്തിലെ പൂജാരി തരുന്ന ഭസ്മത്തിന്‍റെയും കാല്‍ മടമ്പില്‍ പറ്റുന്ന  മണല്‍ത്തരിയുടെയും ലൊട്ടുലൊടുക്കു  കണക്കൊന്നും ആവശ്യമില്ലെന്നും അതൊക്കെ വെറും കാട്ടിക്കൂട്ടലുകളാണെന്നും  ശിവനെ അമ്പലത്തിന്‍റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുക്കുന്ന തന്ത്രമാണ് അതെന്നും അമ്മീമ്മ വാദിച്ചിരുന്നു.  മനുഷ്യരുടെ അല്‍പത്തരങ്ങളും കള്ളക്കണക്കുകളും പൊട്ടത്തരങ്ങളും അസൂയയും കുശുമ്പും ശിവനിലും  ഗുരുവായൂരപ്പനിലും  അടിച്ചേല്‍പിക്കലാണ് ഏറിയ കൂറും ഭക്തി എന്നും ആചാരം എന്നും  പറഞ്ഞ് കാണിച്ചു കൂട്ടുന്നതെന്ന് അവര്‍  പറയാറൂണ്ടായിരുന്നു. അമ്മീമ്മയുടെ അഭിപ്രായത്തില്‍  ദൈവം  തൂണിലും തുരുമ്പിലും ഉണ്ട്.  പുല്ലിലും പുഴുവിലും ഉണ്ട്. അതുകൊണ്ട്  എല്ലാറ്റിനോടും എല്ലാവരോടും തികഞ്ഞ സ്നേഹാദരങ്ങളോടെ  ബഹുമാനത്തോടെ പെരുമാറണം. 

എന്നാലും മാസക്കുളി  വീട്ടില്‍ ഇടയ്ക്കിടെ  ഒരു  ചര്‍ച്ചാ വിഷയമാകാറുണ്ടായിരുന്നു. അതിനു കാരണം അയല്‍പ്പക്കത്തെ അനന്തലക്ഷ്മി മാമിയും തങ്കം മാമിയും  മറ്റുമായിരുന്നു. അവര്‍ ഇടയ്ക്കൊക്കെ ഞങ്ങള്‍ കുട്ടികളോട് ചോദിക്കുമായിരുന്നു.

എന്നടീ, ഒങ്കാത്തിലെ ച്ചുത്തമൊന്നും  പാക്കറതില്ലിയോ ? ( നിങ്ങളുടെ വീട്ടില്‍ അയിത്തവും ശുദ്ധവുമൊന്നും  നോക്കാറില്ലേ ) 

അത്തരമൊരു ദിവസമാണ് തായ് മാനവരെപ്പറ്റി  അമ്മീമ്മ  പറഞ്ഞു തന്നത്.

കാവേരി  നദിക്കരയില്‍  വിധവയായ  ഒരു  അമ്മയും  മകളും ജീവിച്ചിരുന്നുവത്രേ. അത്ര  പണമൊന്നും ഇല്ലാത്ത  സാധാരണമായ ഒരു കുടുംബം. അദ്ധ്വാനിച്ച്  നിത്യവൃത്തി കഴിച്ചിരുന്ന  അമ്മ പരമശിവന്‍റെ വലിയ ഭക്തയായിരുന്നു. എന്നുവെച്ച്  എപ്പോഴും ശിവ ശിവ  എന്നും  പറഞ്ഞ് വെറുതേ ഇരിക്കുകയൊന്നുമായിരുന്നില്ല അവര്‍. പുല്ലിലും പുഴുവിലും തൂണിലും തുരുമ്പിലും പരമശിവനെ ദര്‍ശിച്ചിരുന്നു എന്നു  മാത്രം. 

മകള്‍ക്ക് വിവാഹപ്രായമായപ്പോള്‍ അമ്മ മകളെ കാവേരി നദിക്കക്കരെയുള്ള ഗ്രാമത്തിലെ  അധ്വാനിയായ  ഒരു ചെറുപ്പക്കാരന് വിവാഹം കഴിച്ചു കൊടുത്തു. അവള്‍ യഥാകാലം ഗര്‍ഭിണിയാവുകയും സന്തോഷ വര്‍ത്തമാനം   അറിഞ്ഞപ്പോള്‍  പ്രസവമെടുക്കാനും മറ്റു ശുശ്രൂഷകള്‍ക്കുമായി  എത്തിക്കൊള്ളാമെന്ന് അമ്മ  മകളെ സമാധാനിപ്പിക്കുകയും ചെയ്തു. പ്രസവം അടുക്കാറായപ്പോഴാണ് ഭര്‍ത്താവിന് ജോലി സംബന്ധമായി മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നത്. എന്തായാലും  ഭാര്യയുടെ അമ്മ ഉടനെ എത്തിച്ചേരുമെന്നുള്ള ഉറപ്പില്‍  അയാള്‍  പോവുകയായിരുന്നു. അമ്മ  വരുമ്പോഴാകട്ടെ കാവേരി  നദിയില്‍ അതി  ഭയങ്കരമായ വെള്ളപ്പൊക്കമുണ്ടായി. പരമശിവനെ വിളിച്ച് പ്രാര്‍ഥിക്കുകയല്ലാതെ അവര്‍ക്ക് ഒരു വഴിയുമുണ്ടായിരുന്നില്ല. 

പ്രസവ വേദനകൊണ്ട് പുളയുകയായിരുന്ന മകളുടെ മുന്‍പില്‍ അമ്മയുടെ വേഷത്തില്‍ സാക്ഷാല്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട്  പിള്ള വാങ്ങുകയും പൊക്കിള്‍ കൊടി മുറിക്കുകയും  കുഞ്ഞിനെ കുളിപ്പിച്ച് പോറ്റിക്കിടത്തുകയും അങ്ങനെ അമ്മ മകള്‍ക്ക്  ചെയ്യുന്ന എല്ലാ പ്രസവ ശുശ്രൂഷകളും വിധിയാംവണ്ണം നിറവേറ്റുകയും ചെയ്തു.

കാവേരി നദിയില്‍ വെള്ളമിറങ്ങിയതിനു ശേഷം  അമ്മ വന്നു ചേര്‍ന്നപ്പോഴാണ് കുഞ്ഞിന്‍റെ  അപ്പിത്തുണിയും  തന്‍റെ രക്തത്തുണിയും  എല്ലാം തിരുമ്മി , വീട്ടു പണികള്‍ എല്ലാം നോക്കി പാചകം ചെയ്ത് പൂര്‍ണ ശുശ്രൂഷകളും ചെയ്ത് ഒപ്പമുണ്ടായത് തായ്മാനവര്‍ എന്ന  അമ്മയായ ദൈവം ആണെന്ന് മകള്‍ അറിയുന്നത്.

കഥ ഉപസംഹരിച്ചിട്ട് അമ്മീമ്മ പറഞ്ഞു. ഇത്രയും ഒക്കെ ചെയ്യാന്‍ മനസ്സുള്ള പരമശിവന് മാസക്കുളി ഒരു വിഷയമാകാന്‍  യാതൊരു  വഴിയുമില്ല. ആ  വാദത്തില്‍ ഒരു ലോജിക്കുമില്ല.
 
ഉത്തരാഖണ്ഡിലെ  പ്രളയ ദുരിതത്തിന്‍റെ ഈ  കഷ്ടകാലത്ത് അമ്മീമ്മയേയും തായ് മാനവരേയും  ഓര്‍ത്തുപോവുകയായിരുന്നു  ഞാന്‍.. 

നമ്മള്‍  വേനലില്‍ വറ്റിപ്പോകുന്ന  പല അരുവികളേയും മറന്ന് അവയുടെ സ്ഥലം കൈയേറി റിസോര്‍ട്ടുകള്‍ ഉണ്ടാക്കി.. ഗഡ് വാള്‍  മല നിരകളുടെ പാരിസ്ഥിതിക ദൌര്‍ബല്യം  കാണാതെ  ആകാവുന്നത്ര നിര്‍മ്മിതികള്‍ അവിടെ ചെയ്തു. നമ്മള്‍  തല തിരിഞ്ഞ് വികസിക്കുകയായിരുന്നു.. അമ്മീമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍  യതൊരു ചൊല്ലുവിളിയുമില്ലാത്ത കുട്ടികളെ തായ് മാനവര്‍ക്ക് പോലും സഹായിക്കാന്‍ കഴിയില്ല...

എന്നാലും ഈ ദുരിതത്തിനിടയിലും അവിടെ  സ്ത്രീകളെ ബലാല്‍ക്കാരം ചെയ്ത് കൊന്നതായി റിപ്പോര്‍ട്ടുകള്‍  വരുന്നുണ്ട്... 

ബോലെ ബം ബം... 

തായ് മാനവരാവാന്‍ പോലും  മനസ്സുള്ള കേദാരനാഥന്‍ മൌനിയായി, നിശ്ചലനായി മാറിയിരിക്കുന്നു.  

‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------------------
ട്രിച്ചി എന്ന തൃശ്ശിനാപ്പളളിയിലാണ് തായ്മാനവരുടെ ക്ഷേത്രം. റോക് ഫോര്‍ട്ടിലെ ഉച്ചിപ്പിള്ളൈയാര്‍   കോവിലിലേക്ക് പോകുന്ന വഴിയില്‍...മൂന്നാം നൂറ്റാണ്ടില്‍ പല്ലവന്മാര്‍ പണിത ക്ഷേത്രമാണത്രേ ഇത്. ആദ്യം ഇതൊരു ജൈന ക്ഷേത്രമായിരുന്നുവന്നും അതിടിച്ച് കളഞ്ഞ്  മഹേന്ദ്ര വര്‍മ്മന്‍ എന്ന പല്ലവ രാജാവു  ശിവക്ഷേത്രം പണിയുകയായിരുന്നുവെന്നും പറയുന്നു. 

എന്തായാലും  തമിഴത്തി സ്ത്രീകള്‍ സുഖപ്രസവത്തിനായി തായ്മാനവരെ പ്രാര്‍ഥിക്കുന്നു. പ്രസവത്തില്‍ പിള്ളവാങ്ങുന്നത് തായ്മാനവര്‍ ആയിരിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഈ ശ്വരന്‍റെ കൈയിലേക്ക് പിറന്നു വീഴുന്നത്  പരമഭാഗ്യമല്ലേ...

തിരുജ്ഞാന സമ്പാദനര്‍, മാണിക്യ വാസഗര്‍, തിരുനാവുക്കരശര്‍, തായ് മാനവര്‍ എന്നീ ശൈവ സന്യാസിമാര്‍  തായ് മാനവരെ വാഴ്ത്തി അനവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.