Friday, November 29, 2013

നന്നുമിയായുടെ ഡിന്നർ



“രാജുവേട്ടാ, ഓർമ്മയുണ്ടോ?”

കത്രികയ്ക്കും ചീപ്പിനും ഒരു നിമിഷം വിശ്രമം നൽകി രാജുവേട്ടൻ തലയുയർത്തി വെള്ളെഴുത്ത് കണ്ണാടിയുടെ മുകളിലൂടെ എന്നെ നോക്കി. പിന്നെ മുഖത്ത് പുഞ്ചിരി വിടർന്നു.

“കണ്ടിട്ട് വർഷങ്ങളായല്ലോതാൻ എന്നാ വന്നത്?”

“വന്നിട്ട് ഒരു മാസമാകുന്നു രാജുവേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

“ഇവിടെ ഇങ്ങനെയൊക്കെ പോകുന്നു താനിപ്പോൾ എവിടെയാ?”

“സൌദിയിൽ തന്നെ...  പിന്നെ, രാജുവേട്ടാ, മുടിയൊന്ന് വെട്ടണല്ലോ തിരക്കാണോ? ”

“ഏയ്, ഇന്ന് ഇത്തിരി കുറവാണ് ദാ ഇവനും കൂടിയേ ഉള്ളൂ” കസേരയിൽ ഇരിക്കുന്ന ബംഗാളിയുടെ തലയിൽ പണി പുനരാരംഭിച്ചുകൊണ്ട് രാജുവേട്ടൻ പറഞ്ഞു.

പുഴക്കൽ പാടത്ത് ശോഭാ സിറ്റി പ്രോജക്റ്റ് വന്നതിൽ പിന്നെ രാജുവേട്ടന്റെ ബിസിനസ് തെളിഞ്ഞു എന്ന് പറഞ്ഞാൽ മതി. വർഷങ്ങളായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രോജക്റ്റിലെ തൊഴിലാളികൾ മുഴുവനും അന്യസംസ്ഥാനക്കാരാണ്. പശ്ചിമ ബംഗാൾ, ഒറീസ്സ, ബിഹാർ എന്നിവിടങ്ങളിൽ നിന്നും വന്നവർ. ഞങ്ങളുടെ ഗ്രാമത്തിലാണ് ശോഭ ബിൽഡേഴ്സ് അവർക്കുള്ള താമസ സൌകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നത്.  

മൂന്ന് നാല് വർഷങ്ങളായി അവരുമായുള്ള നിരന്തര സമ്പർക്കത്തിന്റെ ഫലമായി ഗ്രാമവാസികളിൽ മിക്കവർക്കും ഇപ്പോൾ അത്യാവശ്യം ഹിന്ദി കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. “ഹെ”, “ഹും”, “ഹൈ” ഒക്കെ കൂട്ടിക്കുഴച്ച് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ലാലേട്ടനെപ്പോലെ.

“കിത്ത്നാ ഹെ ഭൊയ്യാ?” കണ്ണാടിയിൽ നോക്കി തന്റെ സൌന്ദര്യം വിലയിരുത്തിയിട്ട് ആ ബംഗാളി പയ്യൻ ചോദിച്ചു.

“പച്ചാസ്,  ഡാ” 

“പൊച്ചാസ് ബൊഹോത് സ്യോദാ ഹെ ഭൊയ്യാ ചോലീസ് ദേഗാ ഹം”  

“നഹീ ചലേഗാ ഡാ പച്ചാസ് തന്നിട്ട് പോടാ” രാജുവേട്ടൻ തന്റെ മുറി ഹിന്ദി പുറത്തെടുത്തു.

ഗത്യന്തരമില്ലാതെ അമ്പത് രൂപ കൊടുത്തിട്ട് അവൻ കുട നിവർത്തി മഴയത്തേക്കിറങ്ങി.

“അപ്പോൾ രാജുവേട്ടൻ ഹിന്ദിയൊക്കെ പഠിച്ചുവല്ലേ?” രാജുവേട്ടൻ ടവൽ പുതപ്പിച്ച് തലയിൽ വെള്ളം സ്പ്രേ ചെയ്യവെ ഞാൻ ചോദിച്ചു.

“അതിനൊക്കെയാണോ ഇത്ര പാട്? മലയാളവും പിന്നെ അറിയുന്ന കുറച്ച് ഹിന്ദി വാക്കുകളും ഒക്കെ കൂട്ടിച്ചേർത്ത് അങ്ങടൊരു തട്ട് അവർക്കും മനസ്സിലാവും നമ്മക്കും മനസ്സിലാവും

“അത് ശരിയാ രാജുവേട്ടാ കഴിഞ്ഞ ദിവസം മഠത്തിന്റെ മുന്നിലെ ആ ചെറിയ പെട്ടിക്കടയിലെ ചേടത്തിയാര് ബംഗാളികളെ ഹിന്ദിയിൽ വിരട്ടുന്നത് കേട്ടു ഇവര് വന്നത് കൊണ്ട് ആൾക്കാര് ഹിന്ദി പഠിച്ചു

“അതെ ഭൂതോം ഭാവീം വർത്തമാനോം വ്യാകരണോം ഒക്കെ ആര് നോക്കുന്നു കാര്യം മനസ്സിലായാൽ പോരേ അത്രയേയുള്ളൂ” 

മുടി വെട്ടിക്കഴിഞ്ഞ് ചാറ്റൽ മഴയത്ത് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ രാജുവേട്ടന്റെ വാക്കുകളായിരുന്നു മനസ്സിൽ. കാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ?

കമ്പനിയിൽ ആദ്യമായി ബംഗാളികളെ റിക്രൂട്ട് ചെയ്ത കാലം നമ്മുടെ രാജുവേട്ടന്റെ കാര്യം പറഞ്ഞത് പോലെ തന്നെ ഹിന്ദിയുടെ വ്യാകരണത്തിൽ ബംഗാളികളിൽ അധികം പേരും പിന്നാക്കം തന്നെയായിരുന്നു. ഇംഗ്ലീഷിലും പരിജ്ഞാനം നന്നേ കമ്മിയായിരുന്നതിനാൽ അവരിൽ അധികം പേരും തങ്ങളാൽ കഴിയുന്ന പോലെ ഹിന്ദി ഭാഷ ഉപയോഗിച്ച് ഇന്ത്യക്കാരുമായി ഇടപഴകുവാൻ ശ്രമിച്ചു.

ഇ.ഡി.പി ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്ത ‘നന്നുമിയാ’യുമായി വളരെ പെട്ടെന്നാണ് ബിഹാർ സ്വദേശിയായ കമ്പ്യൂട്ടർ പ്രോഗ്രാമർ അൾത്താഫ് ഹുസൈൻ അടുത്തത്. സൌഹൃദം വളർന്ന് പന്തലിച്ച് ഒരു നാൾ നമ്മുടെ ബിഹാറി ഭയ്യ, നന്നുമിയായെയും കുടുംബത്തെയും ഡിന്നറിന് ക്ഷണിച്ചു. കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്ന അൾത്താഫ് ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിച്ചു.

“ആവോ ഭായ് ആവോഅപ്‌നാ ഘർ സമഝ്കർ ആവോ”  ബിഹാറി ഭയ്യ സ്വാഗതവചനമോതി.

ബിഹാറി ഭയ്യയുടെ പത്നി നന്നുവിന്റെ പത്നിയെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി.
കൊച്ചു വർത്തമാനങ്ങൾക്ക് ശേഷം ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അൾത്താഫ് തന്റെ ആതിഥ്യമര്യാദ ആവോളം പ്രകടിപ്പിച്ചു.

“ഖാവോ ഖാവോ  ഖൂബ് ഖാവോ അപ്‌നാ ഘർ സമഝ്കർ ഖാവോ

മനം നിറയെ ഊട്ടിക്കൊണ്ടിരിക്കുന്ന അൾത്താഫിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തിൽ നന്നുമിയായുടെയും കുടുംബത്തിന്റെയും മനം കുളിർന്നു.

“ഓർ ഖാവോ പേഡ് ഭർകെ ഖാവോബാക്കി ന രഖ്നാ  ശരം നഹീ ആനേ കാ...”

ആവശ്യത്തിലും അധികം അകത്താക്കി സംതൃപ്തിയോടെ മടങ്ങുമ്പോൾ ബിഹാറി ഭയ്യയെയും കുടുംബത്തെയും വിളിച്ച് പകരം ഒരു ഡിന്നർ കൊടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു നന്നുമിയായുടെയും കുടുംബത്തിന്റെയും മനസ്സിൽ. ഹിന്ദിയുടെ വ്യാകരണങ്ങളൊന്നും അത്ര പോരെങ്കിലും അൾത്താഫ് ആതിഥ്യമര്യാദ പ്രകടിപ്പിക്കുവാനുപയോഗിച്ച വാക്യങ്ങളൊക്കെ നന്നുമിയാ മനസ്സിൽ കോറിയിട്ടു. ഒട്ടും മോശമാകാൻ പാടില്ലല്ലോ

അടുത്ത വെള്ളിയാഴ്ച്ച നന്നുമിയായുടെയും കുടുംബത്തിന്റെയും ഊഴമായിരുന്നു. ബിഹാറി ഭയ്യയുടെ കാർ താഴെ റോഡിൽ പാർക്ക് ചെയ്യുന്നത് ജാലകത്തിലൂടെ കണ്ട നന്നുമിയാ ഹാളിലൂടെ പാഞ്ഞെത്തി മെയിൻ ഡോർ തുറന്ന് പിടിച്ച് റെഡിയായി നിന്നു.

സ്റ്റെയർകെയ്സിലൂടെ മുന്നിലെത്തിയ അൾത്താഫിനെയും കുടുംബത്തെയും കണ്ട നന്നുമിയാ പുഞ്ചിരിയോടെ സ്വാഗത വചനമോതി.

“ആത്തേ ഹെ ആത്തേ ഹേ അപ്‌നാ ഘർ സമഝ്കർ ആത്തേ ഹെ

മനസ്സിൽ ഒരു ചെറിയ കല്ലുകടി അനുഭവപ്പെട്ടുവെങ്കിലും നന്നുമിയായുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടതോടെ ബിഹാറി ഭയ്യ ഉള്ളിലേക്ക് കാലെടുത്തു വച്ചു. നന്നുമിയായുടെ പത്നി ബിഹാറി ഭയ്യയുടെ പത്നിയെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടു പോയി.

കൊച്ചു വർത്തമാനങ്ങൾക്ക് ശേഷം ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ നന്നുമിയാ തന്റെ ആതിഥ്യമര്യാദ ആവോളം പ്രകടിപ്പിച്ചു.

“ഖാത്തേ ഹെ ഖാത്തേ ഹെ ഖൂബ് ഖാത്തേ ഹെ അപ്‌നാ ഘർ സമഝ്കർ ഖാത്തേ ഹെ

ബിഹാറി ഭയ്യ പാത്രത്തിൽ നിന്ന് തലയുയർത്തി തന്റെ പത്നിയെ ഒന്ന് നോക്കി. അതേ നിമിഷം തന്നെ തലയുയർത്തിയ അയാളുടെ പത്നി ജാള്യതയോടെ വീണ്ടും തല താഴ്ത്തി.

നന്നുമിയായുടെ മുഖത്തെ ബഹുമാനവും സൽക്കാരവ്യഗ്രതയും കണ്ട ബിഹാറി ഭയ്യ വീണ്ടും ഭക്ഷണത്തിൽ ശ്രദ്ധയൂന്നി.

“ഓർ ഖാത്തേ ഹെ പേഡ് ഭർകെ ഖാത്തേ ഹെബാക്കി നഹീ രഖ്ത്തേ ശരം നഹീ ആത്തേ

രണ്ട് പേരുടെയും ഭാര്യമാർ അവിടെ സന്നിഹിതരായിരുന്നതിനാലും ബംഗാളിയുടെ ഭാഷാനൈപുണ്യം ബിഹാറി ഭയ്യയ്ക്ക് നേരത്തെ അറിയാമായിരുന്നതുകൊണ്ടും അനിഷ്ടസംഭവങ്ങളൊന്നും അവിടെ സംഭവിച്ചില്ല എന്നതാണ് സത്യം.

ഇനി പറയൂകാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ?

14 comments:

  1. മുൻപൊരിക്കൽ ഇത് വായിച്ചതായി ഒരു ഓർമ്മ.
    വ്യാകരണമൊക്കെ ഭാഷയുടെ ആഴത്തിലുള്ള അറിവുണ്ടാകുമ്പോൾ തനിയെ തിരിച്ചറിഞ്ഞോളും...
    ആശംസകൾ...

    ReplyDelete
  2. എന്റെ വിനുവേട്ട എന്നെ അങ്ങ് കൊല്ലൂ ചിരിച്ചു വല്ലാതെ ശെരിക്കും ആ മാനസികാവസ്ഥ ഓര്ക്കുമ്പോ ശെരിക്കും ചിരി പൊട്ടുന്നു ഭൂതം ചതിച്ചതാണ്

    ReplyDelete
  3. ഈ ആത്താ ഹൈ നമ്മള് മുമ്പ് വായിച്ച് ചിരിച്ചതാണല്ലോ.

    ReplyDelete
  4. രസകരമായി......
    ആശംസകള്‍

    ReplyDelete
  5. വിനുവേട്ടന്റെ തൃശൂര്‍ വിശേഷങ്ങളില്‍ ആണ് കൂട്ടരേ ഇതു നമ്മള്‍ വായിച്ചത്.
    വളരെ വളരെ ചിരിപ്പിച്ച എനിക്കൊരുപാട് ഇഷ്ടപ്പെട്ട പോസ്റ്റ്‌.

    ReplyDelete
  6. ഒരുപാടിഷ്ടായി :)

    ReplyDelete
  7. ഇതൊക്കെ ഉന്തുട്ട് വ്യാകരണം...?
    ഇവിടെയുള്ള ലോകത്തുള്ള സകലമാന
    ഭാഷക്കാരോടും ഇമ്മടെ മംഗ്ലീഷുപയൊഗിച്ച്
    സ്പീക്കുന്ന ഈയ്യുള്ളവന്റെ ഭാഷാപരക്രമങ്ങൾ
    കേട്ടാൽ നിങ്ങളൊക്കെ ഓട്യോടത്ത് പുല്ലുമുളക്കില്ലാ‍ാട്ടാ‍ാ...

    “അതെ… ഭൂതോം ഭാവീം വർത്തമാനോം വ്യാകരണോം ഒക്കെ ആര്
    നോക്കുന്നു… കാര്യം മനസ്സിലായാൽ പോരേ… അത്രയേയുള്ളൂ…അത്രമാത്രം..!

    ചില കാര്യങ്ങളൊക്കെ നടത്തണമെങ്കിൽ ,
    ഭാഷയും ,ശബ്ദവുമൊന്നുവേണ്ടമെന്നില്ല കേട്ടൊ ,
    വെറും ആംഗ്യം മാത്രം മതി... നോട്ടം കൊണ്ടോ അല്ലെങ്കിൽ
    വേറെ ഏതെങ്കിലും ശരീര ഭാഗങ്ങൾ കൊണ്ടോ എന്ത് തന്നെയായാലും മതി

    ReplyDelete
  8. “ഖാത്തേ ഹെ… ഖാത്തേ ഹെ… ഖൂബ് ഖാത്തേ ഹെ… അപ്‌നാ ഘർ സമഝ്കർ ഖാത്തേ ഹെ…”

    ബിഹാറി ഭയ്യ പാത്രത്തിൽ നിന്ന് തലയുയർത്തി തന്റെ പത്നിയെ ഒന്ന് നോക്കി. അതേ നിമിഷം തന്നെ തലയുയർത്തിയ അയാളുടെ പത്നി ജാള്യതയോടെ വീണ്ടും തല താഴ്ത്തി.
    നന്നുമിയായുടെ മുഖത്തെ ബഹുമാനവും സൽക്കാരവ്യഗ്രതയും കണ്ട ബിഹാറി ഭയ്യ വീണ്ടും ഭക്ഷണത്തിൽ ശ്രദ്ധയൂന്നി.

    “ഓർ ഖാത്തേ ഹെ… പേഡ് ഭർകെ ഖാത്തേ ഹെ… ബാക്കി നഹീ രഖ്ത്തേ … ശരം നഹീ ആത്തേ …”

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. ആശംസകൾ നല്ല രസകരമായ പോസ്റ്റിന്.


    ReplyDelete
  9. ഞാനും ഇയാളെപ്പോലെ തന്നെയാണ് ട്ടൊ. എനിക്കും അറിഞ്ഞൂടാ ഹിന്ദി പറയാന്‍..

    ReplyDelete
  10. ഒരുപാടിഷ്ടായി...

    ReplyDelete
  11. ചിരിച്ചു...ചിരിപ്പിച്ചു...

    ReplyDelete
  12. ചിരിച്ചു...ചിരിപ്പിച്ചു...

    ReplyDelete
  13. വളരെ രസകരമായ പോസ്റ്റ്‌.. വിനുവേട്ടന് ആശംസകള്‍...!

    ReplyDelete