Wednesday, January 23, 2013

രാധാ സമേതാ കൃഷ്ണാ……..


                                                            1
നട്ടുച്ചയുടെ വിയർപ്പിൽ കുളിച്ച്, കിതപ്പോടെ പടികൾ കയറി അവന്റെ മുൻപിൽ ചെന്ന് നിന്നു.
അവൻ  ഒരു പടുവികൃതിയായിരുന്നു. അല്ലെങ്കിൽ തികഞ്ഞ ഗൌരവക്കാരിയായ, ചിരിയ്ക്കാൻ നന്നെ പിശുക്കുള്ള എന്നോട് ഇങ്ങനെ പറയുമായിരുന്നില്ല. 

“വളരെക്കാലം പാട്ടു പഠിച്ചിട്ടുണ്ടെന്ന് ഈ ചൂടൻ കാറ്റു പറഞ്ഞറിഞ്ഞു. ഒരു പാട്ടു പാടി കേൾപ്പിയ്ക്കു. കാറ്റു കള്ളം പറഞ്ഞതാണോ എന്നറിയാമല്ലോ.“

ഞാനെന്തെങ്കിലും ചെയ്തു തരണമെങ്കിൽ നീയാദ്യം ഇക്കാര്യം പൂർത്തിയാക്കു എന്ന മട്ടിലായിരുന്നു അവന്റെ വാക്കുകൾ. നീ കാപ്പിയിട്ടാൽ ഞാൻ കപ്പെടുക്കാം എന്നു പറയുന്നതു പോലെ.

വിയർപ്പൊപ്പി, പറന്ന മുടിയിഴകൾ ഒതുക്കി ഞാനവനെ തറപ്പിച്ചു നോക്കി. അവൻ മുഖം താഴ്ത്തിയില്ല. ആ മത്തങ്ങാക്കണ്ണുകളുമായി എന്നെ എതിരിട്ടു.

അടുത്ത നിമിഷം എന്നെ അമ്പരപ്പിച്ചുകൊണ്ട് ഞാൻ പാടി… യമൻ കല്യാണിൽ രാധാ സമേതാ എന്ന കീർത്തനം. 

എല്ലാ പാട്ടുകളും നിറുത്തിയിട്ട് പത്തു പന്ത്രണ്ട് വർഷമായിരുന്നു. ഒരു മൂളിപ്പാട്ടു പോലും മനസ്സിലുയരാത്ത  വേവുന്ന കാലങ്ങളിൽ നിന്ന് എങ്ങനെയാണ് ആ ഗാനമെന്നെ തേടി വന്നതെന്ന് എനിയ്ക്ക് മനസ്സിലായില്ല. ഏതു നിമിഷവും അതു മുറിയുമെന്ന് ഞാൻ കരുതി, പെട്ടെന്ന് അവസാനിയ്ക്കുന്ന മഴ പോലെ…പൊടുന്നനെ നിശ്ചലമാകുന്ന കാറ്റു പോലെ…

ആ ഗാനം മുഴുമിയ്ക്കാൻ എനിയ്ക്ക് സാധിച്ചു. പക്ഷെ, തളർന്നു പോയിരുന്നു ഞാനപ്പോൾ. പാട്ടുകളുമായി ബന്ധമുള്ള ഒരു മധുരകരമായ ഓർമ്മയും എനിയ്ക്കുണ്ടായിരുന്നില്ല. പാട്ടുകളെ പാടി അശുദ്ധമാക്കുന്നവളെന്ന വേദനയിലാണ് ഞാൻ ഓരോ പാട്ടും പഠിച്ചത്. നന്നെ കീഴ്സ്ഥായിയിൽ മാത്രം പാടാനായിരുന്നു എന്നും എന്റെ പ്രേരണ….. പാട്ടുകളെല്ലാം എന്‍റെ ചുണ്ടില്‍ എപ്പോഴും  വിറ പൂണ്ടു നിന്നു. 

പാട്ടു കഴിഞ്ഞപ്പോൾ എന്റെ മുഖത്ത് നോക്കുവാൻ പോലും അവൻ മടിച്ചു. അവന്റെ ഓഫീസിലെ ഡ്രൈവറുണ്ടായിരുന്നു ആ വലിയ മുറിയിലെന്ന് പിന്നെയാണ് ഞാൻ കണ്ടത്. അയാൾ ലോകത്തുള്ള ഏതൊരു പരിചയ സമ്പന്നനായ  ഡ്രൈവറേയും പോലെ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മുഖഭാവവുമായി ജനലിലൂടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. അവന്റെ സഹപ്രവർത്തകർ സ്വന്തം മേശകളിലേയ്ക്ക് ആവശ്യത്തിലുമധികം തല താഴ്ത്തിയിരിയ്ക്കുന്നതായി എനിയ്ക്കു തോന്നി.

പാടുമ്പോൾ തോന്നാതിരുന്ന, സങ്കടവും അപമാനവും ശങ്കയും വേദനയും പൊടുന്നനെ എന്നെ വലയം ചെയ്തു. വേണ്ടിയിരുന്നില്ല…….അയ്യോ! എനിയ്ക്ക് പാട്ടറിയില്ലെന്നോ തൊണ്ടയിൽ കിച്കിച് ആണെന്നോ പറഞ്ഞ് വരുത്തിക്കൂട്ടിയ ലജ്ജയുമഭിനയിച്ച്, ഏതൊരു സ്ത്രീയുടെയും സഹജമായ കൌശലത്തോടെ,  ഇത്തരം സാഹചര്യങ്ങളില്‍ നിന്ന്  രക്ഷപ്പെടാനുള്ള അഭിനയ പാടവത്തോടെ,  ഇറങ്ങിപ്പോരുന്നതിനു പകരം ഞാൻ എന്തൊരു വിഡ്ഡിത്തമാണു കാട്ടിയത്? എന്തുകൊണ്ട് ഞാനിങ്ങനെയായിപ്പോകുന്നുവെന്ന്…… എത്ര ശ്രമിച്ചിട്ടും ഇമ്മാതിരി വിഡ്ഡിത്തങ്ങൾ ചെയ്തു കൂട്ടുന്നതെന്തെന്ന് എനിയ്ക്ക് ഒരിയ്ക്കലും മനസ്സിലാക്കാൻ കഴിഞ്ഞില്ല, അന്നു മാത്രമല്ല. ഇന്നും.

ഞാൻ പാട്ടു പാടിയതായിപ്പോലും ഭാവിക്കാതെ, എന്റെ മുഖത്ത് നോക്കാൻ കൂടി മടിച്ചിരുന്ന അവന്റെ മാനസികാവസ്ഥയും എനിക്ക് പിടി കിട്ടിയില്ല. നാലാം തരമായി ആലപിക്കപ്പെട്ട ഒരു മധുര ഗാനത്തെപ്പറ്റിയോര്‍ത്ത് വേദന തോന്നിയതുകൊണ്ടാവും അവന്‍ മൌനിയായതെന്ന് ഞാന്‍ അന്നേരം സങ്കടത്തോടെ ഓര്‍മ്മിച്ചു.

നല്ല വെയിലിലേയ്ക്കിറങ്ങി നടക്കുമ്പോൾ, അപമാനിയ്ക്കപ്പെട്ടതിന്റെ വേദനയിലും കണ്ണീരിലുമായിരുന്നു, ഞാൻ. ഇനി ഒരിയ്ക്കലും ആർക്കു വേണ്ടിയും ഒരു മൂളിപ്പാട്ടു പോലും പാടുകയില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…..

                                                           2

നട്ടുച്ചയായിരുന്നു,അന്നും.

പച്ചച്ചായമണിഞ്ഞ ആശുപത്രി മുറി ഒരു അക്വേറിയം പോലെ തോന്നിച്ചു. വെള്ളത്തിൽ നീന്തുന്ന മത്സ്യം പോലെയായിരുന്നു ഞാൻ. ചിലപ്പോൾ മുകളിലേയ്ക്ക് ചിലപ്പോൾ താഴേക്ക് ഇനിയും ചിലപ്പോൾ വശങ്ങളിലേക്ക്..

“ഞാൻ നിങ്ങൾക്ക് അനസ്തീഷ്യ തരാൻ പോവുകയാണ്” അത് ഡോക്ടറുടെ ശബ്ദമായിരുന്നു. ഞാൻ ശൂന്യമായ ഒരു നോട്ടത്തോടെ അദ്ദേഹത്തെ നേരിട്ടു. 

തിയേറ്ററിനു പുറത്ത് എനിക്കായി ആരും കാത്തിരിക്കുന്നുണ്ടായിരുന്നില്ല. ആശുപത്രിയിൽ കിടക്കുന്ന, ഓപ്പറേഷനു വേണ്ടി തയാറെടുക്കുന്ന എനിക്കു വേണ്ടി പ്രാർഥിച്ചുകൊണ്ട്, ഉൽക്കണ്ഠപ്പെട്ടുകൊണ്ട് ആരും കണ്ണീരു തുടയ്ക്കുന്നുണ്ടായിരുന്നില്ല. എന്റെ രോഗവും വേദനയും എന്റേതു മാത്രമെന്ന പോലെ, എന്നിൽ നിന്ന് മുറിച്ചു മാറ്റപ്പെടാൻ പോകുന്ന അവയവവും എന്റേതു മാത്രമെന്ന പോലെ ഒഴുകുന്ന കണ്ണുകളും പ്രാർഥിക്കുന്ന ചുണ്ടുകളുമായി ആരും എന്നെ വീണ്ടെടുക്കാനാശിക്കുന്നുണ്ടായിരുന്നില്ല..

അതുകൊണ്ടാണ് എന്റെ ജീവന്റെ ഉത്തരവാദിത്തം സ്വയം ഏറ്റുകൊണ്ട്, എല്ലാ പരിശോധനകൾക്കും ശസ്ത്രക്രിയയ്ക്കും തയാറാണെന്ന് ആശുപത്രിക്കടലാസ്സുകളിൽ ഞാൻ ഒപ്പുവെച്ചത്. 

ഒരു സാധാരണ സ്ത്രീ ലോകത്തിൽ തികച്ചും ഏകാകിനിയാവുന്നത് എപ്പോഴെല്ലാമായിരിക്കുമെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ? എപ്പോഴും കലഹിക്കുന്ന മാതാപിതാക്കളുടെ മകളായി പിറക്കുമ്പോൾ…  അവളെ ആവശ്യമില്ലാത്ത   ഭർത്താവുമൊത്ത് കുടുംബം പുലർത്തുമ്പോൾ… ദുരിതപൂർണ്ണമായ കുടുംബ ജീവിതം സ്വന്തം തീരുമാനത്തിൽ അവസാനിപ്പിക്കുമ്പോൾ…സ്വന്തം സഹോദരങ്ങൾ പോലും കാർക്കിച്ചു തുപ്പുമ്പോൾ,  സ്നേഹമുള്ള മാതാപിതാക്കളും പ്രണയിക്കുന്ന ഭർത്താവും അകാലത്തിൽ മരിച്ചു പോകുമ്പോൾ, നാടും വീടും വിട്ട് അതി വിദൂരസ്ഥലങ്ങളിൽ ജീവിതം കരുപിടിപ്പിക്കേണ്ടി വരുമ്പോള്‍ ,  പ്രകൃതി ദുരന്തങ്ങളും ഭീകരാക്രമണങ്ങളും യുദ്ധങ്ങളും ലൈംഗിക പീഡനങ്ങളും അവളുടെ ചുറ്റുപാടുകളെ കീറിമുറിക്കുമ്പോൾ, എല്ലാവരുടേയും സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഭരണകൂടം അവള്‍ക്ക് എതിരാകുമ്പോള്‍....  ....ഇതെല്ലാം അവളുടെ ഏകാന്തതയും  അനാഥത്വവും നിറഞ്ഞ  അനന്തമായ അലച്ചിലിന്‍റെ  കഥകളിലെ ആദ്യ വരികൾ മാത്രമേ ആകുന്നുള്ളൂ. ഈ വരികളിൽ തുടങ്ങുന്ന അനവധി നീണ്ട കഥകൾ പല സ്ത്രീകളുടെയും കണ്ണുകളിൽ നമുക്ക് വായിയ്ക്കാം. അതിനു വേണ്ട അക്ഷരജ്ഞാനം നമ്മുടെ പക്കലുണ്ടെങ്കില്‍......... 

അനസ്തീഷ്യ അതിമനോഹരമായ ഒരു മരണമായിരുന്നു. കുത്തിവെപ്പിനു ശേഷം ഡോക്ടർ എന്റെ കവിളിൽ വിരൽ കൊണ്ട് മെല്ലെ തട്ടിയത് എനിക്കോർമ്മയുണ്ട്. പിന്നീട് അഗാധമായ ഒരു ഇരുട്ടിലേക്ക് ഞാൻ താഴ്ന്നു പോയി.  സ്വപ്നം കാണുന്നതു പോലെ. അല്ലെങ്കിൽ സ്വപ്നം മായുന്നതു പോലെ. ഇങ്ങനെയാവും മരണമെങ്കിൽ മരണത്തേയും ഞാൻ സ്നേഹിച്ചേക്കുമെന്ന് എനിക്കു തോന്നി. അതിനു ശേഷം …….അതിനു ശേഷം…ബോധാബോധങ്ങളുടെ വിചിത്ര  കാലങ്ങളിൽ ഞാൻ മയങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരുന്നു.

ആ ദിവസങ്ങളിലൊന്നിലാണ്, അവന്റെ മുഖം ഞാൻ പിന്നെയും കണ്ടത്. അവനെങ്ങനെയാണ് അവിടെ എത്തിയതെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ ലോകത്തിന്റെ മറുപുറത്ത് നിന്ന് എന്നെ മാത്രം അന്വേഷിച്ച് ഏതു വണ്ടിയിലാവും ആരും സഞ്ചരിക്കാത്ത കനൽ വഴികളിലൂടെ അവൻ വന്നതെന്ന് ഞാനിന്നും  അൽഭുതപ്പെടാറുണ്ട്. 

തിരിച്ചു വരുന്ന ഓർമ്മയുടെ ഓരോ അടരിലും അവൻ പാടി…‘പ്യാർ മാംഗാ ഹേ തുമ്സേ നായിന് കാര് കരോ’‘ എന്നിൽ നിന്ന് പ്രണയം ആശിച്ചതിനെക്കുറിച്ചോർമ്മിപ്പിച്ചുകൊണ്ട് അവൻ എനിക്കു കാവലിരുന്നു. എന്നിലില്ലാത്ത ഒന്നിനെക്കുറിച്ചും അവൻ ഒരിക്കലും ഉൽക്കണ്ഠപ്പെട്ടില്ല. എന്നിൽ നിന്ന് എന്നേക്കുമായി വാർന്നു പോയതും മുറിച്ചു മാറ്റപ്പെട്ടതുമായ ഒന്നും അവനെ അലട്ടിയില്ല. അവയെല്ലാം മറ്റേതോ ലോകത്തിലെ അപരിചിതരുടെ പ്രശ്നങ്ങളായിരിക്കാം എന്ന  മട്ടായിരുന്നു അവന്‍റേത്.  

അവൻ പാടുക മാത്രം ചെയ്തു……നിന്നോട് ചോദിച്ച പ്രണയത്തെ തടയരുതെ… മരുന്നുകളുടെ മണമുള്ള, വേദനകളുടെ ഞരക്കമുള്ള, സങ്കടങ്ങളുടെ മുള്ളുകള്‍ കുത്തുന്ന ആ ദിവസങ്ങളിലൊന്നിലാണ് അവന്റെ നേർത്ത കറുപ്പുരാശിയുള്ള ചുണ്ടുകൾ, എന്റെ ചുണ്ടുകളിൽ രാഗവൈവശ്യത്തോടെ അമർന്നത്. ചുംബനം ഈ  ലോകത്തെ മാറ്റുക മാത്രമല്ല, ഒരു  ജീവനെ  ഈ ലോകത്തിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്യുമെന്ന് അവൻ എന്നോടു തെളിയിച്ചു. ചുണ്ടുകളുണ്ടാവുന്നത് ചുംബിക്കാനും ചുംബിക്കപ്പെടാനും വേണ്ടി മാത്രമാണ്. 

അതുകൊണ്ടാവണം അമ്പതു പ്രാവശ്യമെങ്കിലും ചവിട്ടിയാൽ മാത്രം സ്റ്റാർട്ടാകുന്ന സ്കൂട്ടറിലെ യാത്രകൾ ഇപ്പോഴും എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്കൂട്ടർ സ്റ്റാർട്ടാകുന്ന നേരമത്രയും അരികിലൂടെ പാഞ്ഞുപോകുന്ന കൊട്ടാരം പോലെയുള്ള വണ്ടികളെ നോക്കി സന്തോഷത്തോടെ ചിരിക്കാൻ കഴിയുന്നത്. എട്ടും പത്തും കിലോമീറ്ററുകൾ നീളുന്ന കാൽ നടയാത്രകൾ എന്നെ തളർത്താത്തത്. കാലെടുത്തു വെയ്ക്കാൻ ഒരു മുറി പോലുമില്ലാതിരിക്കുന്ന ഗതികെട്ട കാലങ്ങളിലെ , മഞ്ഞു പെയ്യുന്ന രാത്രികളില്‍  റെയിൽ വേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ പോയി വർത്തമാനം പറഞ്ഞിരിക്കാമെന്ന പെണ്‍ബുദ്ധി എനിക്ക് തോന്നുന്നത്…

‘നീ ആ ഉന്തു വണ്ടി കണ്ടോ? അതിൽ കടലയും കുൽച്ചയും കിട്ടും. അതു കഴിച്ചിട്ട് നമുക്ക്   റെയിൽവേ സ്റ്റേഷനിൽ പോയി വർത്തമാനം പറഞ്ഞിരിയ്ക്കാം.ബാക്കിയെല്ലാം രാവിലെ നോക്കാം.‘

അപ്പോഴാണ് അവന്റെ കണ്ണുകൾ നിറയുന്നത്...

‘ഞാൻ എത്ര നിസ്സഹായനാണ്? നിനക്ക് താമസിയ്ക്കാന്‍  ഒരു മുറി  ഏർപ്പാടാക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ.‘

ദുപ്പട്ടയുടെ തുമ്പു കൊണ്ട് ഞാൻ അവന്റെ കണ്ണുകൾ തുടക്കുമ്പോൾ വലുപ്പമേറിയ കണ്ണുകൾ മുഴുവൻ തുറന്ന് ഒരു കുട്ടിത്തേവാങ്കിനെപ്പോലെ അവൻ എന്നെ നോക്കിക്കൊണ്ടിരിക്കുന്നത്...

അങ്ങനെയാണ്  എന്നും എപ്പോഴും എവിടെയും അവൻ തരുന്നത് മാത്രം മതി എനിക്കെന്ന് ഞാൻ തീരുമാനിക്കുന്നത്..

പ്യാർ മാംഗാ ഹേ തുമ്സേ……

37 comments:

  1. പ്രണയം ഒന്നും ആവശ്യപ്പെടുന്നില്ല ,പ്രണയമല്ലാതെ

    ReplyDelete
  2. പ്രണയം പോലെ ഈ കഥയും മനസ്സിലൂടെ ഒഴുകുന്നു.

    ReplyDelete
  3. അവന്‍ തരുന്നത് മാത്രം മതി....

    ReplyDelete
  4. ഇല്ലായ്മ പോലും പങ്കുവക്കാന്‍ പ്രണയത്തിനാകുന്നു. മനോഹരമായ കഥ അതിലേറെ മനോഹരമായ കഥനവും.

    ReplyDelete
  5. സങ്കടം വരുന്നു എച്മു...'പാട്ടുകളെ പാടി അശുദ്ധമാക്കുന്നവളെന്ന വേദനയിലാണ് ഞാൻ ഓരോ പാട്ടും പഠിച്ചതെന്നുപറയുമ്പോള്‍ അനസ്തേഷ്യയുടെ സുഖാനുഭൂതിയായി വേണം മരണമെന്നെ തേടിയെത്തുന്നതെന്ന് മോഹിക്കുമ്പോള്‍ ഒരു പരകായപ്രവേശം സംഭവിക്കുന്നപോലെ....

    ReplyDelete
  6. പ്യാർ മാംഗാ ഹേ തുമ്സേ…
    echmu...nee ezhuthunna oro katha vaayichu kazhiyumpozhum ente kanninullil etho kalangi mariyunnund.thondayil entho kiru kirunnu chikayunnund.(ath oru rogamaanO doctor)
    aasamsakal....

    ReplyDelete
  7. unconditional...love! ithil kooduthal nannayi engane parayum,lle?

    ReplyDelete
  8. എത്ര മനോഹരമീ വരികള്‍. ഒത്തിരി അഭിനന്ദനങ്ങള്‍..

    ReplyDelete
  9. ആർക്കും ആരോടും പരിഭവമോ പരാതിയോ ഇല്ലാത്ത ആർജ്ജവമുള്ള പ്രണയം... അത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...

    ReplyDelete
  10. നന്നായിരിക്കുന്നു കഥ.ഉള്ളില്‍ തട്ടുന്നവിധം അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  11. ആദ്യത്തെ നാലഞ്ച് വരികള്‍ വായിച്ചപ്പോഴെ ഉറപ്പിച്ചു ഇത് എച്മുവിന്റെ വാക്കുകള്‍ തന്നെ
    നല്ല കഥ

    ReplyDelete
  12. എല്ലാ വേദനകൾക്കും മുകളിൽ ഉപാധികളില്ലാത്ത പ്രണയം പൂത്തു നിൽക്കുന്ന ഈ കഥ ഇഷ്ടമായി.(തുടക്കത്തിൽ വിചാരിച്ചു, എന്തു പറ്റി ഇത്ര തരളമായി ..പാട്ടുകളെ പാടി അശുദ്ധമാക്കുന്നവളെന്ന വേദനയിലാണ് .. എന്നു കണ്ടപ്പോൽ ആശ്വാസമായി, ആളു പഴയതു തന്നെ!). കഥയുടെ ഒന്നാം ഭാഗം സൂക്ഷ്മത,നിരീക്ഷണപാടവം ഒതുക്കം- എല്ലാം കൊണ്ടും കൂടുതൽ മെച്ചപ്പെട്ടു നിൽക്കുന്നതു പോലെ.

    ReplyDelete
  13. This story has love in it, and love only in it..and your signature is seen in this story all through.. With all regards..

    ReplyDelete
  14. adya bhagam nannayi rasichu..
    Pinne aa ozhukku undayilla.. Vayanakku


    drivarude manobhavam rasayi...
    Nannayirikunu ezhuthu..

    ReplyDelete
  15. കവിതപോലെ സുന്ദരം ഈ പ്രണയം. മനോഹരമായിരിയ്ക്കുന്നു. ആശംസകള്‍ .........

    ReplyDelete
  16. പ്രണയത്തില്‍ പരാതിയും പരിഭവവും ഇല്ലല്ലോ!

    ReplyDelete
  17. മനുഷ്യനെ ഗായകനും സ്വപ്നജീവിയും തത്ത്വചിന്തകനുമൊക്കെ ആക്കുന്ന പ്രണയം !

    ReplyDelete
  18. ‘ഞാൻ എത്ര നിസ്സഹായനാണ്? നിനക്ക് താമസിയ്ക്കാന്‍ ഒരു മുറി ഏർപ്പാടാക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ.‘

    ആ നിസ്സഹായത ശരിക്കും ബോദ്ധ്യപ്പെട്ടു

    ReplyDelete
  19. ee postine kurichulla abhipraayangal
    mail idyil vannappol, kothiyode kathirunnu vayikkan.
    niswartha sneham, anubhavichittundu, valare aswadichu.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. പ്രണയം പൂത്തുവിടർന്നു നിൽക്കുകയാണല്ലോ ഇവിടെ...!

    ReplyDelete
  22. അങ്ങനെയാണ് എന്നും എപ്പോഴും എവിടെയും അവൻ തരുന്നത് മാത്രം മതി എനിക്കെന്ന് ഞാൻ തീരുമാനിക്കുന്നത്..

    ഈ കഥയിലെ ഭാഷയൊക്കെ എനിക്കെപ്പോഴാണു സ്വായത്തമാകുക... ഹും..

    ReplyDelete
  23. നല്ല എഴുത്ത്, നല്ല ഒഴുക്ക്..!!

    Off topic - ടാക്സി ഡ്രൈവർമാരുടെ കരുതിക്കൂടിയുള്ള അശ്രദ്ധ ഞാൻ പലപ്പൊഴും ശ്രദ്ധിക്കാറുണ്ട് സിനിമയിലും ചിലപ്പോൾ ജീവിതത്തിലും:)

    ReplyDelete
  24. എന്ത് ഭംഗിയാ എച്ചുമൂ ഈ കഥക്ക്.

    ReplyDelete
  25. വശ്യമായ ശൈലിയില്‍ മനോഹരമായ ഒരു കഥ.

    ReplyDelete
  26. വളരെ നാളുകള്‍ക്കുശേഷമാണ് ഒരു വായനക്കെത്തുന്നത്.
    മഞ്ഞുപോലെ ഉരുകിയിറങ്ങുന്ന പ്രണയം..!വായനയില്‍ മനസ്സൊന്നു തുടുത്തു. അതെ, പ്രണയമെപ്പോഴും കുളിരുള്ള ഓര്‍മ്മയാണ്.
    ആശംസകള്‍നേരുന്നു യച്ച്മൂ..!

    ReplyDelete
  27. നല്ല കഥ... ഭംഗിയുള്ള അവതരണം..

    ReplyDelete
  28. വായിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  29. എച്മുകുട്ടി.....
    എനിക്കറിയില്ല...എന്റെ കണ്ണുകൾ നിറഞ്ഞു.....

    ReplyDelete
  30. KAVYAM SUGEYAM ENNU PARANJATHU VALLATHOL ALLE?
    Echumu oru kadha visudhamayi paranju

    ReplyDelete