നിതാഖാത്തിന്റെ
അപഹാരത്താൽ ഫ്രീ വിസയിൽ വന്ന പലരും നാട് പിടിക്കുകയും
കുറേപ്പേർ നിയമാനുസൃതമായി വിവിധ കമ്പനികളിലേക്ക് ചേക്കേറുകയും ചെയ്ത സമയം. അന്നാണ്
കുറേ മലയാളികളും തെലുങ്കരും ബംഗ്ലാദേശികളും ഞങ്ങളുടെ കമ്പനിയിലേക്ക് സ്പോൺസർഷിപ്പ്
മാറി ഉദ്യോഗത്തിൽ കയറിയത്. ബൂഫിയകളിലും കൃഷിത്തോട്ടങ്ങളിലും ഒക്കെ ജോലി ചെയ്തിരുന്നവരും
ആട് ജീവിതം നയിച്ചിരുന്നവരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
വിദ്യാഭ്യാസപരമായി
വളരെ പിന്നാക്കാവസ്ഥയിലായിരുന്ന ആ സംഘത്തിൽ പെട്ടവർ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന
ഭാഷ അറബി ആയിരുന്നുവെന്നതാണ് രസകരമായ വസ്തുത. ഒരേ രാജ്യക്കാരായ തെലുങ്കനും മലയാളിക്കും
പരസ്പരം സംസാരിക്കണമെങ്കിൽ അന്യഭാഷയായ അറബി വേണമെന്ന വിരോധാഭാസം ലെബനീസ് മാനേജരുമാരുടെ
മുന്നിൽ ഒരു വിസ്മയമായി നിലകൊണ്ടു.
ഇത് വായിച്ച്
അവരെല്ലാം അറബി കൈകാര്യം ചെയ്യുന്നതിൽ അതീവ നിപുണരായിരുന്നുവെന്നൊന്നും ആരും തെറ്റിദ്ധരിച്ച്
പോകരുത്. വ്യാകരണവും കാലവും ഒന്നും നോക്കാതെയുള്ള ഒരു മണിപ്രവാളം... തൊഴിൽ തേടിയെത്തിയ
പാവപ്പെട്ട അജ്‌നബികളുടെ അറബി ഭാഷ അങ്ങനെയാണ്. വിദേശികൾ അറബി സംസാരിക്കുമ്പോൾ ഈ ന്യൂനത
ഒരളവ് വരെ കണ്ടില്ലെന്ന് നടിക്കുവാനുള്ള മഹാ മനസ്കത സ്വദേശികൾ കാണിക്കുന്നുമുണ്ട്.
ഇതിന് ഒരപവാദമാണ്
ഞങ്ങളുടെയൊപ്പം ഇരുപത്തിയേഴ് വർഷമായി ജോലി ചെയ്യുന്ന ഷറഫ്. കൌമാര കാലത്ത് നാട്ടിലെ
ഓത്ത് പള്ളിക്കൂടത്തിൽ നിന്നും മണി മണി പോലെ അറബി സ്വായത്തമാക്കിയ വ്യക്തിയാണ് ഷറഫ്.
ജോലിത്തിരക്കിനിടയിലെ ഇടവേളകളിലൊന്നിൽ പുതിയതായി ജോലിക്കെത്തിയവരെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ്
രസകരമായ ഈ സംഭവം വീണു കിട്ടുന്നത്.
“സെക്ഷനിലെ
പുതിയ ക്ലീനറെ കണ്ടോ...? ദാ ആ പോകുന്ന ബംഗ്ലാദേശി...” ഷറഫ് ചൂണ്ടിക്കാണിച്ചു.
ഒരു കാലി കാർട്ടന്റെ
അറ്റത്ത് ഒരു ചരടും കെട്ടി വലിച്ച് മറുകൈയിൽ സ്വീപ്പിങ്ങ് ബ്രഷുമായി മെഷീനുകൾക്കിടയിലൂടെ
വൃത്തിയാക്കിക്കൊണ്ട് നടക്കുന്ന അധികം ഉയരമില്ലാത്ത ചെറുപ്പക്കാരൻ. ശരിക്കും ഒരു ബലദിയ
(മുൻസിപ്പാലിറ്റി) ക്ലീനിങ്ങ് തൊഴിലാളിയുടെ തനിപ്പകർപ്പ്.
“ഇതിന് മുമ്പ്
മരുഭൂമിയിൽ ഏതോ ഒരു കാട്ടറബിയുടെ ഒട്ടകങ്ങളെ മേയ്ക്കലായിരുന്നുവത്രെ തൊഴിൽ... പകലന്തിയോളം
ഒട്ടകങ്ങളോടൊപ്പം ഉള്ള അലച്ചിൽ... അവയുമായി തിരികെയെത്തിയതിന് ശേഷം അറബിയുടെ വീട്ടിലെ
അല്ലറ ചില്ലറ ജോലികൾ...” ഷറഫ് പറഞ്ഞു.
“അങ്ങനെയും
ഒരു പാട് ജീവിതങ്ങൾ... ഒന്നോർത്താൽ നാമൊക്കെ എത്രയോ ഭാഗ്യമുള്ളവർ... എന്തിനും ഏതിനും
സൌകര്യങ്ങളുള്ള നഗരത്തിലെ കമ്പനിയിൽ തരക്കേടില്ലാത്ത ജോലി...” ഞാൻ പറഞ്ഞു.
“സത്യം...”
ഷറഫ് തുടർന്നു. “ആ പാവത്തിന്റെ ഒട്ടക ജീവിതം അവസാനിച്ചത് എങ്ങനെയാണെന്നറിയുമോ...?
“ഇല്ല... പറ...”
“ഒട്ടകങ്ങളുമായി
മല്ലിട്ട് ഒരു വിധം ദിനങ്ങൾ തള്ളി നീക്കി കൊണ്ടുപോകുന്നതിനിടയിലാണ് അവന്റെ സ്പോൺസർ
എട്ട് പത്ത് കഴുതകളെയും കൂടി വാങ്ങിക്കൊണ്ടു വന്ന് അവനെ ഏൽപ്പിക്കുന്നത്. അതോടെ അവന്റെ
കഷ്ടകാലം തുടങ്ങി...”
“ഒട്ടക ജീവിതം
കൂടാതെ കഴുത ജീവിതവും...” ഞാൻ അഭിപ്രായപ്പെട്ടു.
“അതെ... ഒട്ടകങ്ങളുടെയും
കഴുതകളുടെയും കാര്യങ്ങളെല്ലാം ചെയ്ത് തീർത്തിട്ട് സ്പോൺസറുടെ വീട്ടിലെത്തുമ്പോഴേക്കും
നേരം വളരെ വൈകും... അമിത ജോലിയുടെ ക്ഷീണം വേറെയും... അറബിയുടെ വീട്ടിലെ ജോലികൾ ചെയ്ത്
തീർക്കാൻ വയ്യാത്ത നിലയിലേക്കെത്തി കാര്യങ്ങൾ...”
“എന്നിട്ട്...?”
“എന്നിട്ടെന്താവാൻ...
കാട്ടറബിക്കുണ്ടോ മാനുഷിക പരിഗണന വല്ലതും...? ബംഗാളി എന്നാൽ മൃഗം പോലെ പണിയെടുക്കേണ്ടവൻ...
നിത്യേനയുള്ള ശകാര വർഷം...” ഷറഫ് പറഞ്ഞു.
“അപ്പോൾ അത്
സഹിക്കവയ്യാതെ ചാടിപ്പോന്നതാണോ അവൻ...?”
“ചാടിപ്പോന്നാൽ
വേറെ ജോലിക്ക് കയറാൻ പറ്റുമോ ഇന്നത്തെ അവസ്ഥയിൽ...? ട്രാൻസ്ഫറബിൾ ഇക്കാമ വേണ്ടേ...?”
“പിന്നെന്താണ്
സംഭവിച്ചത്...?”
“ശകാരം കൊണ്ട്
പൊറുതി മുട്ടിയ ഒരു ദിവസം അവൻ പ്രതികരിച്ചു...”
“അറബിക്കിട്ട്
വച്ച് താങ്ങിയോ...?” ബംഗാളികളുടെ മുൻശുണ്ഠി കുപ്രസിദ്ധമാണ്. അത് വച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഇല്ല... അത്രയ്ക്കൊന്നും
എത്തിയില്ല... എല്ലാ ജോലികളും കൂടി ചെയ്ത് തീർക്കാൻ സമയം ലഭിക്കാത്തതിന്റെ കാരണം അവൻ
അങ്ങ് പറഞ്ഞു കൊടുത്തു...”
“തെളിച്ച്
പറ...”
“ബംഗാളികളുടെ
അറബി പാണ്ഡിത്യം അറിയാമല്ലോ... സഹി കെട്ടപ്പോൾ അവൻ അറബിയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു... അവ്വൽ ഇന്ത മാഫി ഹുമാർ... ലേകിൻ ദഹെൻ ഇന്ത ഹുമാർ...”
മുമ്പ് നിങ്ങൾക്ക്
കഴുത ഉണ്ടായിരുന്നില്ല... പക്ഷേ, ഇപ്പോൾ കഴുതയും ഉണ്ട്... അതുകൊണ്ടാണ് തനിക്ക് സമയം
കിട്ടാത്തത് എന്നായിരുന്നു ആ പാവം ഉദ്ദേശിച്ചതെങ്കിലും അവൻപറഞ്ഞതിന്റെ അർത്ഥം ഇതായിരുന്നു
– മുമ്പ് നിങ്ങൾ കഴുതയല്ലായിരുന്നു.... പക്ഷേ, ഇപ്പോൾ നിങ്ങൾ കഴുതയാണ്...
നിനച്ചിരിക്കാതെ
താൻ കഴുതയായതിന്റെ ഞെട്ടലിൽ കാട്ടറബിയുടെ കൈ ബംഗാളിയുടെ കരണത്ത് ആഞ്ഞ് പതിച്ചു. കാര്യം
മനസ്സിലാവാതെ ചെകിട് പൊത്തി നിന്ന ബംഗാളിയോട് അറബി കത്തിക്കയറി.
“ലേഷ് കല്ലം
ഇന്ത...? അന ഹുമാർ...?” – എന്താ നീ പറഞ്ഞത്...?
ഞാൻ കഴുതയാണെന്നോ...?
അപ്പോഴാണ്
തനിക്ക് പറ്റിയ അമളിയുടെ ഗൌരവം ബംഗാളിക്ക് പിടി കിട്ടിയത്.
പിന്നെ എങ്ങനെയൊക്കെയോ
ഒരു വിധത്തിൽ അറബിയുടെ കൈയും കാലും പിടിച്ചാണ് നമ്മുടെ ബൊന്ധുഭായ് കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തത്
എന്ന് പറഞ്ഞാൽ മതിയല്ലോ. എങ്കിലും തന്നെ കഴുതയാക്കിയ അവനെ ഇനി ജോലിയിൽ തുടരാൻ അനുവദിക്കുന്ന
പ്രശ്നമില്ല എന്ന് അയാൾ തീർത്ത് പറഞ്ഞു. അങ്ങനെയാണ് ചെറുതല്ലാത്ത ഒരു തുക വാങ്ങി അവന്
റിലീസ് കൊടുക്കുന്നതും നഗരത്തിലുള്ള ഒരു നാട്ടുകാരന്റെ സഹായത്തോടെ ഒരു കമ്പനി ജോലി
എന്ന ബംഗാളിയുടെ സ്വപ്നം സഫലമാകുന്നതും.
-----------------------
വാൽക്കഷണം
– ഇവനെക്കാൾ കുറഞ്ഞ ശമ്പളത്തിന് മറ്റൊരു ബംഗാളിയെ എവിടെ നിന്നോ കണ്ടെത്തിയിരുന്ന അറബി
ഇവനെ തട്ടാൻ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു എന്നത് വേറെ വശം.
ഈസ്റ്റ് ഓഫ് ഡെസലേഷന് ഒരു ചെറിയ ഇടവേള... പകരം, കമ്പനിയിലെ രസകരമായ ചില നുറുങ്ങുകൾ പങ്ക് വയ്ക്കുന്നു...
ReplyDelete89 മുതൽ 98 വരെ ഏതാണ്ട് 9 വര്ഷം അബുധാബിയിലും, സൗദിയിലും ഉണ്ടായിരുന്നിട്ടും പഠിക്കാൻ പറ്റാതെ പോയ ഭാഷയാണ് അറബി . ഒരിക്കൽ നജ്രാൻ എയർപോർട്ടിൽ വച്ച് ബാഗ്ഗിൽ കോയിൻ കിടന്നത് കറുപ്പ് നിറത്തിൽ കണ്ടത് എന്താണെന്ന് ചോദിച്ചത് പിടികിട്ടാത്തതിനാൽ , ബാഗ് അഴിച്ചു കാണിക്കേണ്ടി വന്നു.
ReplyDeleteഎന്റെയും അവസ്ഥ ഏതാണ്ടതൊക്കെ തന്നെയാണശോകാ...
Deleteനന്നായിരിക്കുന്നു,, ഇതുപോലെയുള്ള നുറുങ്ങ് വിശേഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു,,,
ReplyDeleteതീർച്ചയായും ടീച്ചറേ... സന്ദർശനത്തിൽ വളരെ സന്തോഷം...
Delete‘അച്ചുത് മാമ എഷ് കലാം...?
ReplyDeleteസഞ്ചിത അൽബ..
അദാനി.. അദാനി..’
‘അക്കരെ നിന്നൊരു മാരൻ’ എന്ന സിനിമയിലെ ശ്രീനിവാസൻ-മുകേഷ് ടീമിന്റെ അറബി സംഭാഷണം കേട്ടുതുടങ്ങിയ കാലം മുതൽ ഈ ഭാഷയോട് ഒരു അടുപ്പം തോന്നിത്തുടങ്ങിയതാ.. സൌദിയിലെത്തിയതോടെയാണ് ‘അറബി’യെ അടുത്തറിയാൻ സാധിച്ചത്..
ഈ കഥാനായകനെപ്പോലെ, ജോലി തെറിക്കുന്ന പ്രയോഗമൊന്നും ഇതുവരെ ഉണ്ടായില്ല എന്നത് ഭാഗ്യം.. :)
അത് പിന്നെ വേറെ ആളെ കിട്ടാതത് കൊണ്ടല്ലേ...? അല്ലെങ്കിൽ എന്നേ തെറിക്കേണ്ടതാ.. (ഞാൻ ഓടി) :)
Deleteവിനുവേട്ടന്‍ അറബി കഥയെഴുതി ഇവിടെ ഇരിക്ക്യാ..... കൊള്ളാട്ടോ :)
ReplyDeleteസന്തോഷം മുബീ...
Deleteരസകരമായ നുറുങ്ങുകൾ ഇനിയും ഇങ്ങട്ട് പോരട്ടേ ..
ReplyDeleteകുറഞ്ഞ ശമ്പളത്തിന് ഹതഭാഗ്യനായ മറ്റൊരു മനുഷ്യനെ കിട്ടി ആ കാട്ടറബിക്ക് ല്ലേ വിനുവേട്ടാ , അയാളുടെ കഷ്ടകാലം ...
അതെ... ചൂഷകരുടെയും ചൂഷിതരുടെയും കഥകൾ തുടർന്നു കൊണ്ടേയിരിക്കുന്നു...
Deleteഭാഷ അറിയാതിരുന്നാല്‍ അബദ്ധങ്ങള്‍ ധാരാളം സംഭവിക്കും. അതില്‍ ചിലത് ഗുണകരമായിത്തീരുകയും ചെയ്യും
ReplyDeleteഅടിയൊന്ന് ചെകിട്ടത്ത് കിട്ടിയാലെന്താ അല്ലേ കേരളേട്ടാ?
Deleteശോ.. ഈ ബുദ്ധി അന്ന് തോന്നിയില്ല..
ReplyDeleteനിന്റെ വിസ കാന്‍സല്‍ ചെയ്യാന്‍ പറ്റില്ല എന്ന് അറബി പറഞ്ഞപ്പോ അവനെ കഴുതേന്നു വിളിച്ചാ മതിയാരുന്നു.. പക്ഷെ അന്നും ഇന്നും ഞമക്ക് അറബി അറിയില്ലാലോ..
ഇനിയും ശ്രമിക്കാലോ .... അതിനുള്ള വകുപ്പ് ദാ, വിനുവേട്ടൻ തന്നല്ലോ.... :)
Deleteപിന്നെ എന്ത് വിളിച്ചത് കൊണ്ടാ ആഫ്രിക്ക വരെ ഓടിയതെന്നും കൂടി പറ എന്റെ ലംബാ... :)
Deleteഞാന്‍ പോയി വലിയ അറബിയെ കണ്ടു കാര്യങ്ങള്‍ ഒക്കെ പറഞ്ഞു.. പുള്ളിക്ക് എന്നെ ഭയങ്കര ഇഷ്ടപ്പെട്ടു.. 'മേലാല്‍ എന്റെ നാട്ടില്‍ കണ്ടുപോകരുത്'' എന്നെന്നെ മധുരമായ ഭാഷയില്‍ ഉപദേശിച്ചു. അത് കൊണ്ടാണ് ഞാന്‍ ഇപ്പോഴും എതിയോപിയ വഴി കഷ്ടപ്പെട്ട് പോകുന്നത് എന്നൊന്നും കരുതരുത്. എമിരേറ്റ്സിന്‍റെ ഫ്ലൈറ്റ് ഒന്നും കൊള്ളത്തില്ല.. അതുകൊണ്ടാ..
Deleteഞങ്ങള്‍ വിശ്വസിച്ചുട്ടോ... ശ്രീജിത്ത്. അറബിക്ക് ഇഷ്ടപ്പെട്ട ആ തരികിട പറഞ്ഞോളൂ , ആരോടും പറയൂല... സത്യം :)
Deleteകൽക്കട്ട ജീവിതത്തിന്റെ ആദ്യ ദിനങ്ങളിൽ ഈ 'ചി'യും 'ചിലൊ'യും ഒക്കെ എവിടെ പ്രയോഗിക്കണമെന്നറിയാതെ കുഴങ്ങിയിട്ടുണ്ട് .... എന്റെ 'പൈസ ദൊയെ ചിലൊ ' കേട്ട് പാവം പത്രക്കാരനും പാൽക്കാരനും ഒന്നു രണ്ടു മാസം പൈസ വാങ്ങാതെ പോയിട്ടുണ്ട്.... ഇവർക്കെന്താ പൈസ വേണ്ടാത്തെ എന്നാലോചിച്ച് ഞാൻ തലപുകച്ചതിനും കണക്കില്ല....! :)
ReplyDeleteഈ അറബിക്കഥ വായിച്ചപ്പോ ന്റെ ബംഗാളിക്കഥയാ ഓർമ വന്നെ.... അവരു പിന്നെ സാധുക്കളായതു കൊണ്ട് എന്നെ തല്ലിയില്ല...
എന്നാലും 'ഈസ്റ്റ് ഓഫ് ഡെസലേഷൻ' നിർത്തി വെച്ചത് ശരിയായില്ല കേട്ടോ....
അത് ശരി... കുഞ്ഞൂസിനപ്പോൾ ബംഗാളി ഭാഷയൊക്കെ വശമുണ്ടല്ലേ? ഈ അടുത്തയിടെ നല്ലൊരു ബംഗാളി ഗാനം കേൾക്കാനിടയായി. ആകാഷേർ ഹത്തെ ആച്ചെ ഇക് റാഷ് നീൽ... അതിന്റെ അർത്ഥം ഒന്ന് പറഞ്ഞ് തരുമോ? :)
Deleteപിന്നെ സൗദിയിൽ ചെന്ന ഉടൻ ഈസ്റ്റ് ഓഫ് ഡെസലേഷൻ തുടർന്നതാണു കേട്ടോ.
ഭാഷ പകുതി പഠിച്ച് പ്രയോഗിയ്ക്കേണ്ടി വരുമ്പോഴുള്ള ഓരോ പാടുകൾ... അല്ലേ?
ReplyDeleteഅതെ ശ്രീ...
Deleteഭാഷാപ്രയോഗത്തില്‍ വന്ന പിഴവോണ്ട് കരയാനും,ചിരിക്കാനും ഇടവന്നിട്ടുണ്ട് സൌദിയില്‍ കാലുകുത്തിയ 1979 കാലഘട്ടത്തില്‍.....പിന്നെ പിന്നെ....
ReplyDeleteരസകരമായിരിക്കുന്നു .........തുടരട്ടെ
ആശംസകള്‍
സന്തോഷം തങ്കപ്പേട്ടാ...
Deleteഈ കൂടെയുള്ള അറബികളെല്ലാം ഇംഗ്ലിഷ് നന്നായി സംസാരിക്കുന്നതുകൊണ്ട് എനിക്ക് ഇതുവരെ അറബി പഠിക്കാാന്‍ സാധിച്ചില്ല. (അതുകൊണ്ട് രക്ഷപ്പെട്ടു ഞാന്‍)
ReplyDeleteഅത് തന്നെയാണെനിക്കും പറ്റിയത് അജിത് ഭായ്... അറബി ജ്ഞാനം ഇപ്പോഴും വളരെ കമ്മിയാ...
Deleteവിനുവേട്ടാ... സംഭവം രസിച്ചു വായിച്ചൂട്ടോ.. പിന്നെ ഈസ്റ്റ് ഓഫ് ഡെസലേഷൻ
ReplyDeleteതുടരണം കേട്ടോ...
തീർച്ചയായും സുധീർ ഭായ്..
Deleteഭാഷാപ്രയോഗം വരുത്തി വെച്ച വിന പാവത്തിന് അനുഗ്രഹമായി. തരക്കേടില്ലാത്ത
ReplyDeleteജോലി കിട്ടിയില്ലേ.
ഭംഗിയായി വിവരിച്ചു. നാട്ടില്‍ വന്നപ്പോള്‍ ഓഫീസ് സ്മരണകള്‍ കേറി വന്നൂല്ലേ
‘ഉർവ്വശ്ശീ ശാപം‘ ഉപകാരം എന്നു പറഞ്ഞതു പോലെ പാവം ബൊംഗാളി രക്ഷപ്പെട്ടൂല്ലെ...
ReplyDeleteപണ്ട് സൌദിയിലായിരുന്നപ്പോഴേ അറബി പഠിക്കേണ്ടി വന്നിട്ടുള്ളു. അവിടം വിട്ടതിനു ശേഷം അറബി വേണ്ടി വന്നിട്ടേയില്ല. പകരം അവരുടെ നാട്ടിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ അറബികൾക്ക് മലയാളം പഠിക്കേണ്ടി വന്നിട്ടുണ്ട്. അതു കാരണം മലയാളം പറയുന്ന അറബികൾ ധാരാളം. പക്ഷേ, ഇന്ന് അതിനു പകരം അറബികൾ ബംഗാളി കൂടി പഠിക്കേണ്ടി വരുന്നുണ്ട്.
ശരിയാ അശോകൻ മാഷേ...
Deletehaha..avadhikku kurachu nurungukal poratte:)
ReplyDeleteനോക്കട്ടെ സമയം കിട്ടുമോന്ന്...
Deleteകഴിഞ്ഞ ഒരാഴ്ച്ചയായി അന്തരാഷ്ട്ര മാജിക് ഫെസ്റ്റിവെല്ലിലായിരുന്നു..
ReplyDeleteഇനി ഇപ്പോൾ ബംഗാളി ഭാഷയൊക്കെ ഇത്തിരി കൈ വശപ്പെടുത്തിയ സ്ഥിതിക്ക് ,
ആ പരിസരത്തുള്ള ബംഗാളി പണിക്കാരുടെ കോളണിയിൽ നിന്നും കുറച്ച് പണിക്കാരെ വിളിച്ച് പുരയിടത്തിലെ കാടും പടലവും ക്ലീൻ ചെയ്യെന്റെ ഭായ്, അല്ലെങ്കിൽ പാച്ചുവിനെ പോലെയള്ളവർ പോസ്റ്റിട്ട്
വീണ്ടും പണി തരും ....!