Monday, July 11, 2011

എന്റെ കൂട്ടുകാരൻ


 
സൂര്യനുരുകിത്തിളയ്ക്കുന്ന ഒരു മധ്യാഹ്നത്തിലായിരുന്നു ഞങ്ങൾ ആദ്യമായി പരസ്പരം കണ്ടത്. ആവശ്യത്തിലുമധികം നീളവും അയവുമുള്ള പരുക്കൻ വൈലറ്റ് അങ്കി ധരിച്ചവൻ. ആ ഒറ്റത്തുണിയിൽ നഗ്നത മറയ്ക്കാനാകുമെങ്കിലും അത് എന്നെ ചിരിപ്പിച്ചു. ഒറ്റത്താങ്ങു മാത്രമുള്ള കണ്ണട ധരിച്ചിരുന്ന അവന്റെ മുഖത്ത് ശ്രമപ്പെട്ട് വരുത്തിയ ഗൌരവമുണ്ടായിരുന്നു. എത്ര അമർത്തിയിട്ടും എനിയ്ക്ക് ചിരി പൊട്ടി. പരിഹാസത്തിന്റെ മേമ്പൊടി ചേർത്ത  ചിരി. അക്കാലങ്ങളിൽ എനിയ്ക്ക് സ്വന്തം ശരീരത്തിലോ മനസ്സിലോ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. കടലാസ്സു തുണ്ട് പറക്കുന്നത് കാൺകേ ഉറക്കെയുറക്കെ ചിരിയ്ക്കാനും പൂ വാടുന്നത് കാൺകേ പൊട്ടിപ്പൊട്ടിക്കരയാനും എനിയ്ക്ക് കഴിഞ്ഞിരുന്നു.
വെറ്റിലച്ചോപ്പിലും കറുപ്പ്  നിറം തെളിഞ്ഞു കാണുന്ന വായ തുറന്ന്  ചോക്ലേറ്റ് തിന്നുന്ന കുഞ്ഞിനെപ്പോലെ അവൻ പറഞ്ഞു നിങ്ങളുടെ പേരെനിയ്ക്ക് പരിചിതമാണല്ലോ. പെങ്ങളുടെ പേര് അല്ലെങ്കിൽ അമ്മയുടെ പേര്, അത് പോലെ പരിചിതംആ മുഖത്ത് കടലിന്റെ ആഴമുണ്ടായി, അസാധാരണ വലുപ്പത്തിൽ, തിളങ്ങുന്ന കണ്ണുകളിൽ അഭൌമ ശാന്തി പരന്നു. അപ്പോൾ കളിയാക്കിച്ചിരി എന്റെ ചുണ്ടുകളിൽ തന്നെ ഉറഞ്ഞു പോയി.
അവന്റെ ബുദ്ധിശക്തിയേയും കഴിവുകളെയും കുറിച്ച് ഒരുപാട് കഥകൾ കാറ്റും മഴയും വെയിലും മഞ്ഞും എന്നോട് പറഞ്ഞുവെങ്കിലും ഞാനവയൊന്നും പരിഗണിച്ചതേയില്ല. അതുകൊണ്ട് സാധാരണമായ ഈ ലോകത്തിനു വേണ്ടി ഉയർത്തിപ്പിടിച്ചിരുന്ന എന്റെ നുണക്കൂടാരത്തിന്റെ കൊടിക്കൂറ അതേ കൌശലത്തോടെ ഞാനവനു വേണ്ടിയും പ്രദർശിപ്പിച്ചു. പല വർണ്ണങ്ങളുള്ള കൊടിക്കൂറയുടെ പകിട്ടിൽ അവന്റെ കണ്ണുകൾ മഞ്ഞളിയ്ക്കുന്നത് കണ്ട് ഞാൻ രഹസ്യമായി പൊട്ടിച്ചിരിയ്ക്കുകയും ആ വാഴ്ത്തപ്പെട്ട ബുദ്ധിശക്തിയെ അപഹസിയ്ക്കുകയും ചെയ്തു. അവനെ വിഡ്ഡിയാക്കി, ആഘോഷത്തിന്റെ മുദ്രമോതിരം ധരിയ്ക്കാൻ  തയാറെടുത്തിരുന്ന എന്നോട് കണ്ണുകളിൽ സ്വന്തം നയനങ്ങൾ കോർത്ത് അവൻ കല്പിച്ചു. ഈ മുഖപടം ധരിച്ച് എന്നെ വഞ്ചിക്കരുത് 
അതായിരുന്നു ആ നിമിഷം.
കണ്ണുകളിലൂടെ അവൻ എന്റെ മറുപുറം കണ്ടു. വസ്ത്രത്തിനു മുകളിലൂടെ നിർജ്ജീവമായിരുന്ന തൊലിയെ തൊട്ടു. മരവിച്ചു പോയിരുന്ന മാംസപേശികൾക്കും ഒടിഞ്ഞു നുറുങ്ങിയിരുന്ന എല്ലുകൾക്കും ഉറഞ്ഞു കെട്ടിരുന്ന  രക്തത്തിനുമുള്ളിൽ കൈകളുയർത്തി നിരാലംബമായി  തേങ്ങിക്കരയുന്ന അനാഥവും പിഞ്ഞിക്കീറിയതുമായ ഈ ആത്മാവിനെ സ്വന്തം കൈകളിൽ കോരിയെടുത്തു. 
ഞാൻ ഒപ്പ് ചാർത്തിയാൽ മാത്രം മാറ്റാനാവുന്ന ബ്ലാങ്ക് ചെക്കാണ് അവനെന്ന് പറഞ്ഞപ്പോൾ അക്ഷരങ്ങൾ ഓരോന്നായി പെറുക്കിയെഴുതി അടിയിൽ വരയ്ക്കുന്ന എന്റെ ഒപ്പിന്റെ മൂല്യത്തെക്കുറിച്ച് ഞാനാദ്യമായി ആലോചിയ്ക്കുവാൻ തുടങ്ങി. സൌഹൃദമെന്ന വാക്കിന് എന്റെ മുഖച്ഛായയാണെന്ന് കേട്ടപ്പോൾ ഒരു കണ്ണാടി കാണുവാൻ ഞാൻ കൊതിച്ചു. വിളിയ്ക്കുമ്പോൾ അരികിലിരുന്ന് സംസാരിയ്ക്കുവാൻ അയയ്ക്കുമെന്ന ഉറപ്പിൽ മാത്രമേ എന്നെ മരണത്തിന് പോലും കൈമാറുകയുള്ളൂ എന്നവൻ പറഞ്ഞപ്പോൾ നിശിതമായ ആ കണക്കു പറച്ചിലിൽ എനിയ്ക്ക് പിന്നെയും ചിരി വന്നു.
അപ്പോഴേയ്ക്കും ലോകം വലിയ വായിൽ തർക്കിക്കാൻ തുടങ്ങിയിരുന്നു. കടന്നു പോയവയും വരാനിരിയ്ക്കുന്നവയുമായ യുഗങ്ങളെല്ലാം തന്നെ  ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും നിറുത്താതെ  തർക്കിച്ചു. നിയമങ്ങളും മതവും വിശ്വാസവും ആചാരവും എന്തിന് മാറ്റങ്ങൾക്കായി ദാഹിയ്ക്കുന്ന വിപ്ലവം പോലും ലോകത്തോടൊപ്പമായിരുന്നു.  ലോകത്തിന് ഞങ്ങൾ അനാവശ്യവും അനാശാസ്യവുമായി. 
ചിലർ അവനെ ടാഗോറെന്ന് വിളിച്ചു, ബിൻലാദനെന്നും ഖാൻ സാഹിബെന്നും മറ്റ് ചിലരും.  ഇനിയും ചിലർ ഓഷോയെന്നും ഗുരുവെന്നും…….. എന്നാൽ പ്രാന്തനെന്നും തെണ്ടിയെന്നും ദരിദ്രവാസിയെന്നും വിളിച്ചവരും കുറവായിരുന്നില്ല. അമ്പലങ്ങൾ അവനെ മാപ്പിളയെന്നും മുസ്ലിമെന്നും വിളിച്ചകറ്റിയപ്പോൾ പള്ളികൾ അവന്റെ തുകിലിലും നാമത്തിലും പരിഭ്രമിച്ചു നിന്നു.
പുല്ലാങ്കുഴലും ഗിറ്റാറും മൃദംഗവും അവന്റെ വിരൽത്തുമ്പുകളെ പ്രണമിച്ചിട്ടും, ഞാനാവശ്യപ്പെട്ട വിഡ്ഡിപ്പാട്ടുകൾ അവൻ യാതൊരു മടിയും കൂടാതെ ശ്രുതി മധുരമായി ആലപിച്ചു. കടുകു വറുത്തിട്ട അവിയലും പച്ചവെള്ളത്തിൽ വേവിച്ച ഉപ്പുമാവും അവനെനിയ്ക്ക് കഴിയ്ക്കുവാൻ തന്നു. ഉരുക്കു കമ്പികൾ വളച്ചുണ്ടാക്കിയ ഇരിപ്പിടവും സ്വന്തം കൈയാൽ തുന്നിയ അങ്കിയും സമ്മാനിച്ചു. യന്ത്രങ്ങൾ ആട്ടിൻ കുട്ടികളെപ്പോലെ അവനെ അനുസരിച്ചപ്പോൾ കാറ്റും മഴയും വെയിലും മഞ്ഞും അവനു മുൻപിൽ നാണിച്ചു  തല കുനിച്ചു.
ഉണങ്ങിച്ചുരുണ്ട ഇലകളോടും വാടിക്കരിഞ്ഞ പൂക്കളോടും പോലും അവൻ പുഞ്ചിരിച്ചു. മുറിവേറ്റ എല്ലാ മൃഗങ്ങളെയും തലോടി. വറ്റിപ്പോയ ജലധാരയോടും ഇടിഞ്ഞു പരന്നു പോയ കുന്നുകളോടും സംസാരിച്ചു. അവൻ നടക്കുമ്പോൾ ഉറങ്ങിക്കിടന്ന വിത്തുകൾ ഭൂമിക്കടിയിൽ നിന്ന് പുതു നാമ്പുകൾ നീട്ടി ആ പാദങ്ങളെ പുൽകി. അവനായിരുന്നു പ്രപഞ്ചത്തിന്റെ ഐശ്വര്യം.
ഞാൻ ചിരിച്ചപ്പോൾ അവൻ ചിരിച്ചു, ഞാൻ കരയുമ്പോൾ അവൻ മൌനിയായി. ഞാൻ കോപിച്ചപ്പോൾ  അവൻ തല കുനിച്ചു. എന്നാൽ എന്റെ മുറിവുകളുടെ ആഴങ്ങളെ ഒരിയ്ക്കലും മടുക്കാതെയും തളരാതെയും നക്കിയുണക്കിക്കൊണ്ടിരുന്നു. കാർന്നു  കാർന്നു തിന്നുന്ന വേദനയുടെ വാലൻപുഴുക്കളെ പോലും അവന്റെ വിരലുകൾ ക്ഷമയോടെ എപ്പോഴും എന്നിൽ നിന്നകറ്റി.
സ്വന്തം പേരെഴുതിയ യാതൊന്നും അവന് ഈ പ്രപഞ്ചത്തിലുണ്ടായിരുന്നില്ല. മഹാപ്രപഞ്ചത്തിന് മുന്നിൽ  ഒരു അടയാളവുമവശേഷിപ്പിയ്ക്കാനുള്ള കേമത്തമില്ലെന്ന് അവൻ പറഞ്ഞപ്പോൾ അത് മറ്റാരിലുമില്ലാത്ത കേമത്തമാണെന്ന് ഞാനറിഞ്ഞു. എന്നിട്ടും ഗർഭപാത്രങ്ങളുടെ ഒടുങ്ങാത്ത അഹന്തയും  ബീജങ്ങളുടെ അനാദിയായ ഉടമസ്ഥതയും അവനെ നിരന്തരം പരിഹസിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തു. രക്തബന്ധത്തിന്റെ ആണിപ്പഴുതുള്ള അളവു പാത്രമുപയോഗിച്ച്  ആകാശത്തോളം നീളമുള്ളവനും ചക്രവാളത്തോളം വീതിയുള്ളവനുമായ അവനെ അളന്നു കുറിയ്ക്കുവാൻ ദീക്ഷയെടുത്തു. തലമുടികൊണ്ടും താടികൊണ്ടും അവനു ചുറ്റും വേലി കെട്ടുവാനായേയ്ക്കുമെന്ന് ലോകം കരുതി.
കടലോളം സ്നേഹവും കുന്നോളം കരുതലും മഴയോളം വാത്സല്യവും വെയിലോളം പ്രകാശവും നൽകി അവൻ വളർത്തിയ സ്വപ്നങ്ങൾ കുഞ്ഞിക്കണ്ണുകൾ മിഴിച്ച്, കൈകൾ നീട്ടി അവനെ സ്പർശിച്ചു, കാലുകൾ പെറുക്കി അവനൊപ്പം നടന്നു, പുരികം ചുളിച്ച് അവനെപ്പോലെ ചിരിച്ചു. അങ്ങനെയങ്ങനെ അവൻ കണ്ട സ്വപ്നങ്ങളെല്ലാം ഭാവിയുടെ സത്യമായി.
മരിയ്ക്കാത്തതും മുറിയാത്തതുമായ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അവനെനിയ്ക്ക് നൽകി. അവന്റെ അരികിലിരിയ്ക്കുമ്പോൾ ഞാൻ ആഹ്ലാദമായിത്തീർന്നു. എന്റെ പേര് അഭിമാനമെന്നായി മാറി.
അവൻ…….അവനാണെന്റെ കൂട്ടുകാരൻ.

Monday, July 4, 2011

വരൂ, ഒരു ജീവന്റെ തുടർച്ചയിൽ പങ്കാളികളാവാം...

സുഹൃത്തുക്കളേ..

സഹായമനസ്കരുടെ കാരുണ്യം തേടി ഒരു അഭ്യർത്ഥന.. ദയവായി പരിഗണിക്കുമല്ലോ..

കെട്ടിടനിർമ്മാണ തൊഴിലാളിയായ സുരേഷിന്റെ വൃക്ക അടിയന്തിരമായി മാറ്റിവയ്ക്കേണ്ടിയിരിക്കുന്നു.. ഒരു കുടുംബത്തിന്റെ സംരക്ഷണയും സ്വന്തം ചികിത്സാച്ചിലവുകളും നിറവേറ്റാൻ പാടുപെടുന്ന ഇദ്ദേഹത്തെ ആരെങ്കിലുമൊക്കെ സഹായിച്ചിരുന്നെങ്കിൽ...

താൽ‌പ്പര്യമുള്ളവർക്കായി അക്കൌണ്ട് വിവരങ്ങൾ ഒരിക്കൽ കൂടി;

Suresh C K
SB A/c # 67148173092
SBT, Parakode Branch
NEFT/IFSC Code: SBTR0000070

സുരേഷിന്റെ മൊബൈൽ നമ്പർ : 97450 49024