Saturday, April 14, 2012

ബ്രഹ്മരക്ഷസ്സ്


എല്ലാവർക്കും പരിചയമുണ്ടാവുമോ ആവോ, ബ്രഹ്മരക്ഷസ്സെന്ന വാക്ക്? ഉണ്ടെങ്കിൽ നന്നായി. ഇനി ഇല്ലെങ്കിൽ എന്റെ വളരെ പരിമിതമായ അറിവു വെച്ച് ചെറുതായി ഒന്നു പരിചയപ്പെടുത്താൻ ശ്രമിയ്ക്കാം.

ദുർമ്മരണപ്പെട്ട ബ്രാഹ്മണന്റെ പ്രേതമാണത്രെ ബ്രഹ്മരക്ഷസ്സ്. അല്ലെങ്കിൽ ജീവിച്ചിരിയ്ക്കേ ഒരുപാട് ക്രൂരതകളും തിന്മകളും ചെയ്തിട്ടുള്ള ബ്രാഹ്മണനായാലും മതി, മരിച്ചാൽ  ബ്രഹ്മരക്ഷസ്സായിത്തീരും.

മരിയ്ക്കും വരെ ശാസ്ത്ര വേദ പുരാണ ഇതിഹാസ മന്ത്രങ്ങളെ കുറിച്ചെല്ലാം തികഞ്ഞ അജ്ഞനായിരുന്നാലും  ബ്രഹ്മരക്ഷസ്സായി മാറിയാൽ പിന്നെ ആ മാതിരി സകല വിവരവും ഉള്ള ഒരു ഉശിരൻ എൻസൈക്ലോപീഡിയയായി തീരുമത്രെ, മരിച്ച ബ്രാഹ്മണൻ. പോരാത്തതിന് ജീവിത കാലം മുഴുവൻ വെണ്ടയ്ക്കയും പടവലങ്ങയും മാത്രം തിന്നു ജീവിച്ച ബ്രാഹ്മണ വിദ്വാൻ ബ്രഹ്മരക്ഷസ്സായാൽ, ഉഗാണ്ടക്കാരൻ ഇദിഅമീന്റെ അടുത്ത ചാർച്ചക്കാരനായി മാറുകയും ചെയ്യും. വളരെ ഉയർന്ന നിലയിലുള്ള വിജ്ഞാനം ആർജ്ജിച്ച മഹാ പണ്ഡിതനും അതി ദിവ്യനുമായ ഒരു മന്ത്രവാദിയ്ക്കു മാത്രമേ ഈ അത്യപകടകാരിയായ ബ്രഹ്മരക്ഷസ്സിനെ ഹരഹര ചൊല്ലി കീഴടക്കാൻ സാധിയ്ക്കൂ.

പൊതുവേ പറഞ്ഞ് കേട്ടിട്ടുള്ള ബ്രഹ്മരക്ഷസ്സിന്റെ  രൂപത്തിന് ഒരു പിൻ കുടുമയും രണ്ട് കൊമ്പുകളും ഉണ്ടാവും, മരത്തിൽ തല കീഴായി തൂങ്ങിക്കിടക്കുകയാണ് സാധാരണ പതിവ്. വിക്രമാദിത്യന്റെ വേതാളത്തെ പോലെ. മന്ത്രവാദികളുടേയും മറ്റും ഭാവനയിൽ ആറു നില കെട്ടിടത്തിന്റെ പൊക്കവും തീ തുപ്പുന്ന വായും നീട്ടിയാൽ ലോകം മുഴുവൻ എത്തുന്ന കൈകളും ഒക്കെയുണ്ടാവാറുണ്ട്. ആളനക്കം കുറഞ്ഞ വിശാലമായ പറമ്പുകളിലാണ് ബ്രഹ്മരക്ഷസ്സിന്റെ സാന്നിധ്യം അധികമുണ്ടാകുക.

ഈ അപകടകാരി പ്രസാദിച്ചാലോ?  സ്വർണം, ഭൂമി, പദവി അങ്ങനെ ചോദിയ്ക്കുന്ന എന്തും തരും, അലാവുദ്ദീന്റെ നല്ല ഭൂതത്തേ പോലെ ഒരു സ്നേഹക്കാരനായിത്തീരും. സാധാരണയായി ബ്രഹ്മരക്ഷസ്സിന്റെ വിഗ്രഹത്തിനു മുൻപിൽ എപ്പോഴും ഒരു വിളക്ക് കത്തിച്ചു വെയ്ക്കാറുമുണ്ട്.

ഭയത്തോടു കൂടി മാത്രമേ ബ്രഹ്മരക്ഷസ്സുമായി ആരും ഇടപെടുകയുള്ളൂ. കോപിച്ചാൽ പിന്നെ ഒരു രക്ഷയുമില്ല, ഇണങ്ങിയാൽ നക്കിക്കൊല്ലുന്ന മാതിരി പിണങ്ങിയാൽ കുത്തിയും കൊല്ലും. അതുകൊണ്ട് നന്നെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യണമെന്ന് എല്ലാവർക്കും അറിയാം.

ഇത്രയും ആമുഖം.

ശേഷം ഒരു ഓർമ്മ.

കൈയിൽ കിട്ടുന്നതെന്തും വായിയ്ക്കുന്ന എന്റെ തല തിരിഞ്ഞ സ്വഭാവത്തിന് സാരമായ വെല്ലുവിളിയുണ്ടായത് അതി കഠിനമായ തലവേദനയിൽ നിന്നായിരുന്നു. തല പൊളിഞ്ഞു പോകുന്ന വേദന, കണ്ണു തുറന്ന് നോക്കാൻ ബുദ്ധിമുട്ടാവുന്നത്രയും വേദനഒരു ദിവസം, രണ്ടു ദിവസം മൂന്നു ദിവസമൊക്കെ നീളുന്ന ഭീകരവും നിരന്തരവുമായ തലവേദന……എന്റെ തലവേദന അമ്മീമ്മയെ വല്ലാതെ അലട്ടിയിരുന്നു. ഒത്തിരി ആയുർവേദ മരുന്നുകൾ കഴിപ്പിച്ചിട്ടും പല തരം എണ്ണകൾ പരീക്ഷിച്ചിട്ടും എന്തൊക്കേയോ പച്ചിലകൾ അരച്ചു പുരട്ടിയിട്ടും തലവേദന കീഴടങ്ങാൻ കൂട്ടാക്കിയില്ല.

പുസ്തകം വായിയ്ക്കാതിരുന്നാൽ മാത്രം മതി, തലവേദന വരില്ലെന്ന് തീർത്തു പറഞ്ഞത് അനിയത്തിയായിരുന്നു. അത്ര ബുദ്ധിമുട്ടി വായിച്ച് മനസ്സിലാക്കേണ്ടുന്ന ഒരു കാര്യവും ഒരു പുസ്തകത്തിലും ആരും ഇന്നുവരെ എഴുതിയിട്ടില്ലെന്ന് അവൾ സിദ്ധാന്തിച്ചു. ആ സമയം മരങ്ങളെയും കിളികളേയും മണ്ണിനേയും വെള്ളത്തിനേയും ആകാശത്തിനേയും ഒക്കെ സൂക്ഷിച്ച് നോക്കിയാൽ മതി, അവരു പറയുന്നതും ചിരിയ്ക്കുന്നതും സങ്കടപ്പെടുന്നതും ചിലപ്പോൾ ദേഷ്യപ്പെടുന്നതും ഒക്കെ മനസ്സിലാക്കിയാൽ മതി, തലവേദനയും വരില്ല, പനിയും വരില്ല.

ഒരു പുസ്തകം ഉണ്ടാക്കുവാൻ കുറെ മരങ്ങൾ മുറിയ്ക്കണമെന്ന് പഠിച്ച ദിവസം അവൾ ഉറക്കെ  പ്രഖ്യാപിച്ചു, “എഴുത്തും വായനയുമൊക്കെ അതി കഠിനമായ ദു:ശീലങ്ങളാണ്, സിഗരറ്റ് വലിയ്ക്കുന്നതും കള്ളു കുടിയ്ക്കുന്നതും മാതിരി. പാവപ്പെട്ട മരങ്ങളുടെ ഡെഡ്ബോഡിയാണ് എടുത്ത് മടിയിലും നെഞ്ചത്തും മേശപ്പുറത്തും ഒക്കെ വെയ്ക്കുന്നത്. ഓരോ പേജ് മറിയ്ക്കുന്ന ശബ്ദത്തിലും ശ്രദ്ധിച്ചാൽ മരങ്ങളുടെ ജീവനെടുക്കുന്ന സങ്കടക്കരച്ചിൽ കേൾക്കാം. പുസ്തകമില്ലാതെ വായിയ്ക്കാൻ കഴിയുന്ന ഒരു വരം തരാൻ ദൈവത്തിനോട് പ്രാർഥിയ്ക്കയാണു ശരിയ്ക്കും ചെയ്യേണ്ടത്. വായിയ്ക്കണമെന്ന് തോന്നുമ്പോൾ ആ സംഭവം ഇങ്ങനെ കണ്മുൻപിൽ തെളിഞ്ഞ് വരണം. വായിച്ചു കഴിഞ്ഞാൽ അത് കാണാതാവുകയും വേണം. അല്ലെങ്കിൽ നിന്നെപ്പോലെയുള്ള പുസ്തകം തീറ്റക്കാര് കാരണം എല്ലാ മരവും ഇങ്ങനെ മരിച്ചു മരിച്ചു പോകും.“

അവളുടെ ഭാവനയിലുള്ള ആ വിചിത്ര വായനാ കൌശലം മുന്നിൽ നിവരുന്നതാലോചിച്ച് തുറു കണ്ണുകളോടെ ശ്വാസം മുട്ടി ഞാൻ അങ്ങനെ ഇരിയ്ക്കും..ഒരു മറുപടിയും എന്റെ വായിൽ ഉദിയ്ക്കാറില്ല. അവൾക്ക് നല്ല ഉശിരുള്ളതുകൊണ്ട് ഒരു അടിയോ നുള്ളോ പോലും കൊടുക്കാനും പറ്റാറില്ല.

ഒരു തലവേദന സെഷൻ അങ്ങനെ വിജയകരമായ മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു കഴിഞ്ഞിരുന്നു. എണ്ണ പുരട്ടലും ആവി പിടിയ്ക്കലും ചൂട് ടൌവൽ തലയിൽ പൊതിയലും വെള്ളയ്ക്ക അരച്ച് നെറ്റിയിൽ പൂശലും ഒന്നും ഏശുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് അമ്മീമ്മയുടെ സുഹൃത്തുക്കളും അയൽ‌പ്പക്കക്കാരികളുമായിരുന്ന വിജയ മാമിയും രാജി മാമിയും അനന്തലക്ഷ്മി മാമിയും ഒറ്റസ്വരത്തിൽ അഭിപ്രായപ്പെട്ടത്.

“കൊഴന്തയെ ഇപ്പ്ടി വലിയിലെ തുടിയ്ക്ക വിടാതെ, സാമി കിട്ടെ കൂട്ടിക്കിണ്ട് പോ. അവളോട് അമ്മ ഇങ്കെ ഇരുന്താ മിന്നാലേയെ കൂട്ടിക്കിണ്ട് പോയിരുപ്പൾ“ ( കുട്ടി ഇത്രയും വേദന സഹിയ്ക്കാനുള്ള വഴിവെയ്ക്കരുത്, സാമിയുടെ അടുത്ത് കൊണ്ടുപോകു. അവളുടെ അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കൊണ്ടു പോകുമായിരുന്നു.)

ആ വാക്കുകൾ അമ്മീമ്മയെ വല്ലാതെ വിഷമിപ്പിച്ചു. അക്കാലങ്ങളിൽ എന്റെ അമ്മ സ്വന്തം ജോലിയുമായി ബന്ധപ്പെട്ട് നഗരത്തിലായിരുന്നു. അമ്മീമ്മ എന്നെ വേണ്ട വിധം ശ്രദ്ധിയ്ക്കുന്നില്ലെന്നൊരു ധ്വനിയുണ്ടായിരുന്നു ആ മാമിമാരുടെ വാക്കുകളിൽ. അതുകൊണ്ടു മാത്രം അമ്മീമ്മ അല്പം പരവശയായി. എന്നാലും സാമിയുടെ അടുത്ത് പോകുന്നതിന് അമ്മീമ്മയ്ക്ക് വല്ലാത്ത വൈമനസ്യമുണ്ടായിരുന്നു.

ആരാണു  സാമി എന്നല്ലേ?

വെളുത്ത തലമുടിയും ഭംഗിയായി വെട്ടിയൊതുക്കിയ താടിയും വെണ്മയുള്ള ഉറച്ച ശരീരവും ഉണ്ടായിരുന്ന അദ്ദേഹം ശരിയ്ക്കും ദൈവമായിരുന്നു. അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം ദൈവം അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. തിങ്കളും വ്യാഴവും ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും  ദൈവം സാമിയുടെ വായിലൂടെ സംസാരിച്ചുപോന്നു . അപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം മാധുര്യമേറിയ, അതീവ പ്രസാദാത്മകമായ ഒന്നായിത്തീർന്നു. എല്ലാവരുടേയും പ്രശ്നങ്ങൾ അദ്ദേഹം അലിവോടെ കേട്ടു.. പരിഹാരങ്ങൾ നിർദ്ദേശിച്ചു.. ചന്ദനവും കുങ്കുമവും അദ്ദേഹത്തിന്റെ വിരൽത്തുമ്പുകളിലൂടെ ഒഴുകി……വിഗ്രഹങ്ങളിൽ നിന്ന് സുഗന്ധമുള്ള ഭസ്മവും അപൂർവമായി വിശുദ്ധ ഗംഗയും പ്രവഹിച്ചു……ആ വീട്ടിലെ വരിയ്ക്ക പ്ലാവിൽ ഒരു ദിവസം വേണുവൂതുന്ന നീലക്കാർവണ്ണനെ കണ്ടു

ആളുകൾ വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ട് സാമിയെ കാണുവാനെത്തി. പല നാടുകളിൽ നിന്ന് പല വണ്ടികളിൽ കയറിയും കാൽ നടയായും ദു:ഖിതരായ മനുഷ്യർ ആ ദിവ്യ സവിധത്തിലേയ്ക്ക്  പ്രവഹിച്ചു.  തീർത്തും നിശ്ചലമായ ആ ഗ്രാമത്തെരുവ് സാമി ദൈവത്തിന്റെ അനുഗ്രഹത്താൽ ചായ, പലഹാരം, കാപ്പി ക്ലബ്ബുകളുടേയും പൂജാസാമഗ്രി തട്ടുമുട്ടു കടകളുടേയും ഒക്കെ വലിയ തിരക്കിൽ വീർപ്പുമുട്ടി. ബസ്സുകൾ ജനങ്ങളെ കുത്തി നിറച്ച് കിതപ്പോടെ ഓടിത്തളരുമായിരുന്നു.

കടുത്ത ഗുരുവായൂരപ്പ ഭക്തയായിരുന്നിട്ടും അമ്മീമ്മയ്ക്ക് ആ വീട്ടിലെ പ്ലാവിൽ ഇടയ്ക്കൊക്കെ പ്രത്യക്ഷപ്പെട്ടിരുന്ന കാർവർണ്ണനെ കാണാൻ ആശയുണ്ടായില്ല. എല്ലാവരും പോയി തൊഴുത് കാണിയ്ക്കയർപ്പിച്ചപ്പോഴും സാമിയെ പ്രകീർത്തിച്ചപ്പോഴും അമ്മീമ്മ പോകാൻ കൂട്ടാക്കിയില്ല. ഗുരുവായൂരപ്പനെ അമ്മീമ്മയ്ക്ക് മാത്രം കണ്ടാൽ പോരല്ലോ, അദ്ദേഹത്തിനും അമ്മീമ്മയെ കാണണ്ടേ? അപ്പോൾ ഗുരുവായൂരപ്പൻ അവിടെയുമിവിടെയും പോയിരിയ്ക്കയല്ല, അമ്മീമ്മയെ കാണാൻ നേരെ  ഈ വീട്ടിൽ കയറി വരികയാണ് ചെയ്യുക, കാപ്പി ഉണ്ടാക്കി തരാൻ പറയുകയാണ് ചെയ്യുക എന്ന് അമ്മീമ്മ പറഞ്ഞു. അത് അനന്തലക്ഷ്മി മാമിയെ ക്രുദ്ധയാക്കി.

“ഒനക്ക് ടീച്ചർ വേലയിരുക്ക്,എല്ലാ മാസവും ഉൻ കൈയ്യിലെ രൂവ്വായ് കെടക്കറ്ത്. അന്ത തിമിരാക്കും“ എന്ന് അവർ ചീറി.

സ്വന്തം മകൾ സ്വർണത്തിന്റെ കല്യാണം നടന്നത്, സാമിയുടെ അനുഗ്രഹം കൊണ്ടാണെന്ന് അനന്തലക്ഷ്മി മാമി ഉറച്ച് വിശ്വസിച്ചിരുന്നു. കല്യാണത്തിന് സ്ത്രീധനമായി അവരുടെ മഠം പയ്യന്റെ പേർക്ക് രജിസ്റ്റർ ചെയ്തു കൊടുത്തു.  ഇപ്പോൾ ആ മഠത്തിൽ ജാമാതാവിന് വാടകയും കൊടുത്ത് കഴിയുകയാണ്. എന്നാൽ തന്നെ എന്താ? സ്വർണത്തിന്റെ കഴുത്തിൽ താലി വീണില്ലേ? അതിൽ‌പ്പരം ഒരു ഭാഗ്യമെന്തുണ്ടാവാനാണ്?

ഇമ്മാതിരിയുള്ള വാക്കു തർക്കങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടങ്കിലും, അന്ന് അമ്മീമ്മയ്ക്ക് അവരോടെല്ലാം തർക്കിക്കാൻ നന്നെ ബലക്കുറവുണ്ടായിരുന്നു. അതിനു കാരണം എന്റെ മാറാത്ത തലവേദന തന്നെയായിരുന്നു. ഞാനും അനിയത്തിയുമായിരുന്നു അമ്മീമ്മയുടെ ഏറ്റവും വലിയ ദൌർബല്യം. ഞങ്ങൾക്കു വേണ്ടി എന്തു വിട്ടുവീഴ്ചകൾക്കും അവർ തയാറായി.എങ്കിലും ഏറെ മടിച്ചും “വേണോ കുട്ടീ, അവിടെ പോണോ, കുട്ടിയ്ക്ക് വേദന ഒട്ടും കുറവില്ലേ?അവിടെ പോയാൽ മാറുമോ?“ എന്ന് എന്നോട് പലവട്ടം ചോദിച്ചും ഒടുവിൽ അമ്മീമ്മ എന്നെയും അനിയത്തിയേയും കൂട്ടി, മനസ്സില്ലാമനസ്സോടെ സാമിയുടെ മഠത്തിലെത്തിച്ചേർന്നു.

സന്ധ്യയാവാൻ തുടങ്ങിയിരുന്നു, അപ്പോൾ. വരാന്തയിൽ കുറെ ഭക്തജനങ്ങൾ നാമം ജപിച്ചുകൊണ്ടിരുന്നു. സാമി ആർക്കെല്ലാമോ ദൈവവാക്കുകൾ കേൾപ്പിയ്ക്കുന്നുണ്ടായിരുന്നു. ചന്ദനത്തിരികളുടേയും വിവിധ പൂജാദ്രവ്യങ്ങളുടേയും സുഗന്ധം അന്തരീക്ഷത്തിൽ പരന്നിരുന്നു. ഹരേ രാമ ഹരേ കൃഷ്ണാ ജപവും നാരായണീയ ശ്ലോകങ്ങളും അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.

തോർത്തുമുണ്ടുകൊണ്ട് തലയിൽ ഒരു കെട്ടും കെട്ടിയിരുന്ന എന്നെ അദ്ദേഹം അലിവോടെ അടുത്തേയ്ക്ക് വിളിച്ചു. തലയിൽകെട്ട് അഴിച്ചു മാറ്റുവാൻ പറഞ്ഞു. കുറച്ചു തണുപ്പുള്ള ഭസ്മം എന്റെ നെറ്റിയിൽ പൂശിയിട്ട് , “എല്ലാ വലിയും പോയൂടും“ എന്ന് മെല്ലെപ്പറഞ്ഞു. എനിയ്ക്ക് തലവേദനയാണെന്ന് അദ്ദേഹം എങ്ങനെ മനസ്സിലാക്കിയെന്ന് ഞാൻ അൽഭുതപ്പെട്ടു. ആ നിമിഷം മുതൽ തലവേദന കുറയുന്നതായും അല്പ നേരത്തിൽ അത് നിശ്ശേഷം മാറിയതായും എനിയ്ക്ക് തോന്നി.

“വരാനിത്ര താമസിച്ചതെന്ത് ?“ എന്ന് സാമി ചോദിച്ചപ്പോൾ അമ്മീമ്മ പറഞ്ഞു  “മാറുമെന്ന് കരുതി“. അപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നെ  ഇരമ്പിപ്പെയ്യുന്ന മഴ പോലെ കുറെ സംസാരിച്ചു. അപ്പോഴാണ് അമ്മീമ്മയുടെ അപ്പാ ബ്രഹ്മരക്ഷസ്സായി മാറിയിട്ടുണ്ട് എന്ന് ഞാനറിഞ്ഞത്. അദ്ദേഹം അമ്മീമ്മയുടെ വീട്ടിൽ സ്ഥിരമായി  താമസിയ്ക്കുകയാണത്രെ!. എല്ലാ പ്രശ്നങ്ങൾക്കും അതാണ് കാരണം. പ്രശ്നങ്ങളെന്നു വെച്ചാൽ, അമ്മീമ്മയുടെ സഹോദരന്മാരുമായി കിടപ്പാടത്തിന്റെ പേരിലുള്ള കോടതിക്കേസുകൾക്കും എന്റെ മാതാപിതാക്കന്മാരുടെ സ്വരച്ചേർച്ചക്കുറവിനും എന്റെ ആരോഗ്യക്കുറവിനും അങ്ങനെ സകലതിനും കാരണം ബ്രഹ്മരക്ഷസ്സിന്റെ സാന്നിധ്യമാണ്. അതിന് അനവധി പൂജകളും ചില ഹോമങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. എല്ലാം ഭംഗിയായി നിവർത്തിച്ചു തരാമെന്നും അദ്ദേഹം ഏൽക്കാതിരുന്നില്ല.

അമ്മീമ്മ തല കുലുക്കി കേട്ടു. പൂജകൾ ചെയ്തില്ലെങ്കിൽ ഒരുപാട് അനർത്ഥങ്ങൾ വരുമെന്നൊരു താക്കീതും കൂടി സാമി അവസാനത്തെ  ദൈവവാക്കായി അരുൾ ചെയ്യാതിരുന്നില്ല. അമ്മീമ്മ ഒരു വാക്കും മറുപടി പറഞ്ഞില്ല. അദ്ദേഹം തന്ന ഭസ്മവും തണുത്തു കുളിർത്ത ചന്ദനവും വളരെ ശ്രദ്ധയോടെ എന്റെ തലയിൽ പുരട്ടുക മാത്രം ചെയ്തു.

അന്നു രാത്രി അതി ഭയങ്കരനായ ബ്രഹ്മരക്ഷസ്സിനെ സ്വപ്നത്തിൽ കണ്ട്, ഞാൻ ഭയന്നു നിലവിളിച്ചു. അമ്മീമ്മയുടെ അപ്പാവിന്റെ മുഖം എന്റെ ഓർമ്മയിൽ ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. എനിയ്ക്ക് ഒരു വയസ്സുള്ളപ്പോൾ ഒരിയ്ക്കൽ മാത്രം കണ്ട ആ മുഖം എങ്ങനെ ഓർമ്മയുണ്ടാവാനാണ്?

ഞെട്ടിയുണർന്നു കിതയ്ക്കുന്ന എന്നെ പേടിയ്ക്കാനൊന്നുമില്ലെന്ന് അമ്മീമ്മ സമാധാനിപ്പിച്ചു. ഒന്നാമത് അമ്മീമ്മയുടെ അപ്പാ ദുർമ്മരണപ്പെട്ടിട്ടില്ല. രണ്ടാമത്  സ്വന്തം മക്കളിൽ ആൺ കുട്ടികളെ കുറെ അധികം സ്നേഹിച്ചു എന്നതല്ലാതെ ആർക്കും ദ്രോഹമൊന്നും അദ്ദേഹം ചെയ്തിട്ടില്ല. അതുകൊണ്ട് ബ്രഹ്മരക്ഷസ്സാകാനുള്ള പരീക്ഷയ്ക്കിരിയ്ക്കാൻ അദ്ദേഹം ഒട്ടും ക്വാളിഫൈഡ് അല്ല.

“പക്ഷെ, സാമി പറഞ്ഞല്ലോ..എനിയ്ക്ക് തലവേദനയാണെന്ന് നമ്മൾ പറയാതെ തന്നെ അദ്ദേഹത്തിന് മനസ്സിലായില്ലേ? അപ്പോൾ സാമി പറഞ്ഞത്  തട്ടിക്കളയാൻ പാടുണ്ടോ?……“

അമ്മീമ്മ മനോഹരമായി ചിരിച്ചു.

“തലയിൽ ഒരു കെട്ടും കെട്ടി ചുവന്നു വീർത്ത കണ്ണുകളുമായി വരുന്ന ആൾക്ക് തല വേദനയുണ്ടെന്ന് അറിയാൻ ഒരു പ്രയാസവുമില്ല. പിന്നെ കേസിന്റെ കാര്യവും അമ്മയുടേയും അച്ഛന്റേയും വഴക്കുകളും  ഈ നാട്ടിലാർക്കാണറിയാത്തത്? ഇനി എന്റെ അപ്പാ ബ്രഹ്മരക്ഷസ്സായി ഈ വീട്ടിലുണ്ടെന്ന് തന്നെ കരുതൂ. ഞാൻ ആ അപ്പാവിന്റെ മകളല്ലേ? എനിയ്ക്ക് സങ്കടം വരുത്തുന്ന ഒന്നും അദ്ദേഹത്തിന് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ആ ബ്രഹ്മരക്ഷസ്സിനെ ഒട്ടും പേടിയ്ക്കണ്ട. കുട്ടി സമാധാനമായി ഉറങ്ങൂ.“

അവരുടെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ കേട്ട്, ജോലികൾ ചെയ്ത്ചെയ്ത് പരുത്തുപോയ ആ  കൈകളുടെ തലോടലിൽ അലിഞ്ഞ് ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. പേടി സ്വപ്നങ്ങളില്ലാത്ത, സുരക്ഷിതവും ശാന്തവുമായ ഉറക്കത്തിലേയ്ക്ക്.. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ എനിയ്ക്ക് തലവേദന ഒട്ടുമുണ്ടായിരുന്നില്ല.

ആൾദൈവങ്ങളുടെ അതി കേമമായ സിദ്ധികളെക്കുറിച്ച് എല്ലാവരും വാചാലരാകുന്ന,  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്ക്കാരത്തിന്റേയും ശാസ്ത്രബോധത്തിന്റേയും ഈ ആധുനിക കാലത്ത് ഞാൻ അമ്മീമ്മയുടെ വാക്കുകൾ ഓർമ്മിച്ചുകൊണ്ടിരിയ്ക്കുന്നു. ലതരം രക്ഷകളും ചരടുകളും കുറികളും ജപങ്ങളും വ്രതങ്ങളും എന്റെ ചുറ്റും പറന്നു നടക്കുമ്പോൾ,  എല്ലാ ദു:ഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നുമുള്ള ശാന്തിയും മോചനവും എവിടെ എവിടെ എന്ന്………..





20 comments:

  1. നമ്മുടെ പുതിയ സെൻസെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യാ മഹാരാജ്യത്തിൽ സ്ക്കൂളും കോളേജും യൂണിവേഴ്സിറ്റിയും പോളിടെക്നിക്കും ആശുപത്രിയും എല്ലാം ചേർന്നത് ഇരുപത്തിയൊന്നു ലക്ഷം……….വിവിധ മതക്കാരുടെ ആരാധനാലയങ്ങളുടെ എണ്ണം ഇരുപത്തിനാലു ലക്ഷം…….. ആൾദൈവങ്ങളുടെ കണക്ക് അങ്ങനെ കൃത്യമായി എടുക്കപ്പെടാത്തതുകൊണ്ടാവാം എനിയ്ക്ക് മനസ്സിലായില്ല.

    അതു വായിച്ചപ്പോഴാണ്.......ഈയൊരു ഓർമ്മ.

    ReplyDelete
  2. ആദ്യം വായിച്ചുതുടങ്ങിയപ്പോള്‍ ആരാണെഴുതിയതെന്ന് മനസ്സിലായില്ല. പിന്നെ അമ്മീമ്മയുടെ അടുത്ത് വരെയെത്തിയപ്പോള്‍...ആഹാ ഇത് എച്മുവിന്റെ കുറിപ്പാണല്ലോന്ന് ഒരു സന്തോഷം. ഓര്‍മ്മക്കുറിപ്പ് നിരാശപ്പെടുത്തിയുമില്ല കേട്ടോ.

    ReplyDelete
  3. എല്ലാം വിശ്വാസത്തിലധിഷ്ടിതം..
    വിശ്വാസം, അതല്ലെ എല്ലാം..!
    സത്യങ്ങൾ കണ്ടെത്താൻ തുടങ്ങുന്നതോടെ വിശ്വാസങ്ങളും പിൻവാങ്ങും. തലവേദനകളും മാറും..!!
    ആശംസകൾ...

    ReplyDelete
  4. സ്വാമിയായും ,കണ്ണനായും,ദേവിയായും
    മാത്രമല്ല രക്ഷസ്സായും,ജിന്നാ‍യും ,ചാത്തനായും,
    പിടയായും ദൈവ്ത്തിന്റേയും,സാത്തന്റേയും പ്രതിനിധികൾക്ക്
    ക്ഷാമമില്ലാതാവുന്നതിനുള്ള കാരണം നമ്മുടെയൊക്കെ അന്ധവിശ്വാസങ്ങൾ തന്നെയാണല്ലൊ അല്ലേ വായനയുടെ തമ്പുരാട്ടി കുട്ടി.

    പാൽ ചുരത്തുന്ന വിഗ്രഹങ്ങളേയും,കണ്ണിൽക്കൂടെ രക്തമിറ്റിക്കുന്ന
    പടങ്ങളേയും ,ദിവ്യ രോമങ്ങളേയും,...ആരാധിച്ചാരാധിച്ചും ,വിമർശിച്ചുമൊക്കെ
    നമുക്കും ജീവിതം നമ്മുടെ ജീവിച്ചു തീർക്കാം അല്ലേ

    ReplyDelete
  5. നല്ല ഓര്‍മ കുറിപ്പ്.... ആൾദൈവങ്ങളുടെ മായ വലയത്തില്‍ ജീവിക്കുന്ന പുത്തന്‍ തലമുറയെ ഉപദേശിച്ചു നേര്‍വഴിയിലേക്ക് നടത്താന്‍ എല്ലാരുടെയും വീട്ടില്‍ അമ്മീമ്മമാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

    ReplyDelete
  6. ഇപ്പോള്‍ തലവേദന എങ്ങിനെ? കുറഞ്ഞോ അതോ പഴയത് പോലെ തന്നെയോ?
    കടുത്ത വിശ്വാസികളായ പല പ്രായമായവരും ഇത്തരം അന്ധവിശ്വാസങ്ങളെ പാടെ എതിര്‍ക്കുന്നതും നേര്‍വഴി കാണിച്ചു തരുന്നതും കാണാറുണ്ട്‌.
    ചിലപ്പോള്‍ ഇത്തരം ചെപ്പടി വിദ്യകള്‍ ഈ ഓര്‍മ്മയില്‍ സൂചിപ്പിച്ചത്‌ പോലെ ചില ആശ്വാസങ്ങള്‍ സമ്മാനിക്കാറുണ്ട്.
    ഇതൊക്കെ പറയുമ്പോഴും അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
  7. ഇപ്പോള്‍ ചെപ്പടി വിദ്യകളുടെ കാലമാണ്.. കഴിഞ്ഞ ദിവസം വലിയ പുകിലായിരുന്നു..ചന്ദ്രനില്‍ സായിബാബയുടെ മുഖം കണ്ടു എന്ന് പറഞ്ഞ്..അത് പൊലിപ്പിക്കാന്‍ നമ്മുടെ തീരാശാപം ആയി മാറിയ മാധ്യമങ്ങളും.. പോരെ പൂരം.. അമ്മീമ്മയെ ഞാന്‍ നമിക്കുന്നു.. ഈ കുത്തോഴിക്കില്‍ നിന്നും മാറി ചിന്തിച്ചതിനു..

    ReplyDelete
  8. എച്ച്മുകുട്ടീ എപ്പോഴത്തെയും പോലെ
    തന്മയത്വത്തോടെ അവതരിപ്പിച്ചു.
    അമ്മീമ്മയ്ക്ക് ഒരു സല്യൂട്ട്

    ReplyDelete
  9. പറയാന്‍ വിട്ടുപോയി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന
    സെന്‍സസിന്റെ ഡ്യൂട്ടി ഉണ്ട്.

    ReplyDelete
  10. നന്നായി....എച്മുവുന്റെ prejudiced അല്ലാത്ത ഒരു പോസ്റ്റ് വായിക്കുവാൻ കാത്തിരിക്കുവായിരുന്നു ഞാൻ....ഇന്നലെ ബെർളിയുടെ പോസ്റ്റും വായിച്ചു..അനാചാരങ്ങൾക്കെതിരെ....അവശ്യം വായിച്ചിരിക്കേണ്ടതെന്നു തോന്നുന്നതുകൊണ്ട് അതിവിടെ കൊടുക്കുന്നു..

    അവനെ ക്രൂശിക്കരുത് !

    സസ്നേഹം,
    പഥികൻ

    ReplyDelete
  11. ഒരു പുസ്തകം ഉണ്ടാക്കുവാൻ കുറെ മരങ്ങൾ മുറിയ്ക്കണമെന്ന് പഠിച്ച ദിവസം അവൾ ഉറക്കെ പ്രഖ്യാപിച്ചു, “എഴുത്തും വായനയുമൊക്കെ അതി കഠിനമായ ദു:ശീലങ്ങളാണ്, സിഗരറ്റ് വലിയ്ക്കുന്നതും കള്ളു കുടിയ്ക്കുന്നതും മാതിരി. പാവപ്പെട്ട മരങ്ങളുടെ ഡെഡ്ബോഡിയാണ് എടുത്ത് മടിയിലും നെഞ്ചത്തും മേശപ്പുറത്തും ഒക്കെ വെയ്ക്കുന്നത്. ഓരോ പേജ് മറിയ്ക്കുന്ന ശബ്ദത്തിലും ശ്രദ്ധിച്ചാൽ മരങ്ങളുടെ ജീവനെടുക്കുന്ന സങ്കടക്കരച്ചിൽ കേൾക്കാം...
    അനിയത്തിയും മിടുക്കിയാല്ലേ...!
    എച്മു... നല്ലൊരു ഓര്‍മ്മക്കുറിപ്പ്.
    നാട് പുരോഗമിക്കുന്തോറും ഇത്തരം പൂജകളും ആള്‍ദൈവങ്ങളും കൂടിയാ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

    ReplyDelete
  12. ചുമ്മാതോരോന്നു മനുഷ്യരെ പേടിപ്പിക്കാനായിട്ട്‌ എഴുതും ...

    ഏതായാലും "സാമി"മാരുടെ അടുത്തൊന്നും പോവേണ്ട, അകന്നു നിന്നാ മതി, ഇന്നലേ ഒരെണ്ണം അകത്തായി.

    ReplyDelete
  13. ഏതൊരു ചികിത്സക്കും വിശ്വാസം എന്നതാണ് പ്രധാനം ഇവിടെ ഒരു പരിധി വരെ നിങ്ങളുടെ ഉപ ബോധ മനസ്സിനെ സ്വദീനിക്കാന്‍ സിദ്ധന്റെ പശ്ചാത്തല ഒരുക്കങ്ങങ്ങിലും പ്രവര്‍ത്തനത്തിലും ആയി എന്നത് ആണ്

    ReplyDelete
  14. വിശ്വാസം... അതല്ലേഎല്ലാം?

    അനിയത്തിയുടെ വാദങ്ങള്‍ കൊള്ളാം :)

    ReplyDelete
  15. പടയോട്ടം ഉണ്ടായ സ്ഥലമായതിനാല്‍  ബ്രഹ്മരക്ഷസ്സിന്‍റെ ഉപദ്രവം ഉണ്ടെന്ന് ഞങ്ങളുടെ
    വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തെ കുറിച്ച് ഒരുപാട് ജോത്സ്യന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രതിവിധിയായി കൊല്ലം തോറും ബ്രഹ്മരക്ഷസ്സിനെ സങ്കല്‍പ്പിച്ച് പത്മമിട്ട് പൂജ ചെയ്യുകയും 
    പാല്‍പായസം നിവേദിക്കുകയുമാണ് ചെയ്യാറ്. അമ്മയ്ക്ക് പ്രായമാവുന്നതുവരെ മുടങ്ങാതെ അതെല്ലാം ചെയ്തിരുന്നു.

    ReplyDelete
  16. First time here!

    Nice post.

    (Malayalam font paNi mudakki!)

    ReplyDelete
  17. അഭിനന്ദനങ്ങൾ എച്ച്മു... അന്ധവിശ്വാസങ്ങളിൽ നിന്നും മനുഷ്യർ എന്ന് മോചിതരാകും...? ടെക്നോളജിയുടെ വളർച്ചയ്ക്കൊപ്പം ഒപ്പത്തിനൊപ്പം മുന്നേറുകയാണ് ഇത്തരം ചിന്താഗതികളും ആൾ ദൈവങ്ങളും... കമ്മ്യൂണിസ്റ്റ്കാർ വരെ പരസ്യമായി ഇത്തരം വിശ്വാസങ്ങൾക്ക് പിന്നാലെ പോകുന്നു... ജ്യോത്സ്യത്തിലും രാഹുകാലത്തിലും ഒക്കെ വിശ്വാസമുള്ള ചില കമ്മ്യൂണിസ്റ്റ്കാരെ നേരിട്ടറിയാം എനിക്ക്...

    ReplyDelete
  18. അമ്മീമ്മമാര്‍ വളരെ കുറവാണ് സമൂഹത്തില്‍. അത് കൊണ്ട് കൂടിയാവണം അന്ധ വിശ്വാസങ്ങള്‍ കൂടുക തന്നെയാണ്.ഇപ്പോള്‍ ടെക്നോളജി ഉപയോഗപ്പെടുതുന്നതും അതിനാണ്.
    ഇദി അമീന്‍ ഒരു പാട് തെറ്റിദ്ധരിപ്പിക്കപ്പെട്ട നേതാവാണെന്ന് എന്റെ ഒരു സഹ പ്രവര്തകന്‍,സുഡാനി പറയുന്നു.പുള്ളി പൊളിടിക്കല്‍ സയന്‍സ് പണ്ഡിതനാണ്.ഇനി നാട്ടില്‍ പോയി വരുമ്പോള്‍ കക്ഷി ഒരു പുസ്തകം കൊണ്ടുതരാമെന്നു പറയുന്നു.

    ReplyDelete
  19. change in url:
    http://i4deeps.blogspot.in/

    ReplyDelete
  20. ഈ ഓർമ്മയിലൂടെ കടന്നുപോയ എന്റെ എല്ലാ കൂട്ടുകാർക്കും നന്ദിയും സ്നേഹവും അറിയിയ്ക്കട്ടെ.ഇനിയും വായിയ്ക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്...സ്നേഹത്തോടെ....

    ReplyDelete